Powered By Blogger

2018 ഏപ്രിൽ 16, തിങ്കളാഴ്‌ച

ഇംഗിതം

ഒട്ടേറെക്കാലമായീ സുമുഖി, തവ പദം പിന്തുടർന്നീടുവോൻ ഞാ-
നൊട്ടെന്നിൽ പ്രേമമാര്യേ ചൊരിയണമധുനാ നാളെയെന്നോതിടൊല്ലേ!
മട്ടേതും മാറ്റമില്ലേ? കടമിഴിയിനിയും നീട്ടുവാൻബ്ഭാവമില്ലേ?-
യിട്ടം തെല്ലും വരില്ലേ? വഴി പലതിനിയും വേറെ നോക്കേണ്ടതില്ലേ!!

2018 ഏപ്രിൽ 8, ഞായറാഴ്‌ച

ഓമൽക്കാഴ്ച

തുള്ളിച്ചാടി നടന്നിടുന്ന വഴിയിൽ ഢിമ്മെന്നു വീണാശു തൻ
കള്ളക്കണ്ണു നിറച്ചിടുന്ന ശിശു വൻ വാവിട്ടു കേഴുന്നു ഹാ!
ഉള്ളം ഞെട്ടിവിറച്ചൊരമ്മയുടനേ മാറോടണച്ചീടവേ-
യള്ളിക്കേറി കിടാവു കൊഞ്ചി, ചിരിയായ് രണ്ടാളുമൊപ്പൊപ്പമായ്!

2018 ഏപ്രിൽ 7, ശനിയാഴ്‌ച

ഭയം

പിഞ്ചുബാലികയു,മൊത്തകന്യകയു,മമ്പത-ത്തിയൊരു നാരിയും
സഞ്ചരിപ്പു മലയാള നാട്ടിലെ വഴിയ്ക്കു ഭീതിയൊടു നിത്യവും
വഞ്ചനാകുതുകി പൂരുഷന്നുടെഞരമ്പിലെച്ചുടു നിണം ദിനം
തഞ്ചമോടെ ജഘനം തിരഞ്ഞുകൊതിപൂണ്ടു പിന്തുടര കാരണം

കാരുണ്യം

മാർത്താണ്ഡ താപാഗ്നി കടുക്ക മൂലം
താരുണ്യമറ്റു ക്ഷിതിയാർത്തയാകേ
ശ്യാമാഭമാകും കുടമേന്തി നിൽക്കും
മാനത്തു കാറ്റേ തുള വീഴ്‌ത്തു വേഗം