Powered By Blogger

2019, ജൂൺ 30, ഞായറാഴ്‌ച

അച്ഛനും മകളും


കുഞ്ഞിക്കാലടിവെച്ചു കോണികയറാൻ തത്രപ്പെടുന്നോമലിൻ

പഞ്ഞിയ്ക്കൊത്തശരീരമൊട്ടു കരുതി- ക്കൊണ്ടമ്മപിന്നാലെയും

നെഞ്ഞിന്നുള്ളിലിതേകിടുന്ന മധുരം
ചൊല്ലാവതല്ലോമലേ

മഞ്ഞുംതോറ്റുമടങ്ങിടുന്ന കുളിരും
ഞാനിപ്പൊൾനീതന്നെയോ

ശ്രീധരീയം

ധൃത്യുത്സാഹമതീവകർമ്മനിരതൻ
ശ്രദ്ധാലു,വെന്നീഗുണം

സത്യോത്തംസനൊരാളിലൊത്തു നിറയും നിസ്സംശയം ചൊല്ലിടാം

കൃത്യംമാനുഷരക്ഷ,ചിന്ത മുഴുവൻ
രാജ്യത്തിനായിട്ടുമേ

നിത്യക്ലേശമൊഴിഞ്ഞുപോകുവതിനായ് ശ്രീധാരിയൊന്നേതുണ..

കൈമാറിയ സന്ദേശം

ഇരുമിഴി
മുഴുനീളെക്കണ്ണുനീർവാർത്തുബാലൻ

തിരയുക പതിവാണിങ്ങമ്മയെ,ക്കണ്ടതില്ല.

നിരവധി പൊതുധാരാമാധ്യമംകയ്യിലുള്ളോ-

രൊരുചെറുനറുവെട്ടം തൂകി മുന്നേറിടേണം

നടുവിൽ മഠം സ്വാമിയാർ

ഈ ലോകത്തു പലേവിധത്തിലുളവാം ദുഃഖങ്ങളെക്കാലവും

മാലോകർക്കു പറഞ്ഞുനൽകിയിവിടം
വാഴുന്നു സന്യാസിമാർ

ചൊല്ലേറുന്ന ഗണത്തിലേയ്ക്കു കരുണാപൂർവ്വം കടന്നെത്തിയ-

ച്ചില്ലക്കൊമ്പിലമർന്നൊരച്യുത മഹാവിപ്രന്റെ കാൽത്താർത്തൊഴാം

2019, ജൂൺ 29, ശനിയാഴ്‌ച

വഴിയഴക്

തിരക്കേറുമീരാജ്യപാതയ്ക്കു ചുറ്റും

നിരന്നങ്ങുനിൽപ്പൂ മരങ്ങൾ നിറച്ചും

തനിച്ചേ നടപ്പീവഴിയ്ക്കെന്നുമെന്നാ-

ലെനിയ്ക്കുള്ളിലിക്കാഴ്ചയാനന്ദമേകും