Powered By Blogger

2011, ഏപ്രിൽ 28, വ്യാഴാഴ്‌ച

"അഴിമതി"

സ്വാതന്ത്ര്യ ലബ്ധിയ്ക്ക് മുന്‍പേ പിറന്നൊരാ
കക്ഷികളക്ഷീണം യത്നിച്ചു പലദിനം
ജനലക്ഷ പിന്തുണയോടേ വെളുത്തോനെ-
യടിച്ചു പുറത്താക്കി നേടിയീ സ്വാതന്ത്ര്യം
അവര്‍ തന്‍റെ കൂടെയീ ഭാരത നാടും
പുതിയൊരു ലോകത്ത് പിച്ചവച്ചീടവേ
അധികാര ലഹരിതന്‍ ഹുങ്കിനാല്‍ ചിലരപ്പോള്‍
കള്ളത്തരങ്ങള്‍ ചെറുതായ് തുടങ്ങീ,
ചെറു ചെറു കാര്യങ്ങള്‍ സാധിച്ചെടുക്കുവാന്‍
പല പല വഴികളില്‍ പൊതുസ്വത്ത്‌ തട്ടുവാന്‍.

പഴയൊരാ ബ്രിട്ടീഷു മുതലാളി തന്‍വെറി
ഇവരെയും വിട്ടില്ല, അധികാര മോഹികള്‍
സ്വന്തം ജനതയെ പാടെ മറന്നിവര്‍
കീശ വീര്‍പ്പിക്കുവാന്‍ നെട്ടോട്ടമോടീ
'ജനകോടികള്‍' തരും തുണയേക്കാള്‍ വലുതാണു-
'കോടികള്‍' ഏകിടും തുണയെന്നറിയവേ
രാഷ്ട്രീയ വര്‍ഗ്ഗത്തില്‍ പിറവി കൊണ്ടീടിന
രാഷ്ട്ര പൌരന്മാര്‍ അഴിമതി കൊണ്ടാടീ
തട്ടിപ്പ്, വെട്ടിപ്പ്, വകമാറ്റി വെയ്ക്കലും
ഇല്ലാത്ത പദ്ധതിയ്ക്കായുള്ള ചെലവും
ലക്ഷങ്ങള്‍, കോടികളായിട്ടിതാ പണം
പെട്ടിയില്‍ വീഴുന്നു, ആഹാ ബഹുരസം!!!
കോടാനുകോടികളാകിന പൊതുജനം
കളിയിതു കണ്ടിട്ടിളിഭ്യരായ് നില്പ്പൂ!!!

എല്ലാര്‍ക്കുമഴിമതിക്കാരായി വിലസാന്‍
പഴുതുകള്‍ നിയമത്തിലുണ്ടാക്കി പണ്ടേ
അയ്യഞ്ചു വര്‍ഷങ്ങള്‍ കൂടുമ്പോള്‍, കീശതന്‍
തയ്യലുവിടുമെന്നു തോന്നുന്ന സമയത്ത് ,
പൊതുജനക്കഴുതയെ പച്ചകുത്തീട്ടുടന്‍
അറവുമാടെന്ന പോല്‍ തള്ളിവിടുകയായ്‌!!
തങ്ങള്‍ തന്‍ കൊലയാളി ആരാകണമതി-
ന്നന്തിമ വിധിയെഴുത്തിവരുടെ 'വിധി'യത്രേ!!
അഴിമതി തന്‍ തോത് കൂട്ടുവാനായിട്ടു
പഴയവര്‍ പോരെന്നു ജനതയും പറയുമ്പോള്‍
കൂട്ടത്തിലൂറ്റം കൂടുന്ന കൂറ്റരെ
അഴിമതി 'രാജ'രായ് അരിയിട്ട് വാഴ്ത്തുന്നു
എണ്ണിയാല്‍ തീരാത്ത കോടികള്‍ വെട്ടിച്ചു
ഇസ്തിരിയിട്ട ഖദറിലൊളിപ്പിച്ച് ,
നറുമണം വിതറുന്നൊരത്തറും പൂശിയാ-
വിയര്‍പ്പറിയാത്ത മുറിയിലിരുന്നവര്‍
'കോണ്‍ഗ്രസ്സ്' തന്‍റെ തനി നിറം കാട്ടുന്നു,
പിന്നെയും പിന്നെയും നാടിനെപ്പിഴിയുന്നു
കോടികളാകിന ജനതയെ വിരലിലെ
മോതിരമെന്ന പോല്‍ വട്ടം കറക്കുന്നു.
വന്‍കിട വ്യവസായ ഭീമരെല്ലാരും
ഇവരെയോ ചൊല്പ്പടിക്കാരായി മാറ്റുന്നു
ചെറുവിരല്‍ കൊണ്ടൊന്നെതിര്‍ക്കുവാന്‍ പോലും
ആരാലുമിപ്പോള്‍ കഴിയില്ല സത്യം

'ഗാന്ധി' പഠിപ്പിച്ചതൊക്കെ മറക്കിലും
'ഗാന്ധി' യോടിപ്പോഴും സ്നേഹമേയുള്ളത്രേ!!!
പലനാളുമിക്കൂട്ടരാടിയ കളിയിതാ
അന്ത്യരംഗത്തോടടുക്കുന്നു, (അന്ത്യം) ആരുടെ?
'അഴിമതി' വീ രരാം ആളുകള്‍ ക്കെല്ലാം
'അഴി'മതി യെന്നിതാ പൊതുജനമലറുന്നു
ഒളികണ്ണിറുക്കിയിക്കൂട്ടര്‍ ചൊല്ലുന്നു
'അഴിമതി'തടയുന്നോര്‍'ക്കഴി'മതിയതുമതി..!!!

2011, ഏപ്രിൽ 21, വ്യാഴാഴ്‌ച

സത്യാവസ്ഥ

കോടതിയില്‍ കേസുവിസ്താരം തുടങ്ങി
പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ് സത്യം
വാദികളും സാക്ഷികളുമായി കള്ളങ്ങള്‍
വക്കീലന്മാര്‍ വാക്ചാതുരിയില്‍
കള്ളങ്ങളെ ന്യായത്തിന്‍ പുതപ്പണിയിക്കുന്നു
കണ്ണ് മൂടിക്കെട്ടപ്പെട്ട നീതി വനിതയുടെ തുലാസ്സില്‍
ന്യായമാം കള്ളങ്ങള്‍ തൂക്കി നോക്കി വിധി വരുന്നു
കറുത്ത കോട്ടിനുള്ളില്‍ വരിഞ്ഞു മുറുക്കപ്പെട്ട
വെളുത്ത സത്യത്തിന്‍ ഞരങ്ങല്‍...
വരിയുടയ്ക്കപ്പെട്ട സത്യം, വിലങ്ങിനാല്‍ ബന്ധിതനായി
പ്രതികരിക്കാവാനാവാത്ത വിധം
സത്യം മറയ്ക്കുള്ളിലേക്ക് തള്ളപ്പെട്ടു...
എന്നെങ്കിലും മറ നീക്കിപ്പുറത്തു വരാനായി

2011, ഏപ്രിൽ 17, ഞായറാഴ്‌ച

പ്രാണത്യാഗം

ഇടുങ്ങിയ ഫ്ലാറ്റിന്‍റെ
കുടുസ്സു മുറിയില്‍
അരണ്ട വെളിച്ചത്തില്‍
ചുരുണ്ടിരിക്കുമ്പോള്‍

കടുത്ത മൌനത്തില്‍
കനത്ത ചിന്തകള്‍
വെളുത്ത കടലാസ്സില്‍
കറുത്ത് കാണവേ

തകര്‍ന്ന ക്ലോക്കിന്‍റെ
നിലച്ച സൂചികള്‍
വരുന്ന കാലത്തെ
പൊലിഞ്ഞ ജീവന്‍ പോല്‍

തകര്‍ന്ന ചില്ലുകള്‍
അമര്‍ന്നു കൈകളില്‍
ഞെരിഞ്ഞ ഞരമ്പില്‍
എരിഞ്ഞു പ്രാണനും


ഇടുങ്ങിയ ഫ്ലാറ്റിന്‍റെ
കുടുസ്സു മുറിയില്‍
പകല്‍ വെളിച്ചത്തില്‍
തുകല്‍ ചെരുപ്പുകള്‍

വെളുത്ത വസ്ത്രത്തില്‍
തണുത്ത ജീവനെ
പൊതിഞ്ഞെടുക്കുവാന്‍
മുതിര്‍ന്നു കേറുമ്പോള്‍

കടുത്ത മൌനവും
കനത്ത ചിന്തയും
വെളുത്ത കടലാസ്സും
കറുത്ത ചോരയും

2011, ഏപ്രിൽ 15, വെള്ളിയാഴ്‌ച

വിഷു

പൂത്തുലഞ്ഞ കണിക്കൊന്നകള്‍
തണല്‍ വിരിക്കുന്ന ഇടവഴികളും
കൊയ്ത്തൊഴിഞ്ഞ പാടങ്ങളുടെ സമ്പത്-
സമൃദ്ധിയുമായി പത്തായങ്ങളും
മലയാളിയെ വരവേറ്റ ആഘോഷമായി
'വിഷു' പണ്ടുണ്ടായിരുന്നു പോല്‍
ഇപ്പോള്‍ തമിഴര്‍ തന്‍ കണിക്കൊന്നയും
രിയും ആണെങ്കിലും വിഷു
ഉണ്ടത്രേ മലയാളിക്ക് സ്വന്തമായി
ആഘോഷങ്ങള്‍ എന്നും പ്രിയപ്പെട്ടവയായ്
നിലകൊള്ളുന്നു മലയാളിയ്ക്ക്..
എന്നാല്‍ ആഘോഷ രീതികള്‍
കാല ദേശ വ്യതിയാന സൂചികള്‍
പാശ്ചാത്യ രീതിയ്ക്ക് വശംവദരായി നാം
ആഘോഷരീതികള്‍ കടം കൊണ്ട് പോരുന്നു
ചുരുക്കിപ്പറഞ്ഞു ചുരുട്ടി എടുത്താല്‍..
വീണ്ടും ഒരായിരം വിഷു ആശംസകള്‍
നേരുന്നു ഞാനും വൈദേശിക ഭാവത്തില്‍
"ഹാപ്പി വിഷു"

എലിക്കഥ

അന്തിയ്ക്കു വാനിങ്കലീശന്‍ കൊളുത്തിയോ-
രേണാങ്ക ബിംബം പ്രഭ ചൊരിഞ്ഞീടവേ
കുഞ്ഞു മനസ്സിന്‍റെ കോണുകളൊന്നിലായ്
കൂടൊന്നു കൂട്ടിയോ ദു:ഖവും ഭീതിയും

വന്നു ചേര്‍ന്നില്ല അമ്മയിന്നിഹ
ഒറ്റയായ്പ്പോകുമിച്ചെറു പൈതലും
കഠിനമെന്‍ പൈദാഹ നിവൃത്തി വരുത്താനായ്‌
ഒരു വഴിതേടിപ്പോയതാണമ്മയും
ഇയ്യൊരു പകലന്തിയ്ക്കു കീഴ്പ്പെട്ടി-
ട്ടിത്രനേരം കഴിഞ്ഞു പോയിട്ടും
എന്‍ വയറെരിയുകയാണ്;
ഒന്നുമേയില്ലിതില്‍, കാലിയാണല്ലോ

ഇക്ഷണമല്ലടുത്തക്ഷണമമ്മ
ഭക്ഷണവുമായ് വന്നിടുമെന്നോര്‍ത്ത്
കത്തിക്കയറുകയാണ് വിശപ്പുമേ
സര്‍വ്വ നിയന്ത്രണ രേഖയും മായുന്നു

പകലിന്‍റെ രാജാവ് പോയ്ക്കഴിയാതൊട്ടു
പടികടക്കാറില്ലമ്മയും സ്വതവേ
ഇന്നിക്കുരുന്നു കരഞ്ഞു പറഞ്ഞിട്ട്
പോയതാണമ്മയും, വൈകുന്നതെന്തേ?
ഭീകരകുലമാകെ ആകുലപ്പെട്ടിട്ടു, വാഴും
പുറം ലോകടര്‍ക്കളത്തിലെന്നമ്മ
ധീരതയോടെപ്പലരോടുമേറ്റു-
വേണമിന്നു വയറു നിറയ്ക്കുവാന്‍
ചിന്തിച്ചതില്ലപകട മാര്‍ഗ്ഗങ്ങള്‍
വെന്തുരുകുന്നു, കുറ്റ ബോധത്താലിപ്പോള്‍
കുഞ്ഞു വയറു വിശന്നു കരയുമ്പോള്‍
അമ്മയോര്‍ക്കുമോ രണ്ടാമതൊന്നു?

വലിയോരീ വീട്ടിലെച്ചെറു മാളമിതില്‍
കിടന്നു കരയുക, എന്‍ ദുര്‍വിധി..
അശുഭ ചിന്തകള്‍ മനസ്സില്‍ നിറയുമ്പോള്‍
അറ്റമില്ലാതവ പാറിപ്പറക്കുന്നു
അമ്മ കൌശലക്കാരിയാണെന്നത്
നിത്യമറിയുന്ന സത്യമാണെങ്കിലും
അപഥ മാര്‍ഗ്ഗേ മനസ്സ് കുതിക്കുന്നു
ചപലതയെപ്പഴിക്കുകയാവാം
ഇങ്ങനെപ്പലതും ചിന്തിച്ചു പേടിച്ചു
എങ്ങനേയോ മയങ്ങിപ്പോയീടവേ

മാള വാതിലിന്‍ മറയിളകുന്നത്
കേട്ട് പെട്ടന്ന് ഞെട്ടിയുണര്‍ന്നു ഞാന്‍
മാര്‍ജ്ജാര വംശത്തിലെപ്പേരു കേട്ടാരോ
മൂഷിക മാംസം കൊതിച്ചു വരവതോ?
ഉരഗ വര്‍ഗ്ഗത്തിലെപ്പുതു നാമ്പുകളെന്തോ
ആര്‍ത്തിയോടെപ്പരതി വരുന്നതോ?
അപ്പോഴെന്‍ പേടിയിരട്ടിച്ചു പോയി
കണ്ണിലിരുട്ട്‌, മെയ്യനങ്ങാതെയായ്

മിഴികളില്‍ നനവാര്‍ന്ന നീരു വീണീടവേ
സുഖദമാം മണമൊന്നു അലയടിച്ചീടുന്നു
പുഞ്ചിരി തൂകി അമ്മയും, മുന്നിലായ്
ചുട്ട തേങ്ങയും ശര്‍ക്കരപ്പൊട്ടും
നിര്‍വൃതി കൊണ്ടമ്മയേകിടും വേളയില്‍
നൊട്ടി നുണഞ്ഞു കൈനക്കി ഞാനും

ഇങ്ങനെ ബുദ്ധി മുട്ടുന്നോരമ്മയാണ-
ക്കെണിയിലെന്ന് നാം ഓര്‍ക്കുമോ?
സ്വാര്‍ത്ഥതയോടെ നാം കൊന്നൊടുക്കുന്നോരോ
ജീവികള്‍ക്കെല്ലാം പല കഥയുണ്ട് പറയുവാന്‍

2011, ഏപ്രിൽ 14, വ്യാഴാഴ്‌ച

ജീവിതം

കുതിച്ചു ചാടാന്‍ കൊതിച്ച, ബാല്യം
കടിച്ചു കീറാന്‍ തിളച്ച, കൌമാരം
ലയിച്ചു ചേരാന്‍, ഉറച്ച യൌവ്വനം
പുതച്ചുറങ്ങാന്‍, വിറച്ച വാര്‍ധക്യം

2011, ഏപ്രിൽ 10, ഞായറാഴ്‌ച

കൈകേയി

രാമ, നിന്‍ വദനമെന്നുള്ളില്‍ തെളിയുമ്പോള്‍
ചുഴറ്റിയടിക്കപ്പെടുന്നീ ശ്ലഥ മാനസം
അന്‍പോടെ നിനക്കേകിയ മുലപ്പാല്‍
ഇപ്പോഴും കിനിയുന്നു സ്മൃതിമണ്ഡലത്തില്‍
നിന്‍കിളിക്കൊഞ്ചല്‍ കേട്ടഞ്ചിതയായതും
പഞ്ചാമൃതം കുഞ്ഞു വായില്‍പ്പകര്‍ന്നതും
സോദരുമൊത്തു നീ കളിയാടിയിരവിന്‍റെ
വരവിലാ മലര്‍വനം വിട്ടു വരുന്നതും
ഒരു പിടി ഓലകള്‍ ഞൊടിയിട കൊണ്ടു നിന്‍
ധിഷണ തന്‍ മൂശയില്‍ ഒളിപ്പിച്ചു വെയ്പ്പതും
സത്യവും നീതിയും സ്നേഹവുമെല്ലാര്‍ക്കും
പക്ഷപാതരഹിതേന ചൊരിവതും
സീതാസ്വയംവര ദിനത്തിലതി ലാഘവ-
ഭാവത്തിലാ ത്രയംബകം ഒടിച്ചതും
ജനകതനയതന്‍ തിരുനെറ്റിയില്‍ നീ
രഘുകുല പൊന്‍സൂര്യബിംബംവരച്ചതും
ഒക്കെയിന്നലെ കണ്ടൊരു സ്വപ്നം പോല്‍
പാപിതന്‍ മനതാരില്‍ നിത്യമെരിയുന്നു
ഓര്‍മ്മകള്‍, ശുഭ്രമാം ഓര്‍മ്മകളിലിന്നും
കൈകേയി മാതാവ് വീണു കിടക്കുന്നു

രത്നാലലംകൃത യുവരാജസിംഹാസനം
മിഴികളില്‍ തെളിഞ്ഞോരാ അഭിശപ്തനിമിഷത്തില്‍
സാകൂതം സാകേതമണഞ്ഞോരാ മന്ഥര
ഓതിയ വാക്കില്‍ കുരുത്ത ദുര്‍ബുദ്ധിയില്‍
അന്നോളമോമനെയെക്കാള്‍ പ്രിയനാകും രാഘവ,
നിന്നെ തള്ളിപ്പറഞ്ഞു ഈ മാതാവും
" പണ്ട് ദശരഥ നൃപനെ യുദ്ധത്തിങ്കല്‍
കാത്തു രക്ഷിച്ചോരാ സ്ത്രീ രത്നമാണ് നീ
അതിനൊരു പ്രതിഫലം കാലമേറെക്കഴിഞ്ഞി-
പ്പൊഴീവേളയില്‍ ചോദിക്ക വേണ്ടയോ?
നിന്‍ വില എന്തെന്നു രാജനറിയുവാന്‍
ഇതില്‍പ്പരമൊരവസരം വരികയില്ലിനിയറിയൂ"
മന്ഥര പിന്നെയും വിഷമോലും വാക്കുകള്‍
പങ്കില മാനസേ ഓതി നിറയ്ക്കവേ
എന്‍ ഹതചേതന പിടയുന്ന നേരത്തു
ഭീകര ശപഥവും ചെയ്യിച്ചാ 'മഹതി'

"ഭരതനീ സിംഹാസനത്തിലിരുന്നിട്ടു
ഭരിക്കുമീ അയോധ്യ"യെന്നോതി ഞാന്‍

ഭരതനെ യുവനൃപനായി വാഴിക്കേണം
രാഘവനെപ്പറഞ്ഞയക്കണം കാട്ടില്‍
പതിന്നാലു സംവത്സരം ഇതിനാലെ
രാമചന്ദ്രന്‍ അലഞ്ഞീടണമതു നിശ്ചയം
കഠിന ശപഥത്തിന്‍ വാര്‍ത്ത ശ്രവിച്ചിതാ
ദശരഥ നൃപനിന്നു ബോധരഹിതനായ്
കൌസല്യ സൌമിത്രാദികളും ഞെട്ടി-
പ്രതിമ കണക്കെ നിശ്ചലരായി
യുവരാജ ലബ്ധിയില്‍ ശിഥിലമാക്കപ്പെട്ട
മനവുമായ്‌ ഭരതനും മിഴികള്‍ നിറച്ചുവോ?
തെറ്റായിയെന്‍ നാവു പറഞ്ഞതില്ലൊന്നും
ഏറ്റവും ശുഭാകാര്യമാണെന്നുമായ്
മന്ഥര പിന്നെയും പിന്നാലെ വന്നിട്ട്
വിഷവാക്കിനാല്‍ അഗ്നിജ്വാല തെളിയിപ്പൂ

ഏറ്റവും വേദനയുളവാക്കും വാര്‍ത്തയും
ഏറ്റം അചഞ്ചലചിത്തനായ് കേട്ടു നീ
അച്ഛന്‍റെ അമ്മയുടെ ഈയുള്ളവളുടെ
കാല്‍ക്കല്‍ വീണനുഗ്രഹാര്‍ത്ഥമപ്പോള്‍
ആജ്ഞകളേവം ശിരസാ വഹിച്ചിട്ടു
ഏകനായ് കാനനം പുക്കാനൊരുമ്പെട്ടു
സീതയും ലക്ഷ്മണ സോദരനുമപ്പോള്‍
അനുഗമിച്ചിടും നിന്നെയെന്നോതി
അപ്പോഴും നിന്‍മുഖം വിളങ്ങി നിന്നീടിനാന്‍
വെണ്‍ ചന്ദ്രികയിലീ കൊട്ടാരമെന്ന പോല്‍

എന്തേയെന്‍ മകനേ തവ ജിഹ്വയപ്പോഴും
മൌനത്തെയൊരു മാത്ര ഭഞ്ജിച്ചതില്ല?
നിന്‍ നയന യുഗ്മങ്ങളപ്പോഴും
ഒരു കണ്ണുനീര്‍ത്തുള്ളി പോലുമണിഞ്ഞില്ല?
പെട്ടന്നു കുരുത്തോരാ അഗ്നിച്ചിറകുകള്‍
മെല്ലെമെല്ലൊന്നു കെട്ടടങ്ങീടുമ്പോള്‍
കൊട്ടിയടച്ചോരീ കിളിവാതിലിന്നുള്ളില്‍
ഉരുകുകയാണിയമ്മതന്‍ മാനസം

പതിന്നാലു സംവത്സരവും നിന്‍ തിരു-
നാമ ജപമാവും നിത്യമെന്‍ സാധന
തീരാത്ത ദുരിതക്കയത്തിലേക്കിന്നു നീ
ധീരനായ്‌ പോകാനൊരുങ്ങയോ മമ രാമാ..

നന്‍മതന്‍ നിറകുടമായ പുരുഷോത്തമാ
വെല്‍ക നീ കല്പാന്തകാലം വരേയ്ക്കും
കൈകേയി മാതാവു മടങ്ങുന്നു മകനേ
വയ്യ നിന്‍ പാദങ്ങളകലുന്ന കാണാന്‍
തേജസ്സു കലരുന്ന നിന്‍ രൂപമെന്നും
ചിത്തത്തിലോര്‍ത്തു പിന്തിരിയുന്നു ഞാന്‍
ഒരുമാത്ര നീയീ അമ്മയെ നോക്കരുത്
സുധീരയായ് തന്നെ പോവട്ടെ ഞാനിനി

2011, ഏപ്രിൽ 9, ശനിയാഴ്‌ച

പ്രണയ വിചാരങ്ങള്‍

പ്രണയം മഴയായ് പെയ്തിറങ്ങുമ്പോള്‍
ഒരു കുട ചൂടി നീ അതിനെ പ്രതിരോധിക്കുന്നു

വെളിപ്പെടുത്താനാവാത്ത പ്രണയങ്ങള്‍
ജീവവായു പോലെയാണ്

നിനക്കുതരാന്‍ ഒരു കൂട പൂക്കളില്ല..
ഒരു പൂമരം പകരം തരട്ടെയോ?

പ്രണയത്തിനു കണ്ണില്ല; കാതില്ല;
മനസ്സും ശരീരവും മാത്രം


നിന്‍റെ കണ്ണുകള്‍ക്കിത്ര ആകര്‍ഷകതയുണ്ടെന്നു ഞാന്‍ അറിഞ്ഞില്ല...
എന്‍റെ നോട്ടങ്ങള്‍ക്കും...

പറയാതെ പറയുന്ന പ്രണയങ്ങള്‍
ഒരു പേമാരിയായ് വന്നു നിറയുന്നു
പറഞ്ഞറിയിച്ചവയാകട്ടെ
മിന്നലു പോല്‍ നൈമിഷികവും

വാചാലതയ്ക്കും നിശബ്ദതയ്ക്കും ഇടയില്‍
എവിടെയോ ആണ് പ്രണയം

ഏകാന്തത തേടി ഞാന്‍ അലഞ്ഞപ്പോള്‍
നീ അത് വിറ്റു കാശാക്കുകയായിരുന്നു

നിന്‍റെ ഒരു മറുപടിക്കായി എന്നേക്കാള്‍
കൊതിയോടെ ഒരാളിരിപ്പുണ്ട്
'എന്‍റെ സെല്‍ഫോണ്‍'
നിരാശരാക്കരുത് ഞങ്ങളെ..

കണ്ടുമുട്ടുന്ന ഓരോ പെണ്‍കുട്ടിയിലും
ഞാന്‍ അന്വേഷിക്കുന്നത് നിന്‍റെ മുഖമാണ്
ആരിലും ആ മുഖം കാണുന്നില്ല
എന്‍റെ പ്രണയവും നഷ്ടപ്പെടുന്നുവോ?

നിറവും മണവും ഉള്ളതാണ് പ്രണയം
അത് ചോരയുടെതാണെന്നു
ഇന്നലെ ഞാന്‍ മനസ്സിലാക്കി

പ്രണയത്തിന്‍റെ അവിഭാജ്യ ഘടകമാണ് ഏകാന്തത;
ഏകാന്തതയുടെതാകട്ടെ പ്രണയവും

എന്‍റെ കൈകള്‍ ഇത്ര ശക്തമാണെന്ന് നീ അറിഞ്ഞിരുന്നില്ല
നിന്‍റെ കുപ്പിവളകള്‍ ഉടയുന്നതുവരെ
നിന്‍റെ അസാന്നിധ്യം എത്ര അസഹ്യമാണെന്ന് ഞാനും...
എന്‍റെ ഹൃദയം തകരുന്നതുവരെ..

ഇന്നലെ ഇടവഴിയില്‍ കണ്ടപ്പോള്‍
നിന്‍റെ നിറം ശുഭ്രമായിരുന്നു
ഇന്നെനരികില്‍ ചുവപ്പായി
നീ എങ്ങനെ മാറി?

സ്നേഹമേ നീ എന്‍റെ മനസ്സില്‍
മയിലിനെപ്പോലെ നൃത്തമാടുക
പ്രണയത്തിന്‍റെ മഴക്കാലമിതാ
സമാഗതമായിരിക്കുന്നു

പൂത്തുലഞ്ഞ കൊന്നച്ചുവട്ടില്‍
ആദ്യമായ് നാം ഒന്നിച്ചിരുന്നതും
ഇലകള്‍ കൊഴിഞ്ഞ തേക്കിനടിയില്‍
അവസാനം കണ്ടു മുട്ടിയതും
വെട്ടിമാറ്റിയ മാവിന്‍ കുറ്റിമേല്‍
വെറുതേയിങ്ങനെ ആലോചിച്ചിരുന്നു ഞാന്‍

പ്രണയം മഴവില്ല് പോലെ നിറമുള്ളതാണ്..
ഞാന്‍ വിയോജിക്കുന്നു..
പ്രണയത്തിനൊറ്റ നിറമേ ഉള്ളു
അത് പ്രണയമാണ്

നിന്നെക്കാത്ത് വഴിയരികില്‍ നില്‍ക്കുന്ന
നിമിഷങ്ങളാണ് എനിക്കേറ്റവുമിഷ്ടം

പ്രണയത്തീയില്‍ വെന്തെരിഞ്ഞ നിന്‍റെ മണം 
എന്‍റെ സിരകളെ ഭ്രാന്തുപിടിപ്പിക്കുന്നു

ആലിലകളും നീയും ഒരുപോലെയല്ലേ?
കാറ്റിന്‍റെ നേര്‍ത്ത ചലനത്തില്‍
ആലിലകള്‍ വിറ കൊള്ളുന്നു ..
എന്‍റെ മൃദു സ്പര്‍ശനങ്ങളില്‍ നീയും

പ്രണയമാണ് എന്‍റെ ആരാധനാലയം
നീ അതിലെ ദേവിയും

നീ ഓടി അകലുമ്പോള്‍ പാദസ്വര കിലുക്കം
എന്നെ അസ്വസ്ഥനാക്കുന്നു
അരമണിക്കിലുക്കം എന്നെ നിന്‍റെ മുന്നിലെത്തിക്കുന്നു
പറയൂ..നിന്നെക്കാള്‍ വേഗത എനിക്ക് തന്നെയല്ലേ?

എന്‍റെ പ്രണയസന്ധ്യകളില്‍
നിന്‍റെ ഓര്‍മ്മകള്‍ ഉണ്ടായിരുന്നു
നിന്‍റെ ഓര്‍മകളില്‍ എപ്പോഴെങ്കിലും
നമ്മുടെ പ്രണയ സന്ധ്യകളുണ്ടായിരുന്നോ?

വേണ്ടാത്ത ചെയ്തികളില്‍ ഞാന്‍ മുന്നിലായിരുന്നു
ചെയ്യിക്കുന്നതില്‍ നീയും

എനിക്കൊന്നു പൊട്ടിക്കരയണം
നിന്‍റെ മുന്നില്‍...
സര്‍വ്വ പാപങ്ങളും ഏറ്റു പറഞ്ഞ്‌

2011, ഏപ്രിൽ 6, ബുധനാഴ്‌ച

ഗോപാലക പാഹിമാം

പയ്യിന്‍റെ പിന്നാലെ കോലും കൊണ്ടോടുന്ന
പയ്യനാം നിന്‍ രൂപമോര്‍ത്തു ഞാനും
പയ്യെന്ന പോലിന്നു പായുന്നീയുള്ളത്തെ
നീയൊന്നാ കോലോണ്ടു കാത്തീടണേ

ദേവകീ നന്ദനാ വാസുദേവാ മമ
തേവരേ നിന്നെ ഭജിപ്പു നിത്യം
ക്ലേശങ്ങളാകിന പാശങ്ങളൊക്കെയും
ഈശല്‍ കൂടാതങ്ങു നീക്കീടണേ