Powered By Blogger

2012, ഡിസംബർ 28, വെള്ളിയാഴ്‌ച

കൈകേയി


രാമ, നിന്‍ വദനമെന്നുള്ളില്‍ തെളിയുമ്പോള്‍
ചുഴറ്റിയടിക്കപ്പെടുന്നീ ശ്ലഥ മാനസം
അന്‍പോടെ നിനക്കേകിയ മുലപ്പാല്‍
ഇപ്പോഴും കിനിയുന്നു സ്മൃതിമണ്ഡലത്തില്‍
നിന്‍കിളിക്കൊഞ്ചല്‍ കേട്ടഞ്ചിതയായതും
പഞ്ചാമൃതം കുഞ്ഞു വായില്‍പ്പകര്‍ന്നതും
സോദരുമൊത്തു നീ കളിയാടിയിരവിന്‍റെ-
വരവിലാ മലര്‍വനം വിട്ടു വരുന്നതും
ഒരു പിടി ഓലകള്‍ ഞൊടിയിട കൊണ്ടു നിന്‍
ധിഷണ തന്‍ മൂശയില്‍ ഒളിപ്പിച്ചു വെയ്പ്പതും
സത്യവും നീതിയും സ്നേഹവുമെല്ലാര്‍ക്കും
പക്ഷപാതരഹിതേന ചൊരിവതും
സീതാസ്വയംവര ദിനത്തിലതി
ലാഘവത്തോടെ ത്രയംബകം ഒടിച്ചതും
ജനകതനയതന്‍ തിരുനെറ്റിയില്‍ നീ
രഘുകുല പൊന്‍സൂര്യബിംബംവരച്ചതും
ഒക്കെയിന്നലെ കണ്ടൊരു സ്വപ്നം പോല്‍
പാപിതന്‍ മനതാരില്‍ നിത്യമെരിയുന്നു
ഓര്‍മ്മകള്‍, ശുഭ്രമാം ഓര്‍മ്മകളിലിന്നും
കൈകേയി മാതാവ് വീണു കിടക്കുന്നു

രത്നാലലംകൃത യുവരാജസിംഹാസനം
മിഴികളില്‍ തെളിഞ്ഞോരാ അഭിശപ്തനിമിഷത്തില്‍
ദുര്‍ബുദ്ധികള്‍ വന്നു ചെവികളിലോതിയ
ദുര്‍വാക്കുകള്‍ കേട്ട് നിന്നെ മറന്നു ഞാന്‍
ഏറ്റവും വേദനതരുമൊരാ  വാര്‍ത്തയും
പുഞ്ചിരിതൂവി ശ്രവിച്ചവനല്ലോ നീ
നിന്‍മുഖമപ്പോഴും വിളങ്ങി നിന്നീടിനാന്‍
വെണ്‍ ചന്ദ്രികയിലീ കൊട്ടാരമെന്ന പോല്‍

എന്തേയെന്‍ മകനേ തവ ജിഹ്വയപ്പോഴും
മൌനത്തെയൊരു മാത്ര ഭഞ്ജിച്ചതില്ല?
ഒരുവേള യമ്മതന്‍ മനമാകെ മാറ്റുവാന്‍ -
അരവാക്കുപോലുമുരിയാടിയില്ല?

പെട്ടന്നു കുരുത്തോരാ അഗ്നിച്ചിറകുകള്‍
മെല്ലെമെല്ലൊന്നു കെട്ടടങ്ങീടുമ്പോള്‍
കൊട്ടിയടച്ചോരീ കിളിവാതിലിന്നുള്ളില്‍
ഉരുകുകയാണിയമ്മതന്‍ മാനസം
ഇന്നീ ഏകാന്ത തടവറയിങ്കല്‍
കരിന്തിരി കത്തുന്ന നിലവിളക്കായി ഞാന്‍
സ്നേഹ നീര്‍ച്ചാലുകള്‍ കുലംകുത്തിയൊഴുകിയ
മാനസം ഗ്രീഷ്മ നദി കണക്കായെന്നോ?
ഇല്ലെന്‍റെ ഓമനയായ ശ്രീരാമാ,
നിന്നെ മറന്നുള്ള നിമിഷങ്ങള്‍ അമ്മയ്ക്ക്‌
വറ്റിയ നീര്‍ച്ചാല്‍ കണ്ണുനീര്‍ ധാരയാല്‍
മുറ്റും നനച്ചിപ്പോള്‍ പൂര്‍വ്വ സ്ഥിതിയിലായ്
പതിന്നാലു സംവത്സരവും നിന്‍ തിരു-
നാമ ജപമൊന്നെ നിത്യമെന്‍ സാധന
നെഞ്ചിലെരിയുന്ന തീനാളമിപ്പോള്‍
തവ സുഖ ജീവിതമൊന്നേ നിനപ്പു

നന്‍മതന്‍ നിറകുടമായ പുരുഷോത്തമാ
വെല്‍ക നീ കല്പാന്തകാലം വരേയ്ക്കും
കൈകേയി മാതാവു മടങ്ങുന്നു മകനേ
വയ്യ നിന്‍ കാനന യാതന കാണാന്‍
തേജസ്സു കലരുന്ന നിന്‍ രൂപമെന്നും
ചിത്തത്തിലോര്‍ത്തു പിന്തിരിയുന്നു ഞാന്‍

ഒരുമാത്ര നീയീ അമ്മയെ ഓര്‍ക്കുമോ?
പറയു ശ്രീരാമാ, ഒരു മാത്ര ഓര്‍ക്കുമോ?