Powered By Blogger

2017, ജൂൺ 30, വെള്ളിയാഴ്‌ച

നസ്യം

ജടയ്ക്കകത്തുനിന്നു വെള്ളമിറ്റു താഴെ വീഴവേ
മടിയ്ക്കുമേലിരുന്നൊരാൾക്കു ചൂടു കൂടിയെങ്കിലും
നടിച്ചിടാതെ സീമനിയ്ക്കുറച്ചിരുന്നു ചൊല്ലി പോ-
ലിടയ്ക്കഴിച്ചു തോർത്തിയാലുണങ്ങിടും ജടാഭരം

പിഴ

ഹൃത്തിലച്ചുപിഴ വന്നതൊട്ടുമേ-
യോർത്തതില്ല പിഴയെന്റെ തന്നെയാം
സത്വരം പിഴവു തീർത്തുകൊള്ളുവാ-
നൊത്തതില്ലപിഴ സീമയറ്റുപോയ്
( സീമ എന്ന ശ്ലോകത്തിൽ വന്നു കൂടിയ അച്ചു പിഴ ചൂണ്ടിക്കാട്ടിയവർക്ക് മറുപടിയായി എഴുതിയത്)

സീമ

സീമയറ്റ മമഹൃത്തിലത്രയും
താമസം വികല ചിന്തയാകയാൽ
താമസിച്ചു തവരൂപമൊന്നു നി-
സ്സീമദീപ്തിയൊടു കാണുവാനുമേ

2017, ജൂൺ 26, തിങ്കളാഴ്‌ച

വാർത്താ വിശേഷം

പോരാട്ടച്ചൂടു കൂടിത്തെറിവിളി കലഹം കള്ളവും സത്യമാക്കി-
ക്കാര്യം സ്ഥാപിച്ചെടുക്കാൻ വിറളിയൊടണയും ഗൂഢനേതൃത്വ വൃന്ദം
ചേരുമ്പോൽച്ചേർത്തു നിത്യം ചെവിതല കരളും വാർത്ത കണ്ടെന്നുവന്ന-
ന്നേര,മ്പോക്കെന്നു തോന്നും തലവര! ശിവനും മായ്ക്കുവാൻ മാർഗ്ഗമുണ്ടോ!?

2017, ജൂൺ 16, വെള്ളിയാഴ്‌ച

ചെങ്കൊടി

മുന്നം ചെങ്കൊടി പാറി പാട്ടനിലവും കൊണ്ടേ വളർന്നൂ ക്രമാൽ
മന്നിൽത്താണു വരേണ്യജന്മി നികരം കീഴ്‌മേലു തുല്യം സുഖം
എന്നാലിന്നധികാര മാധ്വി കലശം മോന്തീട്ടു മത്താടുമി-
ക്കന്നത്തത്തിനു മൂർദ്ദബാദു പറയാൻ രണ്ടില്ല പക്ഷം സഖേ

കസേരക്കളി

കസേരചുറ്റിയോടിടുന്നൊരിക്കളിയ്ക്കു കൂടുവാ-
നടുത്ത കൂട്ടുകാരുവന്നിടംവലം ജനത്രയം
കടുത്ത മത്സരം തുടർന്നു കാലമേറെയാകിലും
ജനം പുറത്തിടംവലം ജയിച്ചു കേറിവന്നിടും

2017, ജൂൺ 15, വ്യാഴാഴ്‌ച

കസേര

പുലരാൻ മടിയോടെ സൂര്യന-
ക്കരി മേഘത്തിനു കീഴടങ്ങിടും
നിലകണ്ടു സുഖിച്ചിരിക്കുവാൻ
തിരിയും നല്ല കസേര വാങ്ങി ഞാൻ

2017, ജൂൺ 13, ചൊവ്വാഴ്ച

രണ്ടു കരുതലുകൾ

മരുഭൂമികണക്കുകേരളം
വരളും കാഴ്ചകളേറിടുന്നിതാ
വരിവെള്ളമൊഴുക്കിടാതെ നാം
കരുതീടാമിനിയെങ്കിലും സ്വയം

ഗുരുവായുപുരംനിറഞ്ഞിടും
ഗുരുവാകും വസുദേവനന്ദനൻ
കുരുപീഡയൊഴിച്ചുകാത്തിടും
കരുതീടാമിനിയെങ്കിലും സ്വയം




2017, ജൂൺ 11, ഞായറാഴ്‌ച

ഉദ്യാനം

കർഷണത്വമതിരറ്റു മിന്നിടും
പുഷ്പവാടികയണഞ്ഞ ഗോപികൾ
കൃഷ്ണവേണുസുഖഗാനമേറ്റുടൻ
ഹർഷബാഷ്പമയ നൃത്തമാടിനാർ


ഹർഷബാഷ്പം

കർഷകന്റെ നെറുകയ്ക്കു തട്ടിടും
വർഷമൊന്നു കഠിനം കഴിഞ്ഞു ഹാ!
വർഷദേവി കനിയേണ്ട താമസം
ഹർഷബാഷ്പമണിയുന്നു ഭൂതലം

ജ്ഞാനം

ദേഹം നശ്വരമെന്നറിഞ്ഞു; പുറമേക്കാണും പ്രപഞ്ചങ്ങളും
മോഹം മൂലമുദിച്ചിടുന്ന കദന സ്രോതസ്സു താനെൻ മനം
കാമോദ്ദീപന കർമ്മമേതുമിതുപോലെന്നെ ഭ്രമിപ്പിക്കയാ-
ലാമോദത്തൊടു കൊള്ളുവാനുമഥവാ തള്ളാനുമാളല്ല ഞാൻ!