Powered By Blogger

2023, മേയ് 28, ഞായറാഴ്‌ച

അക്ഷയസ്മൃതി

കൈകാലെത്ര വളർന്നു,കുഞ്ഞു കമിഴാ റായോ മലർന്നീടുവാ-

നുണ്ടോനോട്ടമതോ പിടിച്ചു കയറാ നാണോശ്രമം, രണ്ടു പേർ

സാകൂതം ജനനം മുതൽക്കു ദിനവും വീക്ഷിയ്ക്കുമാൺപൈതലി-

ന്നോരോരോ ചലനങ്ങളേകിയവരിൽ പുത്തൻപ്രഭാതം സ്ഥിരം


നെഞ്ചിൽ ചാഞ്ഞുകിടന്നു പാലമൃതുനൽ
ചുണ്ടാലെനൊട്ടീടവേ

അമ്മേയെന്നുമൊഴിഞ്ഞിടുന്നു, ഹൃദയം കാതോർത്തിരിക്കേയവൻ

വ്യക്തംപിന്നെയുമോതിയമ്മ, കരളി ന്നാനന്ദമേകീ കുരു-

ന്നച്ഛായെന്നുവിളിച്ചു പുഞ്ചിരി പൊഴി
ക്കുന്നൂ നറും പൂവു പോൽ


ആ ബാല്യം തളിരിട്ടു,വീടു കുസൃതി
ക്കൂടായി മാറി, പ്രിയം

വായ്ക്കും കൊഞ്ചലുയർന്നു, പാദമലരാ മുറ്റത്തുറപ്പിയ്ക്കയായ്

നാവിൽശ്രീയെഴുതിച്ചു വിദ്യ തികവാർ ന്നേകീ, പഠിത്തത്തിലും

മുന്നേറുന്ന കുമാരനിൽതെളിമയാർ ന്നാളുന്നിതേയൗവനം


ഏട്ടൻതൻ പ്രിയസോദരിയ്ക്കു സഹജൻ കൂട്ടർക്കു, തന്നാലെഴു -

ന്നേതാവശ്യവുമാർക്കുമെപ്പൊളുമറി ഞ്ഞേകാൻ മടിക്കാത്തവൻ 

സാരം നർമ്മരസം കലർന്ന കഥതൻ
ഭാണ്ഡം ചുമക്കുന്നവൻ

ദ്വേഷിക്കാതതു കെട്ടഴിച്ചു ചൊരിയാൻ വൈദഗ്ദ്ധ്യമേറുന്നവൻ


കേടറ്റങ്ങിനെയുല്ലസിച്ച സമയം കാലത്തിനും മോഹമാ-

യക്ഷയ്യാമരപീഠമേറ്റിയൊരുസത്ക്കാരം നിനക്കേകുവാൻ

ഹാ നീ നിത്യമനന്തനിദ്ര വരമായ് മേടിച്ചു മിണ്ടാതെപോ-

യെന്നോർക്കേയിരുളെന്നെകത്തു നിറയു
ന്നെന്തെന്തു ചെയ്യാമിനി


കാലം ക്രൂരതകാട്ടിടുന്നതുലകം
വിട്ടോരിലോ കേവലം

നീറുന്നോർമ്മനിറഞ്ഞജന്മമിവിടെ ത്താണ്ടാൻ വിധിച്ചോരിലോ

രണ്ടും കഷ്ടമതെങ്കിലും ഗുരുതരം
രണ്ടാം ക്രമക്കാരവർ-

ക്കേകേണം പരമേശ്വരാ മതിബലം ദുഃഖാർണ്ണവം താണ്ടുവാൻ







2023, മേയ് 27, ശനിയാഴ്‌ച

ബ്രാഹ്മണ്യം സമസ്യ ജൂൺ 23

ഈ ലോകം വൻ സമസ്യാവിശിഖമെറി

യവേ വീണുപോകാതെയെന്നെ-

പ്പാലിക്കാനക്ഷര ശ്രീപദമരുളുകയെ

ന്നുള്ളതാം ഭാരമമ്മേ

മേലും നീ ചെയ്കയെന്നാ,ലെളിയ

കവനമാം ജീവിതച്ചാർത്തു തീറായ്

താലത്തിൽ കാഴ്ച വെയ്ക്കാം കല

യുടെ കനകക്കോവിലിൻ മണ്ഡപത്തിൽ 

അമൃതം

മുഴുമതിയൊളിചിന്നുന്നാസ്യവും
ചുണ്ടിലൂറു-

ന്നഴകിയചിരിയും സത്ചിന്തയേ
കുന്നവാക്കും

വഴിയിലെയിരുളാറ്റും ജ്ഞാനവും
നർമ്മവുംചേർ-

ന്നിഴയിടുമൊരു പൂജ്യൻ നന്ദനേട്ടൻ, പ്രവീണൻ


ഒരുതവണയറിഞ്ഞാലാരെയും
ചേർത്തുനിർത്താ-

നുരുകഴിവെഴുമാളാം നന്ദനേട്ടന്റെ രൂപം

ചിരമിഹമനതാരിൽ കാണുമന്നേരമെല്ലാ-

മിരുമിഴികവിയുംമട്ടൂർന്നിടും താപബിന്ദു


ഗുരു സഖ നിലപൂണ്ടും ജ്യേഷ്ഠനായും വളർന്നി-

ങ്ങൊരുവരിയെഴുതാനുൾ പ്രേരണാകാര നായോൻ

തിരികെയിനിവരില്ലെന്നോതിയാനന്ദനന്ദ-

ത്തിരുമലരടി ചേർന്നിട്ടാണ്ടൊടാണ്ടായി

യെന്നോ!!



കതിരവ കിരണം പോലെന്നകക്കാമ്പിലെന്നും

പുതുപുലരിനയിച്ചെത്തീടണം നന്ദനേട്ടൻ

മതികലവിടരും പോലന്തി നേരത്തുമുള്ളിൽ

ചിതമൊടു തെളിയേണം ധന്യമാകട്ടെരാവും








2023, മേയ് 19, വെള്ളിയാഴ്‌ച

ആശ്വാസം

നിശ്ശേഷാന്ധ്യനിവേഷ്ടിതാദിമതമോ

ഗർത്തപ്പെരും വായിലേ-

ക്കൈശ്വര്യോജ്ജ്വല ശോഭകെട്ടു വിലയം

പ്രാപിക്കയായ് താരകം 

വിശ്വൈകേശകൃപാകരന്നരുമയോ

ടൊന്നെത്തി നോക്കീടവേ

ആശ്വാസപ്പുതുവർഷമാ,യിരുളക,

ന്നെങ്ങും പരന്നൂ ദ്യുതി

2023, മേയ് 17, ബുധനാഴ്‌ച

നീന്തൽക്കുളം

ദൃശ്യാദൃശ്യമഹാപ്രപഞ്ച നടനാ

വേഗം നിയന്ത്രിച്ചിടും

വശ്യാകർഷണശക്തി മാത്ര ചെറുതൊ

ന്നാക്കം കുറച്ചീടുകിൽ

വീശും കാറ്റല മാടിവിട്ട ചരട

റ്റുള്ളോരു പട്ടം കണ-

ക്കിശ്ശ്യാമാംബരസാഗരത്തിരകളിൽ

നീന്തിത്തുടിച്ചേനെ ഞാൻ

2023, മേയ് 15, തിങ്കളാഴ്‌ച

പകിടകളി

ജീവിച്ചിരിക്കുന്ന ജനത്തെവെട്ടാം

ജീവൻ വെടിഞ്ഞോരു ജയിച്ചു കേറാം

ഈ വൻ പ്രപഞ്ചപ്പകിടയ്ക്കു മുന്നിൽ

താവും ഭ്രമത്തോടു കളിപ്പു ഞാനും 

കാണുമോ

കണ്ടാലെന്താണു ചന്ദ്രക്കല, കൊടിയ

ജടാഭാര,മാ മുല്ലബാണ-

ത്തണ്ടാറ്റുന്നഗ്നിമിന്നീടിന മിഴി, ഗരള

ഗ്രീവ,മാടുന്ന സർപ്പം

കണ്ടാലെന്താണു ഗംഗാഝരി,ഡമരു,

കപാലാസ്ഥിജാലം, തരത്തിൽ -

രണ്ടാളൊന്നിച്ച ദേഹം ശിവമരുളു

മുമാകാന്ത,കാന്തസ്വരൂപം

2023, മേയ് 14, ഞായറാഴ്‌ച

കണ്ടാലും

കണ്ടാലെന്താണു കണ്ണേ! തിരുമുടി, മയിലിൻ പീലി, ഈണം പൊഴിക്കും

ത,ണ്ടാമോദം കളിക്കും ചിരി, കരുണ വഴിഞ്ഞുല്ലസിക്കുന്ന നേത്രം

വണ്ടാർക്കും വന്യഹാരം, വരദ കരതലം, പീതചേലം, തരത്തിൽ

കണ്ടാൽ, കാണാത്തവർക്കും മിഴിതെളിയുവതിന്നൊത്ത കാർവർണ്ണകായം



2023, മേയ് 11, വ്യാഴാഴ്‌ച

കേഴുക നാടേ

നേരം പോയൊരു നേരമെത്തിയ മനോ

രോഗിയ്ക്കു വേണ്ടുന്നതാ-

മോരോരോ പരിശോധനയ്ക്കു യുവതീ 

ഡോക്ടർ തുനിഞ്ഞീടവേ

സ്ത്രീരത്നത്തിനു മാറിലേറ്റ മുറിവി

ന്നാഴങ്ങളിൽതീർന്നു പോയ് 

ആരോഗ്യത്തിനു പേരുകേട്ട മലയാ

ളത്തിന്റെ നൽജീവനം

2023, മേയ് 9, ചൊവ്വാഴ്ച

അമൃതപാനം

ആവേശോജ്ജ്വലമത്സരത്തിലസുരന്മാ

രോടെതിർത്തിച്ഛപോൽ 

സേവിച്ചൂ സുധ വാനവാസി, തരസാ 

നേടീ ചിരം യൗവനം 

ആവശ്യത്തിനുമേറെയെന്നുമമൃതം*

മോന്തുന്നതിൻമൂലമി-

പ്പാവം മർത്യനുമില്ല വാർദ്ധക, മവർ

പോകുന്നു ഹാ! യൗവനേ!


(*ഒരു മദ്യത്തിന്റെ പേര്)

2023, മേയ് 8, തിങ്കളാഴ്‌ച

കാലപ്പൂട്ട്

എന്നാലും വിധി! നീ കവർന്നു മതിയാ

കാതെ,ക്കൊതിയ്ക്കുന്നുവോ 

പിന്നേയും നരജീവ,നിത്ര ഗതികേ

ടെന്താണു താങ്കൾക്കെടോ!

എന്നും രാപകൽ ഭേദമെന്യെ ചുടല

ക്കൂത്താടിയെത്തുന്ന നിൻ

മുന്നിൽ പ്രാണനു രക്ഷയേകുമൊരുപൂ

ട്ടാരുണ്ടു നിർമ്മിക്കുവാൻ

2023, മേയ് 3, ബുധനാഴ്‌ച

കാവ്യ പ്രോജ്ജ്വലനം

അക്ഷരത്തിരികളിട്ടു, ചിന്തയാം

എണ്ണപാർന്നു,മുയിരഗ്നിയാക്കിയും

അന്വഹം കവികൊളുത്തിടുന്ന നൽ

കാവ്യ ദീപിക വിളങ്ങി മേൽക്കുമേൽ

2023, മേയ് 1, തിങ്കളാഴ്‌ച

വന്ദേ ഭാരതിന് തിരൂരിൽ കല്ലേറ്

നിറുത്തണം വരുന്ന വണ്ടി ചെന്നിട
ത്തിലൊക്കെയും

മറുത്തു സംഭവിക്കിലോ തുടങ്ങുമേറു, സത്യമായ്

വടക്കു ദിക്കിലേക്കു വണ്ടി പോയിടു മ്പൊളൊക്കെയും

തൊടുത്തിടുന്നു കല്ലു കേരളക്കരയ്ക്കു നാണമായ്


പുറത്തു വന്ന വാർത്തയാണകത്തു
തീവ്ര ചിന്തയോ

തെറിച്ച കല്ലെടുത്തെറിഞ്ഞു നോക്കണം
തിരിഞ്ഞിടാൻ

തടുക്കണം പിടിക്കണം മുറയ്ക്കുശിക്ഷ യേകണം

കടങ്കഥയ്ക്കൊരുത്തരം ലഭിയ്ക്കുവാൻ ശ്രമിക്കണം 

ആലത്തിയൂർ സ്വാമി

ആലത്തിയൂർ വാഴും ആഞ്ജനേയ സ്വാമി

അങ്ങെന്റെയുള്ളിൽ നിറയേണമേ

ശ്രീ  രാമനാമം ചൊരിയേണമേ നിത്യം

ശ്രീ  രാമനാമം ചൊരിയേണമേ

ശക്തിയറിയാതശക്തനായ് മാറുമ്പോൾ

വാൽ കൊണ്ട് തട്ടി ഉണർത്തേണമേ

എന്നെ വാൽ കൊണ്ട് തട്ടി ഉണർത്തേണമേ

ധർമ്മ പദം വിട്ടധർമ്മം ഞാൻ ചെയ്തീടിൽ

തീയിട്ടെരിക്കണേ എന്നഹന്ത

രാഘവനെത്താൻ വഴികാട്ടണേ ചിത്തേ

രാഘവനെത്താൻ വഴികാട്ടണേ

മൃത്യുവിൻ ചാട്ടുളി എൻ മേൽ പതിയവേ

മൃത സഞ്ജീവനി ആകേണമേ മഹത്

മൃത സഞ്ജീവനി ആകേണമേ

രാമതൃപ്പാദം തെളിഞ്ഞേകണേ

എന്നിൽ രാമതൃപ്പാദം തെളിഞ്ഞേകണേ

മുക്തിയ്ക്കു സേതുവായ് മാറേണമേ

എന്റെ മുക്തിയ്ക്കു സേതുവായ് മാറേണമേ

ആന സംവാദം

ലോഹസങ്കരക്കണ്ണികൾ

നിർലോഭം വെച്ചു കെട്ടിയും

തോട്ടിക്കൈ നാലു ചുറ്റിലും

റോന്തിനായ് വേറെ നിർത്തിയും


ആനയോ കുറ്റവാളിയോ

മന്ദമെത്തുന്നതാരെടോ


രണ്ടുമൊന്നിച്ച സങ്കൽപം

രാമനാം ദന്തി നായകൻ

പൂരമേൽക്കാനെഴുന്നള്ളും

കാഴ്ച വേണങ്കിൽ കാണെടോ


മർത്യ ജീവൻ പതിമ്മൂന്നും

തന്റെ കൂട്ടത്തിലൊന്നിനേം

തട്ടിയോനല്ലെ ഈ രാമൻ

എന്തസംബന്ധമാണെടോ


നാട്ടിലെത്തിച്ചിണക്കിയാൽ

ഒക്കേയും ഓക്കെ ആണെടോ


കാടിറങ്ങിയതാണെങ്കിൽ

എപ്പൊഴേ തീർക്കുമെന്നാണോ


വായ മൂടീട്ടിരിക്കെടാ

നോക്കെടാ രാമനെത്തി ഡാ


ഇങ്ങനെ നീണ്ട സംവാദം

കണ്ടും കേട്ടും ഇരിക്കവേ

അരിക്കൊമ്പന്റെ രൂപമെൻ

അരികിൽ വന്നു ചൊൽകയായ്


കാടുമാറ്റപ്പെട്ടാലെന്തെ-

നിക്കു സ്വാതന്ത്ര്യമില്ലയോ

പാവമീ രാമ സമ്രാട്ടോ

സ്വത്വമറ്റിങ്ങു നിൽക്കയാം




അരിക്കൊമ്പൻ

അമ്മയെന്നെ വിട്ടു പോയ ബാല്യവും കടന്നു വ-


ന്നുണ്മയോടെയൊത്ത കൊമ്പനായി കാലവൈഭവാൽ

കൂട്ടരൊത്തു കേളിയാടിയാസ്വദിച്ചു കാടക-

ത്തെങ്ങുമോടിയാഹരിച്ചു നീർകുടിച്ചുറങ്ങി ഞാൻ

ഭംഗികണ്ടു കൂടിയെന്റെയൊപ്പമെത്ര പേടകൾ

അങ്കുരിച്ച രാഗധാരയിൽ വിരിഞ്ഞു പൂക്കളും

കാത്തുരക്ഷ നൽകി ഞാൻ കൂട്ടുകാരിയെ ചിരം

ചേർത്തുനിർത്തി തുമ്പിയാൽ ബാലരേയുമൊന്നു പോൽ

നന്മപൂത്തുനിൽക്കുമെന്റെ ഭൂമിയാകെമൊത്തമായ്

തിന്മയേറിടും നരർക്കു സ്വന്തമായി മാറവേ

എന്റെയായതൊക്കെയും തകർന്നു വീണ സങ്കടം

കൂടി വന്നു ക്ഷീണമായി കാനനം വെടിഞ്ഞു ഞാൻ

മെല്ലെയങ്ങിറങ്ങി,യല്ലിറക്കിയെന്നെ എത്തിഞാൻ

നിങ്ങൾ വാഴുമീയിടത്തിലേക്കു നീണ്ടു ജീവിതം

വിശന്ന നേരമാദ്യമായി നേർക്കു കണ്ടകെട്ടിടം

പൊളിച്ചു കേറിയാഹരിച്ചു തൃപ്‍തനായ് മടങ്ങവേ

ചാക്കുകെട്ടിലായടച്ചു വെച്ച സാധനം രുചിച്ചു

ഞാനരിയ്ക്കു വേണ്ടി നാട്ടിൽ
വീണ്ടുമെത്തിപോൽ

തിന്നു തിന്നു പേരരിക്കൊമ്പനെന്നു വീഴവേ

ഞാൻ ധരിച്ചതിഷ്ടമെന്നു തെറ്റിയോ കണക്കുകൾ

എന്നൊടേൽക്കുവാനിടയ്ക്കു
വന്ന മർത്യരൊക്കെയും

എൻ മദക്കലിയ്ക്കുമുന്നിലപ്പൊളപ്പൊൾ തീർന്നു പോയ്‌

പഴിച്ചു നിങ്ങളെന്നെ ഉള്ളിലുണ്ടു സങ്കടക്കടൽ

ഒളിച്ചു ഞാനിടയ്ക്കു ചെയ്തതോർത്തു വേദനിക്കവേ

തോക്കുമായി വന്നു പിന്നെയേറെ മർത്യജാതികൾ

തോൽക്കുവാൻ വിസമ്മതം പറഞ്ഞു പോരടിച്ചു ഞാൻ

തോന്നി പിന്നെയെന്തിനെന്നു ഞാനയഞ്ഞു നിങ്ങളോ

പൊക്കിയെന്നെ വണ്ടികേറ്റി ഞാൻ തടഞ്ഞതില്ലെടോ

കാടുമാറ്റിയെന്നെയിന്നു കൊണ്ടുപോകെ മാനസം

വെന്തിടുന്നു ഞാൻ വളർന്ന മണ്ണു തന്നെയല്ലിതും

പുത്തനാമിടത്തിലേയ്ക്കു മാറിടാം, അപേക്ഷയാ-

ണെന്റെ സ്വൈരതയ്ക്കുറപ്പു നൽകുവാൻ ശ്രമിക്കണേ

ഈശ്വരന്റെ സൃഷ്ടിയായൊരേതു  ജീവനും ഭുവി-

യ്ക്കീഷലറ്റു വാഴുവാൻ യോഗ്യ രെന്നുമോർക്കണേ 

ബ്രാഹ്മണ്യം സമസ്യ മെയ് 2023

മുല്ല പിച്ചി നറുചെമ്പകങ്ങൾ ചേർ-

ത്തല്ലിനല്ലു പകരുന്നനിൻ മുടി

തെല്ലുയർത്തി വടകെട്ടി വച്ചൊരാ

നല്ല കാലമിനി വന്നു കൂടുമോ