Powered By Blogger

2016, ഫെബ്രുവരി 9, ചൊവ്വാഴ്ച

ഉണ്ണി

മേമേയെന്നും കരഞ്ഞും ചെറുകരയുഗളം താന്തമായിട്ടടിച്ചും 
ചെമ്മേ ഭൂജാതനായി; ത്തലമുറതുടരാൻ കൌതുകം വാർക്കുമുണ്ണി
പ്രേമം വായ്ക്കുന്ന രംഗം മനമിതിലഖിലം തീർക്കുമിപ്പൊൻവസന്തം-
കേമം നീയാണുസർവ്വം, ധര സുരപുരിയായ്, ദേവനായ് വാഴ്ക നിത്യം   

2016, ഫെബ്രുവരി 5, വെള്ളിയാഴ്‌ച

മണ്ണ്

മണ്ണിൽപ്പാദമുറച്ചു വെച്ചു പഴയോർ ചെയ്തുള്ള പുണ്യങ്ങളെ-
ക്കണ്ണിൽക്കണ്ട വിധത്തിലാക്കി പുതിയോർ മോഹാന്ധതാ ബാധയാൽ 
ദണ്ണം കൂടിയ മൂർഖരിങ്ങു തുടരും പാപങ്ങളൊന്നാകെ നീ 
തിണ്ണം തീയിടു; കണ്ണിലാത്ത കനലിൽ കാമാന്തകാ ശങ്കരാ.

മണ്ണു തിന്നു പശിയാറ്റിടുന്ന ചിലവർഗ്ഗമുണ്ടിവിടെയിപ്പൊഴും 
മണ്ണു തിന്നു കൊതിമൂത്ത നാട്ടുജനമോർത്തതില്ലിവരിലാരെയും 
മണ്ണിലൂന്നിയ പതാകകൾക്കുതടമേറ്റിടും ദുരഭിമാനികൾ 
മണ്ണിലാഴ്ത്തി വനവാസികൾക്കുടയ ഭൂമിയും വശത രേഖയും