Powered By Blogger

2020, മേയ് 27, ബുധനാഴ്‌ച

ഡബിൾ ഹാപ്പി

ആപ്പിതാ വന്നുപോയാര്‍ത്തിടാം,വാങ്ങിടാം

കുപ്പിയ്ക്കു വേണ്ടിനിക്കാത്തുനിൽക്കേണ്ട ഹാ

കുപ്പിതൻ കപ്പമാണാശ്രയം കാശിനി-

ങ്ങാപ്പിലായ് പോയ സർക്കാരുമേ ഹാപ്പിയായ്

ശങ്ക

സൂപമതിലുള്ള ബഹുസൂപ,മതിലേക്കായ്‌

കാപലതുചേർത്തു പലമട്ടുസഖി തീർക്കും

സൂപമതിനുള്ള രുചിചൊല്ലുവതിനിങ്ങായ്

ഭൂപതിയുമൊട്ടിട കുഴങ്ങുവതു കാണാം


സൂപം1: പാത്രം 2: വെന്ത പരിപ്പ് 3: കറി


















സമസ്യ

ജീവിതം പുതു സമസ്യ നിത്യവും

കാവ്യഭാവന വളർത്തിടാമതിൽ

വൃത്തമേതുമതിനുത്തമം വരും

വൃത്തഭംഗമൊഴിവാക്കി നീങ്ങിയാൽ

2020, മേയ് 26, ചൊവ്വാഴ്ച

കളിയല്ല, കാര്യം

കളിയാക്കുകയെന്നതേ ചിലർ-

ക്കളവറ്റുള്ള സുഖ പ്രദായകം

എളുതില്ല മനസ്സിലാക്കുവാൻ

കളിയാക്കപ്പെടുമാളിനുൾതടം


ഒരുവട്ടമതേ തമാശ പി-

ന്നൊരുവട്ടം, ശരി പോട്ടെ, വിട്ടിടാം

സ്ഥിരമായ് പറയുമ്പൊഴോ രസം

വിരസം,താ,നുടനേ നിറുത്തണം


കളിയാക്കുകെളുപ്പമാ,ണതിൽ

പുളകം കൊള്ളുകയത്രകഷ്ടമേ!

വളരുന്നു നിരാശ, കൂടുതൽ

കളിചൊല്ലേ,ണ്ടതു കാര്യമായിടും


ആപ്പ്

പ്രതിരോധഗുണം വളരാനുതകും

പ്രതി, വൈദ്യഗണം പണിചെയ്യുകയാം

പതിവായിനി കാശധികം ചിലവാ-

ണതു മദ്യമൊഴുക്കിയൊരുക്കിടണം


പലപേരുകളിട്ടു,നിറച്ചുടനേ

വിലകൂട്ടുക,വില്പനശാലകളിൽ

പലനാളുകളായി മുടങ്ങിയതിൻ

ചില ചില്ലറദോഷമൊഴിഞ്ഞുവരും


വിളിയന്ത്രമതിൽ പുതുമോടിനിറ-

ച്ചൊളിമിന്നുമൊരാപ്പു കയറ്റിവിടാം

തളരാതെ,വരിയ്ക്കുവിയർപ്പൊഴുകാ,-

തുളവാം മദിരാശ ശമിച്ചിടുവാൻ










2020, മേയ് 24, ഞായറാഴ്‌ച

നവലോകം

"എങ്ങോട്ടാണീ പ്രയാണം?" "കടവരെ, അരിയും

മറ്റുമേ വാങ്ങുവാനായ്"

"എന്നാൽ മാസ്‌ക്കൊന്നു കെട്ടൂ", "ചെറിയൊരു

തുണിയും കൈയിലില്ലാത്തവൻ  ഞാൻ"

"എന്നാൽ തൻ ഐഡി കാട്ടൂ", "നിജമതു

പറയാം വിട്ടുപോയിങ്ങെടുക്കാൻ"

"എന്നാൽ പോകേണ്ട, ഠാണാവണയുക,

വെറുതേ പട്ടണം ചുറ്റിടേണ്ട!"






ബോധ ദ്യുതി

ഉത്തുംഗവെള്ളിമല മുത്തും പദം

വടിവിലെത്തും മനസ്സിലഴലിൻ

കുത്തും, പ്രലോഭന വിപത്തും കുറഞ്ഞു

സുഖമെത്തും നിരാശയകലും

എത്തും പ്രബോധരവി, കത്തും തെളിഞ്ഞു

ഹൃദിമെത്തും പ്രകാശ,മതിനാൽ

തത്തും മദാന്ധതകെടുത്തുന്മിഷദ്യുതി

പരത്തും ശിവൻ ശിവകരൻ




2020, മേയ് 21, വ്യാഴാഴ്‌ച

ലാലേട്ടാ!

നാട്യത്തിലുത്തുംഗ ഹിമാദ്രി,ശേഷം

നാട്യങ്ങളില്ലാത്ത മനുഷ്യനായും

കൂടുന്ന സൗഖ്യത്തൊടു നൂറു വർഷം

കൂടട്ടെ, ലാലേട്ടനു മംഗളങ്ങൾ

നിദ്ര നീക്കൂ

മോഹാതിരേക മന മാഹാ രമിപ്പു ഭുവി

ദേഹാഭിമാനമതിയാ-

യാഹാരവും കനകമാം ഹാരവും ഘനകുചാ

ഹാര്യരാവുകളുമായ്

ഹാ ഹാ നടിപ്പു നര,നീഹാസ്യ നാട്യ,മിഹ

ദാഹാർത്തി വിട്ടകലുവാൻ

സാഹായ്യമാവതിനു നീഹാരശൈലസുത

മോഹാധി നീക്കുക ജവാൽ

2020, മേയ് 20, ബുധനാഴ്‌ച

ആറുവഴി

ചേറായചിന്തകളിലാറാടിചിത്തകൃമി,

നാറാൻ തുടങ്ങിയകമേ

മാറാതെവയ്യ, മതിമാറാപ്പുമേന്തിയിനി,

യേറാനുമില്ലൊരിടവും

നൂറായിരം വഴിയൊ,രാറായി മാറി,

യതി,ലാറാടുവാനടിയനിൽ

കൂറാളണം തലയിലാറായദേവ!

കഴിയാറായിടും വരെയിനി!!

2020, മേയ് 19, ചൊവ്വാഴ്ച

ഇങ്ങനെ പോയാൽ

മാരാരേ! കൊട്ടൊഴിഞ്ഞോ, പ്രിയതമ
തനയക്കൂട്ടവും പഷ്ണിയായോ

പൂരക്കാലം വരെയ്ക്കും ചിലവിനുവകയായ്
വല്ലതും കൈയിലുണ്ടോ

ആരാനാരാധകന്മാ, രൊരുപിടിമലരോ
നേദ്യമോ നൽകലുണ്ടോ

തീരാതെക്കണ്ട കാലക്കെടുതി പൊറുതി
മുട്ടിച്ചു യാചിക്കുമോ നീ!!

2020, മേയ് 18, തിങ്കളാഴ്‌ച

പഠനം

മാറ്റം വന്നുതുടങ്ങിവിദ്യ പകരും രീതിയ്ക്കു,
വിദ്യാർത്ഥികൾ-

ക്കേറ്റം പിന്തുണനൽകുവാനിനിവരും
സാങ്കല്പികാദ്ധ്യാപകർ

കാറ്റോ കാർമുകിലോ പെരുംപ്രളയമോ
രോഗങ്ങളോ തീണ്ടി,ടാ-

തൂറ്റത്തോടവരെന്നുമേ പലതരം പാഠം
പഠിപ്പിച്ചിടും

2020, മേയ് 17, ഞായറാഴ്‌ച

കണ്ടുപിടിക്കാം

ശീവൊള്ളി രചിച്ചതെന്ന് കരുതുന്ന ഒരു പ്രഹേളിക താഴെ കൊടുക്കുന്നു..

പ്രഹേളിക

മുന്നം മൂന്നക്ഷരം ചൊല്ലണമതൊരുമൃഗ -
ത്തിൻ്റെ പേരായ് വരേണം

പിന്നീടപ്പേരിലൊന്നാം ലിപിവിടുകിലതായ്
ത്തീരുമൂർമ്മിക്കെഴും പേർ

പിന്നെച്ചാടാൻതുടങ്ങുക്രിയയുടെയൊരു പേ-
രാകുമന്ത്യാക്ഷരം വി-

ട്ടെന്നാൽ മദ്ധ്യംവെടിഞ്ഞാലതു ചുമയുടെ പേ-
രേതുവാക്കാണതാവോ!

*ഇതിന് ഉത്തരം എഴുതാൻ ഉള്ള എന്റെ ശ്രമം..*

മുന്നം ചൊല്ലേണ്ട വാക്കാമൃഗമതിനൊരു
പേരാണു മൂന്നക്ഷരംതാ-

നൊന്നാംവർണ്ണം കളഞ്ഞാലിരുലിപി തിരയാ,
മൂർമ്മിയെന്നർത്ഥമായി

എന്നാലന്ത്യംവെടിഞ്ഞാൽ കുതി,യതിനു സമം
ചാടുവാനോങ്ങൽ, മദ്ധ്യം

ചൊന്നില്ലെന്നാലുരയ്ക്കാം കുര,യിതി
കുതിരശ്ശബ്ദമാണുത്തരം കേൾ

2020, മേയ് 15, വെള്ളിയാഴ്‌ച

അശുദ്ധം

തൊട്ടുതീണ്ടിയശുദ്ധമായ ശരീരമെ
ങ്കിലതിന്നക-

ത്തൊട്ടസംഖ്യമണുക്കളെത്തിടുമെന്നു
കണ്ടജനം സദാ

കെട്ടിമൂടിമുഖം നമുക്കിനിയെന്ത്!,
പക്ഷെയകത്തളം

കെട്ടുപോവുകമൂല,മില്ല നരന്നു
രക്ഷയിഹത്തിലായ്!!


2020, മേയ് 13, ബുധനാഴ്‌ച

രണ്ടായാലും...


പറയാനരുതാത്തകാര്യമേ

പറയൂ നാട്ടിലെ ദുർജ്ജനം സദാ

പറയേണ്ടവസജ്ജനങ്ങളും

പറയില്ലെന്നതു കഷ്ടമാണഹോ



പറയില്ല

പറ, നാഴികളെത്രചേരണം

പറയൊന്നിങ്ങുനിറയ്ക്കുവാൻ, പ്രഭോ

പറയാനറിയില്ല, കാരണം

പറയില്ലെ,ന്നതു കഷ്ടമാണഹോ!

2020, മേയ് 11, തിങ്കളാഴ്‌ച

അമ്മ

ഉള്ളിന്നുള്ളിലുറഞ്ഞിടുന്ന മധുരം
കോരിത്തരുന്നമ്മത-

ന്നുള്ളംകൈയ്യിലുറങ്ങിടുന്ന ശിശുതാ,
നാമക്കളെക്കാലവും

പൊള്ളും ജീവിതസാഗരത്തിരകളിൽ ത്തട്ടിത്തെറിക്കാതെ നാം

തുള്ളിച്ചാടിനടന്നിടാനുരുകിടും
മാതാവിനെക്കൈതൊഴാം




2020, മേയ് 9, ശനിയാഴ്‌ച

ജന്മം

കളിച്ചു മുന്നേറിയ ബാല്യ,മേറെ-

ച്ചൊടിച്ച കൗമാരമതൊക്കെയുംപോയ്‌

തുടിച്ചിടും യൗവനമിന്നു ശേഷം

കിതച്ച വാർദ്ധക്യമിതത്രെ ജന്മം

നന്മ

ദാഹാർത്തരാകും ജനതയ്ക്കു നീരും

ദേഹത്തിലേന്തീട്ടു വരുന്നു മേഘം

ഇതില്പരം നന്മ ചൊരിഞ്ഞു നൽകു-

ന്നൊരാളുമേയില്ലതു നിശ്ചയം താൻ

2020, മേയ് 8, വെള്ളിയാഴ്‌ച

ആല

ലോഹം പഴുപ്പിച്ചടിനൽകിയെന്നാ-

ലൂഹിച്ചരൂപം നിലനിൽക്കുമെന്നും

ചിത്തം തപിപ്പിച്ചടിയേകിയീശൻ

മോഹിച്ചപോൽ നമ്മളെ മാറ്റിടുന്നൂ

കാന്താ... ഞാൻ...

ചെന്തീചിന്തും നിടിലമിഴിയാൽ കാമനെ
ച്ചുട്ടയാളി-

ന്നന്തം കാണാത്തിരുജടയിലഗ്ഗംഗയെ
പ്പോറ്റുമെന്നായ്

എന്താകും മത് സ്ഥിതി, ഹൃദിഭയം
ശൈലജയ്ക്കേറി പാരം

വെന്തീടുന്നൂ കഠിനരുജയാൽ, സ്ഫീതമായ് ശ്രീ
തിളങ്ങി

2020, മേയ് 6, ബുധനാഴ്‌ച

ഭാരത ശ്രീ

ധൃത്യുത്സാഹം സഹനമുറയും കർമ്മ
മാർഗ്ഗങ്ങളാക്കി

സ്വാതന്ത്ര്യത്തിന്നരുണകിരണം ബാപ്പു രാജ്യത്തിനേകി

അത്യാചാരൻ മതമദഭരം
തോക്കുതിർക്കെക്കഴിഞ്ഞൂ

സത്യാകാരൻ കഠിനരുജയാൽ, സ്ഫീതമായ് ശ്രീ തിളങ്ങി

കേരളമോഡൽ

ആണ്ടോടാണ്ടാപ്രളയദുരിതം കണ്ടു ശീലിച്ച നേര-

ത്തു,ണ്ടല്ലേറ്റാ,നിതുവഴിവരും നിപ്പ, തോറ്റില്ല നമ്മൾ

കണ്ടാവൂ കോവിദകണിക തൻ പ്രാഭവം നാടി,തെന്നാ-
 
ലുണ്ടോമാറ്റം കഠിനരുജയാൽ, സ്ഫീതമായ് ശ്രീ തിളങ്ങി

2020, മേയ് 3, ഞായറാഴ്‌ച

എന്നിട്ടും!

കാലനൂർക്കുള്ള ടിക്കറ്റും

കാലേ കൈയിലെടുത്തു നാം

കാലം തീർക്കുന്നുവെന്നാലും

കോലംകെട്ടാൻ മടിച്ചിടാ!


ചില്വാനം കുന്നു കൂടണം

ചൊല്ലേറും കോട്ടകെട്ടണം

ചെല്ലുമ്പോളാളു കൂടണം

ചൊല്ലാനും നാലുപേർ വേണം


എന്നിട്ടും തൃപ്തി പോരാതെ-

വന്നീട്ടിന്നാടുതോറും തൻ

ഔന്നത്യം പാടുവാൻ വേണ്ടും

കന്നത്തം കാട്ടുമീ നരൻ


ഇപ്രകാരം കഴിഞ്ഞാലും

സുപ്രസിദ്ധൻ വിളിക്കുമ്പോൾ

ക്ഷിപ്രമോടുന്നു നാമെല്ലാ-

മിപ്രപഞ്ചത്തിൽ നിന്നു ഹാ!


വെട്ടിനേടിയതും ദാനം

കിട്ടിബോധിച്ചതും പിന്നെ

കട്ടെടുത്തതുമീ നാട്ടിൽ

വിട്ടുപോകുന്നു മാനവൻ


മാറ്റമില്ലാത്തയിക്കഥ-

യ്ക്കറ്റം കാണാൻ പ്രയാസമേ

ഊറ്റം കൂടുമ്പോളോർക്കുവാ-

നേറ്റം നന്നു പറഞ്ഞിടാം


























2020, മേയ് 2, ശനിയാഴ്‌ച

ബന്ധു

ഈതി ധരയാകെ നിറയുന്നു ജനമേറ്റം

ഭീതിയൊടു വീടിനകമേറിമരുവുന്നൂ

ജ്ഞാതിയിനിയാരിവിടെ, ഭൂരികൃപയോലും

പാതിനരപാതിമൃഗപാദമവലംബം


2020, മേയ് 1, വെള്ളിയാഴ്‌ച

ബോറടി

ഉന്തുവണ്ടിയുരുട്ടി കായ്കറിവില്പനാർത്ഥ-
മടുത്തിടും

ചെന്തമിഴ്ച്ചുവകേട്ടു പാത്രമെടുത്തിറങ്ങിയ വേളയെൻ

ചിന്തപോയി, മുഷിച്ചിൽമാറ്റിയെടുക്കുവാനൊരുപായമായ്

ഹന്ത! ചെക്കനു കൈമടക്കു കൊടുത്തു വണ്ടിയെടുത്തുഞാൻ