Powered By Blogger

2023, ഏപ്രിൽ 30, ഞായറാഴ്‌ച

തൃശൂർ പൂരം

തെക്കേഗോപുര സാക്ഷ നീങ്ങിയിരുഭാഗത്തും നിരന്നൂ തല-

പ്പൊക്കംകൂടിയ സഹ്യപുത്ര,രിടതൂർന്നെങ്ങും നിറഞ്ഞൂ ജനം

പൊക്കിത്താഴ്ത്തിയലങ്കരിച്ച കുട,മാറ്റൊക്കുന്ന വർണ്ണോത്സവ-

ത്തേക്കാളെന്തു സുഖം തരും മഹിയി,ലിപ്പൂരം മനോമോഹനം






കാല്പനികം

നാടിൻ കാർഷിക സംസ്കൃതിയ്ക്കു നിറമേറ്റീടുന്ന നെൽപ്പാടവും

തോടും കാറ്റിലലിഞ്ഞ ചേറ്റു മണവും  ശീലൊത്ത ഗാനങ്ങളും 

നാട്യം പാടെയകന്നു പുഞ്ചിരിതരും ഗ്രാമീണരും, സർവരും

തേടും കാല്പനികാത്മഭാവമിയലും നാടേതു ഹൃത്തെന്നിയേ

പത്രവാർത്ത

കാമുകന്റെ പിതാവിനോടനുരാഗമേറിയ പെൺകൊടി

പ്രേമിയൊത്തൊരുവർഷമാരുമറിഞ്ഞിടാതെ വസിച്ചുപോൽ 

ഹാ മനുഷ്യ മനസ്സിലുള്ള പെരുത്ത ചിന്ത പിടിക്കുവാൻ

ആ മഹാകവി ചൊന്നപോലിഹ ഭാഷയിന്നു മപൂർണ്ണമാം

സംഗമം

മോഹിപ്പിച്ചു കടന്ന മാരിമുകിലെപ്പിന്നേയു മോർത്താർത്തയാ-

യാഹാരാദി വെടിഞ്ഞു കാമിനി ധര, പ്രത്യക്ഷനായ് കാമുകൻ 

സ്നേഹപ്പെയ്ത്തു തുടങ്ങി, കന്യ പുളകപ്പൂവിട്ടു, വർദ്ധിച്ചതാം

ദാഹം തീർന്നു തെളിഞ്ഞു പുഞ്ചിരി മുഖ,ത്തംഗങ്ങളിൽ കാന്തിയും

2023, ഏപ്രിൽ 26, ബുധനാഴ്‌ച

ദാരുണം

കുഞ്ഞിക്കൈ ചുമരിൽച്ചിതം കലരുമാ ചിത്രം വരയ്ക്കും ദിനം 

നെഞ്ഞിൽ പെയ്ത നനുത്ത മാരി വഴി മാറുന്നിന്നു കണ്ണീരിനായ് 

പിഞ്ഞീ മാതൃ ഹൃദന്ത,മോമന വിധിക്കൈയാലൊടുങ്ങീ, മണി-

ക്കുഞ്ഞോൾ താരകമായുദിച്ചു തിരുവില്വാദ്രിയ്ക്കു മേൽ സന്ധ്യയിൽ 

2023, ഏപ്രിൽ 25, ചൊവ്വാഴ്ച

നിശാസുരഭി

ചൊല്ലിയാടി നിറസന്ധ്യ ചെന്തിര-

ശ്ശീലതാഴ്ത്തി വിട കൊണ്ടു ഭാനുമാൻ

ശ്രീല ദീപിക തെളിഞ്ഞു താരക-

ത്താലമേന്തി നിശ മന്ദമെത്തിനാൾ


മന്ത്രമോതി ദല മർമ്മരങ്ങൾ നൽ

ചിന്തുപാടി വരവേറ്റു രാക്കുയിൽ

സാന്ദ്രനീലിമ പരന്നു ഭൂമി ത-

ന്നിന്ദ്രിയങ്ങളിലലച്ചു സൗരഭം


അഞ്ചിത പ്രിയ നിശാംഗനേ മനോ-

രഞ്ജിനീ വരിക ചാരെ സാമ്പ്രതം

അഞ്ചിടാതെ മണിമഞ്ചലേറി കാ-

വ്യാഞ്ജലിയ്ക്കു കളമിന്നൊരുക്കുക

 

2023, ഏപ്രിൽ 24, തിങ്കളാഴ്‌ച

ഹരി അമ്മാമന്

ബാലകർക്കു പുതു ചിന്തയേകുവാൻ

ഭാഗ്യമാർന്ന ഹരിമാതുലന്റെമേൽ

മേലിലും വര സരസ്വതീവരം

ചേർത്തിടട്ടെ മലയാളമുണ്മയായ്

 

2023, ഏപ്രിൽ 23, ഞായറാഴ്‌ച

കേരളം x കുന്നംകുളം

കുന്നിച്ച താപശരമേറ്റു വലഞ്ഞു കാലേ 

കുന്നംകുളം വഴി കടന്നു വരുന്ന നേരം

കുന്നോളമുണ്ടവിടെവർഷമിതെന്തു മായം 

കുന്നംകുളത്തു ലഭിയാതൊരു വസ്തുവില്ല 

2023, ഏപ്രിൽ 22, ശനിയാഴ്‌ച

വേനൽക്കാഴ്ച

കടുക്കും വേനൽ കാലം പൊള്ളിച്ച പാടുമായി

തൊടിയിൽ കൃശ ഗാത്രം നിൽക്കുന്നു തൈത്തെങ്ങുകൾ

പൊടിച്ച പൂക്കുലകൾ കരിഞ്ഞു വീഴും നേരം

തടുക്കാൻ കഴിയാത്ത കവുങ്ങിൻ തേങ്ങൽ കേൾപ്പൂ

തളർന്ന മാവിൻ തൈകൾ കുഴഞ്ഞു കേണിടുന്നൂ

വളർന്ന ദാഹം തീർക്കാൻ ഒരിറ്റു
ജലത്തിനായ്

പരന്നു താഴ്ചയേറും കുളത്തിൽ
പിടയ്ക്കുന്നൂ

പരൽമീൻ കൂട്ടം ശ്വാസമെടുക്കാനരുതാതെ

വറ്റില്ലെന്നുറപ്പിച്ചു പറഞ്ഞ കിണറിന്നു
ചുറ്റിലുമന്വേഷിച്ചു നെടുവീർപ്പിട്ടു മൂകം

പുലരും നേരം തൊട്ടേ ജ്വലിക്കും തീക്കട്ടകൾ
വലിച്ചെറിഞ്ഞു സൂര്യൻ നിർദ്ദയം നിരന്തരം

അടങ്ങാതന്തിയ്ക്കുമേ പുകയും
തീക്കട്ടയാൽ
നടുങ്ങി നിശാഗന്ധി പുകഞ്ഞു ശ്വാസം മുട്ടി

വായുവിൻ നീരു വറ്റി വരണ്ടു തൊണ്ട പൊട്ടി
മായുന്നു മണ്ണിൻ രുചി ഭൂമിതൻ നാവിൽ നിന്നും

തീ തന്നെ അകം പുറം തീ തിന്നും കുടിച്ചുമേ
ആതങ്കം പെരുകിടും ജീവിത താപം ബാക്കി 

2023, ഏപ്രിൽ 15, ശനിയാഴ്‌ച

ഈ രാവ്

വാസന്താമൃതചന്ദ്രികാഭ നിയതം വീയും സമീരൻ, സുഖാ-

ശംസാകൂജനമേകിടും കുയി,ലിതാ ണുള്ളിൽ കിനാവെങ്കിലോ 

മുറ്റും കൂരിരു,ളില്ല കാറ്റു, ഭയമേറ്റീടും സ്വനം ചുറ്റിലി-

ന്നൊറ്റയ്ക്കീ നിശ തള്ളിനീക്കുവതിനാ, യേറെ പ്രയാസം നിജം

2023, ഏപ്രിൽ 14, വെള്ളിയാഴ്‌ച

തടവ്

നീരാടും ഗോപിമാർ തൻ തുകിലുകളരയാൽ
കൊമ്പിലങ്ങിങ്ങുകാൺകേ

പാരം നാണിച്ച നേര,ത്തവരിലുണരുമാ
ദേഹമാനാഭിമാനം

ചോരാതൊന്നായ് ഹരിയ്ക്കും
പരമ വികൃതിയാം
ചോരനെപ്പൂട്ടി നെഞ്ചിൻ

കാരാഗാരത്തിലിട്ടാ,ലൊരുവനുമിവിടെ
പ്പേടികൂടാതെ വാഴാം