Powered By Blogger

2018, നവംബർ 27, ചൊവ്വാഴ്ച

ഒരു അഭിമുഖ ഓർമ്മ

കാശൊട്ടെറിഞ്ഞുംസ്ഥിരജോലിനേടാ-

നാശിച്ചു വന്നോരുടെമദ്ധ്യമീഞാൻ

വീശിത്തളർന്നുള്ളിരുകയ്യു കെട്ടീ-

ട്ടാശാവിഹീനം മിഴിപൂട്ടി നിൽപ്പൂ


കള്ളൻ വായ്നോക്കിയാൽ

വണ്ടികേറിയവളങ്ങുപോവതിൻ
മുമ്പുചെന്നു മണിമാല ചൂണ്ടുവാൻ
വമ്പുകൂടിയവരിങ്ങു ചന്തവും
കണ്ടുനിൽക്കുവതു കഷ്ടമല്ലയോ

വായ്പ്പുണ്ണും കൊതിയും

പൂണ്ടമാങ്ങമുളകുപ്പിലിട്ടതും

വേണ്ടുവോളമവർതിന്നിടുമ്പൊഴും

ചുണ്ടിലാകെയൊരു പുണ്ണുവന്നു ഞാൻ

കണ്ടുനിൽക്കുവതു കഷ്ടമല്ലയോ

2018, നവംബർ 24, ശനിയാഴ്‌ച

അഭ്യർത്ഥന

നീലനീരദ നഭസിലെത്രയും

ചേലിയന്നു വിലസുന്ന ഭാനു നീ

മേലിലെന്റെപുര ചുട്ടെരിയ്ക്കൊലാ

ഓമലൊന്നവിടെ നിദ്രയുണ്ടെടോ

ജാതകവശാൽ..

അഷ്ടിക്കില്ലത്തുപണ്ടേ വഴിയൊരുചെറുതും നാസ്തി നമ്പൂരിയേറ്റം

കഷ്ടിച്ചൊപ്പിച്ചു വേളി സ്ഥിതി ഗുരുതരമായ്‌ ചെറ്റുകാലം കടക്കേ

വൃഷ്ടിക്കങ്ങിങ്ങുപൊങ്ങും തൃണനിചയസമം പുത്രിമാരെട്ടുപേരും

പുഷ്ടിപ്പറ്റോരു പെണ്ണും  ദ്വിജവരവിധി തേ ജാതകം ജാതി തന്നേ

താതമോഹം

മന്ദംഹസിച്ചു കഥകേട്ടു രസിച്ചുറങ്ങും

ചന്ദ്രാഭചിന്നുമൊരുകുഞ്ഞു വളർന്നു വേഗം

ഇന്ദ്രാദിദേവകളുമൊട്ടുകൊതിച്ചു പോകും

നന്ദാത്മജന്റെസഖിയാകിനരാധപോലേ












2018, നവംബർ 23, വെള്ളിയാഴ്‌ച

സാരോപദേശം


പുത്രി സോദരി ജനിത്രി ജായയും
മിത്രവും വിവിധ സ്വത്വമെങ്കിലും
ആർത്തിപൂണ്ട ഖലനില്ലഭേദമെ-
ന്നോർത്തുവേണമിനി കൂട്ടുകൂടുവാൻ








മകൾ

ദാമ്പത്യച്ചെടി പൂത്തനാളുമുതലേ കാക്കുന്നു നിന്നെസ്സദാ
തുമ്പം വിട്ടിരുമാനസങ്ങളധികം പ്രേമാർദ്രഭാവത്തൊടേ
കമ്പം മൂത്തു വരുന്നകണ്ടു കൊതിയായ് വാഴാനിവർക്കൊപ്പമെ-
ന്നൻപോടോർത്തു വിരിഞ്ഞിറങ്ങിയരികേ തിങ്കൾക്കിടാവെൻ മകൾ

2018, നവംബർ 18, ഞായറാഴ്‌ച

ശാസ്താവു കാക്കട്ടെ മാം

ആചാരപ്പടി കെട്ടുമേന്തി ശരണം ചൊല്ലീട്ടു വന്നോളെയി-
ന്നാചാരപ്പടി കേറ്റിടാതെ തടയാം ലോക്കപ്പിലും  പൂട്ടിടാം
ആചാരപ്പടികിട്ടുമെങ്കിലിവരോ കൂടേ നടന്നെത്തു,മീ-
യാചാരത്തിനു കാണിയായി മരുവും ശാസ്താവു കാക്കട്ടെ മാം...

2018, നവംബർ 10, ശനിയാഴ്‌ച

മുക്തി

എൻ ജന്മാന്തര പുണ്യ പാപ നിചയം കൂട്ടിക്കിഴിച്ചന്നു ഞാൻ
ക്ഷോണീരംഗതലത്തിലേവമുരുവം ചെയ്തോരഹം ബുദ്ധിയായ്
കാമക്രോധ രസം നിറച്ച മനവും ദേഹാഭിമാനങ്ങളും
പൊട്ടിപ്പോകണമിന്നുവേഗമതിനായ് മാർഗം തെളിക്കൂ ശിവേ


ധൃതിയുണ്ട്

പലവക തിരിവുള്ളാപ്പാത കേറീട്ടുവേഗം
നിലയമതണയേണം രാത്രിയാവുന്ന മുൻപേ
കലപില പറയുന്നീ വണ്ടി വേഗത്തിലോട്ടൂ
സ്ഥലപരിചയമില്ലേ പിന്നെയെന്തീയമാന്തം



നോക്ക് കൂലി

നല്ലകാലമധികം കളഞ്ഞവർ
നല്ലവണ്ണമവളേ വളർത്തുവാൻ
വല്ലപേരുമൊരു കണ്ണു കാട്ടിയാൽ
വല്ല പാടുമവളോടിടാവതോ

നോക്കുകൂലി

നോക്കു, കൂലി മുഴുവൻ തരാതെയി-
ച്ചാക്കുകെട്ടുകളിറക്കുകില്ലെടോ
ഒക്കുകില്ല,യിനി വാശിയെങ്കിലോ
നോക്കുകൂലിയുമടച്ചിറക്കണം