Powered By Blogger

2018 ഒക്‌ടോബർ 22, തിങ്കളാഴ്‌ച

ശരണം വിളി

നെയ്‌ത്തേങ്ങ തേങ്ങ,അരി,വെറ്റിലടയ്ക്ക നാണ്യം
കെട്ടാക്കി പൂരുഷരുപോയി വിധിയ്ക്കു മുൻപേ
സ്ത്രീരത്നമെത്തിയൊരുകെട്ടു തലയ്ക്കു മേന്തീ
നാപ്കിൻ നിറച്ചു, വിധിയെക്കളിയാക്ക യാവാം



വിഷം

വിഷയാത്മകമെന്നകം പെരും
വിഷയാസക്തിയിരിക്ക കാരണം
വിഷയീവിഷ നാശനത്തിനായ്
വിഷകണ്ഠപ്രിയദേ തുണയ്ക്ക മേ

2018 ഒക്‌ടോബർ 11, വ്യാഴാഴ്‌ച

നാടു കാണൽ

കഞ്ചാവുധൂമ്രത്തി,ലലിഞ്ഞ നേരം
പഞ്ചാബിലെത്തീയൊരുമാത്രയിൽ ഞാൻ
ചാഞ്ചല്യമെന്യേ മുറിഹിന്ദി ചൊല്ലി-
പ്പഞ്ചാരലേഡീസുകളൊത്തു ചുറ്റീ

ബഡായി വീരൻ

"നെഞ്ചോളമെത്തും വാടിവാളുമായി-
ട്ടഞ്ചാറുപേരുണ്ടവർ ഞാനൊരാളും"
"നിൻചാരെ വന്നപ്പൊ ഭയന്നുവോ?" "ഹേയ്!
ചാഞ്ചല്യമില്ലാതെയടിച്ചൊതുക്കീ!!"

ചഞ്ചല ചിത്തൻ

പൂഞ്ചേല ചന്തത്തിലുടുത്തു ചുണ്ടിൽ
തേൻചോരുമാഭേരിയൊതുക്കി സാകം
നെഞ്ചെയ്യുമമ്പേന്തിയൊരുത്തി വന്നാൽ
ചാഞ്ചല്യമേലാത്ത മനം ചുരുക്കം


2018 ഒക്‌ടോബർ 10, ബുധനാഴ്‌ച

കൊതി


ആകപ്പാടേ രസിയ്ക്കാം കലിത സുമശരം കാഞ്ചനം സ്വന്തമാക്കാം
ലോകം കീഴ്മേൽമറിയ്ക്കാം ജനനടുവിലലം
വീരവാദം മുഴക്കാം
ശോകം മർത്യന്റെ കാര്യം മരണസമയവും ഭോഗചിന്താകുലൻ താൻ
നാകത്തിന്നോഹരിയ്ക്കും കൊതി,കൊതിയിതു പോ,ലെന്തു മറ്റൊന്നു മന്നിൽ

2018 ഒക്‌ടോബർ 4, വ്യാഴാഴ്‌ച

ഊണ്

കണ്ടാലാരും ചൊല്ലിടും കഷ്ടമയ്യോ
വേണ്ടായെന്നും തോന്നിടും തക്കവണ്ണം
വെണ്ടക്കായത്തോരനും കൂട്ടി നന്നാ-
യുണ്ടില്ലെന്നാൽ പേർത്തുമങ്ങാർത്തിയേറും

നൈപുണ്യം

പരവധം തൊഴിലാക്കിന വേന്ദ്രരും
ഭരണസാരഥിയാവുകയെങ്കിലോ
വരണ ദോഷഫലം കുലനാശനം
മരണമോ രണമോ,യിനിഭൂഷണം

തുലാവർഷം

അതി തീവ്ര മഴയ്ക്കൊരുസാധ്യതയെ-
ന്നിതി കേട്ടു തുലാമിനിയും കസറും
മതിയാക്കുകൊഴുക്കു ജലാശയമേ-
ധൃതികൂട്ടി നിറഞ്ഞു ചതിയ്ക്കരുതേ

പഴിചാരുവതിന്നു തുടങ്ങിയതോ
പഴയോരുപറച്ചിലു തന്നെയിതും
മഴപെയ്തു തുടങ്ങി 'നശിച്ചമഴേ'!
മഴതോർന്നവഴിയ്ക്കുമതേ പടിതാൻ!!

മഴപെയ്തിടിവെട്ടി വെളിച്ചവുമേ
പഴി ചൊല്ലിമറഞ്ഞു രസം കളയാൻ
കഴിവില്ല സഹിക്കുവതെങ്ങനെ ഞാൻ
മഴയേ കളി നീ മതിയാക്കുവിനാ!

മഴ ബാലികപോലെ ചിണുങ്ങിടവേ
വഴി കാട്ടിയിടയ്ക്കൊരു മിന്നലവൻ
തുഴ പോയൊരു വഞ്ചികണക്കുമനം
പുഴതന്നുടെ മാറിലലഞ്ഞൊഴുകീ

കഴിയില്ല ഭവച്ചരിതം പറകിൽ
കഴിവില്ല പറഞ്ഞിനിതീർപ്പതിനും
കഴിവുള്ളവരോതിയപോലെവരും
കഴിയാത്തമഴേ കുഴയുന്നിഹഞാൻ



2018 ഒക്‌ടോബർ 1, തിങ്കളാഴ്‌ച

നൊമ്പരം

സംഗീതത്തിലലിഞ്ഞു ബാല പകരും 'കാപ്പി'യ്ക്കു പിന്നാമ്പുറം
സന്താനങ്ങളകന്ന സങ്കട രസം താനെന്നതോർത്തോ ജനം
സന്തോഷച്ചെടി പൂത്തു കുഞ്ഞു ഫലവും തന്നൂ ഭവാനെങ്കില-
ന്നെന്താപത്തു പിണഞ്ഞു ഹന്ത! ഹൃദയം വേവുന്നു നോവുന്നു മേ

സ്വാമി ശരണം

കല്ലും മുള്ളുമതേറെയുള്ള വനവും കുന്നും കയറ്റങ്ങളും
തെല്ലും ഭീതിയെഴാതെ കണ്ടു കയറും നാരീജനം സംഘമായ്
മെല്ലെപ്പമ്പയിലാണ്ടു പാതി പുറമെക്കാട്ടീട്ടു ഭംഗ്യാ വരും
ചൊല്ലേറുന്നൊരു കാഴ്ച കണ്ടു ഹൃദയം വേവുന്നു നോവുന്നു മേ