Powered By Blogger

2011, ഫെബ്രുവരി 28, തിങ്കളാഴ്‌ച

ആദ്യ ശ്ലോകം

കാമദേവനെയെരിച്ച ലോചനമിളയ്ക്കു കാവലിനു നല്‍കിയും
മാമലയ്ക്കു മകളായവള്‍ക്ക് നിജ വാമഭാഗമതു നല്‍കിയും
നാഗജാല മണി മാല ചാര്‍ത്തിയ കപാല ശൂലമിവയേന്തിയും
നാട്യമാടിന നടേശ നിന്നുടയ പാദതാരതി വണങ്ങിനേന്‍

2011, ഫെബ്രുവരി 24, വ്യാഴാഴ്‌ച

മടക്കം

വരിക ഓമനേ
ഇത്തിരി നേരം എന്‍റെ അരികത്തിരിക്കുക
ഇനിയൊട്ടുസമയമില്ലല്ലോ പോകാന്‍
അതിനാല്‍ അരികെ തന്നിരിക്കുക
ഒന്ന് പൊട്ടിക്കരയാം ,
വേണമെങ്കില്‍ ,ഒന്ന് ചിരിക്കുകയുമാവാം
ഇനിയൊരിക്കലും എന്‍ ചാരത്തിരുന്ന്
ഇതൊന്നും പറ്റുകയില്ലലോ
ആ പഞ്ഞി ഒന്ന് ശരിക്കും വയ്ക്കൂ
പ്രാണികള്‍ കയറി ശല്യം ചെയുന്നു
ഇപ്പോഴും സ്വസ്ഥത ഇല്ലാച്ചാല്‍ ...
പുതു വസ്ത്രം നന്നായി ഉടുപ്പിക്കു
കാണാന്‍ ആരുമില്ലെങ്കിലും
ആ നാളികേരത്തിലെ തിരി ഒന്ന് നീട്ടുക
പ്രകാശ പൂരിതമാവട്ടെ അന്ത്യയാത്ര
ഒന്നോര്‍ത്താല്‍ ഞാന്‍ തന്നെ ഭാഗ്യവാന്‍
നീ മടങ്ങുമ്പോള്‍ ഈ അഭിനയം വേണ്ടല്ലോ
പണ്ടേ ഞാനതിനു മോശമാണ്
നീയും ഭാഗ്യവതി തന്നെ
എത്രയോ പേരെ നീ യാത്രയാക്കിയിരിക്കുന്നു
ഇനിയുമെത്രയോ പേരെ യാത്രയാക്കാനിരിക്കുന്നു
എല്ലാ ഒരുക്കങ്ങളും ആയി, ല്ലേ?
എന്നാല്‍ നമുക്ക് പുറപ്പെടാം
എന്ത്?
എന്നെ ഒന്ന് പൊക്കാന്‍ ആരുമില്ലേ?
നീ ഒരാളെക്കൂടെ വിളിക്കൂ
എനിക്ക് താങ്ങും തണലുമായ ഒരാളെ
അപ്പുറത്ത് തളര്‍ന്നു കിടക്കുകയാണ്
ഞാന്‍ പോയാല്‍ ആരുമില്ലലോ പിന്നെ

ആ പണ്ടങ്ങള്‍ അഴിക്കാന്‍ പറയണം
സിന്ദൂരവും ഒന്ന് മായ്പ്പിക്കണം
ഹോ! നിനക്ക് നല്ല വേഗത തന്നെ
ഇത്ര പെട്ടന്ന് ഇവള്‍ മുന്‍പ് ഒരുങ്ങിയിട്ടില്ല
എന്നാലിനി മടക്കമാവാം

2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച

മുഖരിതം

മതിലുകള്‍ക്കപ്പുറത്താരോ വിളിക്കുന്നു
മരണമോ ജീവിത സ്വപ്നങ്ങളോ?
തടവറ ഭേദിച്ചതില്‍ വിലയിക്കാന്‍
ഒരു ശ്രമം,പാഴ് ശ്രമമായതും പോയ്‌
അഴികളില്‍ മുഖമൂന്നി നില്‍ക്കുമ്പോള്‍
മിഴിയിലൂടൊഴുകുന്നു സ്വപ്നങ്ങള്‍ കണങ്ങളായി
ഉടയുന്ന ഹൃത്തിന്‍ നുറുങ്ങില്‍ക്കുരുങ്ങി
പിടയുന്നു, അന്തരംഗം പുകമയം
പിന്നെയും കേള്‍പ്പൂ അശരീരികള്‍ പലതും
വശം കെട്ടു പോയി, തിരിതാണു ചിത്തിന്‍
ഒരു ശ്രമം, അവസാന ശ്രമമായ്, ഫലിച്ചു
തടവറ പൊട്ടിത്തകര്‍ന്നു , ഞാനോടി
ക്ഷണത്തില്‍ മതിലും ചാടിക്കടന്നു
ഹാ! ആശ്വാസ മാരുത,ചാരുത നുകര്‍ന്നു
തെല്ലിട നിന്നില്ല, കേള്‍പ്പായി പിന്നെയും
ശബ്ദങ്ങള്‍, ചാടിയ മതിലിന്നു പിന്നില്‍ .

2011, ഫെബ്രുവരി 12, ശനിയാഴ്‌ച

എന്‍റെ പ്രണയം

ഹൃദയത്തിലമ്പിനാല്‍ തീര്‍ത്തൊരീ-
മുറിവില്‍ നിന്നിറ്റിറ്റുവീഴുന്ന
ചോര തന്‍ തുള്ളിയി-
ലറിയുന്നു ഞാന്‍, എന്‍റെ പ്രണയം
ഒരുതുള്ളി പല തുള്ളിയായ്-
പ്പടര്‍ന്നതുപിന്നെയൊരു-
പ്രവാഹമായ്ത്തീര്‍ന്നാ-
ഒഴുക്കില്‍ ഞാനറിയുന്നു, എന്‍റെ പ്രണയം
പടരുന്ന വേദന പകരുന്ന
നിമിഷത്തിലൊരു സാന്ത്വന-
ഗീതമോതിയടുക്കുന്ന മിഴികളിലു-
മറിയുന്നു ഞാന്‍, എന്‍റെ പ്രണയം
തേന്‍ മഴ പെയ്യാതെ ചോര-
തന്‍ നനവില്‍ത്തളിര്‍ക്കുന്ന
ശാഖികള്‍ വിടര്‍ത്തുന്ന പൂക്കളിന്‍
ഭംഗിയും അറിയുന്നു, എന്‍റെ പ്രണയം
ഒടുവിലീ സന്ധ്യക്ക്‌ പടികടന്നോടി-
യകലുന്ന കൊലുസ്സുകള്‍
പൊഴിക്കുന്ന മിഴിനീര്‍ കണങ്ങളും
അറിയുന്നു, എന്‍റെ പ്രണയം
നിന്‍ വിരഹമെന്‍ കരളെ-
യെരിക്കുന്ന മാത്രയില്‍
ചോര പൊടുന്നനെ നിലയ്ക്കുന്ന വേളയില്‍
നഷ്ടമാവുന്നൊരാ പ്രണയവും
അറിയുന്നു, എന്‍റെ പ്രണയം

2011, ഫെബ്രുവരി 5, ശനിയാഴ്‌ച

ചെന്നായ

കുളി കഴിഞ്ഞീറന്‍ തുകിലുടുത്ത്
കളി പറഞ്ഞിടവഴി താണ്ടിടുമ്പോള്‍
അരികിലെക്കാട്ടിലെ മറയിൽ നിന്നും 
കരിയില ഞെരിയുന്നൊരൊച്ച കേട്ടൂ 
പിന്നാലെ പേടിച്ച മാന്‍ കണ്ണിവേഗം 
പിന്നിട്ട വഴിയെപ്പഴിച്ചോടവേ
കയ്യിലെ ചന്ദന ഗന്ധമേറും
സോപ്പും ഉടുതുണിയാടകളും
മണ്ണിലെറിഞ്ഞു, ഭയം നിറഞ്ഞു 
കണ്ണിലിരുട്ടു പടർന്നു പാവം 
കൊതി മൂത്ത ചെന്നായ വാപിളര്‍ന്നു
വരുമ്പോള്‍ക്കുതിക്കുന്ന മുയലു പോലെ
ഇടവഴി താണ്ടുവാന്‍ ഓടിയോളോ 
വിടനവൻ പോയെന്നു കണ്ടു മെല്ലെ 
തെല്ലിട ശ്വാസമെടുക്കുവാനായ്
വല്ലിയില്‍ കൈ ചേര്‍ത്ത് നിന്നീടവെ
മെല്ലെയാ മാറിലമര്‍ന്നു കൈകള്‍
കല്ല്‌ പോല്‍ കനമുള്ള രണ്ടു കൈകള്‍
ഉറക്കെയലറിക്കരഞ്ഞിടാനായ്
ഉഴറിക്കുതിച്ചവൾ നോക്കിയപ്പോള്‍
കൈ കാലു വായയും ബന്ധിച്ചവന്‍
മൈക്കണ്ണിലൂടെ ഭയമൊഴുകീ
നൻമേനി മുഴുവന്‍ തീപടർന്നൂ
കല്‍ വിളക്കെന്ന പോൽ നിന്നുകത്തീ 
ചേലയെരിഞ്ഞതിന്‍ ചൂടിനാലേ
മാലയുരുകിയാ താപത്താലേ
തൃഷ്ണ തീർന്നുള്ള ചെന്നായയപ്പോള്‍
ഉഷ്ണത്തിന്‍ നീരു കുടഞ്ഞെറിഞ്ഞ്
ഒരു പുകയതിനുള്ള തീ എടുത്ത്
ശേഷിച്ചതെല്ലാമവൾക്കു നൽകി 
ആപാദചൂഡമതിലുരുകി
വെന്തു വെണ്ണീറായ് കരിഞ്ഞടങ്ങി 
പല്ലും നഖവും എല്ലും മാത്രം
പുല്ലുകള്‍ക്കിടയില്‍ത്തണുത്തുറഞ്ഞു
ഒന്നുമറിയാത്ത ശുദ്ധനെപ്പോൽ 
ചെന്നായ പുഴ നീന്തിക്കടന്നു പോയീ

2011, ഫെബ്രുവരി 4, വെള്ളിയാഴ്‌ച

പ്രേ(മ)തം

ആശയടങ്ങാതെ മരിച്ചൊരു പ്രണയമേ
നിശയിലശരീരിയായ് വന്നു നീ പാടുക
കാലിലെപ്പൊന്‍ കൊലുസുകള്‍ തന്‍-
നാദതാളലയമിടയ്ക്കിടെ പകരുക
പുകമറ തീര്‍ത്തു കൊണ്ടകലത്തെക്കുന്നിലാ-
വാകയ്ക്ക് പിന്നിലെപ്പാലപ്പൂ ചൂടുക
നത്തു, വവ്വാല്,കുറുനരി കരിനാഗ-
മൊത്തു കരിമ്പൂച്ചയകമ്പടിയോടെ
തൂവെള്ള വസ്ത്രത്തില്‍ പാല്‍നിലാരാവിലാ-
ക്കാര്‍ക്കൂന്തല്‍ വിടര്‍ത്തിട്ടുറക്കെ ചിരിക്കുക
ഒരുഗതിപ്പരഗതിയില്ലാത്തവളായി
പാരുമുഴുവനുമിങ്ങനെ അലയുക
തന്നെക്കുറിച്ചറിയാതെയാവഴി -
യാരു വന്നീടിലവരെ വിരട്ടുക
ഇരുചക്ര നാല്‍ച്ചക്ര വാഹനക്കാരെയും
വെറുതെ ഭയത്തിന്‍റെ ഉള്‍പ്പൂ ചൂടിക്കുക
രാത്രിതന്നന്ത്യമാം നിമിഷമാവുമ്പോളാ-
വേഷ വിധാനങ്ങള്‍ അഴിച്ചുമാറ്റിക്കൊള്‍ക
പാലമരത്തിന്‍റെ തുഞ്ചത്തെക്കൊമ്പിന്‍റെ
ഇലകള്‍ തന്നിടയില്‍ക്കാറ്റായി മാറുക
ഒരുവനും വഴി നടക്കാത്ത വിധത്തിലാ
നാട്ടില്‍ ഭയത്തിന്‍റെ വിത്ത് വിതയ്ക്കുക
വിജനമാമുച്ചയ്ക്കു വെറുതെയിരിക്കാതെ
അന്നത്തെയ്ക്കുള്ളോരുക്കങ്ങള്‍ കൂട്ടുക
സന്ധ്യക്ക്‌ കോവിലില്‍ വിളക്കു തെളിയുമ്പോള്‍
പേടിമാറാനൊന്നു പ്രാര്‍ഥിച്ചു കൊള്ളുക
ഇരുട്ടി തുടങ്ങുമ്പോള്‍ ഇലച്ചാര്‍ത്തിലൊരു
മര്‍മ്മര രൂപേന സാന്നിധ്യം പകരുക
പിന്നെയും രാത്രിയിലീ മഹി വാഴുവാന്‍
നിന്‍ ഗണമോടൊത്തു താഴെയിറങ്ങുക
വിശ്വാസിച്ചാലുമില്ലെങ്കിലും വഴി നീ
വിശ്വത്തിലാകവേ അറിയപ്പെടുക
ഉത്സുകത്തോടെ നിന്‍ വാര്‍ത്ത ശ്രവിക്കുന്ന
വത്സല ചിത്തരെപ്പാട്ടിലാക്കീടുക
കദനത്തില്‍ ചാലിച്ച പ്രണയകഥയൊന്നു
മദം കലര്‍ത്തിപ്പറഞ്ഞു പഠിപ്പിക്കുക
അങ്ങനെ ഈ ലോകാന്ത്യ കാലത്തോളം
വാഴുക ധരയിതില്‍ എന്‍ പ്രേ(മ)തമേ നീ