Powered By Blogger

2016, ഒക്‌ടോബർ 11, ചൊവ്വാഴ്ച

രത്നാകരം

കണ്ണൻമെയ്യിന്ദ്രനീലം വ്രജമതിനഴകാം മുത്തഹോ കംസനെന്നാൽ-
കണ്ണിൽപ്പെട്ടോരു വജ്രം ഫണിഫണനടനേ കത്തിടും പുഷ്യരാഗം
കൂട്ടാം രാധയ്ക്കു നീളെപ്പവിഴനിറ- മെഴും ചുണ്ടിനാലേകി മുത്തം
കേട്ടാൽത്തീരില്ലയത്രേ വിരുതുനിറയുമീ ഗോപഗോമേദ കാവ്യം

2016, ഒക്‌ടോബർ 8, ശനിയാഴ്‌ച

പക

പകമൂത്തു പരസ്പരം വൃഥാ
പകരും ശത്രുത നല്ലതല്ലെടോ
പകയൊക്കെ മറന്നു നാം സുഖം
പകരേണം ക്ഷിതിശാന്തമാകുവാൻ


2016, ഒക്‌ടോബർ 5, ബുധനാഴ്‌ച

കടാക്ഷം

പ്രാരബ്ദ്ധത്താൽ വലഞ്ഞും പ്രിയതരമഖിലം പാതിയിൽക്കൈവെടിഞ്ഞും
തോരാക്കണ്ണീരിലാഴ്ന്നും മനമരനിമിഷം ദൈന്യമായ്ക്കേണിടുമ്പോൾ
പാരാതേറ്റം കടാക്ഷം ചൊരിയുക മഴപോൽ പാറമേക്കാവിലമ്മേ

നേരാമെന്നും ശിവേ ഞാൻ മലരടിമലരിൽ കാക്കണേ കൈവിടാതേ

2016, ജൂൺ 10, വെള്ളിയാഴ്‌ച

കാമം

ഹർമ്മ്യത്തിലന്നത്തിലനേക നാരീ-
ചർമ്മത്തിലും കാമമുണർന്ന മൂലം
കർമ്മങ്ങളിൽക്കേടു പിണഞ്ഞിടുമ്പോൾ
മർമ്മങ്ങളിൽത്തട്ടിയുണർത്തു ശംഭോ!!..

2016, മാർച്ച് 17, വ്യാഴാഴ്‌ച

സമസ്യാ പൂരണം:നവവിഭവമയേ നിത്യവും വന്നു ചേരും

ശ്ലോകപ്പാലാഴി തന്നിൽ പുതിയ മണിഗണം തേടിടും മത്‌സുഹൃത്തേ    
ക്ലേശിയ്ക്കാം നീയുമേറ്റം തിര  ചുഴിമുതലാം വൻ തടസ്സങ്ങളെത്തേ  
നൈരാശ്യം തീരെ വേണ്ടാ  ഗതിവിഗതികളിൽ ത്തോറ്റു പിന്മാറിടെണ്ടാ 
ലക്ഷ്യം നീ കൈവരിച്ചാൽ   നവവിഭവമയേ നിത്യവും വന്നു ചേരും

കളിഭ്രമം

പഞ്ചപാണ്ഡവരിലേട്ടനുള്ളൊരു കളിഭ്രമത്തിനവസാനമായ്   അഞ്ചുപേരുടെയുമേകജായ കുരുഭീകരൻ്റെ ചതിയേല്ക്കവേ  
തഞ്ചമോടു തുണി പണ്ടു കട്ട ശിശുനാമമോർത്തു വിലപിക്കവേ   
കെഞ്ചിയോൾക്കു പരിരക്ഷ ചെയ്ത യദുനായകായ ജയ മാധവാ

2016, ഫെബ്രുവരി 9, ചൊവ്വാഴ്ച

ഉണ്ണി

മേമേയെന്നും കരഞ്ഞും ചെറുകരയുഗളം താന്തമായിട്ടടിച്ചും 
ചെമ്മേ ഭൂജാതനായി; ത്തലമുറതുടരാൻ കൌതുകം വാർക്കുമുണ്ണി
പ്രേമം വായ്ക്കുന്ന രംഗം മനമിതിലഖിലം തീർക്കുമിപ്പൊൻവസന്തം-
കേമം നീയാണുസർവ്വം, ധര സുരപുരിയായ്, ദേവനായ് വാഴ്ക നിത്യം   

2016, ഫെബ്രുവരി 5, വെള്ളിയാഴ്‌ച

മണ്ണ്

മണ്ണിൽപ്പാദമുറച്ചു വെച്ചു പഴയോർ ചെയ്തുള്ള പുണ്യങ്ങളെ-
ക്കണ്ണിൽക്കണ്ട വിധത്തിലാക്കി പുതിയോർ മോഹാന്ധതാ ബാധയാൽ 
ദണ്ണം കൂടിയ മൂർഖരിങ്ങു തുടരും പാപങ്ങളൊന്നാകെ നീ 
തിണ്ണം തീയിടു; കണ്ണിലാത്ത കനലിൽ കാമാന്തകാ ശങ്കരാ.

മണ്ണു തിന്നു പശിയാറ്റിടുന്ന ചിലവർഗ്ഗമുണ്ടിവിടെയിപ്പൊഴും 
മണ്ണു തിന്നു കൊതിമൂത്ത നാട്ടുജനമോർത്തതില്ലിവരിലാരെയും 
മണ്ണിലൂന്നിയ പതാകകൾക്കുതടമേറ്റിടും ദുരഭിമാനികൾ 
മണ്ണിലാഴ്ത്തി വനവാസികൾക്കുടയ ഭൂമിയും വശത രേഖയും