Powered By Blogger

2012, ഡിസംബർ 28, വെള്ളിയാഴ്‌ച

കൈകേയി


രാമ, നിന്‍ വദനമെന്നുള്ളില്‍ തെളിയുമ്പോള്‍
ചുഴറ്റിയടിക്കപ്പെടുന്നീ ശ്ലഥ മാനസം
അന്‍പോടെ നിനക്കേകിയ മുലപ്പാല്‍
ഇപ്പോഴും കിനിയുന്നു സ്മൃതിമണ്ഡലത്തില്‍
നിന്‍കിളിക്കൊഞ്ചല്‍ കേട്ടഞ്ചിതയായതും
പഞ്ചാമൃതം കുഞ്ഞു വായില്‍പ്പകര്‍ന്നതും
സോദരുമൊത്തു നീ കളിയാടിയിരവിന്‍റെ-
വരവിലാ മലര്‍വനം വിട്ടു വരുന്നതും
ഒരു പിടി ഓലകള്‍ ഞൊടിയിട കൊണ്ടു നിന്‍
ധിഷണ തന്‍ മൂശയില്‍ ഒളിപ്പിച്ചു വെയ്പ്പതും
സത്യവും നീതിയും സ്നേഹവുമെല്ലാര്‍ക്കും
പക്ഷപാതരഹിതേന ചൊരിവതും
സീതാസ്വയംവര ദിനത്തിലതി
ലാഘവത്തോടെ ത്രയംബകം ഒടിച്ചതും
ജനകതനയതന്‍ തിരുനെറ്റിയില്‍ നീ
രഘുകുല പൊന്‍സൂര്യബിംബംവരച്ചതും
ഒക്കെയിന്നലെ കണ്ടൊരു സ്വപ്നം പോല്‍
പാപിതന്‍ മനതാരില്‍ നിത്യമെരിയുന്നു
ഓര്‍മ്മകള്‍, ശുഭ്രമാം ഓര്‍മ്മകളിലിന്നും
കൈകേയി മാതാവ് വീണു കിടക്കുന്നു

രത്നാലലംകൃത യുവരാജസിംഹാസനം
മിഴികളില്‍ തെളിഞ്ഞോരാ അഭിശപ്തനിമിഷത്തില്‍
ദുര്‍ബുദ്ധികള്‍ വന്നു ചെവികളിലോതിയ
ദുര്‍വാക്കുകള്‍ കേട്ട് നിന്നെ മറന്നു ഞാന്‍
ഏറ്റവും വേദനതരുമൊരാ  വാര്‍ത്തയും
പുഞ്ചിരിതൂവി ശ്രവിച്ചവനല്ലോ നീ
നിന്‍മുഖമപ്പോഴും വിളങ്ങി നിന്നീടിനാന്‍
വെണ്‍ ചന്ദ്രികയിലീ കൊട്ടാരമെന്ന പോല്‍

എന്തേയെന്‍ മകനേ തവ ജിഹ്വയപ്പോഴും
മൌനത്തെയൊരു മാത്ര ഭഞ്ജിച്ചതില്ല?
ഒരുവേള യമ്മതന്‍ മനമാകെ മാറ്റുവാന്‍ -
അരവാക്കുപോലുമുരിയാടിയില്ല?

പെട്ടന്നു കുരുത്തോരാ അഗ്നിച്ചിറകുകള്‍
മെല്ലെമെല്ലൊന്നു കെട്ടടങ്ങീടുമ്പോള്‍
കൊട്ടിയടച്ചോരീ കിളിവാതിലിന്നുള്ളില്‍
ഉരുകുകയാണിയമ്മതന്‍ മാനസം
ഇന്നീ ഏകാന്ത തടവറയിങ്കല്‍
കരിന്തിരി കത്തുന്ന നിലവിളക്കായി ഞാന്‍
സ്നേഹ നീര്‍ച്ചാലുകള്‍ കുലംകുത്തിയൊഴുകിയ
മാനസം ഗ്രീഷ്മ നദി കണക്കായെന്നോ?
ഇല്ലെന്‍റെ ഓമനയായ ശ്രീരാമാ,
നിന്നെ മറന്നുള്ള നിമിഷങ്ങള്‍ അമ്മയ്ക്ക്‌
വറ്റിയ നീര്‍ച്ചാല്‍ കണ്ണുനീര്‍ ധാരയാല്‍
മുറ്റും നനച്ചിപ്പോള്‍ പൂര്‍വ്വ സ്ഥിതിയിലായ്
പതിന്നാലു സംവത്സരവും നിന്‍ തിരു-
നാമ ജപമൊന്നെ നിത്യമെന്‍ സാധന
നെഞ്ചിലെരിയുന്ന തീനാളമിപ്പോള്‍
തവ സുഖ ജീവിതമൊന്നേ നിനപ്പു

നന്‍മതന്‍ നിറകുടമായ പുരുഷോത്തമാ
വെല്‍ക നീ കല്പാന്തകാലം വരേയ്ക്കും
കൈകേയി മാതാവു മടങ്ങുന്നു മകനേ
വയ്യ നിന്‍ കാനന യാതന കാണാന്‍
തേജസ്സു കലരുന്ന നിന്‍ രൂപമെന്നും
ചിത്തത്തിലോര്‍ത്തു പിന്തിരിയുന്നു ഞാന്‍

ഒരുമാത്ര നീയീ അമ്മയെ ഓര്‍ക്കുമോ?
പറയു ശ്രീരാമാ, ഒരു മാത്ര ഓര്‍ക്കുമോ?

2012, മേയ് 22, ചൊവ്വാഴ്ച

രാഷ്ട്രീയം

കൊന്നും കൊല്ലിച്ചുമെന്നും കൊടിയുടെ തണലില്‍ ഗുണ്ടകള്‍ വാണിടുമ്പോള്‍
മണ്ണില്‍ ജീവിച്ചിടാനായ് ഭയമനുനിമിഷം കൂടിടുന്നൂ മനസ്സില്‍
നീതിന്ന്യായങ്ങളേവം ദയയുടെ കണവും തീരെയില്ലാത്തയിന്നി-
പ്പാവം മര്‍ത്ത്യന്നു പാരില്‍ ഭയമൊടു കഴിയാം രക്തസാക്ഷിത്വമാവാം


വേഷം കെട്ടിച്ചയച്ചൂ വലതരെയതുപോല്‍ വിപ്ലവപ്പാര്‍ട്ടിയേയും
ജീവന്‍ രക്ഷിച്ചു പോറ്റാന്‍ ജനതയെ ധരയില്‍ വിഡ്ഢിയാക്കുന്നു പാടേ
നോട്ടം രാഷ്ട്രീയലാഭം പലരെയുമതിനായ് കൊന്നു തള്ളുന്നു കഷ്ടം !!
സ്വന്തം താല്പ്പര്യമൊന്നേ കുടിലത കലരും നേതൃബുദ്ധിയ്ക്കുദിയ്ക്കൂ

സമസ്യാപൂരണം

പലകുറി മരണങ്ങള്‍ കണ്ടു മിണ്ടാതിരുന്നൂ
അവരത് മുതലാക്കിസ്സ്വര്യ ജീവന്‍ കവര്ന്നൂ
കുടിലത വെളിവാക്കും നേരു ചൊല്ലാന്‍ മടിച്ചി-
ക്കവിമൊഴിയൊഴിവായാല്‍ കാര്യമാകെക്കുഴഞ്ഞു.

2012, മേയ് 10, വ്യാഴാഴ്‌ച

ദീർഘ വൃത്തം

കവിതയുടിതി വൃത്തം വൃത്ത ഭംഗ്യാ രചിയ്ക്കും
കവികളുടിടമല്ലോ കേരളം ശ്ലോക തീരം
കവിതകളതി ദീര്‍ഘം ദീര്‍ഘമായിട്ടു വന്നാ-
കവിമൊഴിയൊഴിവായാല്‍ കാര്യമാകെക്കുഴഞ്ഞു.

2012, ഏപ്രിൽ 2, തിങ്കളാഴ്‌ച

ചെല്ലം

ഭൂവില്‍ ജീവിതമുള്ള കാലമിനിയും ജാതിത്തമുണ്ടായിടാം
ഉണ്ടാവാം പല വിപ്ലവങ്ങളിനിയും രാജ്യങ്ങള്‍ പോരാടിടാം
വന്നീടാം നവലോക ചിന്ത പലതും വേരറ്റുവെന്നും വരാം
ആവട്ടേ- അതിലാര്‍ക്കു ചിന്ത? ഒഴിയാച്ചെല്ലത്തില്‍ ശ്രദ്ധിപ്പു ഞാന്‍!!

2012, മാർച്ച് 16, വെള്ളിയാഴ്‌ച

ആനക്കാരോട്

കൊമ്പനാനയെയിവ്വണ്ണം
അന്പില്ലാതെ വലയ്ക്കുകില്‍
വമ്പു കാട്ടുകയല്ലാതെ
തുമ്പി കെട്ടുകയില്ലിവന്‍

വിദേശക്കളി

കളിമറന്നു വിദേശമണഞ്ഞനാള്‍
തളരുവോളമിരന്നു പരാജയം
കളി മുഴുക്കനെകണ്ടതുമോര്‍ത്തിതാ
വെളിവു കെട്ടു നടപ്പു ജനങ്ങളും

2012, മാർച്ച് 11, ഞായറാഴ്‌ച

തുണ

പിണഞ്ഞു വന്നബദ്ധമെന്റെ ജീവിതത്തിലാകവേ
കണക്കു കൂട്ടലൊക്കെയങ്ങു തെറ്റിയൊരു നേരമേ
തുണയ്ക്കു കൂടെ നീയോരാള്‍ മനസ്സിനുള്ളില്‍ വേണമി-
ക്ഷണത്തിലല്ലിനാഴിനീന്തിയക്കരയ്ക്കു പോകുവാന്‍

2012, മാർച്ച് 2, വെള്ളിയാഴ്‌ച

ഐ.ടി ക്കാര്‍ക്ക്

തീര്‍ത്താത്തീരാതെയെന്നും വിഷമത തരുമജ്ജോലിയാല്‍ ഭ്രാന്തരാക്കീ
ച്ചേര്‍ത്താച്ചേരാതെ പിന്നേം പണമതുപെരുകും കാഴ്ചയാലന്ധരാക്കീ
തീര്ത്തുംകൊള്ളാതെപാരില്‍പ്പലരെയുമിതുപോല്‍ യൌവ്വനേ ജീര്‍ണ്ണരാക്കീ
പാര്‍ത്താലത്യന്തദു:ഖം തരുമൊരു പണിയായ് മാറിയിന്നൈട്ടിരംഗം

2012, ജനുവരി 8, ഞായറാഴ്‌ച

നേര്‍വഴി

വഴി തേടിയെത്തിയതാണു ഞാന്‍- നേര്‍വഴി-
നിഴല്‍വീണ മനസ്സിന്റെയിടവഴിത്തണല്‍ വിട്ട്
നേര്‍വഴിയേതെന്നു നിശ്ചയമില്ലാതെ
പലവഴിയോടിത്തളര്‍ന്നു പോയ്‌ വല്ലാതെ

തലമുറയലമുറയിട്ടൊരാ താവഴി-
യ്ക്കാവഴി നേടിയ പൌരുഷത്തിന്‍ വഴി
കളിചിരി നിറയുന്ന പൂമുഖത്തിന്‍ വഴി
ദുഃഖം തളംകെട്ടി നില്‍ക്കുന്ന ഇടനാഴി
ദേവകള്‍ സന്തതം കാക്കുന്ന സ്സ്വവ്വഴി
മന്ത്രങ്ങളായിരം മുഴങ്ങുന്ന തിരുവഴി
യക്ഷികള്‍ പേക്കൂത്തു തുടരുന്ന പേവഴി
തന്ത്രങ്ങളെല്ലാം ഫലിക്കുന്ന തീ വഴി
സമ്പത്തു വാഴുന്ന കോളനിത്തനിവഴി
ദീനതയില്‍ മുങ്ങിക്കഴിയുന്ന പെരുവഴി

നീളുന്നു പിന്നെയും വഴികളീലോകത്ത്
നേര്‍വഴിയേതെന്നറിയുമോ വല്ലോര്‍ക്കും?
മറുപടിയൊന്നും ലഭിച്ചില്ല; താന്താങ്ങള്‍-
പ്പോകുന്ന വഴിതന്നെശ്ശരിവഴിയെന്നു;മെന്‍-
നിഴല്‍വീണ മനസ്സിന്നിടവഴി നേര്‍വഴി;-
യാവഴി തന്നെയീ യാത്ര തുടരുന്നു ഞാന്‍