Powered By Blogger

2024 ഡിസംബർ 31, ചൊവ്വാഴ്ച

അനുരാഗി

മഞ്ഞിൻകോടിയുടുത്തുതാരമണികോർ 

ത്തുള്ളോരരഞ്ഞാണമി- 

ട്ടഞ്ചമ്പന്റെരഥത്തിലേറി നിശയാ 

ളെത്തുന്നതും കാത്തു തൻ 

മേഘപ്പൂമൃദുമെത്തമേൽതരളിതാ 

വേശം ക്ഷമാഹീനനായ് 

രാകാചന്ദ്രനിരിപ്പു, ഞാനുമതുപോ, 

ലെന്തേവരാൻതാമസം 

2024 ഡിസംബർ 30, തിങ്കളാഴ്‌ച

മടുപ്പ്

ജനിച്ചന്നു തൊട്ടേ വളർന്നെന്റെയൊപ്പം

മനോദുഃഖമെന്താണതിൻ മൂലമമ്മേ

കനക്കും മടുപ്പൊട്ടു മാറ്റാൻ ദ്രുതം നീ

കനിഞ്ഞൊന്നു നീട്ടൂ കടക്കണ്ണു ദേവി 

പോക വർഷമേ

സ്മരനാരിലുമത്രകാമനാ-

ശരമെയ്തരികത്തടുക്കിലും

വരനാരിയൊഴിഞ്ഞുമാറുവാ-

നൊരുമാത്രമടിച്ചതില്ല പോൽ


സ്മരനാരി 2025
വരനാരി 2024

2024 ഡിസംബർ 28, ശനിയാഴ്‌ച

ബ്രാഹ്മണ്യം സമസ്യ 2024 ഡിസംബർ

മരാളം കളിയ്ക്കും തടാകം നടുക്കായ്

സരോജസ്മിതംചേർന്നുമിന്നുംതുഷാരം

വിരാജിപ്പു കമ്രപ്രഭാതം തരത്തിൽ

കരത്താലിനൻ ചേർത്ത ചിത്രം വിചിത്രം

2024 ഡിസംബർ 27, വെള്ളിയാഴ്‌ച

ആറാട്ട് കടവ്

പടിഞ്ഞാറുസന്ധ്യാംബരക്കാവിലെന്നും

നടക്കും നിറപ്പൂരഘോഷം വിശേഷം 

നടുക്കങ്ങെഴുന്നള്ളിടും സൂര്യദേവൻ 

മുടങ്ങാതെയാറാട്ടുകൊണ്ടാടിടുന്നൂ

2024 ഡിസംബർ 26, വ്യാഴാഴ്‌ച

ഒളിച്ചു വച്ചത്

പള്ളിക്കൂടം മുതൽക്കേ പരിചയവലയം 

തീർത്തവർ നമ്മളൊന്നാ-

യുള്ളം പങ്കിട്ടെടുത്തോ,രൊരു നിമിഷകണം 

വേർപെടാതൊത്തുപോന്നോർ

എന്നിട്ടും പങ്കുവയ്ക്കാത്തൊരു കവിതകുറി 

ച്ചിട്ടു ഞാനെന്നകത്തായ്

നിന്നോടോതാതെ പോയാ വരികളിലുറയും 

സ്നേഹവും ഞാനൊളിച്ചൂ 

സുപ്രഭാതം

പൂർവാകാശപ്പരപ്പിന്നിടയിലൊളിയിടും 

ശോണബാലാർക്കനെക്ക-

ണ്ടാമോദം പാട്ടുപാടീപറവക,ളതിരസം

ചോടുവച്ചാടി പൂക്കൾ

ചൂഴും മഞ്ഞിൻപുതപ്പങ്ങലസമലസമായ്

മാറ്റിയാരമ്യരംഗം

നോക്കിക്കാണുന്നകാല്യാംഗന ശുഭമരുളീ

ടട്ടെ ലോകർക്കു മേന്മേൽ 

2024 ഡിസംബർ 25, ബുധനാഴ്‌ച

താണ്ഡവം

അനല്പ തീവ്രതാളമോടെ ചോടു വച്ചു 

താണ്ഡവം 

കനക്കവേയുലഞ്ഞുപാറി കാർജടാഹി 

സങ്കുലം  

കനൽതെറിച്ചുകണ്ണിൽനിന്നു മണ്ണുപൊള്ളി 

ലോകര-

ന്നനാരതം ജപിക്കയായ് നമഃശിവായ 

ശങ്കരാ

മാനവമഹിമ

മഹിമയാർന്നമഹേശ്വരസൃഷ്ടിയിൽ

പ്രഥമനാരവനെന്തൊരു പേരിടും

മതി മനം മനനങ്ങളിണങ്ങിയോ-

നവനെമാനവനെന്നു വിളിച്ചിടാം 

2024 ഡിസംബർ 24, ചൊവ്വാഴ്ച

സ്വപ്നാടനം

പാലപ്പൂഗന്ധമോലുംനിശയിലിരുളെഴും 

കാട്ടുപാതയ്ക്കുമദ്ധ്യേ 

കാലക്കേടിന്റെയൂക്കാലിവനൊരു ദിവസം 

പെ,ട്ടുറക്കം പിടിയ്ക്കെ 

ദംഷ്ട്രംതാഴുന്നുനെഞ്ചിൽ, പിടിവലിമുറുകു

ന്നുണ്ടു ബോധം വരുമ്പോൾ 

കഷ്ടംവെച്ചിട്ടുനിൽപാണരികെ ജനനിയും 

താതനും മറ്റുപേരും 


2024 ഡിസംബർ 23, തിങ്കളാഴ്‌ച

അനുഗ്രഹം

പൈതൃകപ്പെരുമ ബാല്യശിക്ഷണം 

കാവ്യസംസ്കൃതിയുറച്ച സാധന

അന്യമാണിവകളെങ്കിലും വരം 

വാണിയേകിലതു പോരുമേ ബലം 



ഹരിതവാഹനം

ഇന്ധനച്ചെലവു കമ്മി,തള്ളുകി-

ല്ലന്തമറ്റ വിഷവാതകങ്ങളും

വൈദ്യുതോർജ്ജമതിലോടിടുന്നതാം

വാഹനങ്ങളുടെമേന്മയാമിവ 

2024 ഡിസംബർ 22, ഞായറാഴ്‌ച

കൃഷ്ണനാട്യം

അതെന്റെ പാൽ കണ്ണ! തരൂ, തരാ ഞാ-

നിതെന്റെയാ,ണേട്ട! കൊതിച്ചിടേണ്ട 

ഇരുത്തിനോക്കും ബലരാമ,നപ്പോൾ 

വരുത്തിടും ഭീതി മുഖത്തു കൃഷ്ണൻ 

2024 ഡിസംബർ 21, ശനിയാഴ്‌ച

ക്രിസ്ത്മസ് ദിനം

ആർത്തലച്ചുവരുമത്തലാൽ ജനം 

സത്തയറ്റു തെരുവിൽകിടക്കവേ 

പുൽത്തൊഴുത്തിലഹ ദൈവപുത്രന-

ന്നെത്തി,രക്ഷയരുളാനൊരുണ്ണിയായ് 


ആ മഹാപ്പിറവി ലോകരൊക്കെയും 

സാദരം സ്മരണചെയ്യുമിദ്ദിനം 

സ്നേഹമന്ത്രമുരുവിട്ടുവാഴുവാൻ 

യേശുനാഥനരുളട്ടെ വൻകൃപ 



അന്തണാന്തം

ചണ്ടിവീണുകുളമത്രയും മഹാ 

ചണ്ടിയായിനി കുളിപ്പതെങ്ങനെ 

കൊണ്ടുരോഷമുടനന്തണ,ന്നിടം 

കിണ്ടികൊണ്ടുതലതല്ലിടുന്നിതേ 


ഒരേമനം

വെള്ളിയാഴ്ചശനിഞായറും കഴി-

ഞ്ഞുള്ളയാഴ്ചവരുമച്ഛ,നെന്നിതി 

പിള്ളവാമൊഴിയിലാണ്ടു തായ് മനം 

കള്ളമറ്റുചിരിതൂകി, സുന്ദരം 


ദിവ്യനോട്ടം

പങ്കജാക്ഷമിഴിമേൽക്കുതട്ടിയാ-

തങ്കമറ്റുമരുവുന്നുഗോപികൾ

പങ്കമേറ്റു തളരുന്നൊരെന്നിലും

പൊൻകടാക്ഷമെറിയൂ ഹരേ ദ്രുതം 

പെണ്ണഴക്

നീൾമിഴിയ്ക്കുമഷി മുല്ല വാർമുടി-

യ്ക്കമ്പിളിപ്രഭ മുഖാംബുജത്തിനും

വമ്പെഴുന്നഴകു ചേർത്തിടുന്നതെ-

ന്തോമലാൾക്കു,രപെറുന്ന സന്മതി 

ഒറ്റനോട്ടം

തൻകിടാങ്ങളുടെ നേർക്കുതങ്ങിടു-

ന്നൻപിയന്ന ജനനീവിലോചനം 

സങ്കടങ്ങളെയകറ്റു,മംബികേ 

നിൻകടാക്ഷമുന വീഴ്ത്തുകെന്നിലും 



2024 ഡിസംബർ 20, വെള്ളിയാഴ്‌ച

സമ്മർദ്ദം

സമ്മർദ്ദത്താൽതളർന്നാ,ലടി മനുജ പിഴ, 

ച്ചീടു,മില്ലാതെയാക്കാ-

നെമ്മട്ടോടീടിലും ഹാ ഫലമിഹവരുകി 

ല്ലെന്നുമേയോർക്കനല്ലൂ

വിമ്മിട്ടപ്പെട്ടു നഷ്ടപ്പിറവിയിതു വിചാ,

രിച്ചുവാഴാതെ തോഷം

സമ്മേളിച്ചുള്ള ശുദ്ധപ്രകൃതനില വരി, 

ച്ചാലൊതുക്കാം ശ്രമിയ്ക്കൂ 

ഊഷരം

കണ്ണനുണ്ണിതവ നോട്ടമെങ്കൽ വീ-

ണില്ലയെങ്കിലകലും മനം ദ്രുതം 

മണ്ണടിഞ്ഞു മറയുംവരേയ്ക്കു നീ-

ക്കൊല്ല,നിൻ മിഴികളെന്നിൽ നിന്നു നീ

2024 ഡിസംബർ 19, വ്യാഴാഴ്‌ച

കവുങ്ങ് കൃഷി

വീഴുന്നുണ്ടു പഴുക്കടയ്ക്ക ചെറുതായ് 

തോട്ടത്തിലക്കാരണം

വീഴുന്നുണ്ടു മുറയ്ക്കുനോട്ടമതുകൊ 

ണ്ടെന്നാലുമില്ലാഗുണം

വീഴുന്നുണ്ടു കവുങ്ങു രോഗഫലമായ് 

കായ്ക്കുന്നതും കഷ്ടി, ഹാ

വീഴുന്നുണ്ടുവില, പ്രതാപമകലും പാഴ് 

വേലയായിക്കൃഷി 

മേൽനോട്ടം

വെയ്ക്കാറുണ്ടു കറിക്കരിഞ്ഞ വിവിധം 

കഷ്ണങ്ങൾ കൊട്ടയ്ക്കകം 

വെയ്ക്കാറുണ്ടു മലഞ്ചരക്ക,രി പഴം 

പെട്ടിയ്ക്കകത്തും ദിനം 

വെയ്ക്കാറുണ്ടു നിശയ്ക്കടുക്കളയട 

ച്ചെന്നാലു,മെന്നും മനം 

വെയ്ക്കാറുണ്ടെലി വന്നുനോക്കിയിവ ഞാൻ 

ചെയ്തെന്നുറപ്പിക്കുവാൻ 


2024 ഡിസംബർ 18, ബുധനാഴ്‌ച

അടുത്തൂൺ

നേരുന്നൂ മംഗളം ചേർ,ന്നുരുതരസുഖമാർ 

ന്നുള്ളനാളേക്കു, കണ്ണീർ 

ചോരുന്നൂ കേട്ടിരിക്കേ, കരവലയമണ 

ച്ചാഞ്ഞുപുൽകുന്നുതോഴർ 

തീരുന്നൂ കാല,മെന്നാൽപ്രിയരെവെടിയുവാ 

നിഷ്ടമില്ലാതെ കൂടെ 

പ്പോരുന്നൂയിന്നടുത്തൂണിനു നരവരനോ 

ടൊത്തുചേർന്നോർമ്മ, ചിത്രം 


സ്വാശ്രയാധ്യാപകലോകം

ക്ലാസ്സിൽ ചേരുവതിന്നു കുട്ടികൾമടി 

ച്ചീടുന്നതോർക്കുമ്പൊളും

ഫീസില്ലാത്തതിനാലെ സാലറിമുട 

ങ്ങീടുന്ന കാണുമ്പൊളും

പാസാവാത്തറിസൾട്ടു കണ്ടു വെറിപൂ, 

ണ്ടുള്ളം തിളക്കുമ്പൊളും

നൈസായ്പുഞ്ചിരിയിട്ടു കാണ്മു കവിതേ 

നിൻ മഞ്ജു രൂപത്തെ ഞാൻ 


2024 ഡിസംബർ 17, ചൊവ്വാഴ്ച

കാമ്യകവനം

പൂനിലാവുതിരുന്നരാവു പതിഞ്ഞ കാറ്റു 

വിരിഞ്ഞിടും 

പാരിജാതസുഗന്ധവും ഹിമതല്പമിട്ട 

നികുഞ്ജവും 

കാമ്യരംഗമിതേതുകാമുകനും കൊതി

യ്ക്കുമിടം, മനോ-

രഞ്ജനീ വരികെന്റെചാരെയനംഗബാണ 

വുമേന്തിനീ


ഗാബ day 4

മുൻപേ ഗമിച്ചീടിന ബാറ്റർ തന്റെ 

പിൻപേ ഗമിക്കും ബഹു ബാറ്ററെല്ലാം 

ഒരുത്തനിന്നൊന്നു പിടിച്ചു നിന്നാൽ 

പരക്കുമാവാനിലുടൻമഴക്കാർ 


2024 ഡിസംബർ 16, തിങ്കളാഴ്‌ച

ഫോൺമാനിയ

അന്തിച്ചർച്ച,കളന്തമറ്റവിവിധം 

സീരിസു കാർട്ടൂൺ മുഖ-

ച്ചന്തംകൂട്ടുവതിന്നു ടിപ്പു, കളിയും 

യാത്രാവിശേഷങ്ങളും

പാട്ടുംനൃത്തവു,മമ്പലാദി കഥയും 

തൊട്ടേപ്പടം താനു,മി-

ന്നൊട്ടുംക്ലേശമിയന്നിടാതെ കിടയും 

ഫോണിൽ, ജനം പെട്ടുപോയ്‌ 

അറിവൊളി

ആകാശം വായു വെള്ളം, ക്ഷിതി,പറവ,

യിനൻ ചന്ദ്ര,നാന,പ്പിറാവ-

ത്തേൻകള്ളൻ കുംഭി മാനും കടൽ പുഴു 

ഝഷവും പല്ലിയും പാമ്പുമായി

സത്യാന്വേഷിക്കു ചുറ്റും, ഗുരു വിവിധതരം 

വേഷമിട്ടെത്തിടാമെ-

ന്നുദ്ഘോഷിപ്പൂ പുരാണം, തരിയറിവു 

പകർ,ന്നെന്നെ രക്ഷിപ്പതാരോ 

ഗാബ ടെസ്റ്റ്‌

ഗാബയ്ക്കുചുറ്റും മതിലെന്നവണ്ണം

വമ്പൻമഴക്കാറുയരാതിരുന്നാൽ

പേരാളു മിന്ത്യൻപടമൊത്തമിന്നേ

കങ്കാരുവിൻസഞ്ചിയിലായിയേനെ 

സദ്ദര്ശനം

ആവണപ്പലകയിട്ടിരുന്നുകണികണ്ടു 

നിർവൃതിയടഞ്ഞിടാ-

നാവുകില്ലയിരുളാണു ഭൂമിയിലണഞ്ഞ 

തൊ,ട്ടരുൾക പോംവഴി 

ആ വിരാട്പുരുഷദർശനത്തിനക

മേയ്ക്കുതന്മിഴിതുറക്കുവാ-

നാവണം, ഗുരുപറഞ്ഞു, ശിഷ്യനു

തെളിഞ്ഞുമിന്നി സകലം വിനാ 


2024 ഡിസംബർ 15, ഞായറാഴ്‌ച

മൂന്നിഴ

പൂണുനൂലിഴപോലെയാണു മതങ്ങ,ളത്ര പരസ്പരം 

ന്ധമാണ്ടുകഴിഞ്ഞിടേണ്ടവയാണു സത്യമതെങ്കിലും 

കാളുമന്ധതയോടെതിർത്തു വരുന്ന കാടരെ മന്ത്രമൊ-

ന്നോതിവീഴ്ത്തുക സാധ്യമല്ല തരിമ്പു മില്ലിഹ സംശയം 

Mec7

ദേഹംപുഷ്ടിപ്പെടുത്താം രുജകളെയകല

ത്താക്കിയാരോഗ്യമേകാ-

മാരുംമോഹിച്ചുപോകും പുറവടിവു ശരീ

രത്തിനേകാമിതെല്ലാം

പണ്ടേവ്യായാമമേകുംഗുണ,മിനിപുതുതാ

യെന്തുനൽകാം,മനസ്സിൽ-

ക്കണ്ടത്രേനല്ലുപായംചില,രതുപറകിൽ

തീവ്രവാദം പ്രമാദം 

അധാർമികം

പൂണുനൂലുവലിച്ചെറിഞ്ഞു മനുഷ്യ രായിനടക്കയെ-

ന്നാണുപണ്ടു സഖാക്കളോതിയതിന്നു
ഹൈന്ദവസംസ്കൃതി

കണ്ണിലെക്കരടെന്നുചൊല്ലി മതാന്ധ രൊത്തുവരുന്ന,വാ-

റെണ്ണിയെണ്ണിയെതിർക്കണം, തകരാതെ വാഴണമെങ്കിൽ നാം 

നേട്ടം

കഷ്ടപ്പെട്ടു പഠിച്ചെടുത്ത ബിരുദ 

ത്താലെന്തു നേടീ, പരം 

കഷ്ടം തന്നെ, തലേലെഴുത്തു മുടിയാ 

നാണോ, കടം ജീവിതം 

അഷ്ടിക്കുള്ളവകയ്ക്കു കിട്ടിയപണി 

യ്ക്കോടാനൊരുങ്ങീ,തുലോം 

പുഷ്ടിപ്പേകിയതില്ല,നാളുതെളിയാ 

നിജ്ജന്മമുണ്ടോ വിധി 

2024 ഡിസംബർ 13, വെള്ളിയാഴ്‌ച

ആറാം തമ്പുരാൻ

വിൽക്കാനുള്ളതു ചക്കയാണു പകരം 

വേണം സഹസ്രം പണം

കേട്ടോ,ന്യായമിതെന്തു, വേണ്ട പഴതാം 

ഹാർമോണിയം തമ്പുരാൻ 

എന്തായാലുമെടുക്കുകെന്നു പറയും 

നേരം ജഗന്നാഥനോ 

വാങ്ങീ മായചൊടിച്ചുവന്നു മുരളീ 

നാദാനുസന്ധാനമായ് 



താരോദയം

നാളെവാനിലുദിയ്ക്കുമെന്നു നിനച്ചു

വാഴുകയെന്നതെ-

ക്കാളുമില്ല മടുപ്പു,രാവു മുഴുക്കെ

നോക്കിയിരിപ്പതും

ആളെയിട്ടുകളിച്ചിടാതെ തെളിഞ്ഞു

മിന്നുകവേഗമി-

പ്പാളിനോട്ടമെനിക്കുവയ്യുഡുകന്യകേ

മമ നായികേ 

2024 ഡിസംബർ 12, വ്യാഴാഴ്‌ച

യുവവാണി

ഹേ ഹേ സുന്ദരി നില്ക്ക നില്ക്ക

പറയാനുണ്ടേ രഹസ്യം, നവോ-

ത്സാഹത്തോടെയണഞ്ഞു കോമള 

യുവാവോതീയിദം ഭാഷയിൽ

ജാ,ഹോ,ക്യാകെഹതാ തു,പാഗ,

ലിതുകേട്ടോടുന്ന പൂവാല,നീ

മോഹിക്കേ,ണ്ടിനിഹിന്ദിവേണമിവിടെ 

പ്രേമിക്കുവാനും സഖേ 

സിനിമാനുഭവം

ഉച്ചച്ചൂടിൽ തലയുരുകവേ കാശു

മെണ്ണിക്കൊടുത്തി-

ട്ടച്ചിയ്ക്കൊപ്പം ശിശുനിവഹവും കൂട്ടി 

തീയേറ്ററേറി 

മെച്ചംപോരാ സിനിമയിനിമേൽ കാണു 

വാനില്ല,യെന്ന-

ങ്ങൊച്ചപ്പാടായ്പതി, പതിവു പോൽ പത്നി 

നോക്കിച്ചിരിച്ചൂ

നാടൻ പ്രേമം

നേരായ്തൻ നേർക്കണഞ്ഞീടിന പുരുഷ 

നൊരാളോടു ചൊല്ലേണ്ടതെന്താ-

ണാരാനും കണ്ടുവന്നാ,ലവരൊടു പറയേ 

ണ്ടുന്നതെന്തെന്നുമോർത്ത്

പാരംവീർപ്പിട്ടു വേർക്കും തനുവണി 

പുടവത്തുമ്പിനാൽവീശി, നാലും-

ചേരുംപാതയ്ക്കു മുക്കിൽ, പ്രിയതമനെ 

നിനച്ചോമലാൾവെന്തിടുന്നു

2024 ഡിസംബർ 10, ചൊവ്വാഴ്ച

വളരും താരം

വൈകീട്ടാണുകിടപ്പെണീപ്പതുമതേ, 

പ്രാതൽക്കു ശാപ്പാടുക-

ണ്ടാകപ്പാടൊരു തീറ്റയാണു, പതിവാ 

യിക്കാലമെൻ ചിട്ടകൾ 

മൂകം മോഹമലിഞ്ഞ സാന്ദ്രനിരവ 

ദ്യാരാമമെങ്ങോർത്തിതാ 

പാകപ്പെട്ടു, മറഞ്ഞിടാതമലമാം 

നക്ഷത്രമേ, സ്നേഹമേ 


അകലം

കണ്ടാലുമാർക്കുമിനിയുണ്ടാകയില്ല

ദയ, മിണ്ടാതെയോടിയകലു-

ന്നുണ്ടാകു,മെന്നൊരറിവുണ്ടായി,കൃത്യ

മിതുകൊണ്ടാണുവിട്ടകലുവാൻ

ഉണ്ടായമൂല,മിനിയാണ്ടാലുമഗ്നി

യതിലുണ്ടാകുമോർമ്മഹൃദി,യെൻ

തണ്ടാണുസത്യ,മിഹ,കൊണ്ടാടിടാവു

സുഖ,മാണ്ടാണ്ടു നാം മതിവരെ

ആഭിജാത്യം

 അഭിമാനമുടഞ്ഞുവീണതേ-

തഭിശപ്തനിമേഷമൊന്നിലോ

അഭിലാഷമടങ്ങവേ മന-

സ്സഭിജാത കഥാപ്രസംഗിയായ് 

ഭീതി

വേലകൂലിയിവ കൈയൊഴിഞ്ഞു

ചവറായി മാറി ദിനമേറെയാ-

യാലുപൊന്തിയടിയിൽ, തലയ്ക്കു 

കടവാവലിൻ വലിയ കൂട്ടവും

കാലമേ കരുണകാട്ടുകെന്നി,

ലിറയത്തിരുട്ടു പടരുന്നു, മാ-

റാല, പുറ്റു വളരുന്നു, നത്തു

മുരളുന്നു, ഭീതിയുറയുന്നു ഹാ 

2024 ഡിസംബർ 9, തിങ്കളാഴ്‌ച

ഉച്ചമയക്കം

ഉച്ചയായ് പുതിയ വാക്കു വന്നു, ന-

ട്ടുച്ച പോകെ വരിനാലുതീർത്തിടാം 

കൊച്ചുതീക്കനലിലിട്ടു ചിന്തയും 

കാച്ചിവച്ചു കവിയുണ്ടുറങ്ങയാം 

 

2024 ഡിസംബർ 6, വെള്ളിയാഴ്‌ച

സ്വകാര്യം

സാറേ, സാലറി കിട്ടുമോ, ചെലവിനാ 

യില്ലെന്റെ കൈയിൽ പണം

സാറേ,യിക്കുറി തീർത്തുവേണ,മിനിയും 

വൈകിപ്പതെന്തിങ്ങനെ

മാസാമാസവുമിക്കണക്കടിപിടി 

ച്ചൊപ്പിച്ചു മുന്നോട്ടു പോ-

മിസ്സാങ്കേതികശാസ്ത്ര ശാസ്ത്രിപദവി 

ക്കില്ലിന്നു ചെറ്റും വില 



സഹായധനം

കനൽക്കാടുതാണ്ടും കുറേ ജീവിതങ്ങൾ

പ്രതീക്ഷാഭരം നോക്കിനിൽപ്പുണ്ടു മുന്നിൽ

എടുക്കുന്ന ജോലിയ്ക്കു കിട്ടേണ്ട കാശും

ലഭിക്കാത്ത ഞാനെന്തിവർക്കിന്നു നൽകും 

2024 നവംബർ 29, വെള്ളിയാഴ്‌ച

ശാമകം

ബാറിൽ പോയ്‌ രണ്ടടിക്കാം, കടല കറുമുറെ 

ത്തിന്നു വീണ്ടും ചെലുത്താം

ചോറും ചാറും കഴിക്കാം, പുക നെറുകെ 

വരെക്കേറ്റി വട്ടത്തിലൂതാം

ഏറും ദുഃഖം മറക്കാൻ പലവഴി തിരയും 

പണ്ടു ഞാ,നിന്ന,തെന്നാ-

ലാറാതുള്ളം തപിയ്ക്കേ, ഗദശമനഗതി

ക്കില്ല മേ ചെറ്റുപായം 

2024 ജൂൺ 22, ശനിയാഴ്‌ച

ഭാവമാറ്റം

ദ്വേഷത്തിൻ കടുവിത്തു പാകുവതിനാ യെത്തുന്ന നീചന്നു നേർ-

ക്കിഷ്ടത്തിന്റെ വിശാലതാഴ്‌വര തുറ ന്നിട്ടേക്കണം നിർഭയം 

ശേഷം നൽച്ചിരിവർഷമോടെയെതിരേൽക്കേണം, വെറുപ്പിൻ വിഷം 

ഹർഷോന്മാദരസത്തിലാഴ്ന്നമൃതമായ് ത്തീരും, വരും സ്വർസുഖം 


2024 മാർച്ച് 3, ഞായറാഴ്‌ച

റാപ്പർ

ഹൃദന്തം പിളർക്കുന്നൊരാ റോക്കു ജാസും

ചെവിക്കല്ലു പൊട്ടിയ്ക്കുമാ റാപ്പു പോപ്പും

രുചിയ്ക്കില്ലെനിക്കിഷ്ടമെൻ നാടിനീണം

തുളുമ്പുന്ന പാട്ടാണതാണെന്റെ ജീവൻ 

2024 ഫെബ്രുവരി 26, തിങ്കളാഴ്‌ച

കുട്ടിക്കളി

പഠിക്കാൻ പറഞ്ഞാലുടൻ കോട്ടുവായി-

ട്ടറയ്ക്കുള്ളിലേറുന്ന കുഞ്ഞിന്റെ മുന്നിൽ

കളിപ്പാട്ടഭാണ്ഡം തുറന്നിട്ടു നോക്കൂ

ചിരിച്ചോടുമപ്പോളുറക്കച്ചടക്കം

2024 ഫെബ്രുവരി 16, വെള്ളിയാഴ്‌ച

നാമബലം

കൂട്ടുകൂടി കുടിതീനുമായി വെറുതേ
കളഞ്ഞിടുകയാണു നാ-


ളൊ,ട്ടുകേമമിതിയോർത്തു നീളെ നരനാരിഭേദമിയലാതെ ഹാ!


കെട്ടരീതികളസംശയം, പിടിപെടാതെകൂടുവതിനായി നാം


ചിട്ടയായി ഹരിനാമമോതി ബലമോടെ
വാഴുക സമുന്നതം

2024 ഫെബ്രുവരി 8, വ്യാഴാഴ്‌ച

ആശ

ആയിരം തരിക പത്തു ലക്ഷമായ്

കൈയിലേക്കു വരുമെന്നു കേൾക്കവേ 

കാശുടൻ പരനു നൽകിടുന്നവർ-

ക്കാശതെല്ലു കുറവല്ല നിശ്ചയം 


2024 ഫെബ്രുവരി 4, ഞായറാഴ്‌ച

കുടിയേറ്റം

കേരളക്കര വെടിഞ്ഞു മറ്റുപല

നാട്ടിലേക്കു കുടിയേറുവാൻ

പൗരരിന്നു വരിനിൽക്കയാണ,തിനു

ചേതമില്ലവരിലാർക്കുമേ 

താരതമ്യമിയലാത്ത നല്ലനിലവാര

മുള്ള ഗുണജീവിതം

പാരിലെങ്ങു തരമാകുമോ ജനത

യങ്ങുപോകുമിതു നിശ്ചയം 

2024 ജനുവരി 31, ബുധനാഴ്‌ച

നിരാസം

പരമ സാത്വികനന്തിയിലെന്നിയേ

തരിയടുക്കളബാന്ധവമറ്റവൻ

അരികിലെത്തിയതും വധു ചൊല്ലിയീ

നരനെ വേണ്ടയെനിക്കു വരിക്കുവാൻ

2024 ജനുവരി 27, ശനിയാഴ്‌ച

വ്രജശോകം

തുള്ളിപ്പാലു ചുരത്തുവാൻ മടികലർ

ന്നീടുന്ന ഗോവൃന്ദവും 

പുള്ളിപ്പീലിയൊഴിഞ്ഞ കേകി നിരയും

മെല്ലിച്ച കാളിന്ദിയും 

ഉള്ളം നൊന്തു സദാ കരഞ്ഞു കഴിയും 

ഗോപാലരും, കഷ്ടമേ 

കള്ളക്കണ്ണനകന്നതിൽ തളരുമീ 

വൃന്ദാവനം മൂകമായ് 


ബ്രാഹ്മണ്യം സമസ്യ ഫെബ്രുവരി 2024

ഉലകരുണ്മ നിനച്ചുയിരേകിടും

കലിത കൃത്രിമ ബുദ്ധിയിലെത്രയും

വലിയ ഗൂഢതലങ്ങളിരിക്കയാൽ

ചിലതിനാലതിനാശമണഞ്ഞു പോം 


2024 ജനുവരി 26, വെള്ളിയാഴ്‌ച

ഊറ്റം

ആരും കാണാതെയെന്നും മുറിയിലണ

യുമെന്നല്ല തോന്നും പടിയ്ക്കാ-

യോരോ താളം ചവിട്ടും ധൃതിയിലക

മലങ്കോലമാക്കീട്ടു പോകും

കാറ്റേ! നിന്നെക്കുരുക്കാനുതകുമൊരു

മുളം തണ്ടു ഞാനൂതിയെന്നാ-

ലൂറ്റം വിട്ടീണമാകാതവിടവിടെ പതു

ങ്ങുന്ന നീയെത്ര നീചൻ 

2024 ജനുവരി 18, വ്യാഴാഴ്‌ച

തോണിയാത്ര

സംസാരാബ്ദ്ധികടക്കുവാനുതകിടും 

ദാമ്പത്യ വള്ളത്തിലൊ-

ട്ടുത്സാഹിച്ചുകരേറി യാത്ര തുടരു

ന്നുണ്ടെങ്കിലും ചുറ്റിനും 

അസ്വാഭാവിക കോളിളക്കമുയരാൻ 

ഭാവിയ്ക്കുമീവേള നാം 

നൽസാമർത്ഥ്യമിയന്നു തീരമണയാൻ

യത്നിക്കണം മത്സഖീ


മാതൃശീലം

തന്നോടൊത്തൊരു ജീവനാമ്പു വളരു

ന്നുണ്ടെന്നറിഞ്ഞാർദ്രയായ് 

മാതൃത്വം പകരുന്ന നിർവൃതി

നുകർന്നീടുന്ന നാരീമനം

താനാർജ്ജിച്ച മഹദ്ഗുണങ്ങളഖിലം

കുഞ്ഞിന്നു കൈമാറുവാ-

നൊക്കും വണ്ണമൊരുക്കിടുന്നു മഹിയിൽ 

തൻ ശീലമൊന്നാകവേ

2024 ജനുവരി 17, ബുധനാഴ്‌ച

കീടനന്മ

തനിക്കു ചുറ്റും ക്ഷിതി ചുറ്റുമെന്നേ 

നിനച്ചു വാഴും ഭരണജ്ഞരേക്കാൾ

ഗരം വഹിക്കുന്നൊരു കീടമേകാം

നരന്നു പാരിങ്കലിടയ്ക്കു സാഹ്യം 


2024 ജനുവരി 10, ബുധനാഴ്‌ച

മൂല്യം

പച്ചകുത്തിയ ദേഹവും നിറമേഴു പൂശിയ

കേശവും

കൊച്ചുചേലതുളച്ചു മേനി തുറന്നു

കാട്ടിയുമങ്ങനെ

ഇച്ഛപോലെ നടപ്പു കേരളനാട്ടിലിന്നു

യുവത്വമെ-

ന്നച്ഛ സംസ്കൃതി കണ്ണടച്ചു പിഴച്ച

കാഴ്ചകളേറവേ 

ശുഭവർഷം

ഭാരിച്ച താപമഴ മിന്നലതീവ വേഗം

പൂരിച്ച കാറ്റു കടലേറ്റവുമായി ദുഃഖം 

തോരാതെയേകി മറയുന്നുവൊരാണ്ടു ശേഷം 

നേരോടെയെത്തി ശുഭമാം വരനീര വർഷം

2024 ജനുവരി 7, ഞായറാഴ്‌ച

സങ്കടപ്പുഴ

മഴ കാലമറിഞ്ഞു പെയ്യുകി-

ല്ലൊഴിവാകയുമില്ല, പാടമോ

പുഴയായി, മൊഴിഞ്ഞു സങ്കട-

പ്പുഴ നീന്തി വലഞ്ഞ കർഷകൻ 

താംബൂല രസം

തളിർ വെറ്റില നൂ,റടയ്ക്കയും

തുളുനാട്ടിലെ നൽപ്പുകേലയും

കളവല്ലിവ ചേർന്നതാം മുറു-

ക്കളവറ്റ രസം പകർന്നിടും 

2024 ജനുവരി 6, ശനിയാഴ്‌ച

വിത്തുഗുണം

കിനാവിന്റെ പാടത്തു ഞാൻ നട്ട വിത്തിൻ 

കനം പോരയെന്നോ മുളച്ചില്ല തൈകൾ

മെനക്കെട്ടു വീണ്ടും വിതയ്ക്കുന്ന ജോലി-

യ്ക്കെനിയ്ക്കാവതില്ലെന്നുരയ്ക്കുന്നു

ചിത്തം 

2024 ജനുവരി 5, വെള്ളിയാഴ്‌ച

ചതി

സ്മൃതിച്ചെപ്പിനുള്ളിൽ തിളങ്ങുന്ന ബാല്യ-

ത്തിരശ്ശീല കീറിപ്പറിക്കാനൊരുങ്ങി

ചതിച്ചോടു വച്ചെത്തിടുന്നുണ്ടു കാല-

പ്പെരുംപൂതമയ്യോ തടുക്കാനസാധ്യം 


2024 ജനുവരി 3, ബുധനാഴ്‌ച

വിടുതൽ

ഒന്നോർക്കേണം , പഠന മികവിൻ
കാറ്റു തട്ടാതെ വാണോ-

രെന്നേ പോയ്‌ താനിവിടെയിനിയും ചെയ്വതെന്തെന്നു കേൾക്കേ

എന്നാൽ ഞാനും വെടിയുമുടനീ
രാജ്യ,മല്ലാതെ ചുമ്മാ-

നിന്നാലാവി,ല്ലതു നിയതമാ
ശങ്കയില്ലെങ്കലേതും


(ആദ്യത്തെത് പാഠം)

ഒന്നാം ക്ലാസിൽ പഠന മികവാലെട്ടു കൊല്ലം കഴിഞ്ഞോ-

നെന്നേ പോയ്‌ താനിവിടെയിനിയും ചെയ്വതെന്തെന്നു കേൾക്കേ 

എന്നാൽ ഞാനും വെടിയുമുടനീരാജ്യ,മല്ലാതെ ചുമ്മാ-

നിന്നാലാവി,ല്ലതു നിയതമാശങ്കയില്ലെങ്കലേതും

മിഴിമൊഴി

വഴിനീളെ നടന്നു പൂക്കളും

പഴവും വിറ്റു വരുന്ന കന്യ തൻ

മിഴി ജീവിതഭാരമൊക്കെയും

മൊഴിയാതിന്നുമൊഴിഞ്ഞിടുന്നുവോ