Powered By Blogger

2019, സെപ്റ്റംബർ 29, ഞായറാഴ്‌ച

പിണക്കം

ഉറ്റബന്ധുമനമൊന്നുതെറ്റിയാ-

ലറ്റുപോംചിരി കരച്ചിലായിടും

മുറ്റിടും കരുണ വാർത്തുകാക്കുവാൻ

ചുറ്റുകെന്നെനഗധാരിണേ ക്ഷണം


ഉത്സവ രാവുകൾ

ഹരിത കോമള കേരള നാട്ടിലെ-

പ്പെരുമയേറുമൊരുത്സവസന്ധ്യതൻ

വരവുകാത്തിവിടക്ഷമനായിഞാ-

നൊരുവിധംദിനമങ്ങനെ നീക്കയാം


വില്വാദ്രി തൊട്ടങ്ങു തുടങ്ങിടുന്നൂ

ചൊല്ലേറിടും മേളമഹാമഹങ്ങൾ

വല്ലാത്തൊരാനന്ദരസത്തിലാഴാ-

നെല്ലാവരും കച്ച മുറുക്കിയാട്ടെ


പൂർണ്ണത്രയീശന്റെ നടപ്പുരയ്ക്കൽ

സ്വർണ്ണത്തിടമ്പിൻപ്രഭ കണ്ടു നിൽക്കാം

എണ്ണം തികഞ്ഞുള്ളൊരു വേദിയിങ്കൽ

പൂർണ്ണാനുമോദം പലരാവു കൂടാം


പഞ്ചാരിയാദ്യം ജനമാനസത്തെ-

പ്പഞ്ചാരവാക്കോതി മയക്കിയേടം

കൊഞ്ചുംകിടാവ,ല്ലൊരുകല്ലു പോലും

പഞ്ചാരി കൊട്ടുന്ന നടയ്ക്കു പോകാം


ദേവസംഗമമൊരുങ്ങയാണിനി-

ത്തേവരക്കരകടന്നു തോണിയിൽ

ആവതുള്ളവരൊരിക്കലെങ്കിലും

പോവണം ഗരിമ കണ്ടു കൂടണം


ശക്തന്റെ ബുദ്ധിയ്ക്കു നമിപ്പു, നാടിൻ

ശക്തിയ്ക്കൊരുക്കീയൊരുപൂരമന്നാൾ

തൃശ്ശൂരിലെപ്പൂരമഹോത്സവംതാൻ

വശ്യാംഗിയായിന്നുലകം ഭരിപ്പൂ


സംഗമേശ!തവമുന്നിലായിതാ

മംഗളം പറയുമുത്സവങ്ങൾ ഹാ!

തുംഗനാകിയഭവാൻകൃപാരസം

ഭംഗിയോടെയരുളേണമേ സദാ









2019, സെപ്റ്റംബർ 28, ശനിയാഴ്‌ച

പരിഹാരം

പടപടതുടികൊട്ടിപ്പാടുമെൻഹൃത്തിലാടും

കടുതരവിഷമോലും കാമനാഗങ്ങളൊക്കേ

മുടിയണ,മിവയെന്നെത്തീണ്ടിടുംനാളടുത്താ-

നുടനൊരുപരിഹാരം ചൊല്ലണം നീ ഭവാനീ

വിസ്മയം

കിണ്ണമേന്തിപിറകേനടന്നു പലകാഴ്ചകാട്ടി
യിനിയൂട്ടിടാ-

മെണ്ണിയമ്മവരുമപ്പൊളോമനയിരിപ്പു
മുറ്റമതിലായതാ

മണ്ണുമാന്തിയൊരുനുള്ളെടുത്തുമലർവായ്ക്ക-
കത്തുതിരുകുന്നു,ഹാ!

കണ്ണനുണ്ണിപുനരിങ്ങുവന്നുകളിയാടിടുന്നതു
കണക്കയേ!

2019, സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

കാവ്യകേളി

ഈ രാവിൻ പാനപാത്രം നിറയെ നറുനിലാ-
പ്പാലൊഴിച്ചാസ്വദിയ്ക്കാ-

നാരേ പോരുന്നുകൂടെ പ്രണയസുരഭില- 
ത്താരോ നറുംതെന്നലോ

ആരോമൽപ്പെൺകിടാവാം കവിത!
കടമിഴിക്കോണുതുള്ളിച്ചുവന്ന-

ക്കൂരമ്പെയ്യുന്ന നേരം പ്രമദവനതലം കാവ്യകേളീവിലോലം









ബോധക്ഷയം

മർത്യാകാരംലഭിയ്ക്കുംക്രമ,മഖിലപതേ നിന്റെനാമംജപിച്ച-

ങ്ങത്യാനന്ദംവസിക്കാം കുടിലമദകുലം
തീണ്ടിടാതെന്നെനോക്കാം

സത്യംചെയ്തിങ്ങുപോന്നൂ, രതിമദിരസുഖം ബോധമപ്പാടെമായ്ച്ചി-

ന്നത്യാസന്നംകിടക്കും മമമതിപിളരാൻ
ചക്രപാണേതുണയ്ക്കൂ


2019, സെപ്റ്റംബർ 26, വ്യാഴാഴ്‌ച

നയം

ഹിന്ദുധർമ്മലത വെട്ടിമാറ്റുവാ-

നുഗ്രരൂപമൊടു വന്ന വിപ്ലവർ

പള്ളിവേട്ട വിധിപോലെയാക്കുവാ-

തങ്ങുമിങ്ങുമലയുന്നതെന്തുവാൻ





വിശ്വാസം

നാനാജാതികളില്ല,തുല്യനിയമം
വിശ്വാസികൾക്കേകുമെ-

ന്നന്യൂനം പലദൂതർവന്നു പറയേ,
വീണൂകുറച്ചാളുകൾ

വന്നില്ലെങ്കിലറുക്കുമെന്നു പറയും
കൂട്ടത്തിലും പെട്ടുപോ-

യെന്നാലിക്കളിനീളുകില്ല, വിജയം
ധർമ്മാനുഗമ്യംസദാ


2019, സെപ്റ്റംബർ 24, ചൊവ്വാഴ്ച

പാലാ

പാലായ്ക്കെഴുംപുതിയനായകനാരു വേണം

മാലേറിടും ജനമനസ്സിലുണർന്നു ചോദ്യം

പാലുള്ള റബ്ബറിനുരണ്ടിലപോയി നിൽക്കും

കാലത്തു വെട്ടലതിദുഷ്ക്കരമല്ലി വേല

സമരം

കാലാകാലംകുടുംബംതനതുചുമലിലേതാങ്ങിവേണ്ടുന്നതെല്ലാം

കാലംതെറ്റാതെയേകാൻ പകലിരവുപണി-
പ്പെട്ടവർക്കേകിടാനായ്

അല്ലല്ലാതില്ലശൗരേ! മമവശ,മിതു വൻ
തോൽവിയാ,ണീയവസ്ഥ-

യ്ക്കില്ലെന്നോ മാറ്റമൊന്നും? സമരമുറകളെ സ്വീകരിക്കേണമോ ഞാൻ



















2019, സെപ്റ്റംബർ 22, ഞായറാഴ്‌ച

ഗുരുരഹസ്യം

ശ്രീനാരായണദേവനെക്കഴിവെഴും
സാമൂഹ്യ നേതാവുതാ-

നെന്നേചൊല്ലുകയുള്ളുനാ,മറിയണം
ദേവന്റെയുൾപ്പൂവിതൾ

ആത്മജ്ഞാനമുണർന്നു ചുറ്റുമഖിലം താനെന്നു കണ്ടും, കൃപാ-

ലോലംതൽസ്ഥിതിവിട്ടുവന്ന പരമ- ജ്ഞാനേശ്വരൻതാൻഗുരു



2019, സെപ്റ്റംബർ 21, ശനിയാഴ്‌ച

പത്രപാരായണം

പത്രംകാത്തിട്ടുവീടിൻ പഴകിയ പടിതൻ മുന്നിലുത്സാഹപൂർവ്വം

നിൽക്കുംഞാ,നൊച്ചകേട്ടാൽ ധൃതിയൊടി രുകരം നീട്ടിയെത്തിപ്പിടിക്കും

എന്നാലിന്നില്ലപത്രഭ്രമ,മവപകരും
ചീഞ്ഞവാർത്താ വിശേഷം

കണ്ടാലോക്കാനമാകും, വെറുതെയൊരസുഖ- ക്കാരനാവാമെളുപ്പം











സെപ്റ്റംബർ21: ലോകസമാധാന ദിനം

സമാധാനതത്വം ജയിക്കട്ടെനിത്യം

സമാധാനമായിട്ടിരിക്കട്ടെലോകം

അമോഘ പ്രശാന്ത പ്രപഞ്ചം കിടയ്ക്കാൻ

ശ്രമിയ്ക്കും മഹാൻമാർക്കു പൂമാലചാർത്താം



കടും വെട്ട്

സ്വർല്ലോകം തോറ്റുപോകും പ്രകൃതിസുഭഗമാം  കേരളോർവ്വിയ്ക്കകത്തും

നിര്‍ല്ലോപം വന്നുവല്ലോ പ്രളയ,മതു തകര്‍ത്തില്ലയോ ഗ്രാമമൊന്നായ്

വല്ലാതേകണ്ടുമൂക്കും ദുരപരിധിവിടും
നേരമംഭോധിപൂകാ-

നല്ലോയോഗം! മനുഷ്യാ, കൊതികളയുക നീ
ജീവിതം വേണമെങ്കിൽ

സംതൃപ്തി

ചിത്താകാശം മറയ്ക്കും ഘനജലദസമം ദുഃഖഭാരങ്ങളാലേ

വൃത്തംചുറ്റിച്ചുകൊല്ലാക്കൊലയിതു തുടരൂ കയ്യുകൊട്ടിച്ചിരിക്കൂ

മെത്തുംശോകംകുറയ്ക്കാൻ പ്രതിദിനമിവിടെ
ശ്ലോകവർഷം ചുരത്താ-

നൊത്താലെല്ലാംമറന്നെൻ പടുജനനമിതിൽ തൃപ്തനാകാം പുരാനേ







2019, സെപ്റ്റംബർ 18, ബുധനാഴ്‌ച

അനിവാര്യം

പിറന്നനാളുതൊട്ടു നാം നടന്നിടുന്നവീഥിയിൽ

മറഞ്ഞിരുന്നുപിന്തുടർന്നു കൊഞ്ഞകാട്ടിടുംവിടൻ

കുറഞ്ഞകാലമൊന്നുകൊണ്ടടുത്തുവന്നുനമ്മളെ-

പ്പറിച്ചെടുക്കു,മാർക്കുമേ തടുക്കുവാനുമായിടാ

സമസ്യ

സംസാരമാകുന്ന സമസ്യയൊക്കാൻ

നെട്ടോട്ടമോടും ജനമങ്ങുമിങ്ങും

പൂർവാർദ്ധമൊപ്പിയ്ക്കുകിലെന്തു വീണ്ടും

കണ്ണിന്റെ മുന്നിൽ കടൽ മാത്രമായി









ഇനിയെന്ത്

ഉണ്ണാനുടുക്കാനൊരുവാക്കുചൊല്ലാൻ

വയ്യാത്ത വണ്ണം തളരുന്നു ചിത്തം

ചെയ്യേണ്ടതെന്താണൊരുരൂപമില്ലെൻ

കണ്ണിന്റെ മുന്നിൽ കടൽ മാത്രമായി

2019, സെപ്റ്റംബർ 7, ശനിയാഴ്‌ച

അദ്ദിനം

വ്രീളാവൈവശ്യസാകം കുവലയനയനം പാതിമാത്രം തുറന്നും

താളംതെറ്റുന്നവണ്ണം പദതളിരിണയാൽ കോറിയിട്ടും മടിച്ചും

ആളെക്കണ്ടെന്നുകാട്ടുംവിധമമലമുഖം തെല്ലുയർത്താതുയർത്തും

നാളൊന്നേ ഞാനുറച്ചൂ, മമസഖി,യിനിനാം
രണ്ടുപേരല്ലമേലിൽ








2019, സെപ്റ്റംബർ 6, വെള്ളിയാഴ്‌ച

ഇന്ദ്രകോപം

അരമതിലുകടന്നീ മുറ്റവുംമൂടിടുംമ-

ട്ടരിയപുഴ പെരുക്കാൻ കാരണസ്ഥാനനായോൻ

പരിഭവമരുതിന്ദ്ര! ക്ഷോണിമുങ്ങുന്നമട്ട-

ക്കരവിരുതെഴുവോൻ നീ വാരി നൽകുന്നു നേരിൽ

ഗുരുവന്ദനം

ഇഹത്തിലും പരത്തിലും പ്രദീപമായിനിന്നിടു-

ന്നഹന്ത തന്നെ നിത്യസത്യമെന്നറിഞ്ഞധന്യരാം

ഗുരുക്കളേ, കെടാവിളക്കുകാട്ടുകെന്നുമക്ഷരം

പരംപൊരുൾഗ്രഹിയ്ക്കുവാനുപായമാക്കി
മാറ്റണേ

2019, സെപ്റ്റംബർ 4, ബുധനാഴ്‌ച

വായുവിരുത്

കരിമുകിലൊളിചിന്നും സാന്ധ്യതന്വീ കപോലം

പരിചൊടു നിജമാറിൽച്ചേർത്തു മന്ദംതലോടി

പുരുപുളകമുണർത്തും തെന്നലേ! പൂമ്പരാഗം

കരവിരുതെഴുവോൻ നീ വാരിനൽകുന്നു നേരിൽ

നടനേന്ദു

തിരയിലെമുഴുതിങ്കൾ ശ്രീകുമാരാ! ചിരിക്കാ-

നൊരുഞൊടിയിടപോലുംവേണ്ട നിൻനാട്യമോർത്താൽ

ധരയിതിലതിമോദം പുഞ്ചിരിപ്പാലസാര-

ക്കരവിരുതെഴുവോൻ നീ വാരിനൽകുന്നു നേരിൽ

2019, സെപ്റ്റംബർ 2, തിങ്കളാഴ്‌ച

ഏകശ്ലോകി തർജ്ജമ ശ്രമം

"പകലിലെങ്ങനെ കാഴ്ചലഭിച്ചിടും?"

"പകലു സൂര്യവെളിച്ചമതില്ലയോ"

"നിശയിലെങ്ങനെ കാണുമതെങ്കിൽ നീ?"

"നിശയിലുണ്ടു പലേവിധദീപവും"


"ഇവകളെങ്ങനെ കണ്ടിടു?","മക്ഷിയാൽ"

"മിഴിയടയ്ക്കുകിലെങ്ങനെ?" "ബുദ്ധിയാൽ"

"മതിയെയെങ്ങനെ?ചൊല്ലുക" " 'ഞാൻ' സ്വയം"

"പരമമായവെളിച്ചമതൊന്നു 'ഞാൻ!"






കരകാണാത്തോണി

സിരയിലെനിണമൊന്നേ കയ്യിലുള്ളെന്റെയായി-

ട്ടൊരുകരയിനിയുംഞാൻ കണ്ടതില്ലിത്രകാലം

തിരിയുകയിനിവയ്യാ ശങ്കരാ,കുമ്പിടുന്നേൻ;

കരവിരുതെഴുവോൻ നീ വാരി നൽകുന്നു നേരിൽ

നീരുറവ

തെന്നലിൻ കുളിരണിഞ്ഞതോട്ടവും

പൊന്നണിഞ്ഞവയലുംകുളങ്ങളും

തുള്ളിനീരിനുകരഞ്ഞിടുമ്പൊഴെൻ

കണ്ണുനീരുറവ വറ്റിടുന്നുവോ






2019, സെപ്റ്റംബർ 1, ഞായറാഴ്‌ച

നിലാപ്പക്ഷി

മഞ്ജുഭാഷിണി മനോഹരാംഗി സരസീരുഹാക്ഷിയൊളികണ്ണിനാൽ

കഞ്ജബാണശരമാരിതീർക്കുമളവാരുമേ നിലമറക്കുകിൽ

നെഞ്ചുലഞ്ഞു മതികെട്ടു നാകസുഖ- ലോലനായ് നിറനിലാവില-

പ്പുഞ്ചനെൽവയലുകണ്ട കുക്കുടസമാനമ- ത്തെരുവു തെണ്ടിടും

മൗനം

തൃക്കാക്കരത്തേവരെയിന്നു നാട്ടിൽ

മുക്കാലടിച്ചോടിലഹന്തതീർക്കൂ

മൂകംഹസിച്ചൊ,ന്നുമുരച്ചതില്ലി-

ങ്ങൊക്കില്ലയെന്നോ ലഘുകാര്യമെന്നോ!







പൂവേ പൊലി

അത്തമായി,യിനി പത്തുനാളുമു-

റ്റത്തു,മീഹൃദയനാലകത്തിലും

തീർത്തിടാം ലുളിതപൂക്കളം, ബലി-

യ്ക്കാത്തമോദമെതിരേൽപു നൽകിടാം