Powered By Blogger

2026 ഏപ്രിൽ 27, തിങ്കളാഴ്‌ച

നവതി മംഗളപത്രം

രാകാചന്ദ്രസമാനമാസ്യ,മണിമെയ്

ചോരും ലഘുത്വം സദാ

ശ്രീകൃഷ്ണാർപ്പിത മാനസം, കരളകം

സംതൃപ്തിയാൽ പൂരിതം

ഭേദാഭേദമകന്ന ചിന്ത മിഴിയിൽ

തങ്ങും നവോന്മേഷ,മി-

ശ്രീദേവി പ്രിയമേകിടുന്നു, ജനനീ-

മാതാവു തൊണ്ണൂറിലും



കാലം നിശ്ചലമാണു മാതൃസവിധേ

യെത്തും നരർക്കെന്നു,മെ-

ക്കാലത്തും ജനനിയ്ക്കുബാലകർ വളർ,

ന്നെത്രയ്ക്കു പോന്നീടിലും

ഒന്നിച്ചെത്തിയനുഗ്രഹത്തിനു കൊതി

യ്ക്കുന്നൂകിടാങ്ങൾ ദ്രുതം

നന്നായ്തൊട്ടുതലോടി നന്മ നവതീ

നാളിൽ ചൊരിഞ്ഞമ്മയും



നിസ്സംഗയാം നാരിയൊരാളു സംതൃ-

പ്താനന്ദപൂർവ്വം വിഹരിപ്പു ശാന്തം

തൊണ്ണൂറിലെബ്ബാല്യവുമാസ്വദിക്കും

മുത്തശ്ശിയമ്മയ്ക്കു മമ പ്രണാമം


സർവേശൻ തുണയേകട്ടെ

നീളും ജീവിത യാത്രയിൽ

ആരോഗ്യത്തോടെവാണീടാൻ

മുത്തശ്ശ്യമ്മയ്ക്കു സന്തതം