Powered By Blogger

2019, നവംബർ 12, ചൊവ്വാഴ്ച

കുഞ്ഞിമണിക്ക്

ദാമ്പത്യച്ചെടി പൂത്തനാളുമുതലേ കാക്കുന്നു നിന്നെസ്സദാ

തുമ്പം വിട്ടിരുമാനസങ്ങളധികം പ്രേമാർദ്രഭാവത്തൊടേ

ഇമ്പം ചോരുമൊരീണമിട്ടു ഹൃദയം താരാട്ടു പാടുന്ന കേ-

 ട്ടൻപോടിങ്ങു വിരിഞ്ഞിറങ്ങിയരികേ തിങ്കൾക്കിടാവെൻ മകൾ


മണ്ണും മാനവുമന്യമായൊരുദരപ്പാത്രത്തി-
ലേകാകിയായ്

കണ്ണുംപൂട്ടിയുറങ്ങി, കാലമണയേ
സോല്ലാസമിങ്ങെത്തി നീ

വിണ്ണോർനാരിയുമൊട്ടസൂയയൊടുതാൻ നോക്കിക്കൊതിക്കുമ്പൊളെൻ

പെണ്ണേ കണ്മണിയെന്റെകയ്യിലമരൂ പാൽപ്പുഞ്ചിരിച്ചുണ്ടുമായ്


കുഞ്ഞിക്കാലടിവെച്ചു കോണികയറാൻ
ബദ്ധപ്പെടുംനേരമ-

പ്പഞ്ഞിയ്ക്കൊത്തശരീരമെത്ര വഴുതി-
പ്പോകുന്നുവെന്നാകിലും

കുഞ്ഞിപ്പെണ്ണുചിരിച്ചെണീറ്റു തരസാ കേറുന്നൊരക്കാഴ്ചയെൻ

നെഞ്ഞിന്നുള്ളിലുണർത്തിടുന്നു പുളകം, മോദാശ്രു നേത്രത്തിനും


കിണ്ണമേന്തിപിറകേനടന്നു പലകാഴ്ചകാട്ടി
യിനിയൂട്ടിടാ-

മെണ്ണിയമ്മവരുമപ്പൊളോമനയിരിപ്പു
മുറ്റമതിലായതാ

മണ്ണുമാന്തിയൊരുനുള്ളെടുത്തുമലർവായ്ക്ക-
കത്തുതിരുകുന്നു,ഹാ!

കണ്ണനുണ്ണിപുനരിങ്ങുവന്നുകളിയാടിടുന്നതു
കണക്കയേ!

2019, ഒക്‌ടോബർ 20, ഞായറാഴ്‌ച

വല്മീകം

മോഹത്തിൻ മണികൂട്ടി വച്ചു മനുജൻ കുന്നൊന്നു തീർത്തിട്ടതിൻ

ചുറ്റും വേലി വളച്ചുകെട്ടി തനതാം
സാമ്രാജ്യമുണ്ടാക്കയാം

എന്നാൽക്കാലപിപീലികാക്രമണമപ്പാവം
നിനച്ചില്ല,നാ-

ളേറേയെത്തുവതിന്റെമുൻപു മണികൾ വൽമീകമായ്കഷ്ടമേ!






2019, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

സരസ്വത്യൈ നമഃ

ചിത്താകാശസരോരുഹത്തിലനിശം
വീണാനിനാദംപൊഴി-

ച്ചാത്താനന്ദരസം കലർന്നു വിലസും
വാഗ്ദേവി മൂകാംബികേ

നിത്യജ്ഞാനമരന്ദവാണി മമ നാത്തുഞ്ചത്തു
തത്തീടുവാൻ

തീർത്തും നീ ശ്രുതിചേർക്കുകെന്റെ ഹൃദയം, സാരം രുചിക്കട്ടെ ഞാൻ





ആസക്തി

പാടാറില്ലൊരുപാട്ടു,ചിത്ര രചനാ
ക്കമ്പംപൊടിക്കില്ല, ഞാ-

നാടാറില്ല,തുകാണലില്ല കുതുകം
കൂടില്ല യാത്രയ്ക്കു മേ

കൂടാറില്ല സുഹൃദ് സഭയ്ക്കു, കവിത
പ്പെണ്ണാളുമൊത്തീമലർ-

ക്കട്ടിൽക്കെട്ടിലമർന്നിരുന്നു വിഷയാ- സക്തിയ്ക്കു കീഴ്പ്പെട്ടു ഞാൻ




2019, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

വ്യായാമം

ഓടാനൊരുങ്ങു മടികൂടാതെടോ വലിയ
പാടാണിതെന്ന പടി താൻ

മൂടിപ്പുതച്ചു നടുകോടുന്നവണ്ണമിതു
പാടില്ലുറക്കമിനിയും

കേടറ്റദേഹബലമോടിങ്ങു മോടിയൊടു
കൂടേണമെങ്കിലുടനേ

കൂടുന്നചിത്തബലമോടെന്നുമോടു-
മൊരുപാടെന്നുചൊല്ലിയുണരൂ



2019, ഒക്‌ടോബർ 2, ബുധനാഴ്‌ച

പെരുവനക്കമ്പം

കരിനിരനിറശോഭയോടെ നിൽക്കും

പെരുവനവീഥിയിലൊന്നു ചെന്നുമേളം

പരിചൊടു കരതാളമിട്ടുകേൾക്കാൻ

പെരുകിടുമുള്ളിലെനിയ്ക്കുമോഹമെന്നും



വിഫലമോഹം

അരനിമിഷമടങ്ങിടാത്തകുഞ്ഞിൻ

ചിരികളികണ്ടു രസിച്ചിരുന്നുപോകേ

ഒരുതവണ തിരിച്ചു ബാലനാകാൻ

പെരുകിടുമുള്ളിലെനിയ്ക്കുമോഹമെന്നും

2019, സെപ്റ്റംബർ 29, ഞായറാഴ്‌ച

പിണക്കം

ഉറ്റബന്ധുമനമൊന്നുതെറ്റിയാ-

ലറ്റുപോംചിരി കരച്ചിലായിടും

മുറ്റിടും കരുണ വാർത്തുകാക്കുവാൻ

ചുറ്റുകെന്നെനഗധാരിണേ ക്ഷണം


ഉത്സവ രാവുകൾ

ഹരിത കോമള കേരള നാട്ടിലെ-

പ്പെരുമയേറുമൊരുത്സവസന്ധ്യതൻ

വരവുകാത്തിവിടക്ഷമനായിഞാ-

നൊരുവിധംദിനമങ്ങനെ നീക്കയാം


വില്വാദ്രി തൊട്ടങ്ങു തുടങ്ങിടുന്നൂ

ചൊല്ലേറിടും മേളമഹാമഹങ്ങൾ

വല്ലാത്തൊരാനന്ദരസത്തിലാഴാ-

നെല്ലാവരും കച്ച മുറുക്കിയാട്ടെ


പൂർണ്ണത്രയീശന്റെ നടപ്പുരയ്ക്കൽ

സ്വർണ്ണത്തിടമ്പിൻപ്രഭ കണ്ടു നിൽക്കാം

എണ്ണം തികഞ്ഞുള്ളൊരു വേദിയിങ്കൽ

പൂർണ്ണാനുമോദം പലരാവു കൂടാം


പഞ്ചാരിയാദ്യം ജനമാനസത്തെ-

പ്പഞ്ചാരവാക്കോതി മയക്കിയേടം

കൊഞ്ചുംകിടാവ,ല്ലൊരുകല്ലു പോലും

പഞ്ചാരി കൊട്ടുന്ന നടയ്ക്കു പോകാം


ദേവസംഗമമൊരുങ്ങയാണിനി-

ത്തേവരക്കരകടന്നു തോണിയിൽ

ആവതുള്ളവരൊരിക്കലെങ്കിലും

പോവണം ഗരിമ കണ്ടു കൂടണം


ശക്തന്റെ ബുദ്ധിയ്ക്കു നമിപ്പു, നാടിൻ

ശക്തിയ്ക്കൊരുക്കീയൊരുപൂരമന്നാൾ

തൃശ്ശൂരിലെപ്പൂരമഹോത്സവംതാൻ

വശ്യാംഗിയായിന്നുലകം ഭരിപ്പൂ


സംഗമേശ!തവമുന്നിലായിതാ

മംഗളം പറയുമുത്സവങ്ങൾ ഹാ!

തുംഗനാകിയഭവാൻകൃപാരസം

ഭംഗിയോടെയരുളേണമേ സദാ









2019, സെപ്റ്റംബർ 28, ശനിയാഴ്‌ച

പരിഹാരം

പടപടതുടികൊട്ടിപ്പാടുമെൻഹൃത്തിലാടും

കടുതരവിഷമോലും കാമനാഗങ്ങളൊക്കേ

മുടിയണ,മിവയെന്നെത്തീണ്ടിടുംനാളടുത്താ-

നുടനൊരുപരിഹാരം ചൊല്ലണം നീ ഭവാനീ

വിസ്മയം

കിണ്ണമേന്തിപിറകേനടന്നു പലകാഴ്ചകാട്ടി
യിനിയൂട്ടിടാ-

മെണ്ണിയമ്മവരുമപ്പൊളോമനയിരിപ്പു
മുറ്റമതിലായതാ

മണ്ണുമാന്തിയൊരുനുള്ളെടുത്തുമലർവായ്ക്ക-
കത്തുതിരുകുന്നു,ഹാ!

കണ്ണനുണ്ണിപുനരിങ്ങുവന്നുകളിയാടിടുന്നതു
കണക്കയേ!

2019, സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

കാവ്യകേളി

ഈ രാവിൻ പാനപാത്രം നിറയെ നറുനിലാ-
പ്പാലൊഴിച്ചാസ്വദിയ്ക്കാ-

നാരേ പോരുന്നുകൂടെ പ്രണയസുരഭില- 
ത്താരോ നറുംതെന്നലോ

ആരോമൽപ്പെൺകിടാവാം കവിത!
കടമിഴിക്കോണുതുള്ളിച്ചുവന്ന-

ക്കൂരമ്പെയ്യുന്ന നേരം പ്രമദവനതലം കാവ്യകേളീവിലോലം









ബോധക്ഷയം

മർത്യാകാരംലഭിയ്ക്കുംക്രമ,മഖിലപതേ നിന്റെനാമംജപിച്ച-

ങ്ങത്യാനന്ദംവസിക്കാം കുടിലമദകുലം
തീണ്ടിടാതെന്നെനോക്കാം

സത്യംചെയ്തിങ്ങുപോന്നൂ, രതിമദിരസുഖം ബോധമപ്പാടെമായ്ച്ചി-

ന്നത്യാസന്നംകിടക്കും മമമതിപിളരാൻ
ചക്രപാണേതുണയ്ക്കൂ


2019, സെപ്റ്റംബർ 26, വ്യാഴാഴ്‌ച

നയം

ഹിന്ദുധർമ്മലത വെട്ടിമാറ്റുവാ-

നുഗ്രരൂപമൊടു വന്ന വിപ്ലവർ

പള്ളിവേട്ട വിധിപോലെയാക്കുവാ-

തങ്ങുമിങ്ങുമലയുന്നതെന്തുവാൻ





വിശ്വാസം

നാനാജാതികളില്ല,തുല്യനിയമം
വിശ്വാസികൾക്കേകുമെ-

ന്നന്യൂനം പലദൂതർവന്നു പറയേ,
വീണൂകുറച്ചാളുകൾ

വന്നില്ലെങ്കിലറുക്കുമെന്നു പറയും
കൂട്ടത്തിലും പെട്ടുപോ-

യെന്നാലിക്കളിനീളുകില്ല, വിജയം
ധർമ്മാനുഗമ്യംസദാ


2019, സെപ്റ്റംബർ 24, ചൊവ്വാഴ്ച

പാലാ

പാലായ്ക്കെഴുംപുതിയനായകനാരു വേണം

മാലേറിടും ജനമനസ്സിലുണർന്നു ചോദ്യം

പാലുള്ള റബ്ബറിനുരണ്ടിലപോയി നിൽക്കും

കാലത്തു വെട്ടലതിദുഷ്ക്കരമല്ലി വേല

സമരം

കാലാകാലംകുടുംബംതനതുചുമലിലേതാങ്ങിവേണ്ടുന്നതെല്ലാം

കാലംതെറ്റാതെയേകാൻ പകലിരവുപണി-
പ്പെട്ടവർക്കേകിടാനായ്

അല്ലല്ലാതില്ലശൗരേ! മമവശ,മിതു വൻ
തോൽവിയാ,ണീയവസ്ഥ-

യ്ക്കില്ലെന്നോ മാറ്റമൊന്നും? സമരമുറകളെ സ്വീകരിക്കേണമോ ഞാൻ



















2019, സെപ്റ്റംബർ 22, ഞായറാഴ്‌ച

ഗുരുരഹസ്യം

ശ്രീനാരായണദേവനെക്കഴിവെഴും
സാമൂഹ്യ നേതാവുതാ-

നെന്നേചൊല്ലുകയുള്ളുനാ,മറിയണം
ദേവന്റെയുൾപ്പൂവിതൾ

ആത്മജ്ഞാനമുണർന്നു ചുറ്റുമഖിലം താനെന്നു കണ്ടും, കൃപാ-

ലോലംതൽസ്ഥിതിവിട്ടുവന്ന പരമ- ജ്ഞാനേശ്വരൻതാൻഗുരു



2019, സെപ്റ്റംബർ 21, ശനിയാഴ്‌ച

പത്രപാരായണം

പത്രംകാത്തിട്ടുവീടിൻ പഴകിയ പടിതൻ മുന്നിലുത്സാഹപൂർവ്വം

നിൽക്കുംഞാ,നൊച്ചകേട്ടാൽ ധൃതിയൊടി രുകരം നീട്ടിയെത്തിപ്പിടിക്കും

എന്നാലിന്നില്ലപത്രഭ്രമ,മവപകരും
ചീഞ്ഞവാർത്താ വിശേഷം

കണ്ടാലോക്കാനമാകും, വെറുതെയൊരസുഖ- ക്കാരനാവാമെളുപ്പം











സെപ്റ്റംബർ21: ലോകസമാധാന ദിനം

സമാധാനതത്വം ജയിക്കട്ടെനിത്യം

സമാധാനമായിട്ടിരിക്കട്ടെലോകം

അമോഘ പ്രശാന്ത പ്രപഞ്ചം കിടയ്ക്കാൻ

ശ്രമിയ്ക്കും മഹാൻമാർക്കു പൂമാലചാർത്താം



കടും വെട്ട്

സ്വർല്ലോകം തോറ്റുപോകും പ്രകൃതിസുഭഗമാം  കേരളോർവ്വിയ്ക്കകത്തും

നിര്‍ല്ലോപം വന്നുവല്ലോ പ്രളയ,മതു തകര്‍ത്തില്ലയോ ഗ്രാമമൊന്നായ്

വല്ലാതേകണ്ടുമൂക്കും ദുരപരിധിവിടും
നേരമംഭോധിപൂകാ-

നല്ലോയോഗം! മനുഷ്യാ, കൊതികളയുക നീ
ജീവിതം വേണമെങ്കിൽ

സംതൃപ്തി

ചിത്താകാശം മറയ്ക്കും ഘനജലദസമം ദുഃഖഭാരങ്ങളാലേ

വൃത്തംചുറ്റിച്ചുകൊല്ലാക്കൊലയിതു തുടരൂ കയ്യുകൊട്ടിച്ചിരിക്കൂ

മെത്തുംശോകംകുറയ്ക്കാൻ പ്രതിദിനമിവിടെ
ശ്ലോകവർഷം ചുരത്താ-

നൊത്താലെല്ലാംമറന്നെൻ പടുജനനമിതിൽ തൃപ്തനാകാം പുരാനേ







2019, സെപ്റ്റംബർ 18, ബുധനാഴ്‌ച

അനിവാര്യം

പിറന്നനാളുതൊട്ടു നാം നടന്നിടുന്നവീഥിയിൽ

മറഞ്ഞിരുന്നുപിന്തുടർന്നു കൊഞ്ഞകാട്ടിടുംവിടൻ

കുറഞ്ഞകാലമൊന്നുകൊണ്ടടുത്തുവന്നുനമ്മളെ-

പ്പറിച്ചെടുക്കു,മാർക്കുമേ തടുക്കുവാനുമായിടാ

സമസ്യ

സംസാരമാകുന്ന സമസ്യയൊക്കാൻ

നെട്ടോട്ടമോടും ജനമങ്ങുമിങ്ങും

പൂർവാർദ്ധമൊപ്പിയ്ക്കുകിലെന്തു വീണ്ടും

കണ്ണിന്റെ മുന്നിൽ കടൽ മാത്രമായി









ഇനിയെന്ത്

ഉണ്ണാനുടുക്കാനൊരുവാക്കുചൊല്ലാൻ

വയ്യാത്ത വണ്ണം തളരുന്നു ചിത്തം

ചെയ്യേണ്ടതെന്താണൊരുരൂപമില്ലെൻ

കണ്ണിന്റെ മുന്നിൽ കടൽ മാത്രമായി

2019, സെപ്റ്റംബർ 7, ശനിയാഴ്‌ച

അദ്ദിനം

വ്രീളാവൈവശ്യസാകം കുവലയനയനം പാതിമാത്രം തുറന്നും

താളംതെറ്റുന്നവണ്ണം പദതളിരിണയാൽ കോറിയിട്ടും മടിച്ചും

ആളെക്കണ്ടെന്നുകാട്ടുംവിധമമലമുഖം തെല്ലുയർത്താതുയർത്തും

നാളൊന്നേ ഞാനുറച്ചൂ, മമസഖി,യിനിനാം
രണ്ടുപേരല്ലമേലിൽ








2019, സെപ്റ്റംബർ 6, വെള്ളിയാഴ്‌ച

ഇന്ദ്രകോപം

അരമതിലുകടന്നീ മുറ്റവുംമൂടിടുംമ-

ട്ടരിയപുഴ പെരുക്കാൻ കാരണസ്ഥാനനായോൻ

പരിഭവമരുതിന്ദ്ര! ക്ഷോണിമുങ്ങുന്നമട്ട-

ക്കരവിരുതെഴുവോൻ നീ വാരി നൽകുന്നു നേരിൽ

ഗുരുവന്ദനം

ഇഹത്തിലും പരത്തിലും പ്രദീപമായിനിന്നിടു-

ന്നഹന്ത തന്നെ നിത്യസത്യമെന്നറിഞ്ഞധന്യരാം

ഗുരുക്കളേ, കെടാവിളക്കുകാട്ടുകെന്നുമക്ഷരം

പരംപൊരുൾഗ്രഹിയ്ക്കുവാനുപായമാക്കി
മാറ്റണേ

2019, സെപ്റ്റംബർ 4, ബുധനാഴ്‌ച

വായുവിരുത്

കരിമുകിലൊളിചിന്നും സാന്ധ്യതന്വീ കപോലം

പരിചൊടു നിജമാറിൽച്ചേർത്തു മന്ദംതലോടി

പുരുപുളകമുണർത്തും തെന്നലേ! പൂമ്പരാഗം

കരവിരുതെഴുവോൻ നീ വാരിനൽകുന്നു നേരിൽ

നടനേന്ദു

തിരയിലെമുഴുതിങ്കൾ ശ്രീകുമാരാ! ചിരിക്കാ-

നൊരുഞൊടിയിടപോലുംവേണ്ട നിൻനാട്യമോർത്താൽ

ധരയിതിലതിമോദം പുഞ്ചിരിപ്പാലസാര-

ക്കരവിരുതെഴുവോൻ നീ വാരിനൽകുന്നു നേരിൽ

2019, സെപ്റ്റംബർ 2, തിങ്കളാഴ്‌ച

ഏകശ്ലോകി തർജ്ജമ ശ്രമം

"പകലിലെങ്ങനെ കാഴ്ചലഭിച്ചിടും?"

"പകലു സൂര്യവെളിച്ചമതില്ലയോ"

"നിശയിലെങ്ങനെ കാണുമതെങ്കിൽ നീ?"

"നിശയിലുണ്ടു പലേവിധദീപവും"


"ഇവകളെങ്ങനെ കണ്ടിടു?","മക്ഷിയാൽ"

"മിഴിയടയ്ക്കുകിലെങ്ങനെ?" "ബുദ്ധിയാൽ"

"മതിയെയെങ്ങനെ?ചൊല്ലുക" " 'ഞാൻ' സ്വയം"

"പരമമായവെളിച്ചമതൊന്നു 'ഞാൻ!"






കരകാണാത്തോണി

സിരയിലെനിണമൊന്നേ കയ്യിലുള്ളെന്റെയായി-

ട്ടൊരുകരയിനിയുംഞാൻ കണ്ടതില്ലിത്രകാലം

തിരിയുകയിനിവയ്യാ ശങ്കരാ,കുമ്പിടുന്നേൻ;

കരവിരുതെഴുവോൻ നീ വാരി നൽകുന്നു നേരിൽ

നീരുറവ

തെന്നലിൻ കുളിരണിഞ്ഞതോട്ടവും

പൊന്നണിഞ്ഞവയലുംകുളങ്ങളും

തുള്ളിനീരിനുകരഞ്ഞിടുമ്പൊഴെൻ

കണ്ണുനീരുറവ വറ്റിടുന്നുവോ






2019, സെപ്റ്റംബർ 1, ഞായറാഴ്‌ച

നിലാപ്പക്ഷി

മഞ്ജുഭാഷിണി മനോഹരാംഗി സരസീരുഹാക്ഷിയൊളികണ്ണിനാൽ

കഞ്ജബാണശരമാരിതീർക്കുമളവാരുമേ നിലമറക്കുകിൽ

നെഞ്ചുലഞ്ഞു മതികെട്ടു നാകസുഖ- ലോലനായ് നിറനിലാവില-

പ്പുഞ്ചനെൽവയലുകണ്ട കുക്കുടസമാനമ- ത്തെരുവു തെണ്ടിടും

മൗനം

തൃക്കാക്കരത്തേവരെയിന്നു നാട്ടിൽ

മുക്കാലടിച്ചോടിലഹന്തതീർക്കൂ

മൂകംഹസിച്ചൊ,ന്നുമുരച്ചതില്ലി-

ങ്ങൊക്കില്ലയെന്നോ ലഘുകാര്യമെന്നോ!







പൂവേ പൊലി

അത്തമായി,യിനി പത്തുനാളുമു-

റ്റത്തു,മീഹൃദയനാലകത്തിലും

തീർത്തിടാം ലുളിതപൂക്കളം, ബലി-

യ്ക്കാത്തമോദമെതിരേൽപു നൽകിടാം

2019, ഓഗസ്റ്റ് 31, ശനിയാഴ്‌ച

വരവേല്പ്

പൂർവ്വാംബരേ ബാലദിനേശബിംബം

സർവ്വാത്മനാവന്നുതെളിഞ്ഞിടുമ്പോൾ

ഉർവ്വീതലം മഞ്ഞലനീരിലാടി

ദൂർവാദളംചൂടി മുഴക്കിവേദം

ഗ്രാമരംഗം

ആയിരപ്പറവിളഞ്ഞിടുംനില,മതിൻ
വരമ്പിനതിരിട്ടുതാ-

നായമോടെയൊഴുകുന്നുതോട,രികെ മേഞ്ഞിടും പല മൃഗങ്ങളും

ഗ്രാമദേവികുടികൊള്ളുമമ്പലവു,മാലു,മാ- ക്കുളവുമത്രയും

സാമ്യമറ്റുമരുവുന്നനാട്ടുപുറരംഗമെന്നു-
മതിസുന്ദരം














2019, ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

അസുഖം

രണ്ടുമൂന്നുദിവസങ്ങളായിഞാ-

നുണ്ടതില്ലശരിയാംവിധം ഫലം

കണ്ടതിന്നലെ,മറഞ്ഞുബോധ,മെ-

ങ്ങാണ്ടുപോയിനിലതെറ്റിവീണുഞാൻ

വനരംഗം

പീലിചൂടിമണിമാലചാർത്തിവരവേണു-
വൂതിയദുനായകൻ

ലോലലോലപദമോടുരാധികയുമൊത്തു
രാസകളിയാടവേ

ചേലിയന്നുധരനോക്കിനിന്നു നദി
ശാന്തമായി ദലമർമ്മരം

പോലുമങ്ങുമിഴിനട്ടുനിന്നു,വന-
രംഗമെന്നുമതിസുന്ദരം

കറക്കം

വാടിത്തൂങ്ങിയസൂനമെത്ര മധുരം
തന്നെന്നതോർക്കാതെയീ

നാടൊട്ടുക്കുകറങ്ങിയുണ്ടു കഴിയും
ഭൃംഗംവെറും സ്വാർത്ഥനോ

കൂടുംസ്നേഹമൊടന്നുതായ നിറയെ-
ത്തന്നോരു ദുഗ്ദ്ധാമൃതം

പാടേവിസ്മൃതിപൂണ്ടുവല്ല വഴിയുംപോകും
നരന്നൊക്കുമോ 

2019, ഓഗസ്റ്റ് 25, ഞായറാഴ്‌ച

ശ്രമകരം

മുറിവിട്ടുപുറത്തുപോകുവാൻ

കൊതികാട്ടും ശിശുവെന്നപോലവേ

ധൃതിപൂണ്ടുകുതിയ്ക്കുവാൻ ശ്രമം

തുടരുന്നൂ മമജീവനാളവും






ഒരുക്കം

വിമലമീമലനാടു മുടിക്കുവാൻ

സമരകാഹളഭേരി മുഴക്കുവോർ

കുമിളപോലെപൊടിഞ്ഞിടുവാൻജനം

സമതയോടെയൊരുങ്ങിയിറങ്ങണം



ഭാഗ്യം

ക്ഷമതയോടുലകത്തിലിരുന്നു,ത-

ന്നിമയടയ്ക്കുക,ഭാഗ്യമതല്ലയോ

സമതയറ്റബലംവരുവാൻ,ശിവേ

മമ മനസ്സിലുദിക്കണമെപ്പൊഴും


നിർഭയം

കൊടിയ ഭീകരസംഘമൊരാറുപേർ

കുടിലതന്ത്രവിശാരദരെത്തിപോൽ

തടയുവാനൊരുമിയ്ക്കുകനാടിതി-

ന്നിടയിലില്ലഭയം ലവലേശവും












2019, ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച

ദുരിതോണം

കള്ളക്കർക്കടമങ്ങൊഴിഞ്ഞു, ദുരിത-
പ്പേമാരിയുംതീർന്നനാൾ

വെള്ളക്കെട്ടുനിറഞ്ഞപാതവഴിയ- പ്പൊൻചിങ്ങമിങ്ങെത്തി ഹാ

ഓണത്തുമ്പികളെങ്ങുപോയിമധുര-
പ്പാട്ടെങ്ങു പൂക്കാലവും

കാണാനില്ല,യിതേപടിയ്ക്കു ബലിയും
വിട്ടീടുമോ കേരളം

രണ്ടു തോന്നലുകൾ

ക്ഷമനശിയ്ക്കുകിലെത്തിടുമക്ഷണം

കുമതികോപമതെന്നെമറിച്ചിടും

ശമഗുണംവളരുന്നതിനംബികേ

മമമനസ്സിലുദിക്കണമെപ്പൊഴും



കൃമിയുമീച്ചയുമാനയുമാമയും

കുമിയുമീനരജാതികളൊക്കെയും

സമയമാകെ,മറഞ്ഞിടുമെന്നുതാൻ

മമമനസ്സിലുദിക്കണമെപ്പൊഴും

2019, ഓഗസ്റ്റ് 7, ബുധനാഴ്‌ച

ബാംഗ്ലൂർ ഡേയ്സ്

വണ്ടി കാത്തിട്ടു കാൽ ഭാഗം

കാലാട്രാഫിക്കിലായുമെ

പോകും കാൽനടയായും കാൽ

കാലിൻ മേൽ കാലി ജീവിതം

ഒരുക്കം

ഒരുങ്ങിയെൻപ്രേമലതാനികുഞ്ജം

വരാംഗി നീയെന്തു മുനിഞ്ഞിരിപ്പൂ

ശരംതൊടുക്കാൻ സ്മരനമ്പിനായോ

നിരന്നിടുന്നൂ മലരങ്ങുമിങ്ങും



പുലർവേള

നഭസ്സിലെങ്ങാണ്ടൊരിടത്തൊളിയ്ക്കും

പ്രഭാമയൻസൂര്യനുണർന്നെണീയ്ക്കെ

അമോഘശോഭാംഗിതവാടിയിങ്കൽ

നിരന്നിടുന്നൂമലരങ്ങുമിങ്ങും


രാക്കാഴ്ച

വിലാസരാത്രിയ്ക്കു രസം നിറയ്ക്കാൻ

നിലാവുമായിന്ദു കളംചവിട്ടേ

വികാരരംഗത്തിനു മാറ്റുകൂട്ടാൻ

നിരന്നിടുന്നൂ മലരങ്ങുമിങ്ങും

2019, ഓഗസ്റ്റ് 3, ശനിയാഴ്‌ച

പ്രഭാതം

വിരിഞ്ഞിറങ്ങുംപുതുസുപ്രഭാതം

കരംഗ്രഹിച്ചൂഴിയെ വേട്ടിടുമ്പോൾ

ചിരം ശുഭാശംസ ചൊരിഞ്ഞിടാനായ്

നിരന്നിടുന്നൂമലരങ്ങുമിങ്ങും







2019, ജൂലൈ 30, ചൊവ്വാഴ്ച

ക്രൂരം

ക്രൂരരാണെവിടെനോക്കിയാലുമി-

ക്കേരളക്കരയിലെത്ര കഷ്ടമേ

ശൂരരായിവിടെയാരുമില്ലയോ

ചോരവീഴ്ത്തുവരെയൊന്നു പൂട്ടുവാൻ

2019, ജൂലൈ 24, ബുധനാഴ്‌ച

ചിരി

കിടയറ്റമനസ്സുമാത്രമേ

കിടയേണ്ടൂ വിജയിച്ചുകേറുവാൻ

മടിയാതെചിരിയ്ക്കുനീ,യിട-

യ്ക്കിടറാനില്ലിതുതന്നെജീവിതം

2019, ജൂലൈ 22, തിങ്കളാഴ്‌ച

ആയം

ആയമൊട്ടുകിടയില്ലയെങ്കിലോ

പ്രായമെന്നതുവെറും കണക്കുതാൻ

ന്യായമല്ല,ധികവാക്കുമല്ലഞാ-

നായതെന്നെയറിയിപ്പുകാലവും







എത്രകാലമിനി!

1. എത്രയെത്രകവിവര്യരീവഴി-

യ്ക്കത്രയും മധുരപൂരണങ്ങളും

ഇത്രഭംഗിയൊടെനിയ്ക്കുമൊക്കുവാ-

നെത്രകാലമിനിയാരറിഞ്ഞുവോ..


2. സത്രമാണുധര വാടകയ്ക്കു നാം

തത്രവാസ,മിതുസത്യമല്ലയോ

ചിത്രമെന്റെസമയംകഴിഞ്ഞിടാ-

നെത്രകാലമിനിയാരറിഞ്ഞുവോ!


3. ഇത്രയും സമയമില്ല പോകുവാ-

നത്രെചൊല്ലുവതു ജന്മനാളുകൾ

സൂത്രമൊന്നുമിവിടെബ്‌ഫലിക്കയി-

ല്ലെത്രകാലമിനിയാരറിഞ്ഞുവോ!


4. ശത്രുമിത്രമിതി തന്റെയുള്ളിലെ-

ന്നത്രെയോതുവതു പൂർവ്വസൂരികൾ

ചിത്രമിസ്ഥിതിയിലെന്തുചെയ്‌വുനാ-

മെത്രകാലമിനിയാരറിഞ്ഞുവോ!


5. മൃത്യുജീവനദിതാണ്ടി,കേവലം

ചീർത്തുവീർത്തജഡമൊട്ടു ബാക്കിയാം

ഓർക്കുമർത്യ തവഡംഭമൊക്കെയി-

ങ്ങെത്രകാലമിനിയാരറിഞ്ഞുവോ!


6. നേർത്തുവന്നിടുകയാണു ബന്ധവും

ചേർത്തുവച്ച പലവൻകിനാക്കളും

തത്രചേട്ടവിളയാട്ടമെങ്കിലെ-

ന്തെത്രകാലമിനിയാരറിഞ്ഞുവോ!


7. പത്രമൊട്ടുനിപതിച്ചിടുന്നപോ-

ലത്രെജീവനിഹ വീണിടുന്നതും

മിത്രമേയറികമർത്യരല്ലനാ-

മെത്രകാലമിനിയാരറിഞ്ഞുവോ!


8. പുത്രിയില്ലരികിലില്ലജായയി-

ന്ന,ത്രയല്ല കിടയില്ലജോലിയും

ഇത്രകഷ്ടതകലർന്നൊരെൻ കഥ-

യ്ക്കെത്രകാലമിനിയാരറിഞ്ഞുവോ!


9. രാത്രിയാവുകിലുറങ്ങണം, വൃഥാ

രാത്രിയാത്രയരുതോർക്കുകെപ്പൊഴും

എത്രചൊല്ലുമിവനിങ്ങുവന്നിടാ-

നെത്രകാലമിനിയാരറിഞ്ഞുവോ


10. ജീവിതത്തിലിടവിട്ടുവന്നിടും

തോഷവും കഠിന സങ്കടങ്ങളും

ആസ്വദിച്ചുമരുവുന്നു ഞാനെനി-

യ്ക്കെത്രകാലമിനിയാരറിഞ്ഞുവോ


11.മോഹമുന്തിരിലഭിച്ചിടായ്കയാ-

ലോതി,യെന്തുപുളി! വേണ്ടെനിയ്ക്കിതേ

ഉള്ളിലുള്ളകൊതിമൂടിയിങ്ങുഞാ-

നെത്രകാലമിനിയാരറിഞ്ഞുവോ!











പ്രഹസനം

പേടിച്ചിട്ടില്ലയൊട്ടും വിധിവിഹിതമിദം

വന്നുവീണന്നുതൊട്ടേ

കെട്ടിപ്പേറേണ്ടിവന്നൂ വിവിധരസമെഴും

വേഷമെൻ ജീവനാർത്ഥം

ഈടുറ്റിന്നോളമൊന്നും വടിവൊടുമുഴുവൻ

ചെയ്യുവാനൊത്തുമില്ലെ-

ന്നാട്ടംപാടെപ്പൊളിഞ്ഞൂ പ്രഹസനമിനിയും

നീട്ടുവാൻവയ്യവയ്യേ




2019, ജൂലൈ 20, ശനിയാഴ്‌ച

യാത്രയ്ക്കു മുൻപ്


നിന്നോടക്കുഴലിന്റെ നാദമണുവും കേട്ടില്ല, നീ ചുറ്റിടും

മിന്നും പട്ടുടയാട കണ്ണ! കരളിൽക്കണ്ടീല ഞാനിന്നുമേ;

വന്നെത്തും യമദൂതരൊത്തു വിവശം ഞാൻ പോവതിൻ  മുൻപു നീ

യൊന്നെന്നുള്ളിലണഞ്ഞിടൂ ഹരികഥാതീർത്ഥസ്ഥനാവട്ടെ ഞാൻ!

2019, ജൂലൈ 18, വ്യാഴാഴ്‌ച

വീഴ്ച

പണ്ടത്തെ പ്രൗഢിയൊക്കേ ചറപറപറയാം

മൺമറഞ്ഞില്ലെ കാലം

കണ്ടെത്തീസാരമെല്ലാം,

വെറുതെയിനിയിതേബാക്കിയെന്നോർമ്മനല്ലൂ

മണ്ടത്തംകാട്ടിയാലോ ജനഗണമനവും

നഷ്ടമായ്പ്പോകുമല്ലാ-

തുണ്ടാക്കാനാവതില്ലാ നവധരയിനിയും

വാമപക്ഷംശ്രമിച്ചാൽ




ഒരു ശ്രമം

അമ്പലപ്പുഴയിലിമ്പമോടു പലചെമ്പുപായസവുമുണ്ടു നീ

വമ്പിയന്നു മരുവുമ്പൊളോർത്തിടണ-
മമ്പിനോടെയടിയങ്ങളെ

തുമ്പെഴാത്ത പല കമ്പുകൊണ്ടുമനമമ്പെയിന്നുതകരുമ്പൊഴും

കുമ്പിടാതെ,വരുമമ്പതൊക്കെമലരമ്പതാ- ക്ക,തിനു കുമ്പിടാം


2019, ജൂലൈ 15, തിങ്കളാഴ്‌ച

കൂടും

പിടിപൊടിയവിലോടും കൂടിടും ഭക്തിയോടും

കുടുകുടെ ജലമോടും നേത്രമോടാന്തലോടും

തുടുതുടെ വിലസീടും പാഠിതന്നാടലോടും

പടി,യടിയനുമീടും ചോടുമായ് വിഷ്ണു കൂടും




2019, ജൂലൈ 13, ശനിയാഴ്‌ച

സമയം

വിലപിക്കുന്നോർക്കു ദീർഘം

ക്ഷണികം, സന്തോഷമെങ്കിലോ

കാത്തിരിപ്പോർക്കിഴഞ്ഞീടും

പ്രേമിക്കോ ഞാനനശ്വരം














നൽപ്പാതിയ്ക്ക്

ദൂരത്തേറെ മറഞ്ഞകന്നു കഴിയും ഹേ പ്രേമമേ! വേഗമെൻ

ചാരത്തോടിയണഞ്ഞുവന്നു വിവിധം
ഭാവാർദ്രയാകൂപ്രിയേ

പേരാളുന്നൊരുജീവിതത്തിലിനി നാം
മുന്നേറിടും നെഞ്ചിലെ-

ത്തീരാനോവുകളൊക്കെനീങ്ങിയൊഴിയും
കാലംകടന്നീടവേ

പദക്കമ്മി

ശോകമാണിവിടെയെത്രയാകിലും

ശ്ലോകനീരുറവവറ്റുമോ ദ്രുതം

പാകമല്ലമഴയാതിരയ്ക്കുമൊ-

ട്ടാകെനോക്കെവിള പാതിയായ് വരും

2019, ജൂലൈ 11, വ്യാഴാഴ്‌ച

അസ്ഖിത

ആകെയിന്നു സുഖമില്ല മാനസം

മൂകമാണു പലകാരണങ്ങളാൽ

ശോകമിസ്ഥിതിയൊഴിച്ചുകാക്കുവാ-

നേകദന്തപദപങ്കജം തൊഴാം

ആഗ്രഹം

ഇന്നിന്ത്യ,കങ്കാരുവതാണുനാളെ-

യെന്നാണുതോന്നുന്നതുപാഴ്മനസ്സിൽ

പിന്നാലെയിംഗ്ലണ്ടുമൊടുങ്ങിയെന്നാ-

ലൊന്നാമതായ്ക്കപ്പു കിവിയ്ക്കു നേടാം

2019, ജൂലൈ 10, ബുധനാഴ്‌ച

ഭാഗ്യം

ഒരല്പമർത്ഥംനിജകയ്യിലില്ലെ-

ന്നുരയ്ക്കുവോനും ധനികന്നു തുല്യം

തരത്തിലിശ്ലോകമടിയ്ക്കടിയ്ക്കി-

ത്തുരുത്തിൽവന്നാലതിലെന്റെ ഭാഗ്യം

പരിഹാരം

അതിശയമിഹകാവ്യം വന്നുചേരാതെയായോ

പതിവിനു വിപരീതം കൂട്ടരും പോയ്‌മറഞ്ഞോ

ഇതുവിധമിനിയൊന്നും വേണ്ടയെന്നോ വിചാരം

പുതിയൊരുപരിഹാരം ചൊല്ലുകെൻകൂട്ടുകാരേ

2019, ജൂലൈ 9, ചൊവ്വാഴ്ച

മഴക്കളി

കറുത്തു മാനം മഴപെയ്തു കഷ്ടം

നിറുത്തിടുന്നൂകളിയെന്തു ചെയ്യും

പുറത്തു കാട്ടേണ്ട പരിഭ്രമങ്ങൾ

പറഞ്ഞു കൂട്ടാനെവനിഷ്ടമാകും

പരമഹംസർ

പരമഹംസകഥാമൃതഭാഷണം

പരമഭക്തി നിറയ്ക്കുമതാരിലും

ചരമമില്ല മഹാശയകാരനും

പരമസത്യമറിഞ്ഞിടിലാർക്കുമേ



ശ്രീരാമകൃഷ്ണ വചനാമൃതധാരതീർക്കു-

ന്നാരമ്യവാടികയിലിത്തിരിയൊന്നിരുന്നാൽ

താരാപഥം ജനപദം ഘനചിത്തമെന്ന-

ങ്ങോരോഭ്രമംവിടു,മനന്യസുഗന്ധമേൽക്കും


ഊണിനു ശേഷം

പഴുത്തമാങ്ങ,പ്പഴ,മെന്നു വേണ്ടാ

മുഴുത്ത ചക്കേം മധുരക്കിഴങ്ങും

കഴുത്തുമുട്ടുംവിധമുണ്ടശേഷം

കഴിച്ചു കൂട്ടാനെവനിഷ്ടമാകും

കുസൃതിക്കളി

കണ്ണാണെൻപ്രേമവാകത്തിരനുരപതയും
തീരഭൂവും സഹർഷം

വിണ്ണാറും തോറ്റുപോകും കളകളമൊഴുകും പുഞ്ചിരിക്കൊഞ്ചലും നീ

എണ്ണംതെറ്റിയ്ക്കുമോരോ കുസൃതികളിനിയും  കാണുവാൻമോഹമൊടേ-

യെണ്ണിത്തീർക്കുന്നുഞാനും ദിനമനുനിമിഷം കുഞ്ഞതിന്നെന്തറിഞ്ഞൂ



2019, ജൂൺ 30, ഞായറാഴ്‌ച

അച്ഛനും മകളും


കുഞ്ഞിക്കാലടിവെച്ചു കോണികയറാൻ തത്രപ്പെടുന്നോമലിൻ

പഞ്ഞിയ്ക്കൊത്തശരീരമൊട്ടു കരുതി- ക്കൊണ്ടമ്മപിന്നാലെയും

നെഞ്ഞിന്നുള്ളിലിതേകിടുന്ന മധുരം
ചൊല്ലാവതല്ലോമലേ

മഞ്ഞുംതോറ്റുമടങ്ങിടുന്ന കുളിരും
ഞാനിപ്പൊൾനീതന്നെയോ

ശ്രീധരീയം

ധൃത്യുത്സാഹമതീവകർമ്മനിരതൻ
ശ്രദ്ധാലു,വെന്നീഗുണം

സത്യോത്തംസനൊരാളിലൊത്തു നിറയും നിസ്സംശയം ചൊല്ലിടാം

കൃത്യംമാനുഷരക്ഷ,ചിന്ത മുഴുവൻ
രാജ്യത്തിനായിട്ടുമേ

നിത്യക്ലേശമൊഴിഞ്ഞുപോകുവതിനായ് ശ്രീധാരിയൊന്നേതുണ..

കൈമാറിയ സന്ദേശം

ഇരുമിഴി
മുഴുനീളെക്കണ്ണുനീർവാർത്തുബാലൻ

തിരയുക പതിവാണിങ്ങമ്മയെ,ക്കണ്ടതില്ല.

നിരവധി പൊതുധാരാമാധ്യമംകയ്യിലുള്ളോ-

രൊരുചെറുനറുവെട്ടം തൂകി മുന്നേറിടേണം

നടുവിൽ മഠം സ്വാമിയാർ

ഈ ലോകത്തു പലേവിധത്തിലുളവാം ദുഃഖങ്ങളെക്കാലവും

മാലോകർക്കു പറഞ്ഞുനൽകിയിവിടം
വാഴുന്നു സന്യാസിമാർ

ചൊല്ലേറുന്ന ഗണത്തിലേയ്ക്കു കരുണാപൂർവ്വം കടന്നെത്തിയ-

ച്ചില്ലക്കൊമ്പിലമർന്നൊരച്യുത മഹാവിപ്രന്റെ കാൽത്താർത്തൊഴാം

2019, ജൂൺ 29, ശനിയാഴ്‌ച

വഴിയഴക്

തിരക്കേറുമീരാജ്യപാതയ്ക്കു ചുറ്റും

നിരന്നങ്ങുനിൽപ്പൂ മരങ്ങൾ നിറച്ചും

തനിച്ചേ നടപ്പീവഴിയ്ക്കെന്നുമെന്നാ-

ലെനിയ്ക്കുള്ളിലിക്കാഴ്ചയാനന്ദമേകും





2019, മേയ് 14, ചൊവ്വാഴ്ച

സ്വാദ്

ചൂടേറ്റുള്ളമെരിഞ്ഞുലഞ്ഞു വഴിയും
തെറ്റീ, ബലംചോർന്നു ഞാൻ

ഞെട്ടറ്റോരിലമട്ടുവീണ നിമിഷം
വയ്യാമറന്നീടുവാൻ

കൂടേവന്നിടുമോർമ്മ,യന്നു കുടവും
കൊണ്ടെന്റെനേർക്കെത്തിയ-

ക്കാടിൻമക്കളെ,വെള്ളമത്രെ മധുര-
പ്പാനീയമെന്നെന്നുമേ

2019, ഏപ്രിൽ 28, ഞായറാഴ്‌ച

മുറുക്ക്

നാടൻ വെറ്റിലപാതിയാക്കിയുടനെച്ചുണ്ണാമ്പു തേയ്ക്കുംവശം

വെട്ടീടേണമടയ്ക്ക,യല്പസമയം രണ്ടുംചവച്ചീടണം

പാകംവന്നൊരുതുപ്പുകൂടികഴിയുംവണ്ണം വി രൽവണ്ണമായ്

കഷ്ണിയ്ക്കാം പുകല, ക്രമേണ പറയാം
കേമം മുറുക്കീവിധം






2019, ഏപ്രിൽ 6, ശനിയാഴ്‌ച

പഴി

മയങ്ങാൻ തുടങ്ങുന്നനേരത്തുണിംണിം

മുഴക്കുന്ന ഫോണേ നിറുത്തൂ വിലാപം

ലയിച്ചൊന്നുറങ്ങീട്ടു നാളെത്രയായീ

പഴിയ്ക്കേണ്ട നാളെപ്പുലർച്ചയ്ക്കുകാണാം



2019, മാർച്ച് 7, വ്യാഴാഴ്‌ച

ഒരു രംഗം

കിടക്കമേലമർന്നുനിദ്രകിട്ടിടാതെകുഞ്ഞുമോ-

ളിടയ്ക്കിടയ്ക്കുശബ്‌ദമിട്ടു കൺതുറന്നു നോക്കവേ

എടുത്തുമാറണയ്ക്കുമമ്മരാഗധാര വീഴ്ത്തിടും

തുടിച്ചുകൊച്ചുചുണ്ടുചേർക്കുമാരസം നുകർന്നിടാൻ

നിരാശ

സമഭാവനയോടുജനം കഴിയും

സമയം വിടവാങ്ങിയൊടുങ്ങി സുഖം

ക്ഷമയറ്റു ദയയ്ക്കുമതേഗതിതാ-

നിമപൂട്ടിമനസ്സുമുറങ്ങുകയായ്















ഊന്ന്

ഉറവ വറ്റിയ ചിത്തമിതെങ്കിലും

കുറയുകില്ലമമാഗ്രഹമൊട്ടുമേ

കറയകന്നിഹ ഭാവന പൂക്കുവാൻ

തറിപലേവിധമെന്നുമൊരുക്കി ഞാൻ

തുടരും

കൊടിയഭീതിവിതച്ചുസദാക്ഷിതി-

യ്ക്കുടമയെന്നുനിനച്ചുനടന്നിടും

കുടില ബുദ്ധികളോതിടുമീവിധം

"കൊടികൾ തൻ വടിവാൾത്തല വിപ്ലവം"

2019, ഫെബ്രുവരി 17, ഞായറാഴ്‌ച

സാന്ധ്യവാനം


വിശ്വമാനവവിശപ്പുതീർത്തിടു-

ന്നക്ഷയക്കലവുമേന്തിയംബരം

പശ്ചിമാഴിയിലുരച്ചുമോറിടും

നേരമന്തിയൊളിയിട്ടുവാനിലായ്















ദിഗംബരം

നീലവിൺ തുകിലു തന്നിലായിരം

വർണ്ണചിത്രനിര തീർത്തുസന്ധ്യയാൾ

നാണമേറിമറയത്തുനിന്നരാ-

ക്കുഞ്ഞിനുള്ളപുതുചേലതുന്നിനാൻ


2019, ഫെബ്രുവരി 12, ചൊവ്വാഴ്ച

മിഥുൻ മണ്ണൂർ-ആര്യമാർക്ക്

രംഗഭൂമികയൊരുങ്ങി വിപ്രനും

ഭംഗിയോലുമൊരു വേളി കൂടെയും

സംഗമീവിധമിയന്നു വാഴുവാൻ

സംഗമേശനരുളട്ടെ മംഗളം

രാമചരിതം

രാമചന്ദ്രനിടയുന്നു പിന്നെയും

ജീവനൊന്നു പൊലിയുന്നു കഷ്ടമേ

ആനയാണതൊരു കാട്ടുജീവിയാ-

ണെന്നുബോധമുണരും ജനത്തിനും


എന്നാലും രാമനല്ലേ പരമിവിടെവിശേഷിച്ചുമെ ത്തേണ്ടതല്ലേ

വന്നാലും നമ്മളില്ലേ വലിയവടിമുനക്കുന്തമെ ല്ലാതുമില്ലേ

ഒന്നാമൻ കേമനല്ലേ മദസമയമതും തീർന്നമട്ടല്ലെയെന്നാ-

ലെന്നാലും പേടിയല്ലേ കഥപലതറിയാം വേണ്ടവേണ്ടെന്റെ പൊന്നേ


വരത്തനെന്നാകിലുമിത്രമാത്രം

പെരുത്ത'ഫാൻസു'ള്ള ഗജം ചുരുക്കം

ധരിക്കനീ,യാനയിടഞ്ഞു പോയാ-

ലൊരിക്കലും കുറ്റമതിന്റെയല്ലാ


കുറുമ്പസഹ്യം മിഴിതച്ചുടച്ച-

ക്കുറുമ്പുതീർക്കാനിഹനീചവർഗ്ഗം

പൊറാഞ്ഞു പൊള്ളിച്ചു ശരീരമൊന്നും

പൊറുത്തിടാ കർമ്മ ഫലം ലഭിയ്ക്കും









ഗുരുഭക്തി

ഉമയ്ക്കു പാതി ദേഹമേകിയിന്ദുലേഖചൂടിയും

വരാംബുവാഴുമജ്ജടയ്ക്കു നാഗമാലചാർത്തിയും

ലലാടനേത്രവും ഗരംതടഞ്ഞനീലകണ്ഠവും

ധരിച്ചുവാണിടും മഹേശ പാഹിമാം സദാ ഗുരോ

വിവാഹ മംഗള പത്രം (നീരജ് അക്കൂരം)

ശ്രീപതിയ്ക്കു രമ,സീത രാമനും

ശ്രീനിറയ്ക്കുമതുപോലെ തോഴനിൻ

ശിഷ്ടജീവിതമലങ്കരിയ്ക്കുവാ-

നിഷ്ടതോഴിവരുമിങ്ങുനിശ്ചയം


വൃഷ്ണിനന്ദവനികയ്ക്കുചേർത്തു ഹാ

തൃഷ്ണ രാസലയകേളിയാൽ ദ്രുതം

കൃഷ്ണയൊത്തു തവജീവനും പരം

വിഷ്ണുലോകസുഖമൊക്കെനേടിടും


നിന്നെനീയറിയുമെങ്കിലും സഖേ

തന്നിലൂടെയപരന്റെയിച്ഛയും

ഇന്നമട്ടുവരുമെന്നുകാണുവാ-

നിന്നുതൊട്ടുകഴിയട്ടെ സന്തതം


പണ്ടുനിങ്ങളിരുമെയ്യു,മാനസം

രണ്ടു പക്ഷെ,യിനിയേകപാന്ഥരായ്

നീണ്ടഭാഗ്യഗുണപുഷ്ടിയോടെയി-

ങ്ങാണ്ടുനൂറുകഴിയേണമഞ്ജസാ


പാതിമെയ്യതുപകുത്തുദേവിതൻ

പാതിചേർത്ത ഭഗവദ് കൃപാരസം

പ്രീതിയോടെയിനി നിങ്ങളെസ്സദാ

കാത്തിടട്ടെഭുവി മംഗളം സഖേ



























2019, ഫെബ്രുവരി 7, വ്യാഴാഴ്‌ച

സർപ്പദംശം

ഏഴാംനാളിങ്ങു കാലം വിഷഫണസഹിതം
വന്നുചീറ്റുന്നനേരം

വാഴുന്നോരൊക്കെവീഴും പഴകിയകഥനം വിശ്വസിക്കാൻ പ്രയാസം

പോഴൻ ഞാനോർത്തു പക്ഷേ സമയമണയവേ കൊത്തുകിട്ടുന്നൊടുക്കം

കേഴുന്നൂ ഭീതിമൂലം മൃതിനടുവിലലം
പ്രാണരക്ഷാർത്ഥമീ ഞാൻ








2019, ഫെബ്രുവരി 6, ബുധനാഴ്‌ച

തുടി


ത്രിനയനം മുറിയമ്പിളിയേന്തിടും

ജട ഭുജംഗവിഭൂഷിതമേനിയും

വിഷമെഴുംഗളമീവിധമോർക്കവേ

മമമനം തുടികൊട്ടിയുണർന്നിതേ

2019, ഫെബ്രുവരി 2, ശനിയാഴ്‌ച

മുന

ഭള്ളാൽ നീ ചൊന്ന വാക്കിനാൽ

പൊള്ളുന്നുണ്ടെന്റെ നെഞ്ചകം

ഉള്ളിലുണ്ടാകുമാക്കനൽ

കൊള്ളി വെക്കുന്ന നാൾ വരേ


തുപ്പേട്ടന് പ്രണാമം


ചിതയൊരുങ്ങി,മഹാത്മനു പോകുവാ-

നിതിനിനച്ചു ജനം കരയും വിധൗ

പുതിയ നാടകശീലു കിലുക്കി ചെ-

ങ്കതിരെഴും ദിവിപൂകി സനാതനൻ





പ്രതിസന്ധി

എന്നിലില്ല കഴിവൊട്ടുമേയിവിടെയിന്നു കാവ്യമെഴുതീടുവാ-

നെന്നുമോർത്തുവിലപിച്ചുകൊണ്ടു മരുവുന്നു ഞാനുമതി ബാലിശം

വന്നുചിന്ത പലതുംമറഞ്ഞു ഹൃദികൂടി സങ്കടമതെങ്കിലും

തോന്നിയെന്തിനുകുലുങ്ങണം വരണമട്ടു
വാക്കുവരുമങ്ങുപോം

2019, ജനുവരി 30, ബുധനാഴ്‌ച

ഒളിച്ചു കളി

തിളച്ചുനിൽക്കും വെയിലത്തുമോടി-

ക്കളിച്ചബാല്യം വരുകില്ലവീണ്ടും

തളർച്ച തോന്നുംചെറുചൂടിലിന്ന-

ല്ലൊളിച്ചു നിൽക്കും കുളിരാകിലും ഞാൻ



2019, ജനുവരി 28, തിങ്കളാഴ്‌ച

വിഷാദം

വിഷാദരോഗം പിടിപെട്ടു പോകാൻ

വൈഷമ്യമൊട്ടുംകിടയില്ല പാരിൽ

ഉഷസ്സു തൊട്ടന്തി വരേയ്ക്കു നിത്യം

വിഷംവമിച്ചീടിനവാക്കു കേൾക്കേ



പോരാട്ടം

പോരടിച്ചുതല തല്ലിവീഴുമെൻ

കേരളം നിണമണിഞ്ഞു കഷ്ടമേ

ആരുവീഴുമിവിടാരുവാഴുമീ

ചോര നമ്മളുടെ തന്നെയല്ലയോ


ആദ്യത്തെ കണ്മണി

ആരുവേണമിനിയാദ്യകുട്ടിയാ-

യാര്യചോദ്യശരമെയ്തുനേർക്കു ഞാൻ

നേരുചൊല്ലി ശിശുവേതുമാട്ടെയാ

ചോര നമ്മളുടെ തന്നെയല്ലയോ

2019, ജനുവരി 24, വ്യാഴാഴ്‌ച

ആർത്തിമാനകം

സ്വത്തുതന്നിലമരുന്നുവെങ്കിലെ-

ന്താർത്തിയൊട്ടുകുറവില്ല,ളക്കുവാൻ

തീർത്തുറാത്തലതിനുള്ളസൂചിക-

യ്ക്കൊത്തുതാണുപടി,തീരുമാനമായ്‌



2019, ജനുവരി 23, ബുധനാഴ്‌ച

ത്രാസ്

പോയാലെന്തൊരുസഖ്യകക്ഷി, ഭരണം കിട്ടീടുമെന്നാകിലോ

വയ്യാവേലിവകുപ്പുനൽകുമതിനാൽ സംതൃപ്തരായീടണം

തയ്യാറെന്നൊരുമട്ടിലിന്നു പലരും
വൈരം മറന്നെത്തവേ

ചായുംത്രാസിലെനോട്ടുകണ്ടു ചിലര- ക്കാഴ്ച്ചയ്ക്കു നാളെണ്ണിടാം











2019, ജനുവരി 22, ചൊവ്വാഴ്ച

എന്റെ ലോകം

ഞാനുണർന്നുവരുമപ്പൊ ലോകവും

താനുണർന്നുവരുമെന്തൊരത്ഭുതം

ഞാനുറങ്ങുമുടനേമറഞ്ഞിടു-

താനു,മത്ര ലയമാണു ഞങ്ങളിൽ

രതിലയം

രാവാംമംഗന പഞ്ചമിയ്ക്കു സഖനാം പൂന്തിങ്കളെക്കാണുവാൻ

താവും പ്രേമരസം കലർന്നു വരവായ് താരാംബരം സാക്ഷിയായ്

ഭാവംപൂണ്ടു രമിച്ചിടുന്ന സമയം ക്ഷീണം തണുപ്പിക്കുവാ-

നേവം വീശുകയായിമന്ദ പവനൻ ഗംഭീരശാന്തം ലയം

2019, ജനുവരി 20, ഞായറാഴ്‌ച

2019, ജനുവരി 16, ബുധനാഴ്‌ച

കസർത്ത്

ഒരു വെളുപ്പിനു തോന്നി കുറയ്ക്കണം

വരുതിവിട്ടു കുടംസമമാമുടൽ

പരിധിയറ്റു നടന്നുതളർന്നൊരെൻ

ചരണമേ രണമേറ്റു മരിയ്ക്കൊലാ



ലാലിസം

ആര്യൻ ചെങ്കോൽ കിരീടം സദയദശരഥം രംഗമോർക്കാപ്പുറത്താ-

വാനപ്രസ്ഥം പവിത്രം സ്ഫടികമുഖനരൻ വന്ദനം വാസ്തുഹാരാ

നാടോടിക്കാറ്റു പക്ഷേ പടയണിഭരതം പാദമുദ്രാനുബന്ധം

പിൻഗാമിച്ചെപ്പുയോദ്ധാ ഗുരുകമലദളം വിസ്മയം ലാൽ സലാം തേ!

2019, ജനുവരി 11, വെള്ളിയാഴ്‌ച

യന്ത്ര തന്ത്രം

യന്ത്രമുണ്ടെങ്കിലന്യന്റെ

തന്ത്രമൊട്ടു ഫലിച്ചിടാ

മന്ത്രമിവ്വണ്ണമോതുന്നൂ

യന്ത്രതന്ത്ര വിശാരദർ

ഊരാളൻ

ഊരായ്മ ദേഹത്തിനുതാനൊഴിഞ്ഞി-

ന്നാരാനുമല്ലെന്നു ധരിച്ച മർത്യാ

പേരിന്നു നീ നല്ലൊരുയന്ത്ര,മൂർജ്ജ-

ധാരയ്ക്കുമേ,ലില്ലവകാശമേതും









2019, ജനുവരി 9, ബുധനാഴ്‌ച

മരുന്ന്

പോരായ്മയുണ്ടു,മമദേഹമസാരദീന-

ക്കാരൻകണക്കു മെലിയുന്നതു കണ്ടുപത്നി

നേരായ്മൊഴിഞ്ഞുതവഭക്ഷണശേഷമെന്നും

മോരായതിന്നുപരി,  തെല്ലു കഴിയ്ക്ക നല്ലൂ

2019, ജനുവരി 8, ചൊവ്വാഴ്ച

ഗുരുസ്മൃതി

നാടുവാണമതജാതിചിന്തതൻ

കേടുനീക്കിഗുരു ശങ്കരേച്ഛയാൽ

നാടുനീങ്ങി ശതവർഷമായിടാ

കേടുകൂടിയടിവീണ്ടുമായിതേ!


പോടുവീണ ജനമാനസം വെറും

പേട്ടുതേങ്ങസമമിന്നുമാറവേ

ചോടുറച്ചു വഴിതാണ്ടുവാൻ ഭവ-

ച്ചോടുമുദ്രതെളിയിക്കുകില്ലയോ!











വഴിമുടക്കി

പേരെടുത്തുപറയുന്നകാരണം

പോരടിയ്ക്കുവതിനെത്തിടും ജനം

പാരിലെന്റെ തുണയായ് ഗണേശ നീ

പോരു കുംഭനിറയേത്തരാം പഴം


*ഇടതുതത്വം*

"സ്വാഗതം, പണിമുടക്കുകാലമി-

ങ്ങാഗതം സഹകരിക്ക നിങ്ങളും

വേഗമാക്കടയടയ്ക്കു,വാഹനം

ഭാഗമാക്കുക, പുറത്തിറക്കൊലാ


കേന്ദ്രമാണു നയവഞ്ചകർ സ്ഥിരം

കേന്ദ്രമേ മുതലു നക്കിടുന്നതും

വേന്ദ്രനാകിയ നരേന്ദ്രനീവിധം

സാന്ദ്രമോദമിനി വാഴ്ക വേണമോ"


*കേന്ദ്രലേഖനം*

"ആണൊരുത്തനിഹ കേരളത്തിലായ്

വാണിടുന്നു പിണറായിയെന്നുപേർ

നാണമറ്റുപറയുന്ന വാക്കുകൾ-

ക്കാണയിട്ടു ജനകോടി പിൻബലം


ചെങ്കൊടിയ്ക്കു നിജചങ്കുനൽകിയോർ

ഹുങ്കുകാട്ടിവരുമൊപ്പമെത്തിടും

പങ്കുതേടിയലയുന്ന ഹസ്തവും

വങ്കരാം ഹരിതയേണികൂടെയും


ഭൂരിപക്ഷമൊരുമിക്കയാൽ ചിരം

ഭൂരിതാപമൊടു വാഴുമീഗണം

ഭൂരിഭാഗവുമുടുത്തകാവിയീ-

ഭാരതത്തിനൊരു ഭാരമെന്നുമായ്"


*ജനഹിതം*

"ഒന്നുചേർന്നെതിരെയൊച്ചപൊക്കിയാ-

ലന്നുതീരുമിവരോടിമാറിടും

കൊന്നുതിന്നുമിവരല്ലയെങ്കിൽ നാ-

മിന്നുതന്നെയൊരുമിയ്ക്കണം വരൂ"

2019, ജനുവരി 7, തിങ്കളാഴ്‌ച

ക്ഷേത്ര ടൂറിസം

സർക്കാർ വഹിക്കുംചിലവൊക്കെ വന്നാൽ

പെണ്ണാകണം ഭക്ഷണതാമസം ഫ്രീ

ആളൊന്നുവീതം വരുമാപ്പൊലീസും

ക്ഷേത്രം വനം ഹില്ലിവകണ്ടു പോകാം

സങ്കല്പനിവാരണസൂത്രം

ജീവിതത്തിലൊരുവേളവന്നിടും

ഭാവിതങ്ങളെയകറ്റിനിർത്തുവാൻ

ആവതിന്നുതകിടുന്നസൂത്രമി-

ന്നാവുവോളമരുളേണമംബികേ

നാടകം

സൂത്രധാരനവനെങ്ങിരിക്കിലും

ചിത്രമോടവനിരംഗഭൂവിലായ്

പാത്രഭംഗികലരുന്നനാടകം

നേത്രകർണ്ണമതിമോഹനം ദൃഢം

പോകുമ്പോൾ

കാർത്തസ്വരം കാമിനി പട്ടു വസ്ത്രം

പാർത്തട്ടിലുണ്ടേവമനേകമർത്ഥം

ഓർത്തോളണം കൂടെവരില്ലയൊന്നും

മാർത്തട്ടിതാസൂത്രദരിദ്ര പോകേ

ശകാരം

"മുപ്പത്തിയൊന്നാണ്ടു കഴിഞ്ഞു പാരിൽ

മൂപ്പെത്തിയില്ലേയിനിയും മനുഷ്യാ"

മൂപ്പത്തി ദേഷ്യത്തിലുറഞ്ഞിടുമ്പോൾ

മൂപ്പർക്കു സൂത്രം പറയാനുമാകാ

2019, ജനുവരി 3, വ്യാഴാഴ്‌ച

കംസാരി

കംസന്റെകാരാഗൃഹമൊന്നിലന്നാൾ

ഗോപാല ബാലാർക്കനുദിച്ച നേരം

ധ്വംസിക്കു പേടിപ്പനികൂടിവന്നി-

ട്ടാപാദചൂഡം വിറപൂണ്ടു നിൽപ്പായ്










കഷണ്ടി

മുടിയാനിനിബാക്കിയുള്ളതീ-

മുടിമാത്രം ഭയമേറിനെഞ്ചകം

മുടി വെട്ടുകിലിപ്പൊഴുള്ളയീ

മുടിയും പോയി കഷണ്ടിയാകുമോ

ജീവാത്മ ബോധം

മുടിയ്ക്കൂ മടിയ്ക്കാതെയുള്ളത്തിലിന്നും

മുടിച്ചാർത്തുനീട്ടിക്കിടക്കുന്ന ഭാവം

തുടിയ്ക്കട്ടെ ജീവാത്മബോധം നിതാന്തം

തുടിയ്ക്കൂ തുടി,ക്കൂടുപൊട്ടാൻ പുരാരേ

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ

ആരുചൊല്ലി തലമൂടി രാത്രിയിൽ

ചോരരെന്നപടി ദർശനത്തിനായ്

പേരുകേട്ടമതിലൊക്കെയും വെറും

ചാരം-ഇന്നു ചരമം രചിക്കയായ്






വളപ്രയോഗം

വേരുതട്ടി വളരാൻ ചെടിയ്ക്കുനാം

വാരിയിട്ടുവിവിധങ്ങളാം വളം

കോരിനൽകറിവു ലോഭമെന്നിയേ

നേരുറച്ചുശിശു വെന്നിടാനുമേ