Powered By Blogger

2011, ഡിസംബർ 29, വ്യാഴാഴ്‌ച

മഴ

കടു നീല നിറത്തിലലിഞ്ഞു മദ-
ത്തൊടു പാഞ്ഞു വരുന്നു മുകില്‍പ്പടയോ
അണിചേരുകയായിടിമിന്നലുമീ-
യിളത൯ കനവൊന്നുയിര്‍ പൂണ്ടതു പോല്‍

ഒരു തുള്ളിപതിച്ചതു മേനിയിലായ്
പകരുന്നു മനസ്സിലുമെത്ര സുഖം
പല തുള്ളികളങ്ങിനെ വീണിടവേ
കളിവഞ്ചികളോടവളും വരവായ്

കുട ചൂടിയൊരിക്കലുമീ മഴയെ-
ത്തടയാതെ നനഞ്ഞു നനഞ്ഞു സഖീ
മുടിതൊട്ടടിയും കുളിരാര്‍ന്നു നമു-
ക്കടിവച്ചു നടക്കണമെന്നുമിനി

2011, ജൂലൈ 21, വ്യാഴാഴ്‌ച

വിദ്യാലയം

മഴതന്നുടെ താണ്ഡവത്തില-
പ്പുഴയും പാടവുമൊന്നുചേരവേ
ഉണരാന്‍ മടിയോടെ സൂര്യന-
ക്കരിമേഘത്തിനു കീഴടങ്ങവേ

അതിരാവിലെയുമ്മറത്തു
ഞാന്‍
മഴയും കണ്ടു മടിച്ചിരിക്കവേ
ഒരുവാക്കതു കേട്ടുണര്‍ന്നു ഞാന്‍
സമയത്തിന്നു പുറപ്പെടേണ്ടയോ!

പുതുവസ്ത്രമണിഞ്ഞുമമ്മതന്‍
വിരലില്‍ത്തൂങ്ങി നടന്നുമെത്തി ഞാന്‍
മിഴിയില്‍ വഴിയുന്ന മോഹമോ-
ടഴകോടങ്ങിനെ പാഠശാലയില്‍

പലരും മുറി തന്നിലായിതാ
തലയും താഴ്ത്തിയിരിപ്പു മൂകരായ്
ചിലരോ കരയുന്നു മറ്റുപേര്‍
ബഹളം കൂട്ടി രസിച്ചു കൊണ്ടുമേ


അരികില്‍ പല ബഞ്ചു കണ്ടതി-
ന്നരികില്‍ നിന്നു കരഞ്ഞു പോയി ഞാന്‍
നിനയാതൊരു നാളിലമ്മത-
ന്നരികില്‍ നിന്നുമകന്ന കുഞ്ഞു പോല്‍



"വെറുതേ കരയുന്നതെന്തു നീ
മതിയാക്കീട്ടിനി പുഞ്ചിരിച്ചിടാം"
അലിവോടെ പറഞ്ഞു ടീച്ചറെ-
ന്നഴലും പോയി
ഹസിച്ചു ഞാനുമേ


വിടരും നയനങ്ങളോടെ ഞാന്‍
പ്പുതുതാം ലോകമിതാസ്സ്വദിയ്ക്കവേ
നിറയും ചിരിയോടെ ടീച്ചറ-
ന്നുപദേശങ്ങളറിഞ്ഞു നല്കയായ്


"ദിവസേന പറഞ്ഞു തന്നിടാ
പഠനം ജീവിതമാര്‍ഗ്ഗമാക്കണം
വെറുതേകളയൊല്ല നിങ്ങളീ-
സമയം പിന്നെയൊരിക്കലും വരാ


നവ ചേതന നാടിനേകുവാ-
നുതകുന്നു
ത്തപൌരരാവണം
നിലനില്ക്കുമനീതിനീക്കുവാന്‍
നവമാം ചിന്തയുമേക നിങ്ങളും"


ഇരുളാര്‍ന്നകതാരിലാകവേ-
യറിവിന്നക്ഷര നാളമേകുവാന്‍
പതിവായിവിടേ വരേണമെ-
ന്നറിയാതേ മനമപ്പൊഴോതിയോ??!!


ഒരു കൊല്ലവുമിങ്ങിനേ കഴി-
ഞ്ഞവസാനത്തെ പരീക്ഷ തീരവേ
വളരേ ദിവസത്തെയിച്ഛ പോല്‍
കളികള്‍ക്കായിരു മാസമെ
ത്തിനാന്‍


വരിനെല്ല് വിളഞ്ഞ പാടവും
കരതൊട്ടിട്ടൊഴുകുന്ന തോയവും
അടശര്‍ക്കരയെന്നപോലെയ-
പ്പുതുവര്‍ഷത്തിലുമൊന്നു ചേര്‍ന്നുവോ?!!

പുതുമോടികളേ
തുമില്ലയി-
ന്നറിവിന്‍ ക്ഷേത്രനടയ്ക്കു പോകവേ
പലനാളുകളായി ചിട്ടയോ-
ടിതുതന്നേ തുടരുന്ന മൂലമാം!!

2011, ജൂലൈ 1, വെള്ളിയാഴ്‌ച

5 ഒറ്റകൾ

വലിയൊരു പടയന്നെന്‍ മുന്നിലായ് നിന്ന നേരം
അരുതരുതിതു വയ്യെന്നോതി ഞാന്‍ ഭീതിയാലേ
ചെറുചിരി കളയാതേ ചൊല്ലി നീ ഗീതയപ്പോള്‍
അടിപിടി തുടരാനായ് പാഞ്ചജന്ന്യം മുഴക്കീ


തിരയ്ക്കു തീരമെന്ന പോലെനിക്കു നീ നിനക്കു ഞാന്‍
ഇടയ്ക്കിടയ്ക്കിതോതി നീയടുക്കലെത്തിയോമനേ
ഒരിക്കലൊന്നു കാണുവാന്‍ കൊതിച്ചൊരെന്നെയീവിധം
'സുനാമി' പോലെ വന്നു നീ തുടച്ചു കൊണ്ടു പോകൊലാ


എന്തു ഭംഗി ചെറുകാറുകാണുവാന്‍
ഇന്ദു തന്നുടെ മനസ്സിലോതി പോല്‍
സ്വന്തമായ് ചെറിയ കാറുവേണമ-
ത്യന്തസൌഖ്യമൊടു യാത്ര ചെയ്തിടാന്‍

കനിമൊഴി തമിഴത്തീ നീ പിരിഞ്ഞന്നു തൊട്ടേ
മനസിയസുഖമയ്യോ കൂടിയെന്‍ പൊന്‍കുരുന്നേ
നിലവിളി നിലവിട്ടൂ വൃന്ദമൊപ്പം കരഞ്ഞൂ
തലവര, വിധിയുണ്ടേല്‍ കണ്ടിടാം രണ്ടു നാളില്‍

ശ്ലോകത്തിന്നാഴമെല്ലാം പുതിയൊരു പവിഴം മുങ്ങിനോക്കുന്നവീരാ ക്ലേശിക്കും നീയുമേറേ ക്കരയുടെയരികേനിന്നു നീകാണുകാദ്യം
ശോഭിയ്ക്കാമിങ്ങുമേറ്റം തവമനമതിനാലൊന്നിനാല്‍ മാത്രമായി-
ട്ടെന്തെല്ലാമുണ്ടു കാണാന്‍ ഹിമഗിരിമടിയില്‍ പോയിരുന്നാല്‍ ലഭിയ്ക്കാ

കഷ്ടം..പറ്റിപ്പോയ്.. തിരുത്തിയതും ഇല്ല

ഇല്ലത്തേയ്ക്കു വരാന്‍ മോഹമതു കലശലായീടവേയിന്നു ഞാനും
ടിക്ക െറ്റാന്നാ വിമാനത്തിനു വലിയ വിലയ്ക്കായെടുത്തൊന്നു വേഗം
ലീവില്ലാ തനിയ്ക്കെന്നുമറുപടിയുടനെത്തന്നു ബോസും അബദ്ധം
പറ്റിപ്പോയ്, കഷ്ടമെന്താണൊരുവഴി, വഴിയാധാരമായ്പ്പോകുമോ ഞാന്‍


കാമത്തേ നിഗ്രഹിച്ചാതിരുനയനമതാ നെറ്റിമേലുജ്ജ്വലിപ്പൂ
നാറത്തോലാണുടുക്കാന്‍ തവ കഠിനശരീരത്തിലോ പന്നഗങ്ങള്‍
മോഹത്തേ ബന്ധനം ചെയ്തു പരമപദമേയിന്നു രക്ഷിപ്പതേ മാം
പറ്റിപ്പോയ്, കഷ്ടമെന്താണൊരുവഴി, വഴിയാധാരമായ്പ്പോകുമോ ഞാന്‍

2011, മേയ് 8, ഞായറാഴ്‌ച

സ്തുതി..

വെറുതേയിരിക്കുന്ന നേരത്തുദിക്കകമേ
വെറുതേയിരിക്കാത്ത നേരത്തുമതുപോലെ
ഭഗവാനടിയന്‍റെയകമേ നിറയുമ്പോള്‍
വേഗേന വിരിയുന്നു വരികളുംമത്പ്രഭോ!!

2011, മേയ് 4, ബുധനാഴ്‌ച

സുസ്വാഗതം

പ്രണയം മനസ്സില്‍ നിറയുന്ന നേരം
പ്രണയിനി നീയെങ്ങു പോയ്‌ മറഞ്ഞൂ?
രാഗാര്‍ദ്ര മാനസം വല്ലാതെ മോഹിപ്പൂ
രാഗിണി നീയെങ്ങു പോയ്‌ മറഞ്ഞൂ?

അനുരാഗമാലിക മൂളി ഞാനലയുന്നു
നിന്നെപ്പ്രതീക്ഷിച്ചു, വരികയില്ലേ?
അലയുന്നയീ മുളം തണ്ടിന്നു ശ്രുതി ചേര്‍ക്കാന്‍
തെല്ലിളം കാറ്റായ് നീ അണയുകില്ലേ?

തിരയുന്നു നിന്നെ ഞാന്‍ തിരമാലയലതല്ലും
തീരത്തിരുന്നു കൊണ്ടേകനായീ
ഓരോ മണല്‍ത്തരി ഊര്‍ന്നു പോകുമ്പോഴും
ഉരുകുന്നു മാനസം, സഖിയെവിടെ?

അരുണിമ നിറയുന്നു ആകാശമാകവേ
ശീതള മോഹന സന്ധ്യയിതില്‍
മാമക മാനസ പ്രേമ പ്രഭയൊന്നീ-
സന്ധ്യക്ക്‌ കടലിന്നു നല്‍കില്ല ഞാന്‍

ആകാശദീപങ്ങള്‍ തെളിയുന്ന നേരത്തും
ആശാ ഭരിതനായ് ഞാനിരിപ്പൂ
മുല്ലപ്പൂ മണമെഴും വാര്‍മുടി തഴുകുവാന്‍
കൈകളില്‍ കൈ കോര്‍ത്ത്‌ നടനമാടാന്‍

പ്രണയം പ്രളയമായ്, ഒരു പ്രഹേളികയായെന്‍-
കരളില്‍, ഹൃദയത്തില്‍, ആത്മാവിലും
ഏതൊരു നേരത്തും, ഏതൊരു കാലത്തും
പ്രണയിനി, നിന്നെയും കാത്തിരിപ്പൂ

"സുസ്വാഗതം, സഖീ, സുസ്വാഗതം
ആത്മാവിലലിയുവാന്‍ സുസ്വാഗതം "

2011, ഏപ്രിൽ 28, വ്യാഴാഴ്‌ച

"അഴിമതി"

സ്വാതന്ത്ര്യ ലബ്ധിയ്ക്ക് മുന്‍പേ പിറന്നൊരാ
കക്ഷികളക്ഷീണം യത്നിച്ചു പലദിനം
ജനലക്ഷ പിന്തുണയോടേ വെളുത്തോനെ-
യടിച്ചു പുറത്താക്കി നേടിയീ സ്വാതന്ത്ര്യം
അവര്‍ തന്‍റെ കൂടെയീ ഭാരത നാടും
പുതിയൊരു ലോകത്ത് പിച്ചവച്ചീടവേ
അധികാര ലഹരിതന്‍ ഹുങ്കിനാല്‍ ചിലരപ്പോള്‍
കള്ളത്തരങ്ങള്‍ ചെറുതായ് തുടങ്ങീ,
ചെറു ചെറു കാര്യങ്ങള്‍ സാധിച്ചെടുക്കുവാന്‍
പല പല വഴികളില്‍ പൊതുസ്വത്ത്‌ തട്ടുവാന്‍.

പഴയൊരാ ബ്രിട്ടീഷു മുതലാളി തന്‍വെറി
ഇവരെയും വിട്ടില്ല, അധികാര മോഹികള്‍
സ്വന്തം ജനതയെ പാടെ മറന്നിവര്‍
കീശ വീര്‍പ്പിക്കുവാന്‍ നെട്ടോട്ടമോടീ
'ജനകോടികള്‍' തരും തുണയേക്കാള്‍ വലുതാണു-
'കോടികള്‍' ഏകിടും തുണയെന്നറിയവേ
രാഷ്ട്രീയ വര്‍ഗ്ഗത്തില്‍ പിറവി കൊണ്ടീടിന
രാഷ്ട്ര പൌരന്മാര്‍ അഴിമതി കൊണ്ടാടീ
തട്ടിപ്പ്, വെട്ടിപ്പ്, വകമാറ്റി വെയ്ക്കലും
ഇല്ലാത്ത പദ്ധതിയ്ക്കായുള്ള ചെലവും
ലക്ഷങ്ങള്‍, കോടികളായിട്ടിതാ പണം
പെട്ടിയില്‍ വീഴുന്നു, ആഹാ ബഹുരസം!!!
കോടാനുകോടികളാകിന പൊതുജനം
കളിയിതു കണ്ടിട്ടിളിഭ്യരായ് നില്പ്പൂ!!!

എല്ലാര്‍ക്കുമഴിമതിക്കാരായി വിലസാന്‍
പഴുതുകള്‍ നിയമത്തിലുണ്ടാക്കി പണ്ടേ
അയ്യഞ്ചു വര്‍ഷങ്ങള്‍ കൂടുമ്പോള്‍, കീശതന്‍
തയ്യലുവിടുമെന്നു തോന്നുന്ന സമയത്ത് ,
പൊതുജനക്കഴുതയെ പച്ചകുത്തീട്ടുടന്‍
അറവുമാടെന്ന പോല്‍ തള്ളിവിടുകയായ്‌!!
തങ്ങള്‍ തന്‍ കൊലയാളി ആരാകണമതി-
ന്നന്തിമ വിധിയെഴുത്തിവരുടെ 'വിധി'യത്രേ!!
അഴിമതി തന്‍ തോത് കൂട്ടുവാനായിട്ടു
പഴയവര്‍ പോരെന്നു ജനതയും പറയുമ്പോള്‍
കൂട്ടത്തിലൂറ്റം കൂടുന്ന കൂറ്റരെ
അഴിമതി 'രാജ'രായ് അരിയിട്ട് വാഴ്ത്തുന്നു
എണ്ണിയാല്‍ തീരാത്ത കോടികള്‍ വെട്ടിച്ചു
ഇസ്തിരിയിട്ട ഖദറിലൊളിപ്പിച്ച് ,
നറുമണം വിതറുന്നൊരത്തറും പൂശിയാ-
വിയര്‍പ്പറിയാത്ത മുറിയിലിരുന്നവര്‍
'കോണ്‍ഗ്രസ്സ്' തന്‍റെ തനി നിറം കാട്ടുന്നു,
പിന്നെയും പിന്നെയും നാടിനെപ്പിഴിയുന്നു
കോടികളാകിന ജനതയെ വിരലിലെ
മോതിരമെന്ന പോല്‍ വട്ടം കറക്കുന്നു.
വന്‍കിട വ്യവസായ ഭീമരെല്ലാരും
ഇവരെയോ ചൊല്പ്പടിക്കാരായി മാറ്റുന്നു
ചെറുവിരല്‍ കൊണ്ടൊന്നെതിര്‍ക്കുവാന്‍ പോലും
ആരാലുമിപ്പോള്‍ കഴിയില്ല സത്യം

'ഗാന്ധി' പഠിപ്പിച്ചതൊക്കെ മറക്കിലും
'ഗാന്ധി' യോടിപ്പോഴും സ്നേഹമേയുള്ളത്രേ!!!
പലനാളുമിക്കൂട്ടരാടിയ കളിയിതാ
അന്ത്യരംഗത്തോടടുക്കുന്നു, (അന്ത്യം) ആരുടെ?
'അഴിമതി' വീ രരാം ആളുകള്‍ ക്കെല്ലാം
'അഴി'മതി യെന്നിതാ പൊതുജനമലറുന്നു
ഒളികണ്ണിറുക്കിയിക്കൂട്ടര്‍ ചൊല്ലുന്നു
'അഴിമതി'തടയുന്നോര്‍'ക്കഴി'മതിയതുമതി..!!!

2011, ഏപ്രിൽ 21, വ്യാഴാഴ്‌ച

സത്യാവസ്ഥ

കോടതിയില്‍ കേസുവിസ്താരം തുടങ്ങി
പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ് സത്യം
വാദികളും സാക്ഷികളുമായി കള്ളങ്ങള്‍
വക്കീലന്മാര്‍ വാക്ചാതുരിയില്‍
കള്ളങ്ങളെ ന്യായത്തിന്‍ പുതപ്പണിയിക്കുന്നു
കണ്ണ് മൂടിക്കെട്ടപ്പെട്ട നീതി വനിതയുടെ തുലാസ്സില്‍
ന്യായമാം കള്ളങ്ങള്‍ തൂക്കി നോക്കി വിധി വരുന്നു
കറുത്ത കോട്ടിനുള്ളില്‍ വരിഞ്ഞു മുറുക്കപ്പെട്ട
വെളുത്ത സത്യത്തിന്‍ ഞരങ്ങല്‍...
വരിയുടയ്ക്കപ്പെട്ട സത്യം, വിലങ്ങിനാല്‍ ബന്ധിതനായി
പ്രതികരിക്കാവാനാവാത്ത വിധം
സത്യം മറയ്ക്കുള്ളിലേക്ക് തള്ളപ്പെട്ടു...
എന്നെങ്കിലും മറ നീക്കിപ്പുറത്തു വരാനായി

2011, ഏപ്രിൽ 17, ഞായറാഴ്‌ച

പ്രാണത്യാഗം

ഇടുങ്ങിയ ഫ്ലാറ്റിന്‍റെ
കുടുസ്സു മുറിയില്‍
അരണ്ട വെളിച്ചത്തില്‍
ചുരുണ്ടിരിക്കുമ്പോള്‍

കടുത്ത മൌനത്തില്‍
കനത്ത ചിന്തകള്‍
വെളുത്ത കടലാസ്സില്‍
കറുത്ത് കാണവേ

തകര്‍ന്ന ക്ലോക്കിന്‍റെ
നിലച്ച സൂചികള്‍
വരുന്ന കാലത്തെ
പൊലിഞ്ഞ ജീവന്‍ പോല്‍

തകര്‍ന്ന ചില്ലുകള്‍
അമര്‍ന്നു കൈകളില്‍
ഞെരിഞ്ഞ ഞരമ്പില്‍
എരിഞ്ഞു പ്രാണനും


ഇടുങ്ങിയ ഫ്ലാറ്റിന്‍റെ
കുടുസ്സു മുറിയില്‍
പകല്‍ വെളിച്ചത്തില്‍
തുകല്‍ ചെരുപ്പുകള്‍

വെളുത്ത വസ്ത്രത്തില്‍
തണുത്ത ജീവനെ
പൊതിഞ്ഞെടുക്കുവാന്‍
മുതിര്‍ന്നു കേറുമ്പോള്‍

കടുത്ത മൌനവും
കനത്ത ചിന്തയും
വെളുത്ത കടലാസ്സും
കറുത്ത ചോരയും

2011, ഏപ്രിൽ 15, വെള്ളിയാഴ്‌ച

വിഷു

പൂത്തുലഞ്ഞ കണിക്കൊന്നകള്‍
തണല്‍ വിരിക്കുന്ന ഇടവഴികളും
കൊയ്ത്തൊഴിഞ്ഞ പാടങ്ങളുടെ സമ്പത്-
സമൃദ്ധിയുമായി പത്തായങ്ങളും
മലയാളിയെ വരവേറ്റ ആഘോഷമായി
'വിഷു' പണ്ടുണ്ടായിരുന്നു പോല്‍
ഇപ്പോള്‍ തമിഴര്‍ തന്‍ കണിക്കൊന്നയും
രിയും ആണെങ്കിലും വിഷു
ഉണ്ടത്രേ മലയാളിക്ക് സ്വന്തമായി
ആഘോഷങ്ങള്‍ എന്നും പ്രിയപ്പെട്ടവയായ്
നിലകൊള്ളുന്നു മലയാളിയ്ക്ക്..
എന്നാല്‍ ആഘോഷ രീതികള്‍
കാല ദേശ വ്യതിയാന സൂചികള്‍
പാശ്ചാത്യ രീതിയ്ക്ക് വശംവദരായി നാം
ആഘോഷരീതികള്‍ കടം കൊണ്ട് പോരുന്നു
ചുരുക്കിപ്പറഞ്ഞു ചുരുട്ടി എടുത്താല്‍..
വീണ്ടും ഒരായിരം വിഷു ആശംസകള്‍
നേരുന്നു ഞാനും വൈദേശിക ഭാവത്തില്‍
"ഹാപ്പി വിഷു"

എലിക്കഥ

അന്തിയ്ക്കു വാനിങ്കലീശന്‍ കൊളുത്തിയോ-
രേണാങ്ക ബിംബം പ്രഭ ചൊരിഞ്ഞീടവേ
കുഞ്ഞു മനസ്സിന്‍റെ കോണുകളൊന്നിലായ്
കൂടൊന്നു കൂട്ടിയോ ദു:ഖവും ഭീതിയും

വന്നു ചേര്‍ന്നില്ല അമ്മയിന്നിഹ
ഒറ്റയായ്പ്പോകുമിച്ചെറു പൈതലും
കഠിനമെന്‍ പൈദാഹ നിവൃത്തി വരുത്താനായ്‌
ഒരു വഴിതേടിപ്പോയതാണമ്മയും
ഇയ്യൊരു പകലന്തിയ്ക്കു കീഴ്പ്പെട്ടി-
ട്ടിത്രനേരം കഴിഞ്ഞു പോയിട്ടും
എന്‍ വയറെരിയുകയാണ്;
ഒന്നുമേയില്ലിതില്‍, കാലിയാണല്ലോ

ഇക്ഷണമല്ലടുത്തക്ഷണമമ്മ
ഭക്ഷണവുമായ് വന്നിടുമെന്നോര്‍ത്ത്
കത്തിക്കയറുകയാണ് വിശപ്പുമേ
സര്‍വ്വ നിയന്ത്രണ രേഖയും മായുന്നു

പകലിന്‍റെ രാജാവ് പോയ്ക്കഴിയാതൊട്ടു
പടികടക്കാറില്ലമ്മയും സ്വതവേ
ഇന്നിക്കുരുന്നു കരഞ്ഞു പറഞ്ഞിട്ട്
പോയതാണമ്മയും, വൈകുന്നതെന്തേ?
ഭീകരകുലമാകെ ആകുലപ്പെട്ടിട്ടു, വാഴും
പുറം ലോകടര്‍ക്കളത്തിലെന്നമ്മ
ധീരതയോടെപ്പലരോടുമേറ്റു-
വേണമിന്നു വയറു നിറയ്ക്കുവാന്‍
ചിന്തിച്ചതില്ലപകട മാര്‍ഗ്ഗങ്ങള്‍
വെന്തുരുകുന്നു, കുറ്റ ബോധത്താലിപ്പോള്‍
കുഞ്ഞു വയറു വിശന്നു കരയുമ്പോള്‍
അമ്മയോര്‍ക്കുമോ രണ്ടാമതൊന്നു?

വലിയോരീ വീട്ടിലെച്ചെറു മാളമിതില്‍
കിടന്നു കരയുക, എന്‍ ദുര്‍വിധി..
അശുഭ ചിന്തകള്‍ മനസ്സില്‍ നിറയുമ്പോള്‍
അറ്റമില്ലാതവ പാറിപ്പറക്കുന്നു
അമ്മ കൌശലക്കാരിയാണെന്നത്
നിത്യമറിയുന്ന സത്യമാണെങ്കിലും
അപഥ മാര്‍ഗ്ഗേ മനസ്സ് കുതിക്കുന്നു
ചപലതയെപ്പഴിക്കുകയാവാം
ഇങ്ങനെപ്പലതും ചിന്തിച്ചു പേടിച്ചു
എങ്ങനേയോ മയങ്ങിപ്പോയീടവേ

മാള വാതിലിന്‍ മറയിളകുന്നത്
കേട്ട് പെട്ടന്ന് ഞെട്ടിയുണര്‍ന്നു ഞാന്‍
മാര്‍ജ്ജാര വംശത്തിലെപ്പേരു കേട്ടാരോ
മൂഷിക മാംസം കൊതിച്ചു വരവതോ?
ഉരഗ വര്‍ഗ്ഗത്തിലെപ്പുതു നാമ്പുകളെന്തോ
ആര്‍ത്തിയോടെപ്പരതി വരുന്നതോ?
അപ്പോഴെന്‍ പേടിയിരട്ടിച്ചു പോയി
കണ്ണിലിരുട്ട്‌, മെയ്യനങ്ങാതെയായ്

മിഴികളില്‍ നനവാര്‍ന്ന നീരു വീണീടവേ
സുഖദമാം മണമൊന്നു അലയടിച്ചീടുന്നു
പുഞ്ചിരി തൂകി അമ്മയും, മുന്നിലായ്
ചുട്ട തേങ്ങയും ശര്‍ക്കരപ്പൊട്ടും
നിര്‍വൃതി കൊണ്ടമ്മയേകിടും വേളയില്‍
നൊട്ടി നുണഞ്ഞു കൈനക്കി ഞാനും

ഇങ്ങനെ ബുദ്ധി മുട്ടുന്നോരമ്മയാണ-
ക്കെണിയിലെന്ന് നാം ഓര്‍ക്കുമോ?
സ്വാര്‍ത്ഥതയോടെ നാം കൊന്നൊടുക്കുന്നോരോ
ജീവികള്‍ക്കെല്ലാം പല കഥയുണ്ട് പറയുവാന്‍

2011, ഏപ്രിൽ 14, വ്യാഴാഴ്‌ച

ജീവിതം

കുതിച്ചു ചാടാന്‍ കൊതിച്ച, ബാല്യം
കടിച്ചു കീറാന്‍ തിളച്ച, കൌമാരം
ലയിച്ചു ചേരാന്‍, ഉറച്ച യൌവ്വനം
പുതച്ചുറങ്ങാന്‍, വിറച്ച വാര്‍ധക്യം

2011, ഏപ്രിൽ 10, ഞായറാഴ്‌ച

കൈകേയി

രാമ, നിന്‍ വദനമെന്നുള്ളില്‍ തെളിയുമ്പോള്‍
ചുഴറ്റിയടിക്കപ്പെടുന്നീ ശ്ലഥ മാനസം
അന്‍പോടെ നിനക്കേകിയ മുലപ്പാല്‍
ഇപ്പോഴും കിനിയുന്നു സ്മൃതിമണ്ഡലത്തില്‍
നിന്‍കിളിക്കൊഞ്ചല്‍ കേട്ടഞ്ചിതയായതും
പഞ്ചാമൃതം കുഞ്ഞു വായില്‍പ്പകര്‍ന്നതും
സോദരുമൊത്തു നീ കളിയാടിയിരവിന്‍റെ
വരവിലാ മലര്‍വനം വിട്ടു വരുന്നതും
ഒരു പിടി ഓലകള്‍ ഞൊടിയിട കൊണ്ടു നിന്‍
ധിഷണ തന്‍ മൂശയില്‍ ഒളിപ്പിച്ചു വെയ്പ്പതും
സത്യവും നീതിയും സ്നേഹവുമെല്ലാര്‍ക്കും
പക്ഷപാതരഹിതേന ചൊരിവതും
സീതാസ്വയംവര ദിനത്തിലതി ലാഘവ-
ഭാവത്തിലാ ത്രയംബകം ഒടിച്ചതും
ജനകതനയതന്‍ തിരുനെറ്റിയില്‍ നീ
രഘുകുല പൊന്‍സൂര്യബിംബംവരച്ചതും
ഒക്കെയിന്നലെ കണ്ടൊരു സ്വപ്നം പോല്‍
പാപിതന്‍ മനതാരില്‍ നിത്യമെരിയുന്നു
ഓര്‍മ്മകള്‍, ശുഭ്രമാം ഓര്‍മ്മകളിലിന്നും
കൈകേയി മാതാവ് വീണു കിടക്കുന്നു

രത്നാലലംകൃത യുവരാജസിംഹാസനം
മിഴികളില്‍ തെളിഞ്ഞോരാ അഭിശപ്തനിമിഷത്തില്‍
സാകൂതം സാകേതമണഞ്ഞോരാ മന്ഥര
ഓതിയ വാക്കില്‍ കുരുത്ത ദുര്‍ബുദ്ധിയില്‍
അന്നോളമോമനെയെക്കാള്‍ പ്രിയനാകും രാഘവ,
നിന്നെ തള്ളിപ്പറഞ്ഞു ഈ മാതാവും
" പണ്ട് ദശരഥ നൃപനെ യുദ്ധത്തിങ്കല്‍
കാത്തു രക്ഷിച്ചോരാ സ്ത്രീ രത്നമാണ് നീ
അതിനൊരു പ്രതിഫലം കാലമേറെക്കഴിഞ്ഞി-
പ്പൊഴീവേളയില്‍ ചോദിക്ക വേണ്ടയോ?
നിന്‍ വില എന്തെന്നു രാജനറിയുവാന്‍
ഇതില്‍പ്പരമൊരവസരം വരികയില്ലിനിയറിയൂ"
മന്ഥര പിന്നെയും വിഷമോലും വാക്കുകള്‍
പങ്കില മാനസേ ഓതി നിറയ്ക്കവേ
എന്‍ ഹതചേതന പിടയുന്ന നേരത്തു
ഭീകര ശപഥവും ചെയ്യിച്ചാ 'മഹതി'

"ഭരതനീ സിംഹാസനത്തിലിരുന്നിട്ടു
ഭരിക്കുമീ അയോധ്യ"യെന്നോതി ഞാന്‍

ഭരതനെ യുവനൃപനായി വാഴിക്കേണം
രാഘവനെപ്പറഞ്ഞയക്കണം കാട്ടില്‍
പതിന്നാലു സംവത്സരം ഇതിനാലെ
രാമചന്ദ്രന്‍ അലഞ്ഞീടണമതു നിശ്ചയം
കഠിന ശപഥത്തിന്‍ വാര്‍ത്ത ശ്രവിച്ചിതാ
ദശരഥ നൃപനിന്നു ബോധരഹിതനായ്
കൌസല്യ സൌമിത്രാദികളും ഞെട്ടി-
പ്രതിമ കണക്കെ നിശ്ചലരായി
യുവരാജ ലബ്ധിയില്‍ ശിഥിലമാക്കപ്പെട്ട
മനവുമായ്‌ ഭരതനും മിഴികള്‍ നിറച്ചുവോ?
തെറ്റായിയെന്‍ നാവു പറഞ്ഞതില്ലൊന്നും
ഏറ്റവും ശുഭാകാര്യമാണെന്നുമായ്
മന്ഥര പിന്നെയും പിന്നാലെ വന്നിട്ട്
വിഷവാക്കിനാല്‍ അഗ്നിജ്വാല തെളിയിപ്പൂ

ഏറ്റവും വേദനയുളവാക്കും വാര്‍ത്തയും
ഏറ്റം അചഞ്ചലചിത്തനായ് കേട്ടു നീ
അച്ഛന്‍റെ അമ്മയുടെ ഈയുള്ളവളുടെ
കാല്‍ക്കല്‍ വീണനുഗ്രഹാര്‍ത്ഥമപ്പോള്‍
ആജ്ഞകളേവം ശിരസാ വഹിച്ചിട്ടു
ഏകനായ് കാനനം പുക്കാനൊരുമ്പെട്ടു
സീതയും ലക്ഷ്മണ സോദരനുമപ്പോള്‍
അനുഗമിച്ചിടും നിന്നെയെന്നോതി
അപ്പോഴും നിന്‍മുഖം വിളങ്ങി നിന്നീടിനാന്‍
വെണ്‍ ചന്ദ്രികയിലീ കൊട്ടാരമെന്ന പോല്‍

എന്തേയെന്‍ മകനേ തവ ജിഹ്വയപ്പോഴും
മൌനത്തെയൊരു മാത്ര ഭഞ്ജിച്ചതില്ല?
നിന്‍ നയന യുഗ്മങ്ങളപ്പോഴും
ഒരു കണ്ണുനീര്‍ത്തുള്ളി പോലുമണിഞ്ഞില്ല?
പെട്ടന്നു കുരുത്തോരാ അഗ്നിച്ചിറകുകള്‍
മെല്ലെമെല്ലൊന്നു കെട്ടടങ്ങീടുമ്പോള്‍
കൊട്ടിയടച്ചോരീ കിളിവാതിലിന്നുള്ളില്‍
ഉരുകുകയാണിയമ്മതന്‍ മാനസം

പതിന്നാലു സംവത്സരവും നിന്‍ തിരു-
നാമ ജപമാവും നിത്യമെന്‍ സാധന
തീരാത്ത ദുരിതക്കയത്തിലേക്കിന്നു നീ
ധീരനായ്‌ പോകാനൊരുങ്ങയോ മമ രാമാ..

നന്‍മതന്‍ നിറകുടമായ പുരുഷോത്തമാ
വെല്‍ക നീ കല്പാന്തകാലം വരേയ്ക്കും
കൈകേയി മാതാവു മടങ്ങുന്നു മകനേ
വയ്യ നിന്‍ പാദങ്ങളകലുന്ന കാണാന്‍
തേജസ്സു കലരുന്ന നിന്‍ രൂപമെന്നും
ചിത്തത്തിലോര്‍ത്തു പിന്തിരിയുന്നു ഞാന്‍
ഒരുമാത്ര നീയീ അമ്മയെ നോക്കരുത്
സുധീരയായ് തന്നെ പോവട്ടെ ഞാനിനി

2011, ഏപ്രിൽ 9, ശനിയാഴ്‌ച

പ്രണയ വിചാരങ്ങള്‍

പ്രണയം മഴയായ് പെയ്തിറങ്ങുമ്പോള്‍
ഒരു കുട ചൂടി നീ അതിനെ പ്രതിരോധിക്കുന്നു

വെളിപ്പെടുത്താനാവാത്ത പ്രണയങ്ങള്‍
ജീവവായു പോലെയാണ്

നിനക്കുതരാന്‍ ഒരു കൂട പൂക്കളില്ല..
ഒരു പൂമരം പകരം തരട്ടെയോ?

പ്രണയത്തിനു കണ്ണില്ല; കാതില്ല;
മനസ്സും ശരീരവും മാത്രം


നിന്‍റെ കണ്ണുകള്‍ക്കിത്ര ആകര്‍ഷകതയുണ്ടെന്നു ഞാന്‍ അറിഞ്ഞില്ല...
എന്‍റെ നോട്ടങ്ങള്‍ക്കും...

പറയാതെ പറയുന്ന പ്രണയങ്ങള്‍
ഒരു പേമാരിയായ് വന്നു നിറയുന്നു
പറഞ്ഞറിയിച്ചവയാകട്ടെ
മിന്നലു പോല്‍ നൈമിഷികവും

വാചാലതയ്ക്കും നിശബ്ദതയ്ക്കും ഇടയില്‍
എവിടെയോ ആണ് പ്രണയം

ഏകാന്തത തേടി ഞാന്‍ അലഞ്ഞപ്പോള്‍
നീ അത് വിറ്റു കാശാക്കുകയായിരുന്നു

നിന്‍റെ ഒരു മറുപടിക്കായി എന്നേക്കാള്‍
കൊതിയോടെ ഒരാളിരിപ്പുണ്ട്
'എന്‍റെ സെല്‍ഫോണ്‍'
നിരാശരാക്കരുത് ഞങ്ങളെ..

കണ്ടുമുട്ടുന്ന ഓരോ പെണ്‍കുട്ടിയിലും
ഞാന്‍ അന്വേഷിക്കുന്നത് നിന്‍റെ മുഖമാണ്
ആരിലും ആ മുഖം കാണുന്നില്ല
എന്‍റെ പ്രണയവും നഷ്ടപ്പെടുന്നുവോ?

നിറവും മണവും ഉള്ളതാണ് പ്രണയം
അത് ചോരയുടെതാണെന്നു
ഇന്നലെ ഞാന്‍ മനസ്സിലാക്കി

പ്രണയത്തിന്‍റെ അവിഭാജ്യ ഘടകമാണ് ഏകാന്തത;
ഏകാന്തതയുടെതാകട്ടെ പ്രണയവും

എന്‍റെ കൈകള്‍ ഇത്ര ശക്തമാണെന്ന് നീ അറിഞ്ഞിരുന്നില്ല
നിന്‍റെ കുപ്പിവളകള്‍ ഉടയുന്നതുവരെ
നിന്‍റെ അസാന്നിധ്യം എത്ര അസഹ്യമാണെന്ന് ഞാനും...
എന്‍റെ ഹൃദയം തകരുന്നതുവരെ..

ഇന്നലെ ഇടവഴിയില്‍ കണ്ടപ്പോള്‍
നിന്‍റെ നിറം ശുഭ്രമായിരുന്നു
ഇന്നെനരികില്‍ ചുവപ്പായി
നീ എങ്ങനെ മാറി?

സ്നേഹമേ നീ എന്‍റെ മനസ്സില്‍
മയിലിനെപ്പോലെ നൃത്തമാടുക
പ്രണയത്തിന്‍റെ മഴക്കാലമിതാ
സമാഗതമായിരിക്കുന്നു

പൂത്തുലഞ്ഞ കൊന്നച്ചുവട്ടില്‍
ആദ്യമായ് നാം ഒന്നിച്ചിരുന്നതും
ഇലകള്‍ കൊഴിഞ്ഞ തേക്കിനടിയില്‍
അവസാനം കണ്ടു മുട്ടിയതും
വെട്ടിമാറ്റിയ മാവിന്‍ കുറ്റിമേല്‍
വെറുതേയിങ്ങനെ ആലോചിച്ചിരുന്നു ഞാന്‍

പ്രണയം മഴവില്ല് പോലെ നിറമുള്ളതാണ്..
ഞാന്‍ വിയോജിക്കുന്നു..
പ്രണയത്തിനൊറ്റ നിറമേ ഉള്ളു
അത് പ്രണയമാണ്

നിന്നെക്കാത്ത് വഴിയരികില്‍ നില്‍ക്കുന്ന
നിമിഷങ്ങളാണ് എനിക്കേറ്റവുമിഷ്ടം

പ്രണയത്തീയില്‍ വെന്തെരിഞ്ഞ നിന്‍റെ മണം 
എന്‍റെ സിരകളെ ഭ്രാന്തുപിടിപ്പിക്കുന്നു

ആലിലകളും നീയും ഒരുപോലെയല്ലേ?
കാറ്റിന്‍റെ നേര്‍ത്ത ചലനത്തില്‍
ആലിലകള്‍ വിറ കൊള്ളുന്നു ..
എന്‍റെ മൃദു സ്പര്‍ശനങ്ങളില്‍ നീയും

പ്രണയമാണ് എന്‍റെ ആരാധനാലയം
നീ അതിലെ ദേവിയും

നീ ഓടി അകലുമ്പോള്‍ പാദസ്വര കിലുക്കം
എന്നെ അസ്വസ്ഥനാക്കുന്നു
അരമണിക്കിലുക്കം എന്നെ നിന്‍റെ മുന്നിലെത്തിക്കുന്നു
പറയൂ..നിന്നെക്കാള്‍ വേഗത എനിക്ക് തന്നെയല്ലേ?

എന്‍റെ പ്രണയസന്ധ്യകളില്‍
നിന്‍റെ ഓര്‍മ്മകള്‍ ഉണ്ടായിരുന്നു
നിന്‍റെ ഓര്‍മകളില്‍ എപ്പോഴെങ്കിലും
നമ്മുടെ പ്രണയ സന്ധ്യകളുണ്ടായിരുന്നോ?

വേണ്ടാത്ത ചെയ്തികളില്‍ ഞാന്‍ മുന്നിലായിരുന്നു
ചെയ്യിക്കുന്നതില്‍ നീയും

എനിക്കൊന്നു പൊട്ടിക്കരയണം
നിന്‍റെ മുന്നില്‍...
സര്‍വ്വ പാപങ്ങളും ഏറ്റു പറഞ്ഞ്‌

2011, ഏപ്രിൽ 6, ബുധനാഴ്‌ച

ഗോപാലക പാഹിമാം

പയ്യിന്‍റെ പിന്നാലെ കോലും കൊണ്ടോടുന്ന
പയ്യനാം നിന്‍ രൂപമോര്‍ത്തു ഞാനും
പയ്യെന്ന പോലിന്നു പായുന്നീയുള്ളത്തെ
നീയൊന്നാ കോലോണ്ടു കാത്തീടണേ

ദേവകീ നന്ദനാ വാസുദേവാ മമ
തേവരേ നിന്നെ ഭജിപ്പു നിത്യം
ക്ലേശങ്ങളാകിന പാശങ്ങളൊക്കെയും
ഈശല്‍ കൂടാതങ്ങു നീക്കീടണേ

2011, മാർച്ച് 21, തിങ്കളാഴ്‌ച

ചില പ്രണയ ചിന്തകള്‍..

തുലാസില്‍ തൂക്കിയെടുത്ത പ്രണയങ്ങള്‍
പായ്ക്ക് ചെയ്ത് ചില്ല് കൂട്ടില്‍
വെയ്ക്കുന്ന പണിയാണെനിയ്ക്ക്
സ്നേഹത്തെയും വില്‍ക്കാന്‍ ആളുകള്‍ ഉണ്ട്
മായം ചേര്‍ക്കലും പൂഴ്ത്തി വെയ്പ്പും ഉണ്ട്
വാങ്ങാനും ആളുകള്‍ ഉണ്ട്..വിലപേശലും ഉണ്ട്
ലാഭ നഷ്ടങ്ങള്‍ തന്‍ ബാലന്‍സ് ഷീറ്റില്‍
ആര്‍ക്കാണ് ലാഭം? ആര്‍ക്കാണ് നഷ്ടം?

2011, മാർച്ച് 10, വ്യാഴാഴ്‌ച

കൃഷ്ണലീല

പഞ്ചപാണ്ഡവരിലെയഗ്രജന്നുടെ കളിഭ്രമത്തിനവസാനമായ്
അഞ്ചു പേരുടെയുമേകജായ കുരു ഭീകരന്നിഹ വിനോദമായ്‌
പണ്ടു ചേലയതു കട്ടെടുത്ത തവ നാമമോര്‍ത്ത് വിലപിക്കവേ
അന്നു കട്ടതതു പോല്‍ക്കൊടുത്ത യദുനായകായ ജയ മാധവാ

2011, മാർച്ച് 6, ഞായറാഴ്‌ച

മൃതി

മേലാകെ നോവുന്നു ഫാലം വിയര്‍ക്കുന്നു
ഫേണം നിലയ്ക്കുന്നു ബാഷ്പം പൊഴിയുന്നു
കേള്‍ക്കുന്നു ശബ്ദം അകലെനിന്നായിതാ
കാണുന്നിരുട്ടിലുലയ്ക്കയും ദാമവും
നാല്ക്കാലിതന്‍ പുറത്തേറിയെഴുന്നള്ളും
യമരാജനന്തികത്തെത്തുന്നു തിക്കെന്നു
പുസ്തകത്താളുകള്‍ മറിക്കുന്നു, ചിത്രം
കിട്ടിയെന്നാര്‍ക്കുന്നു ചിത്രഗുപ്താഖ്യന്‍
ഓതുന്നു പോകുവാന്‍ നേരമായ് സോദര
വേഗം പുറപ്പെട, വൈകിക്കുവതെന്തിനു?
മൃതിയെന്ന വിസ്മൃതി ജാലിക മാറ്റുന്നു
അപ്പൊഴുത് മാനസേ കുളിര്‍മാരി പെയ്യുന്നു
ഉണ്ടവിടെ ഒപ്പം നടന്നവര്‍ പലരും ചിരിതൂകി,
പ്രിയനിവന്‍ തന്നെ എതിരേല്‍ക്കാന്‍
ഭയക്കുന്നതെന്തിനു ഞങ്ങളുണ്ടല്ലോ
ഇനി നിന്നെ മടക്കിയയക്കില്ല, പോരെ
സന്തോഷമേറെത്തരുന്നയീ വാക്കുകള്‍
കേട്ടുടന്‍ ചാടിപ്പുറപ്പെട്ടു വേഗം
കഥകളില്‍ മാത്രം കേട്ടിട്ടുള്ളോരാ
സ്വര്‍ഗ്ഗ രാജ്യത്തെ ആവോളം കാണാന്‍

2011, മാർച്ച് 5, ശനിയാഴ്‌ച

സൗഹൃദം

വ്യഥ നിറ െഞ്ഞാരി ജീവിതമാകവേ
മധു നിറഞ്ഞു കവിഞ്ഞു വിളങ്ങുവാന്‍
അവിലുമായിനി പോവുക തന്നെ ഞാന്‍
അമര നാഥ സഹോദരനേകുവാന്‍
അകലെ വീഥിയിലൂടെ വരുന്നൊരാ
വ്യഥിതനായ സുദാമനെ കാണവേ
തനുമറന്നു പറന്നു വരുന്നിതാ
അമരനാഥനതാകിയ ദേവനും
തരുലതാദികള്‍ പൂക്കളുമൊക്കെയും
മിഴിതടങ്ങള്‍ നിറച്ചു കരഞ്ഞുടന്‍
ഉലകനായകനാകിയ നന്ദജന്‍
മിഴിനിറയ്ക്കുകിലാരു ഹസിക്കുവാന്‍?
ഉരലിലിട്ടു വിടര്‍ത്തിയെടുെത്താരാ
ചരലു കൂടിയൊരാവിലമായവില്‍
മുഴുവനൊറ്റയിരിപ്പിനു തിന്നുമാ
വിജയ സാരഥി ദേവനു വന്ദനം
മനസുമൂടിയ സങ്കടമാകെയും
സരസഭാഷണമോതിയകറ്റവേ
ചികിതനാകിയ തോഴനു ഭൂമിയില്‍
സുഖവുമേകിയ യാദവ വെല്‍ക നീ

2011, മാർച്ച് 2, ബുധനാഴ്‌ച

വൈകുണ്ഠനാഥൻ

വൈകുണ്‍ഠ വാസാ മമ ചിത്ത നാഥാ
തേ പാദമെന്നും അടിയന്നു രക്ഷ
ലോകൈക നാഥാ ജയനിത്ത്യമീശ
ദു:ഖങ്ങളേവം വഴിപോലെരിക്ക

കൈലാസനാഥൻ

കൈലാസ ശൃംഗേ കുടികൊള്‍വു രുദ്രന്‍
ത്രൈലോക്യനാഥൻ കരുണാമയൻ താൻ
വാമേ വസിക്കുന്നുമയോടു ചേര്‍ന്നി-
ട്ടാടുന്ന നൃത്തം നയനാഭിരാമം

2011, മാർച്ച് 1, ചൊവ്വാഴ്ച

കിരാതപ്രസാദം

ഭവാന്‍ മഹാദേവിയുമൊത്തു ചേര്‍ന്നാ
കൊടും വനത്തിങ്കലണഞ്ഞു വേഗം
മലര്‍ നിവേദിച്ചു ഭജിച്ചു നില്‍ക്കും
ശഠന്‍ കിരീടിയ്ക്കരുളീ പ്രസാദം

2011, ഫെബ്രുവരി 28, തിങ്കളാഴ്‌ച

ആദ്യ ശ്ലോകം

കാമദേവനെയെരിച്ച ലോചനമിളയ്ക്കു കാവലിനു നല്‍കിയും
മാമലയ്ക്കു മകളായവള്‍ക്ക് നിജ വാമഭാഗമതു നല്‍കിയും
നാഗജാല മണി മാല ചാര്‍ത്തിയ കപാല ശൂലമിവയേന്തിയും
നാട്യമാടിന നടേശ നിന്നുടയ പാദതാരതി വണങ്ങിനേന്‍

2011, ഫെബ്രുവരി 24, വ്യാഴാഴ്‌ച

മടക്കം

വരിക ഓമനേ
ഇത്തിരി നേരം എന്‍റെ അരികത്തിരിക്കുക
ഇനിയൊട്ടുസമയമില്ലല്ലോ പോകാന്‍
അതിനാല്‍ അരികെ തന്നിരിക്കുക
ഒന്ന് പൊട്ടിക്കരയാം ,
വേണമെങ്കില്‍ ,ഒന്ന് ചിരിക്കുകയുമാവാം
ഇനിയൊരിക്കലും എന്‍ ചാരത്തിരുന്ന്
ഇതൊന്നും പറ്റുകയില്ലലോ
ആ പഞ്ഞി ഒന്ന് ശരിക്കും വയ്ക്കൂ
പ്രാണികള്‍ കയറി ശല്യം ചെയുന്നു
ഇപ്പോഴും സ്വസ്ഥത ഇല്ലാച്ചാല്‍ ...
പുതു വസ്ത്രം നന്നായി ഉടുപ്പിക്കു
കാണാന്‍ ആരുമില്ലെങ്കിലും
ആ നാളികേരത്തിലെ തിരി ഒന്ന് നീട്ടുക
പ്രകാശ പൂരിതമാവട്ടെ അന്ത്യയാത്ര
ഒന്നോര്‍ത്താല്‍ ഞാന്‍ തന്നെ ഭാഗ്യവാന്‍
നീ മടങ്ങുമ്പോള്‍ ഈ അഭിനയം വേണ്ടല്ലോ
പണ്ടേ ഞാനതിനു മോശമാണ്
നീയും ഭാഗ്യവതി തന്നെ
എത്രയോ പേരെ നീ യാത്രയാക്കിയിരിക്കുന്നു
ഇനിയുമെത്രയോ പേരെ യാത്രയാക്കാനിരിക്കുന്നു
എല്ലാ ഒരുക്കങ്ങളും ആയി, ല്ലേ?
എന്നാല്‍ നമുക്ക് പുറപ്പെടാം
എന്ത്?
എന്നെ ഒന്ന് പൊക്കാന്‍ ആരുമില്ലേ?
നീ ഒരാളെക്കൂടെ വിളിക്കൂ
എനിക്ക് താങ്ങും തണലുമായ ഒരാളെ
അപ്പുറത്ത് തളര്‍ന്നു കിടക്കുകയാണ്
ഞാന്‍ പോയാല്‍ ആരുമില്ലലോ പിന്നെ

ആ പണ്ടങ്ങള്‍ അഴിക്കാന്‍ പറയണം
സിന്ദൂരവും ഒന്ന് മായ്പ്പിക്കണം
ഹോ! നിനക്ക് നല്ല വേഗത തന്നെ
ഇത്ര പെട്ടന്ന് ഇവള്‍ മുന്‍പ് ഒരുങ്ങിയിട്ടില്ല
എന്നാലിനി മടക്കമാവാം

2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച

മുഖരിതം

മതിലുകള്‍ക്കപ്പുറത്താരോ വിളിക്കുന്നു
മരണമോ ജീവിത സ്വപ്നങ്ങളോ?
തടവറ ഭേദിച്ചതില്‍ വിലയിക്കാന്‍
ഒരു ശ്രമം,പാഴ് ശ്രമമായതും പോയ്‌
അഴികളില്‍ മുഖമൂന്നി നില്‍ക്കുമ്പോള്‍
മിഴിയിലൂടൊഴുകുന്നു സ്വപ്നങ്ങള്‍ കണങ്ങളായി
ഉടയുന്ന ഹൃത്തിന്‍ നുറുങ്ങില്‍ക്കുരുങ്ങി
പിടയുന്നു, അന്തരംഗം പുകമയം
പിന്നെയും കേള്‍പ്പൂ അശരീരികള്‍ പലതും
വശം കെട്ടു പോയി, തിരിതാണു ചിത്തിന്‍
ഒരു ശ്രമം, അവസാന ശ്രമമായ്, ഫലിച്ചു
തടവറ പൊട്ടിത്തകര്‍ന്നു , ഞാനോടി
ക്ഷണത്തില്‍ മതിലും ചാടിക്കടന്നു
ഹാ! ആശ്വാസ മാരുത,ചാരുത നുകര്‍ന്നു
തെല്ലിട നിന്നില്ല, കേള്‍പ്പായി പിന്നെയും
ശബ്ദങ്ങള്‍, ചാടിയ മതിലിന്നു പിന്നില്‍ .

2011, ഫെബ്രുവരി 12, ശനിയാഴ്‌ച

എന്‍റെ പ്രണയം

ഹൃദയത്തിലമ്പിനാല്‍ തീര്‍ത്തൊരീ-
മുറിവില്‍ നിന്നിറ്റിറ്റുവീഴുന്ന
ചോര തന്‍ തുള്ളിയി-
ലറിയുന്നു ഞാന്‍, എന്‍റെ പ്രണയം
ഒരുതുള്ളി പല തുള്ളിയായ്-
പ്പടര്‍ന്നതുപിന്നെയൊരു-
പ്രവാഹമായ്ത്തീര്‍ന്നാ-
ഒഴുക്കില്‍ ഞാനറിയുന്നു, എന്‍റെ പ്രണയം
പടരുന്ന വേദന പകരുന്ന
നിമിഷത്തിലൊരു സാന്ത്വന-
ഗീതമോതിയടുക്കുന്ന മിഴികളിലു-
മറിയുന്നു ഞാന്‍, എന്‍റെ പ്രണയം
തേന്‍ മഴ പെയ്യാതെ ചോര-
തന്‍ നനവില്‍ത്തളിര്‍ക്കുന്ന
ശാഖികള്‍ വിടര്‍ത്തുന്ന പൂക്കളിന്‍
ഭംഗിയും അറിയുന്നു, എന്‍റെ പ്രണയം
ഒടുവിലീ സന്ധ്യക്ക്‌ പടികടന്നോടി-
യകലുന്ന കൊലുസ്സുകള്‍
പൊഴിക്കുന്ന മിഴിനീര്‍ കണങ്ങളും
അറിയുന്നു, എന്‍റെ പ്രണയം
നിന്‍ വിരഹമെന്‍ കരളെ-
യെരിക്കുന്ന മാത്രയില്‍
ചോര പൊടുന്നനെ നിലയ്ക്കുന്ന വേളയില്‍
നഷ്ടമാവുന്നൊരാ പ്രണയവും
അറിയുന്നു, എന്‍റെ പ്രണയം

2011, ഫെബ്രുവരി 5, ശനിയാഴ്‌ച

ചെന്നായ

കുളി കഴിഞ്ഞീറന്‍ തുകിലുടുത്ത്
കളി പറഞ്ഞിടവഴി താണ്ടിടുമ്പോള്‍
അരികിലെക്കാട്ടിലെ മറയിൽ നിന്നും 
കരിയില ഞെരിയുന്നൊരൊച്ച കേട്ടൂ 
പിന്നാലെ പേടിച്ച മാന്‍ കണ്ണിവേഗം 
പിന്നിട്ട വഴിയെപ്പഴിച്ചോടവേ
കയ്യിലെ ചന്ദന ഗന്ധമേറും
സോപ്പും ഉടുതുണിയാടകളും
മണ്ണിലെറിഞ്ഞു, ഭയം നിറഞ്ഞു 
കണ്ണിലിരുട്ടു പടർന്നു പാവം 
കൊതി മൂത്ത ചെന്നായ വാപിളര്‍ന്നു
വരുമ്പോള്‍ക്കുതിക്കുന്ന മുയലു പോലെ
ഇടവഴി താണ്ടുവാന്‍ ഓടിയോളോ 
വിടനവൻ പോയെന്നു കണ്ടു മെല്ലെ 
തെല്ലിട ശ്വാസമെടുക്കുവാനായ്
വല്ലിയില്‍ കൈ ചേര്‍ത്ത് നിന്നീടവെ
മെല്ലെയാ മാറിലമര്‍ന്നു കൈകള്‍
കല്ല്‌ പോല്‍ കനമുള്ള രണ്ടു കൈകള്‍
ഉറക്കെയലറിക്കരഞ്ഞിടാനായ്
ഉഴറിക്കുതിച്ചവൾ നോക്കിയപ്പോള്‍
കൈ കാലു വായയും ബന്ധിച്ചവന്‍
മൈക്കണ്ണിലൂടെ ഭയമൊഴുകീ
നൻമേനി മുഴുവന്‍ തീപടർന്നൂ
കല്‍ വിളക്കെന്ന പോൽ നിന്നുകത്തീ 
ചേലയെരിഞ്ഞതിന്‍ ചൂടിനാലേ
മാലയുരുകിയാ താപത്താലേ
തൃഷ്ണ തീർന്നുള്ള ചെന്നായയപ്പോള്‍
ഉഷ്ണത്തിന്‍ നീരു കുടഞ്ഞെറിഞ്ഞ്
ഒരു പുകയതിനുള്ള തീ എടുത്ത്
ശേഷിച്ചതെല്ലാമവൾക്കു നൽകി 
ആപാദചൂഡമതിലുരുകി
വെന്തു വെണ്ണീറായ് കരിഞ്ഞടങ്ങി 
പല്ലും നഖവും എല്ലും മാത്രം
പുല്ലുകള്‍ക്കിടയില്‍ത്തണുത്തുറഞ്ഞു
ഒന്നുമറിയാത്ത ശുദ്ധനെപ്പോൽ 
ചെന്നായ പുഴ നീന്തിക്കടന്നു പോയീ

2011, ഫെബ്രുവരി 4, വെള്ളിയാഴ്‌ച

പ്രേ(മ)തം

ആശയടങ്ങാതെ മരിച്ചൊരു പ്രണയമേ
നിശയിലശരീരിയായ് വന്നു നീ പാടുക
കാലിലെപ്പൊന്‍ കൊലുസുകള്‍ തന്‍-
നാദതാളലയമിടയ്ക്കിടെ പകരുക
പുകമറ തീര്‍ത്തു കൊണ്ടകലത്തെക്കുന്നിലാ-
വാകയ്ക്ക് പിന്നിലെപ്പാലപ്പൂ ചൂടുക
നത്തു, വവ്വാല്,കുറുനരി കരിനാഗ-
മൊത്തു കരിമ്പൂച്ചയകമ്പടിയോടെ
തൂവെള്ള വസ്ത്രത്തില്‍ പാല്‍നിലാരാവിലാ-
ക്കാര്‍ക്കൂന്തല്‍ വിടര്‍ത്തിട്ടുറക്കെ ചിരിക്കുക
ഒരുഗതിപ്പരഗതിയില്ലാത്തവളായി
പാരുമുഴുവനുമിങ്ങനെ അലയുക
തന്നെക്കുറിച്ചറിയാതെയാവഴി -
യാരു വന്നീടിലവരെ വിരട്ടുക
ഇരുചക്ര നാല്‍ച്ചക്ര വാഹനക്കാരെയും
വെറുതെ ഭയത്തിന്‍റെ ഉള്‍പ്പൂ ചൂടിക്കുക
രാത്രിതന്നന്ത്യമാം നിമിഷമാവുമ്പോളാ-
വേഷ വിധാനങ്ങള്‍ അഴിച്ചുമാറ്റിക്കൊള്‍ക
പാലമരത്തിന്‍റെ തുഞ്ചത്തെക്കൊമ്പിന്‍റെ
ഇലകള്‍ തന്നിടയില്‍ക്കാറ്റായി മാറുക
ഒരുവനും വഴി നടക്കാത്ത വിധത്തിലാ
നാട്ടില്‍ ഭയത്തിന്‍റെ വിത്ത് വിതയ്ക്കുക
വിജനമാമുച്ചയ്ക്കു വെറുതെയിരിക്കാതെ
അന്നത്തെയ്ക്കുള്ളോരുക്കങ്ങള്‍ കൂട്ടുക
സന്ധ്യക്ക്‌ കോവിലില്‍ വിളക്കു തെളിയുമ്പോള്‍
പേടിമാറാനൊന്നു പ്രാര്‍ഥിച്ചു കൊള്ളുക
ഇരുട്ടി തുടങ്ങുമ്പോള്‍ ഇലച്ചാര്‍ത്തിലൊരു
മര്‍മ്മര രൂപേന സാന്നിധ്യം പകരുക
പിന്നെയും രാത്രിയിലീ മഹി വാഴുവാന്‍
നിന്‍ ഗണമോടൊത്തു താഴെയിറങ്ങുക
വിശ്വാസിച്ചാലുമില്ലെങ്കിലും വഴി നീ
വിശ്വത്തിലാകവേ അറിയപ്പെടുക
ഉത്സുകത്തോടെ നിന്‍ വാര്‍ത്ത ശ്രവിക്കുന്ന
വത്സല ചിത്തരെപ്പാട്ടിലാക്കീടുക
കദനത്തില്‍ ചാലിച്ച പ്രണയകഥയൊന്നു
മദം കലര്‍ത്തിപ്പറഞ്ഞു പഠിപ്പിക്കുക
അങ്ങനെ ഈ ലോകാന്ത്യ കാലത്തോളം
വാഴുക ധരയിതില്‍ എന്‍ പ്രേ(മ)തമേ നീ

2011, ജനുവരി 30, ഞായറാഴ്‌ച

കള്ള്- ഒരു പാഴ് കഥനം

എള്ളോളമുള്ളങ്ങു പൊള്ളുന്ന വേളയില്‍
ഭള്ളല്ല, കള്ളല്ലോ മാളോര്‍ക്കു താവളം
അല്ല,ല്ല സന്തോഷ ദിനമാകുമെങ്കിലും
കൂടെയുണ്ടാകുമാക്കുപ്പി തന്‍ വീര്യം
അഖിലവും നിന്‍ തൃക്കാല്‍ക്കലര്‍പ്പിക്കാന്‍
വെമ്പുന്ന ജനമിവിടെ പ്രതിദിനം പെരുകുന്നു
മുക്കിലുംമൂലയ്ക്കും ബാറുകള്‍ തീര്‍ക്കുമാ
അബ്കാരിവര്‍ഗ്ഗത്തിനൊപ്പമേ സര്‍ക്കാരും
വന്‍ദുരന്തങ്ങള്‍ക്കിപ്പോള്‍ ചോരതന്‍ മണമല്ല;
കള്ളിന്‍റെ ചൂരാണതിനെന്നറിയുക
ശേഷിച്ച തോപ്പുകള്‍ തോറും നടന്നിട്ടു
ശോഷിച്ച തെങ്ങിന്‍റെ തലയില്‍ക്കയറീട്ടു
മടവാളിന്‍ മൂര്‍ച്ചയില്‍ ഡംഭു കാട്ടീടുമാ
മുതലാളി 'ചെത്തു'കയാണീ മലനാട്ടില്‍
തെങ്ങ് ചതിയ്ക്കയില്ലത് നിശ്ചയമെന്നാ-
ലിച്ചതിയന്മാര്‍ വൃക്ഷത്തെ മറയാക്കി
വീര്യമൊന്നേറ്റി സര്‍വ്വവും മറക്കാനാ-
ക്കള്ളില്‍ കലര്‍ത്തുന്നു പലവിധ സാധനം
റബ്ബറും, ആസിഡും, തേരട്ടയും ഞാഞ്ഞൂലും
കുടിയന്‍റെ നെഞ്ഞകത്തേറിയിരിപ്പായി
കക്ഷി രാഷ്ട്രീയവും സ്വത്വ രാഷ്ട്രീയവും
മുന്നണി പിന്നണി പിണിയാളുകളും
അധികാര പര്‍വ്വങ്ങള്‍ പലതും, കൂട്ടിനായ്
സദാ ഗുണ്ടകളെപ്പോലെയാ പോലീസും
പ്രീതിദരായ് പ്രതിദാനം നടത്തീടാന്‍
മുതലാളിമാരിവര്‍ക്കു പിന്നാലെയോ?
ഇക്കൂട്ടര്‍ കാട്ടുന്ന കാടത്തമെതിര്‍ക്കാനാ-
മാധ്യമക്കൂട്ടര്‍ തന്‍ പാഴ്വേലകള്‍ മാത്രം
വാര്‍ത്തകള്‍ വറുത്തുപൊടിച്ചിവര്‍ കാട്ടുമ്പോള്‍
പടയോട്ടഭേരിയിലതും വീണ്‌ ഉടയുന്നു
ഇങ്ങനെ കേരള ജനതതന്‍ കരളിലാ-
ക്കള്ളിന്‍റെ വീര്യം കലിവേഷമാടുന്നു
ഇത്രയുമെഴുതുവാന്‍ എന്‍ കൈകള്‍ വിറയ്ക്കാതെ
താങ്ങി നിര്‍ത്തിയതീയൊരു കുപ്പിയാ
വൈദേശികനായൊരീ കുപ്പിതന്ന-
കക്കാമ്പിലെ വീര്യമെന്‍ സിരകളെ എരിയ്ക്കുമ്പോള്‍
ഒരു നിമിഷമെന്‍ നാവു മെല്ലെ മന്ത്രിക്കുമീ
കഥനം, പാഴ് കഥനം വൃഥായിഴയ്ക്കുന്നതില്ല ഞാന്‍

2011, ജനുവരി 16, ഞായറാഴ്‌ച

തപസ്സ്

ജന്മരഹസ്യതിന്‍ തായ് വേരു തേടി
കന്മദമൂറും ഗുഹാന്തരമിരുളില്‍
താടി വളര്‍ത്തിയും കാവി ധരിച്ചും
ധ്യാനിച്ചു, ഒന്നുമുരിയാടാതെ ഞാന്‍
ദിവസങ്ങള്‍, മാസങ്ങള്‍,വര്‍ഷങ്ങലളഞ്ഞു
അവസാനമാരഹസ്യം വെളിപ്പെട്ടു
" ഞാനില്ല, നീയില്ല,നമ്മളുമില്ല
ധ്യാനിക്ക വീണ്ടുമൊരുത്തരം വരേയ്ക്കും "

ടിപ്പര്‍

എന്തിനുമേതിനും ഉണ്ടൊരു വണ്ടി
ടിപ്പര്‍ എന്ന് പേരുള്ള വണ്ടി
പടം നികത്തി മണ്ണിട്ട്‌ മൂടാന്‍
നിലയിലെ മണലൂറ്റി മാളിക തീര്‍ക്കാന്‍
കമ്പിയും കട്ടയും കല്ലും ചുമക്കാന്‍
രാക്ഷസ രൂപിയായിന്നൊരു വണ്ടി
പാതകള്‍ നീളെ പൊടിയും പറത്തി
കാറ്റിന്റെ വേഗത്തിലോടുമീ വണ്ടി
രാക്ഷസ വണ്ടി തന്‍ അഹന്ത തീര്‍ക്കാനായി
വന്നില്ല രാമനും ഇന്നീ വഴിക്കേ
ലക്കും ലഗാനും ഇല്ലാത്തൊരു പോക്കാ
കണ്ടവര്‍ കണ്ടവര്‍ നോക്കിപ്പറഞ്ഞു
ലാഭക്കൊതിയുടെ ടിപ്പരിന്നങ്ങനെ
മടിച്ചു വരുന്നൊരു കൊമ്പനെപ്പോലെ
ചുടുചോരയാണിവനിപ്പോള്‍ പഥ്യം
കുടിച്ചു മടുക്കില്ലോരിക്കലുമെന്നവന്‍
ലോട് കണക്കിന് മരണവും നിറച്ചതാ
മറ്റൊരു ടിപ്പറും ചീറി വരുന്നു....

നീല

തലയ്ക്കുമീതെ തണലായി നില്‍ക്കുന്ന
നീല നിറത്തില്‍ ചാലിച്ച ആകാശം
ആകാശ നീലിമയെ നാണിപ്പിക്കാന്‍ താഴെ
അഗാധ നീലിമയാര്‍ന്ന കടല്‍
നീല നാളങ്ങളാല്‍ തെളിഞ്ഞു കത്തുന്ന
ഗ്യാസ് അടുപ്പ്,അടുക്കളയില്‍
നീലം മുക്കിയ തുണികള്‍ പുറത്തെ
അയകളില്‍ തൂങ്ങി കിടക്കുന്നു
നീലതന്‍ മാസ്മരിക വര്‍ണ്ണ പ്രഭയില്‍
യൌവനങ്ങളും ആര്‍ത്തലയ്ക്കുന്നു
ഇവ്വിധം വൈഷമ്യ വൃത്തത്തില്‍ വസുധയും
നീല നിറത്തില്‍ ഉറഞ്ഞു തുള്ളുന്നു
എല്ലാമേ കണ്ടറിഞ്ഞിട്ടുള്ള അവളും
നീലതന്നടിമയായ് മാറിയതെപ്പോളോ?
നീല ബൈക്കില്‍ നീല ജീന്‍സിട്ട് വന്ന പയ്യന്‍
നാണത്തിലവളെ കുളിപ്പിച്ചപ്പോളോ?
അവന്‍റെ കൂടെ ഐസ് ക്രീം നുണഞ്ഞു
നീല രാവില്‍ സ്വപ്‌നങ്ങള്‍ നെയ്തപ്പോളോ?
അതോ, നീലവെളിച്ചം വിതറുന്ന ഹോട്ടല്‍
മുറിയില്‍ ആദ്യമായ് വഴങ്ങിയപ്പോളോ?
നീല സി ഡി കളില്‍ താന്‍ താരമായി മാറിയ വേളയില്‍
നീലതന്‍ അടിമയായ് മാറിയെന്നവളും...
അവളുടെ നീല നയനങ്ങളില്‍ ഭയത്തിന്‍റെ മിന്നല്‍പ്പിണരുകള്‍
അതിനും നിറം നീല ആയിരുന്നു
ഇതില്‍ നിന്നെല്ലാം മോചനം തേടിയവള്‍
അഗാധ നിദ്രയിലഭയം പ്രാപിച്ചു
നീല നിറമാര്‍ന്ന വിറങ്ങലിച്ച സരീരവും
അവളെ നോക്കി കൊഞ്ഞനംകുത്തി

യാത്ര

കാലത്തിനായിരമോളങ്ങളിലൊരു
കളിയോടമായി ഒഴുകുന്നു ജീവന്‍
തട്ടിത്തിരിഞ്ഞും ചെറുതായുലഞ്ഞും
തീരത്തിലെത്താനൊഴുകുന്നു ജീവന്‍
ചക്രവാളത്തിന്നരികിലായ്, ദൂരെ
സന്ധ്യാംബരം പോലെ കാണാവു തീരവും
തീരത്തിനോരത്ത് ചാരത്തിന്‍ ചാരെ
പന്നഗധാരിയം മുക്കണ്ണ രൂപം
തൃക്കണ്ണിന്‍ ചെന്തീയില്‍ ചിന്തിയ ജീവനെ
താമരത്തേനൂറ്റി പുതുക്കുന്നു ബ്രഹ്മന്‍
അരുളുന്നു ജീവന്നൊരു യാത്രകൂടി
ഏകുന്നിണങ്ങുമീ ദേഹമതിന്നായി
തീരമണയും വരിഗ്ഗതി തുടരാന്‍-
അനുഗ്രഹിച്ചീടുന്നു മോഹിനീ രൂപനും
ഓളങ്ങളില്‍ തട്ടിയുലഞ്ഞിടുമ്പോഴും ഞാ-
നൊപ്പമുണ്ടെന്നോതി പുഞ്ചിരി തൂകുന്നു
ഉപ്പേറെയേറുമീ സംസാരക്കടലിന്ന-
ജ്ഞാതമാകുന്ന മറ്റേതോ ഭാഗത്ത്
വരദാനമായിക്കിട്ടിയ ദേഹത്തില്‍
അജ്ജീവനിന്നും തുടരുന്നീ യാത്ര
ഇടവേളയില്ലാത്ത ജീവിതയാത്ര
ഒരുവേള നില്‍ക്കാത്ത ജീവനയാത്ര
കാലത്തിനായിരമോളങ്ങളിലൊരു
കളിയോടമായി തുടരുന്നൂ യാത്ര

വേശ്യ

നറുമണം തൂവുന്ന മുല്ലപ്പൂക്കളും
ശ്രിംഗാരം തുളുമ്പുന്ന മുഖവും
കാമ കടക്കണ്‍ നോട്ടവുമായി നില്‍ക്കു-
ന്നവള്‍ വഴിയില്‍ വിവശയായി
വഴങ്ങി കൊടുക്കുമാര്‍ക്കും
പണമാണവള്‍ തന്‍ ലക്‌ഷ്യം
പോകുമവള്‍ ആര്‍ക്കൊപ്പവും
എന്നാല്‍ പണമില്ലാതെ;
തൊടുവാന്‍ പോലും, പരിശുദ്ധയാണവള്‍
അവളുടെ രാവുകള്‍ പലരുടെ കൂടെയും
പുലരുമ്പോള്‍ അന്യോന്യം അറിയാറില്ല
നേര്‍വഴി നടക്കാത്ത കുഞ്ഞാടിനെ
ആട്ടിടയരും കൈവെടിഞ്ഞു
ഭാര്യതന്‍ അരക്കെട്ടിനെക്കാള്‍
ഭംഗിയിവള്‍ക്കെന്നോതിയവര്‍
അവളെയുംകൂട്ടി ഒരു രാവു
വെളുപ്പിക്കാന്‍ വെമ്പിടുന്നു
അവളുടെ പ്രായം അറിവീല ആര്‍ക്കും
അറിഞ്ഞിടും അവളുടെ മറുകിന്‍റെ എണ്ണം
ഒരു രാത്രിയൊറ്റയ്ക്ക് വെളുപ്പിക്കുവാന്‍
അറിയില്ലവള്‍ക്കിത്ര നാളായിട്ടും
ഇന്നുമവള്‍ക്കായ്‌ വന്നൊരുത്തന്‍
വാതില്‍ തുറന്നവള്‍ സ്വീകരിച്ചു
അവളുടെ മുഖ കാന്തി കണ്ട രാവില്‍
ചന്ദ്രിക നാണിച്ചു മാഞ്ഞു പോയി
ആ രാവിലിരുവരും ഒന്നു ചേര്‍ന്നു
ദിവ്യ സമാഗമ സമയമായി
ഇറ്റു തേന്‍ തുള്ളി പോലും ബാക്കി-
വെയ്ക്കതെല്ലാം കുടിച്ചു തീര്‍ത്ത മഹാന്‍
നോട്ടുകെട്ടുകള്‍ വലിച്ചെറിഞ്ഞി-
ട്ടിറങ്ങിപ്പോയി വേഗം
സങ്കടമവള്‍ക്കേറ്റം വന്ന കാര്യം, ഒന്നുമേ
ഉരിയാടിയില്ലവന്‍, ഇന്നും; ആവശ്യം അശേഷമില്ലെങ്കിലും...