Powered By Blogger

2022, ഡിസംബർ 31, ശനിയാഴ്‌ച

പുതിയ കൊല്ലം പഴയതെല്ലാം

ഒന്നേവേണ്ടു ദിനം തിരിച്ചറിയുവാൻ കാപട്യമീയാണ്ടിനു-

ണ്ടൊന്നാംമാസമതായി ജാന്വരി തുടർന്നെല്ലാം മുറയ്ക്കെന്നുമേ

എന്നാലും ജനമാഗ്രഹിപ്പു പുതുതായെന്തെങ്കിലും കാണുമെ-

ന്നെന്നുള്ളോരു ശുഭപ്രതീക്ഷ വെടിയാതാഘോഷവും ചെയ്തിടും

പുതുവർഷപ്പഴമ

പുതുവർഷമണിഞ്ഞൊരുങ്ങിവ-

ന്നിതുപോലെപ്പലവട്ടമെങ്കിലും

പുതുമയ്ക്കു തിളക്കമറ്റിടാൻ 

മതിയത്രേ ദിനമൊന്നു പാരിതിൽ 

ദിനാന്ത്യം

മാനത്തെക്കിളിവാതിലിന്നിടയിലൂ

ടാദിത്യനെയ്യും ശരം

സ്ഥാനത്തേറ്റുടലാകെയാത്ത പുളക

ച്ചാർത്തേൽക്കുമെന്നാകിലും

മാനിയ്ക്കാതവനാഴിമങ്ക പകരും

രാഗംകൊതിപ്പെന്ത,ഹസ്-

കന്യയ്ക്കിന്നുമറിഞ്ഞതി,ല്ലിരുളക

ത്തേറുന്നു മായുന്നവൾ







2022, ഡിസംബർ 26, തിങ്കളാഴ്‌ച

തുമ്പ

പാടത്തും തൊടിയിങ്കലും തകൃതിയായ്

പൂവിട്ടു പൂത്തുമ്പികൾ-

ക്കാടൽച്ചൂടുകൾ നീക്കി തേൻ ചൊരിയുമാ

പൂക്കൾക്കിടയ്ക്കേറെ ഞാൻ 

തേടീ നിൻ സിതമന്ദഹാസ,മെവിടെ

പ്പോയ് നീയൊളിച്ചൂ, മലർ-

ക്കാടിന്നോമനയായ തുമ്പമലരേ,

തേടേണ്ടതെങ്ങാണിനി!

എണ്ണാം പാടാം

ഒന്ന് രണ്ട് മൂന്നെണ്ണി

തുമ്പികൾ പൊങ്ങീ മാനത്ത് 

നാല് അഞ്ച് ആറെണ്ണി

പൂക്കൾ വിരിഞ്ഞു മുറ്റത്ത് 

ഏഴ് എട്ട് ഒമ്പതെണ്ണി

തുമ്പികൾ പൂവിലിരിപ്പായി 

പത്തെന്നെണ്ണിത്തീരുമ്പോൾ

പൂന്തേനുണ്ടവ പാറിപ്പോയ്

2022, ഡിസംബർ 24, ശനിയാഴ്‌ച

How old are you..??

പ്രായമെന്തു വെറുമ,ക്ക,മീയഭി-

പ്രായമാർന്നു നടനം പഠിച്ചവർ

ആയർനാരിസമമാടിടട്ടെ ,നാ

രായണന്റെ തിരുമുമ്പിലഞ്ജസാ


(ഭാരതനാട്യം അരങ്ങേറ്റത്തിന് ഒരുങ്ങുന്ന വല്യമ്മയ്ക്ക്..പ്രായം 67കഴിഞ്ഞിട്ടേള്ളൂ )

2022, ഡിസംബർ 23, വെള്ളിയാഴ്‌ച

മൂകാംബിക യാത്ര

ആ,രാ, വശ്യകടാക്ഷമേറ്റു പുളകം കൊള്ളാതിരിയ്ക്കാത്തതാ-

യാരാ ശീതള സാന്ത്വനത്തണലിനാ യല്പംകൊതിയ്ക്കാത്തതായ്

പേരാർന്നക്ഷരമാലമാറിലണിയും കൊല്ലൂരിലെദ്ദേവി,യെൻ

പേരെന്നാണു നറുക്കെടുപ്പ്, വരുവാൻ പുണ്യം കുറഞ്ഞോ മമ 

കൈത്താങ്

വാശിപൂണ്ടു കലി വേഗമോടെതിരെവന്നു

പോർവിളി മുഴക്കവേ

ക്ലേശമേറിടുകയാണെതിർക്കുവതിനില്ല,

മേ ബലമൊരല്പവും

മോശമാണുനില,വീണുപോവതിനുമുമ്പു

രക്ഷയരുളീടുവാൻ

കേശവാ! വരിക ചക്രശംഖഗദയേന്തി

യെന്നരികിലിക്ഷണം 

2022, ഡിസംബർ 19, തിങ്കളാഴ്‌ച

അർജന്റീന vs ഫ്രാൻസ് WC22 ഫൈനൽ

കല്പാന്തം വരെയോർത്തുവെച്ചു പറയാ,

നൊക്കുന്ന രംഗങ്ങളാൽ

കാല്പന്തിൻ മഹിമാവുചേർത്ത കളിത,

ന്നന്ത്യം വരെക്കാൺകയാൽ 

ഇപ്പോഴും സ്ഥിരനെഞ്ചിടിപ്പു തുടരാ,

നാകാതെ വീർപ്പിട്ടു താൻ

നിൽപാണാളുക,ളാരുവെന്നതിവിടെ,

ത്തോറ്റില്ലൊരൊറ്റാളുമേ!



2022, ഡിസംബർ 10, ശനിയാഴ്‌ച

അർജന്റീന vs നെതർലാന്റ് WC 22

ഹന്ത! മത്സരമതിൻഗ്ഗതിയ്ക്കു
വളവിത്രയും വരിക സാധ്യമ-

ല്ല,ന്തമറ്റിഹ മിഴിച്ചുനിന്നു കളി കണ്ട
മാനവരതൊന്നുപോൽ

സ്വന്തമാക്കിയ ജയം തുലച്ചെതിരി യൊപ്പമെത്തി, യവസാനമ-

ത്യന്തമൂർജ്ജമൊടു പന്തടിച്ചു കളി യർജ്ജി നേടി, കരഘോഷമായ് 

ബ്രസീൽ vs ക്രൊയേഷ്യ WC22

പാവന സ്മരണ ചൊല്ലി വൈരിയെ

യടക്കുമെന്നശപഥത്തിനാ-

ലാവനാഴിയതൊഴിച്ചു കേമത നടിച്ചു

കാനറികളെങ്കിലും

ഭാവഭേദമിയലാ ക്രൊയേഷ്യ പൊരുതി

ക്കരേറി, കളി കാര്യമായ്

ചാവെടുക്കുവതിനായണഞ്ഞു മരണം

വരിച്ചഹഹ കാനറി!

2022, ഡിസംബർ 7, ബുധനാഴ്‌ച

ബ്രാഹ്മണ്യം സമസ്യ: കലാവിശാരദനു കൈതൊഴാം

ചെപ്പു പന്തു ചില ചീട്ടുവിദ്യ,
വെടിയുണ്ടകൊണ്ടുകളിയേറെ,ത-

ന്നൊപ്പമുള്ളവരെ മൂടിവെച്ചു തിരികേ വരുത്തുവതു വേറെയും

ഇപ്പറഞ്ഞ പലസൂത്രമിങ്ങു
മലയാളികണ്ടുപുളകാർദ്രരായ്

നിൽപ്പതിന്നു വഴിയിട്ട മാന്ത്രികകലാ വിശാരദനു കൈതൊഴാം


സ്പെയിൻ vs2മൊറൊക്കോ WC22

കുറിയ കാൽമറി (1) കൊണ്ടു കളിക്കളം

നിറയുമാസ്പെയിനിന്നു മുഴുക്കെയും

മുറകളെത്ര പയറ്റി, മൊറോക്കൊയോ

വിറപെടാതെ തടുത്തവയൊക്കെയും


നിയതവും പുറമേയധിനേരവും

നിയതി പോലിരുവൈരികളും മുദാ

പൊരുതി, ഗോളതകന്നു , മുഖാമുഖം

തിരനിറച്ചടിയഞ്ചു (2) തുടങ്ങി ഹാ!


സുമേരുവെന്നപോലെയാ മൊറോക്കൊ ഗോളി നിൽക്കവേ,

അമർന്നു പോയി കേമരാം
സ്പെയിൻ,കരുത്തു ചോർന്നഹോ

അമാനുഷൻ, അതീന്ദ്രിയൻ,
മൊറോക്കൊകണ്ട ധീരരിൽ

പ്രമാണി, ബോണൊ (3), നിങ്ങളാണ
തിങ്കലില്ലസംശയം


1.tiki-taka
2. Penalty shootout
3. മൊറൊക്കോ ഗോളിയുടെ പേര് 

2022, ഡിസംബർ 6, ചൊവ്വാഴ്ച

ജപ്പാൻ vs ക്രൊയേഷ്യ WC22

 കനത്ത പോരാട്ടമൊടക്രൊയേഷ്യൻ

നസ്സിനെപ്പാടെയുലച്ച ജപ്പാൻ

പെനാൽറ്റിയിൽത്തട്ടിയൊടുങ്ങി കഷ്ടം

നിനക്കിലിന്നിക്കളി നിർദയം താൻ 

2022, ഡിസംബർ 3, ശനിയാഴ്‌ച

അമേരിക്ക vs നെതർലന്റ് WC22

ഓറഞ്ചിന്നല്ലി പേറും മധുരിമ

നുണയാനാശയാൽ തോലടർത്താ-


നേറേനേരം പണിപ്പെട്ടൊരു ചെറുതുളയൂ

യെസ്സുതീർത്തപ്പൊഴേയ്ക്കും 


നീറും നീർത്തുള്ളി വീണിട്ടിരു മിഴിയു

മെരിഞ്ഞുള്ളു കത്തും കണക്കാ,-


യാറീ മോഹം കഴിയ്ക്കാ, നതിനിടെ

ഫലവും കൊണ്ടു ഹോളണ്ടുപോയി

2022, നവംബർ 29, ചൊവ്വാഴ്ച

പോർച്ചുഗൽ vs ഉറുഗ്വേ WC22

ഉടുത്തുകെട്ടിവന്നുറുഗ്വയെ
പ്പിടിച്ചുകെട്ടുവാൻ

തൊടുത്തു പോർച്ചുഗീസുകാർ
കടുപ്പമേറുമമ്പുകൾ

ഒടുങ്ങിടാത്ത വീര്യമോടെ
യങ്കമേറ്റുശത്രു ഹാ!

നടുങ്ങിവീണു ബോധമറ്റടർക്കള ത്തിലിങ്ങിതേ

വാഴ്വേമായം

ഒട്ടേറെജ്ജനനീ സ്തനം പലയുഗം മുത്തിക്കുടിച്ചിട്ടുമെ-

ന്നിഷ്ടം വിട്ടൊഴിയുന്നതില്ല, ശിശുവായിന്നും രമിക്കുന്നു ഞാൻ

കട്ടക്കയ്പ്പുരസം പുരട്ടി വിധി തൻ സ്തന്യം തരും നേരവും

നൊട്ടുന്നൂ കൊതിയോടെ, ജന്മമിനി ഞാൻ പുൽകീടുമോ തീരുമോ 

നെതർലൻഡ് vs ഇക്വഡോർ WC22

വീരോചിതം പൊരുതിയിന്നു  കളിക്കളത്തിൽ


തീരാത്തതാം വിജയദാഹമൊടി
ക്വഡോറി

തീരം സുരക്ഷിതമതാക്കി സമം
പിടിച്ചാ-

നോരോകളങ്ങളിലുമാളെ നിറുത്തി ഹോളണ്ട് 

ഘാന vs സൗത്ത് കൊറിയ WC 22

രണ്ടു വൻകരകൾ കൂട്ടിമുട്ടിയിടറി ത്തെറിച്ച ചില മുത്തുകൾ

കൊണ്ടുവന്നു പുളകം കളത്തിലിഹ ഘാനസൗത് കൊറിയ മത്സരം

കണ്ടു തൃപ്തിയടയുന്നമാത്ര ചെറു മോഹമെന്റെയകതാരിലാ-

യുണ്ടു ഭാരതപതാകയിക്കളിഗൃഹ
ത്തിലാടുവതു കാണുവാൻ 

2022, നവംബർ 28, തിങ്കളാഴ്‌ച

അർജന്റീന vs മെക്സിക്കോ WC22

പുലി പതുങ്ങുവതെന്തിനു ശക്തിയോ-

ടലറി വേഗത കൂട്ടിയെതിർക്കുവാൻ

ഉലകരർജ്ജിയിലിസ്ഥിതികണ്ടു പോ-

ലരിയെ വെന്നിരയാക്കിയ കേളിയിൽ 

ഫ്രാൻസ vs ഡെന്മാർക് WC22

ഫ്രഞ്ചു വിപ്ലവവീര്യമോടെയിരച്ചു കേറിയ നേരമ-


ങ്ങിഞ്ചിനിഞ്ചുവിടാതെതിർത്തരി
ഡാനിഷർ സമമെത്തവേ

നെഞ്ചുറപ്പൊടു വന്ന വീരനൊരാളു ബൂട്ടുകളാലെ വൻ

പഞ്ചൊരെണ്ണമതങ്ങുതാങ്ങിയതേറ്റുഡാനിഷു വീണു ഹാ!

2022, നവംബർ 25, വെള്ളിയാഴ്‌ച

ബ്രസീൽ vs സെർബിയ WC22

അരിവിമർദ്ദന പാടവമേറിടും

പെരിയ ശക്തിയെഴുന്നവരാം ബ്രസീൽ

ഒരുമയോടെ കളിച്ചു, പരാജയ-

ക്കരിപുരണ്ടു വലഞ്ഞിതു സെർബിയ

പോർച്ചുഗൽ vs ഘാന WC22

നിരന്നു മികവോടു പോർച്ചുഗ,ലതി ന്നുചേരുന്ന പോൽ


പരന്നൊളി പകർന്നു ഘാന, കളി
കേമമാവുന്നിതാ

തരത്തിലിരുകൂട്ടരും വലകുലുക്കെ,
യാവേശമോ

പെരുത്തു, ജയവീഥിയിൽ,ക്കളി പറ ങ്കിനേടീ സഖേ


2022, നവംബർ 24, വ്യാഴാഴ്‌ച

സ്പെയിൻ vs കോസ്റ്ററിക്ക WC 22

ഉറച്ച ലക്ഷ്യബോധവും മികച്ച പന്തടക്കവും

നിറഞ്ഞൊരസ്പെയിൻ കളംപിടിച്ചു
കേളിയാടവേ

തുറന്നു വെച്ചു കോസ്റ്ററിക്ക ഗോൾമുഖം സദാ, അതിൻ

കുറഞ്ഞ ശിക്ഷയേഴുഗോളുവാങ്ങി
രക്ഷ നേടിനാർ

ജർമനി vs ജപ്പാൻ WC 22

സുനാമി പോലിരമ്പിയാർത്ത ജർമ്മരെത്തടുക്കുവാൻ


കനത്ത കോട്ടകെട്ടിടുന്നതിന്നിടയ്ക്കു ജാപ്പനീസ്

അനന്യ ധൈര്യമോടെ വീശിടുന്നതാം വലയ്ക്കകം

മനസ്സു പോലെ രണ്ടുകൊട്ട മീൻ
കിടച്ചതദ്ഭുതം

2022, നവംബർ 23, ബുധനാഴ്‌ച

അർജന്റീന vs സൗദി അറേബ്യ 2022 wc

എൺപത്താറിനു ശേഷമെത്ര തവണ പ്പോരാടിയൂർജ്ജസ്വലം


കാൽപ്പന്തിൻ മഹിമയ്ക്കുചേർന്ന വിധമീ ലാറ്റിൻ പുലിക്കുട്ടികൾ

ആ പാദങ്ങളെ വേട്ടയാടി കഴുകൻ കൂട്ടങ്ങളാം സൗദി, ഹാ!

ശാപഗ്രസ്തദിനം മറക്ക, പൊരുതാം വീറോടെ മുന്നേറിടാം 

2022, ഒക്‌ടോബർ 30, ഞായറാഴ്‌ച

തുഴ

തുളവീണൊരു തോണിയേറി ഞാ-

നിളയാമാഴി നടുക്കിലേകനായ്

വളരും ഭയമോടു പോകയാ-

ണളിവർണ്ണാ! തുണവേണമെപ്പൊഴും


പലപാടു തുഴഞ്ഞു രക്ഷയി-

ല്ലലറും കോളിലുലഞ്ഞു വഞ്ചി മേ 

നിലയറ്റു കടൽക്കു താഴുമീ

നില! കണ്ണാ! തുണവേണമെപ്പൊഴും


ഉരുഗർവ്വമുറച്ച കാരണം

തിര കാറ്റെന്നിവയെണ്ണിയില്ല ഞാൻ

പരമിന്നു തപിച്ചു ചൊല്വു നിൻ

തിരുനാമം,  തുണവേണമെപ്പൊഴും


കുലമേന്മ ധനാദിധാടിയും 

ബലമേറും തുഴയല്ലറിഞ്ഞിതേ

വിലയുള്ളൊരു  ദണ്ഡു നീ ഹരേ 

നലമോടെത്തുണവേണമെപ്പൊഴും



മദമേറിന ലഹരീനിര വഴിമൂടിയസമയം


കദനച്ചുഴി നടുവിൽദ്ദിശയറിയാതിനി തുഴയാൻ


ഹൃദി മേ നഹി ബല,മീയുരു മറുതീരമ തണയാ-


നുദധീ ഗൃഹമമരും ഹരി തുണയേകണ മനിശം! 


2022, സെപ്റ്റംബർ 20, ചൊവ്വാഴ്ച

ക്ഷണം

കടുതരവിഷമോലും കാളിയ

പ്പത്തിയിൻമേ-

ലിടതടമുറിയാതെത്തുള്ളിയോനെ

ക്കിടച്ചാൽ

ചൊടിയൊടുമനമേറീട്ടാട്ടമാടാൻ

ക്ഷണിക്കാ-

മടിമലരിണയേകും നൽ ചവിട്ടാ

സ്വദിയ്ക്കാൻ

2022, സെപ്റ്റംബർ 18, ഞായറാഴ്‌ച

പട്ടിയും കടിയും

 *പ്രശ്നം*


പാണ്ടൻ നായ്ക്കടെ പല്ലിനു ശൗര്യം

പണ്ടേക്കാളും കൂടി വരുമ്പോൾ

കണ്ടം തുണ്ടം കടിയേൽക്കാതെ

മണ്ടിയൊളിപ്പതു തന്നേ നല്ലൂ

*പശ്ചാത്തലം*

കേരളനാടിൻ വൃത്തി പറഞ്ഞാ-

ലാരാനെന്നെ തല്ലാനെത്തും

കുപ്പത്തൊട്ടി കണക്കിനു വഴിയിൽ

ചപ്പും ചവറും പച്ചക്കറിയും

പോരാ ചാക്കിൽ കെട്ടിത്തള്ളും

ചോരയൊലിക്കും മാംസത്തുണ്ടം

പോഷണമൂല്യം കൂടിയ ഭക്ഷണ-

മീഷലകന്നു ലഭിക്കും നേരം

കന്നിയിലൂർജ്ജം കേറിയ പട്ടികൾ

കന്നം തിരിവങ്ങറ്റു പെരുക്കും

തിന്നാനെണ്ണം കൂടി വരുമ്പോ-

ളെന്നും തമ്മിൽ കുരയും കടിയും

അങ്ങനെ വാഴും കാലം തലയിൽ

തേങ്ങാ വീണൊരു ശുനകച്ചാർക്കോ

വെളിപാടൊത്ത,വനലറീ ബൗ ബൗ


കണ്ടജനത്തെക്കണ്ടിച്ചങ്ങനെ

മണ്ടിനടക്കാം തെരുവുകൾ തോറും

എന്നുടെ കൂട്ടരെ നമ്മടെ വീര്യം

എന്നും കൂട്ടം തന്നെന്നോർക്കൂ

*പരിഹാരം*

മുന്നിൽ കാണും പേപ്പട്ടികളെ

ഉന്നം വെച്ചു മുടിയ്ക്കാനായി

ഠപ്പോ പൊട്ടും നാടൻ തോക്കാ-

ണിപ്പോ കൈയിൽ കരുതേണ്ടതു നാം

2022, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

വരവേൽപ്പ്

തിരുവോണദിനം പിറന്നു, നാം

വരവേൽപ്പൂ ബലിചക്രവർത്തിയെ

സുരഗംഗയൊഴുക്കി നാട്ടകം

പരിപാലിച്ച മഹാനുഭാവനെ

2022, സെപ്റ്റംബർ 7, ബുധനാഴ്‌ച

ബലിസാരം

ഒന്നാം കാലടി കൊണ്ടു ഭൂമി, ഗഗനം

രണ്ടാമടിയ്ക്കങ്ങള-

ന്നെന്നോ താണ ശിരസ്സുതന്നിലമരും

മൂന്നാം പദം മുക്തിദം

പൊന്നോണം വരുമെന്നുമിക്കഥ തരും

സാരം ഗ്രഹിച്ചാൽ, നര-

ന്നെന്നും ശത്രുവഹന്ത, ഹന്ത! ഹരിതൻ

പാദങ്ങളേകാശ്രയം

പെട്ടോണം

പെട്ടിപ്പീടികതൊട്ടു മാളു വരെയുംതി

ക്കിത്തിരക്കും ജന-

ക്കൂട്ടം, പെട്ടിതുറന്നു വാരി വിതറീ

കാ,ശോണമെത്തീടവേ

ഒട്ടും മോശമെനിക്കു പറ്റിടരുതെ,

ന്നോർത്തിട്ടു ഞാനും പുറ-

പ്പെട്ടൂ, കണ്ട വഴിയ്ക്കു, നിന്നു

തിരിയാനൊക്കാതെ പെട്ടോണമായ്!

2022, സെപ്റ്റംബർ 4, ഞായറാഴ്‌ച

ഓണനാളിൽ

ഓണപ്പൂക്കൂടയേന്തി,ത്തൊടികളിലലയും

ബാല്യമോർമ്മയ്ക്കകത്താ-

യോണപ്പാട്ടിന്റെയീണം മറവിയുടെയടി

ത്തട്ടിലാണ്ടസ്തമിച്ചു

ഓണക്കോടിയ്ക്കു നീളും

കരയുഗവുമതിൻ ശോഭയും കെട്ടു, വെന്നാ-

ലോണം മാത്രം മറന്നില്ലിവകളെ,

മധുരോദാരമെത്തുന്നു വീണ്ടും



ഇന്നീമുറ്റത്തു പൂവിട്ടണിവതിനു

മെനക്കെട്ടതില്ലാ മടിച്ചി-

ട്ടിന്നും തൃക്കാക്കരപ്പന്നിലയട ചെറുതും

നേദ്യമായ് നൽകിയില്ല

പിന്നിപ്പോയൊറ്റമുണ്ടിന്നിഴകളിൽ

വിരലോടിച്ചിരിയ്ക്കുന്ന നേരം

വന്നൂ പൊന്നോണമിങ്ങീ വഴി,

വഴിതിരയും കാൽനടക്കാരനെപ്പോൽ



പട്ടിൻപൂഞ്ചേല, പട്ടക്കുട, മെതിയടി,

മേൽമുണ്ട്, തങ്കക്കിരീടം

ത്വിട്ടോലും ഹേമമാല്യം,മണിവളക,

ളരപ്പട്ട, പൊന്നിൻ കടുക്കൻ

കട്ടക്കാർ കൂന്ത, ലേറ്റം കരുണകലരുമാ

നേത്രയുഗ്മം , നൃപാഢ്യ-

പ്പട്ടം പേറുന്ന പുണ്യാത്മനെ, ബലിവരനെ,

ക്കണ്ടു ഞാൻ കൊണ്ടു ഹർഷം 

2022, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

ത്രിശങ്കുസ്വർഗം

ടീനേജ്പ്രായം കഴിഞ്ഞാലുടനടി വിടണം കേരളം  സ്വസ്ഥമായി-


ന്നാട്ടിൽജ്ജീവിയ്ക്ക കഷ്ടം, പുതുതലമുറതൻ ചിന്തയിന്നിപ്രകാരം

എന്നാലുണ്ടേ കുറച്ചാളുകൾ, അവരിവിടെപ്പെട്ടു വട്ടം തിരിഞ്ഞും

നാടേ സ്വർഗ്ഗം നിനയ്ക്കും, കിണറതിനകമേ ദർദ്ദുരം മട്ടു വാഴും 

2022, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ദുഃഖപുത്രി

എന്തേ ക്ലാന്തി പടർന്നു കാണ്മു വദനം

കാവ്യാംഗനേ നിന്നിളം

കാന്തിയ്ക്കെങ്ങനെ മങ്ങലേറ്റു,

പഴയോരുത്സാഹമെങ്ങെങ്ങു പോയ്‌

സന്താപാശ്രു പൊഴിച്ചു ദൂരെയിരുളി

ന്നോരത്തു പോയ്‌ നിൽപ്പതെ-

ന്തന്തസ്സത്ത തകർന്നുവോ

കവികളും കൈവിട്ടുവോ ചൊല്ക നീ

2022, ജൂലൈ 24, ഞായറാഴ്‌ച

ഒയമ്പിള്ളി നാരായണേട്ടന് പ്രണാമം

വാണീമാതിന്റെ കാൽത്താരിണകളി

ലിനിയും കാവ്യസൂനാർച്ചനം തൻ

ചേണുറ്റീടുന്ന ചുണ്ടാലനവധി ദിവസം

ചെയ്യുവാൻ കാത്തിടാതെ

കാണാദൂരേയ്ക്കു പോകും ഗുരുവര!

വിടവാങ്ങാതെ നിൽക്കുന്നിതാ, നി-

ന്നീണം ഹൃദ്സ്പന്ദമാ,യെൻ മിഴികളി

ലുറയും നീരിതന്ത്യോദകം താൻ

2022, മേയ് 8, ഞായറാഴ്‌ച

കൈനിക്കര ശ്രീ കൃഷ്ണന് സമർപ്പണം

1. മേഘശ്യാമകളേബരം സ്മിതമുഖം

ബിംബാധരം, കൈകളിൽ 

ശംഖംചക്രഗദാംബുജം, തിറമെഴും 

പീതാംബരം പിഞ്‌ഛവും

സഖ്യംചേർന്നെഴുമാർദ്രരൂപമിഹ ഞാൻ

നിത്യം തൊഴുന്നേ,നലം

സൗഖ്യംനൽകിയനുഗ്രഹിയ്ക്ക നിതരാം

കൈനിക്കരത്തേവരേ!


2. നീതാനുത്തമഭക്തമാനസ രസാ-

ധാരം,കൃപാലോ ഹരേ! 

നീതാ,നാഗമസാരവും പ്രണവവും 

നീതന്നെ ഞാനായതും

സ്ഫീതാവേശമുരുക്കഴിപ്പു രസനാ

ത്വന്നാമമീജന്മമാം 

പോതം തൃക്കഴലെത്തിടാനരുൾക നീ

കൈനിക്കരത്തേവരേ!


3. കണ്ണാ! നിത്യം കഥിപ്പൂ തവഗുണചരിതം 

ഞങ്ങ,ളീ മന്നിലില്ലി-

വ്വണ്ണം ദിവ്യൗഷധത്തി,ന്നൊരു കഴിവ്,

കലിക്കുള്ള ദോഷങ്ങൾ പോക്കാൻ

മണ്ണായ് മാറുന്നതിൻ മുൻ,പൊരുകുറി

യടിയർക്കുൾക്കുരിന്നിൽ തുടിയ്ക്കും

കണ്ണായ്, നൽക്കാഴ്ചയേകാ,നണയുക,

കനിവോ,ടിങ്ങു കൈനിക്കരേശാ!





















2022, മേയ് 5, വ്യാഴാഴ്‌ച

ഇച്ഛ

 നാമം ചൊല്ലി നടയ്ക്കലെത്തി മുറപോ-

ലെന്നും തവാംഘ്രി ദ്വയം

സാമം ചെയ്തതിരറ്റസൗഖ്യമണയാ

നർത്ഥിയ്ക്കുവോരെത്രയോ

ക്ഷ്മാ,മാ നാഥ! മമാഗ്രഹം പരിമിതം

മറ്റൊന്നുമേ വേണ്ട ചൊ-

ല്ലാമോ നിന്നിലചഞ്ചലം മമ മനം 

നിൽക്കാനുപായം ഹരേ!

നീതി

നാമം ചൊല്ലുകയെന്നമട്ടിലധര 

വ്യായാമമോടായിരം

സമ്മാനപ്പൊതിയേന്തി വായുപുരിയിൽ

കൺപാർക്കുവോർക്കും ഭവാൻ

ക്ഷേമം നൽകിടുമെങ്കിലെന്തി,തടിയൻ

കണ്ണീരണിഞ്ഞിങ്ങു, നി-

ന്നോമൽക്കണ്ണിണകൊണ്ടുഴിഞ്ഞു ദുരിശം

വൈഷമ്യമാറ്റൂ ഹരേ!



2022, ഏപ്രിൽ 29, വെള്ളിയാഴ്‌ച

ആറാട്ട്

കോടക്കാർ നിറമാർന്നു ഗോഷ്ഠ വനികാ

മദ്ധ്യേ വ്രജസ്ത്രീജനം

തേടും തൂമധു തന്നിലേന്തി വിലസു

ന്നുത്ഫുല്ല പങ്കേരുഹം

നാടീരേഴനുരാഗരേണു പകരു

ന്നാരാമ സൗന്ദര്യമാ-

ണാറാടേണമെനിക്കു നീളെ,യൊരുനാ 

ളാപ്രേമ പൊയ്കയ്ക്കകം











പുറപ്പാട്

മുന്നം നീർത്തിയുയർത്തിവെച്ചൊരു തിര

ശ്ശീലയ്ക്കു പിന്നാമ്പുറ-

ത്തൊന്നാംനോക്കിനൊരുങ്ങിടുന്ന നടനെ

പ്പോൽബ്ഭൂവരങ്ങത്തു ഞാൻ

വന്നേനുൾഭ്രമമോടെ, ചോടു പിഴകൾ 

തട്ടുന്നു, ജാഡ്യം കള-ഞ്ഞെ

ന്നാട്ടം മുഴുമിയ്ക്കുവാൻ തുണ തരൂ

വിഘ്നേശ! വേഗേന നീ









മധുരപ്പതിനാറ്

വാടാമെത്രമനോഹരാംഗനകൾ തൻ

സൗന്ദര്യവും,വാടിയിൽ

ചൂടോടങ്ങു വിരിഞ്ഞിടുന്ന മലരും 

കാലക്രമത്താൽ സ്വയം

കൂടും ഭാവനചേർത്തു ഭംഗിനിറയു

ന്നംഗങ്ങളാൽ ശ്ലോകി തീർ-

ത്തീടും കാവ്യസുമാംഗനയ്ക്കു പതിനാ

റെന്നും വയസ്സദ്ത്ഭുതം!



2022, ഏപ്രിൽ 16, ശനിയാഴ്‌ച

വാസന

നാനാത്വത്തിലെയേകതയ്ക്കു പെരുമ 

പ്പെട്ടുള്ള നാടെങ്കിലും

നാനാദിക്കിലുമിന്നുഭീകരരഴി, 

ഞ്ഞാടുന്നതേ കാണ്മു നാം

ഈ നായാട്ടു പരമ്പരയ്ക്കു വളരാൻ 

മണ്ണും മനസ്സും കൊടു-

ക്കാനായാരുപരിശ്രമിപ്പതവരെ

ത്തള്ളാം തുറുങ്കിന്നകം





ദ്വൈതം

ജാതിഭേദം മതദ്വേഷം 

രണ്ടുമൊന്നിച്ചു സർവ്വരും

രാക്ഷസത്വേന വാണീടും

നാടുതാനിന്നു കേരളം

ഉയിർപ്പ്

 മരണ വേദന കൊണ്ടു പുളഞ്ഞു, വൻ

കുരിശിലേറിയ യേശുദയാപരൻ

തിരികെ വന്നുയിരോടതിനത്ഭുത-

സ്മരണയിൽപ്പുതു ഞായറുണർന്നിടും

2022, ഏപ്രിൽ 15, വെള്ളിയാഴ്‌ച

തുടർക്കഥ

ഇനിയുമീ വിഷു നാട്ടിലണഞ്ഞിടും

മനുജനാത്തസുഖം തരുവാൻ ദൃഢം

കനമിയന്നൊരു പൊൻകണി തീർത്തു നാ-

മിനിമയോടെതിരേൽക്കണമപ്പൊഴും


2022, ഏപ്രിൽ 1, വെള്ളിയാഴ്‌ച

വിശപ്പ്

ഉണ്ണാനമ്മവിളിച്ചനേരമുടനെക്കോലും

പിടിച്ചെത്തിയോ-

രുണ്ണിക്കണ്ണനുരച്ചു, വേണമിവനിങ്ങൂണിന്നു

തൈർ വെണ്ണയും

ഉണ്ണാൻ ശിഷ്യരുമൊത്തുവന്നമുനിതൻ 

പൈയാറ്റുവാൻ കൃഷ്ണ! നീ

കഷ്ണം ചീരയശിച്ചു, നിന്റെ വയറിന്നാഴം

ഗ്രഹിയ്ക്കാവതോ!! (ഗണി)

2022, മാർച്ച് 27, ഞായറാഴ്‌ച

ഉപദേശം

ഇന്ദ്രാത്മജൻപാണ്ഡവനന്നു തേരിൽ

സന്താപമുൾക്കൊണ്ടു  മടിച്ചിരിക്കേ

താന്താന്റെ കർമ്മത്തിലുറച്ചു നിൽക്കാൻ

ചെന്താമരക്കണ്ണനുരച്ചു ഗീത


ചിത്തഭ്രമം

പച്ചപ്പുല്ലിനൊരാർത്തിമൂത്ത പശു പോ-

ലങ്ങിങ്ങലഞ്ഞൂ വൃഥാ

മെച്ചപ്പെട്ട സുഖം തിരഞ്ഞു, പതിവായ് 

മദ്ദേഹമിന്നോളവും

ഹാ ചിത്തഭ്രമമാണിതെന്നറിയുവാൻ 

ഞാൻ വൈകി ഗോപാല,യെൻ

പിച്ചപ്പാടെയൊഴിച്ചു കാക്കുക ഭവാ-

നോലുന്നകോലൊന്നിനാൽ


2022, മാർച്ച് 20, ഞായറാഴ്‌ച

പൊരുൾ

രൂപം ധരിച്ചീധരപൂകിയെന്നാ-

ലാരും ചിരഞ്ജീവികളല്ല, പാർത്താൽ

ആരാകിലും പോകണമത്രെ വന്നോ-

രാരും മടങ്ങാത്തവരില്ല പോലും


സൂര്യാദിതാരങ്ങളുമിന്ദുവും തൻ

നേരം കഴിഞ്ഞാൽ വിട കൊണ്ടിടേണം

ഓരോ നിമേഷം കഴിയുമ്പൊളിങ്ങി-

പ്പാരിന്നുമായുസ്സു കുറഞ്ഞിടുന്നൂ


അഞ്ചാറടിപ്പൊക്കമതൊത്ത വണ്ണം

പഞ്ചാസ്യശൗര്യം,ഗജരാജ മോടി

അഞ്ചാതെയിപ്രൗഢഗുണങ്ങൾ കാലം

തഞ്ചത്തിലാവായ്ക്കരിയാക്കിടുന്നൂ


കോമാളിയല്ലറിക കാടനുമല്ല, ദുഃഖം

സമ്മാനമേകുമൊരു ദുഷ്ടനുമല്ല മൃത്യു

നാമെന്നഹന്ത നിറയുന്ന നരന്റെ ചിത്തേ

അദ്ധ്യാത്മവിദ്യ പകരും ഗുരുഭൂതനേകൻ





2022, മാർച്ച് 17, വ്യാഴാഴ്‌ച

പോംവഴി

ഉഷ്ണം കൂടിവരുന്നു മേൽനിലയിലെക്കാര്യം മഹാകഷ്ടമാ-

ണീണംമീട്ടിന പങ്ക പോര കുളിയും പര്യാപ്തമല്ലൊന്നിനും

വേണം മാറ്റ,മിതേഗതിയ്ക്കു കഴിയാനാകില്ല,യെന്നാൽക്ഷണം

കാണം വിറ്റുമൊരേസിവെയ്ക്കണമതേ സ്വീകാര്യമാംപോംവഴി!

2022, മാർച്ച് 11, വെള്ളിയാഴ്‌ച

ശ്രീശാന്ത്

 ശ്രീശാന്തനെന്നവനുനാമമതെങ്കിലും നാം

ശ്രീ, ശാന്തനെന്നു കരുതേണ്ടവനാളശാന്തൻ

ശ്രീ,ശാന്തരിൽ സ്ഥിര,മതെന്നസമം ടിയാനും

ശ്രീശൻതരട്ടെതുണ,ജീവിതശിഷ്ടമേറ്റം

അരങ്ങ്

 പാരിജാതസുമസൗരഭം കുളിർ-

കോരിടും മദന ചന്ദ്രികാഭയും

സ്വൈരമാരുതനുമുണ്ടരങ്ങിലായ്

പോരു നീ സുമുഖി കാത്തിരിപ്പു ഞാൻ



 






2022, ഫെബ്രുവരി 27, ഞായറാഴ്‌ച

മുറുക്കിൻ ചട്ടം

 കാലത്തെന്നുമുണർന്നൊരെണ്ണമതിനാൽ കാര്യം സുഖാവുന്നു കേൾ,


പ്രാതൽത്തീർന്നമുറയ്ക്കുപിന്നെ,യിടയിൽ പറ്റുന്ന പോലൊക്കെയും 


ഉച്ചയ്‌ക്കൂണുകഴിഞ്ഞപാടെ,യിനിയോ 

കാപ്പിയ്ക്കുശേഷം,കഴി-


ഞ്ഞത്താഴത്തിനുമുൻപു,പിൻപു,

മിതുതാൻ ചട്ടം മുറുക്കീടുവാൻ!

2022, ഫെബ്രുവരി 23, ബുധനാഴ്‌ച

ലളിതം

ഈടുറ്റയത്നലളിതമായിത്രമേ-

ലാരുണ്ടു വേഷം മികവുറ്റതാക്കിയോർ

പുഞ്ചിരിയാലരക്കണ്ണേറിനാൽ ചെറു

മൂളലാൽ, മാധുര്യമേറുന്ന വാക്കിനാൽ

പുരികക്കൊടിയുടെ സൂക്ഷ്മചലനത്താൽ

കൈവിരൽത്തുമ്പാൽ നിറഞ്ഞ മൗനത്തിനാൽ

സ്നേഹവും ദ്വേഷവും തേങ്ങലുമാശയും

വീറും കുശുമ്പും കരുതലും ലജ്ജയും

രൂപഭാവങ്ങളതെന്തുതാനാവട്ടെ

ഗംഭീരമാക്കിയോരാളീ മഹാനടി

നാടകശാലയിൽ രാകിമിനുക്കിയ

മൂർച്ചയേറുന്ന പ്രതിഭയും പിന്നെയാ

വെള്ളിത്തിര തന്റെ വിസ്മയലോകത്തു

മിന്നിത്തിളങ്ങിയ കാലവും കണ്ടവർ

അഞ്ജലീബദ്ധരായന്ത്യോപചാരമായ്

കേവലം ഭൂ വിട്ടു നിൻരഥം യാത്രയായ്

നീറും മനസ്സിലെ കത്തുന്ന സത്യമായ്

വാനിൻ തിരശ്ശീല തന്നിൽ ജ്വലിയ്ക്ക നീ!

വിണ്ണവർ കാണട്ടെ ഭാവപ്രകടനം

താരമായ് താരകറാണിയായ് വാഴ്ക നീ!!

2022, ഫെബ്രുവരി 20, ഞായറാഴ്‌ച

ഈഷൽ

 വസുമതീ സുമതീ തവ മാനസേ

വിവിധമീവിധമീഷലുണർത്തുവാൻ

വരണ മാരണമാകിയൊരാധിയീ-

വഴിയിലാഴിയിലാഴ്ത്തിയൊഴിയ്ക്ക നീ

2022, ഫെബ്രുവരി 19, ശനിയാഴ്‌ച

നൃപൻ

 ഭരണവും രണവും  നിരവദ്യമാം

നിയമവും യമവും ഹൃദിനന്മയും

സുജന ഭാജന ഭാഗ്യവുമാർന്നതാ-

മൊരുവ,നാരവ,നാര,വനീനൃപൻ!

2022, ഫെബ്രുവരി 16, ബുധനാഴ്‌ച

ബാല്യസങ്കല്പം

വർണ്ണപ്പൂഞ്ചിറകേറി വാനിലുയരാൻ,

മണ്ണിൽക്കളിച്ചീടുവാ-


നണ്ണാർക്കണ്ണനു നേർക്കു പൂച്ച കരയാൻ,

തിണ്ണം ചിരിക്കാനുമേ


ഉണ്ണിയ്ക്കെന്തൊരുമോഹമാണു, വിരുതൻ കണ്ണൊന്നു ചിമ്മുമ്പൊഴേ-


യ്ക്കെണ്ണിത്തീരുകയായിബാല്യ,

മൊരുപാടെണ്ണേണ്ട നീ,യെന്നപോൽ!!

2022, ഫെബ്രുവരി 14, തിങ്കളാഴ്‌ച

കോപവും ലക്ഷ്യം

 നാവിൻതുമ്പത്തു തഞ്ചും മധുരമൊഴികളാ, ലാത്തദുഃഖങ്ങളെല്ലാ-


മാവുംവണ്ണം കുറയ്ക്കാ,മിതി കരുതിയൊരാൾ ദുഃഖിയോടോതി, പക്ഷേ


ഭാവം,ജ്ഞാനത്തെവെന്നാ,ധിഷണയിലരിശം കേറ്റി ലക്ഷ്യം മറന്നി-


ട്ടാവുംപോൽ തന്റെനാവാ,ലുടനുടനവനും ഭർത്സനം ചെയ്വു , കഷ്ടം!!


 









 



2022, ഫെബ്രുവരി 12, ശനിയാഴ്‌ച

തുണ

കമലാസനസവിധേ സിതകമലാസനമതിലായ്

അമരും ശുഭവരദേ തവ വരവല്ലകി നിനദം 

മമ മാനസ ഘനമാകെയുമലിയിച്ചിനി സതതം

വിമലാശയമുണരാനൊരു തുണയായിഹ വരണം

2022, ഫെബ്രുവരി 3, വ്യാഴാഴ്‌ച

സാഡിസം

ടിക് ടിക് ടിക് ഘടികാര സൂചി വളരെ-

പ്പെട്ടെന്നു പായുന്നു നാം


മോദാവേശഭരം സുഖിയ്ക്കുമളവ-

ങ്ങെന്തോമറന്നെന്നപോൽ


ശോകാക്രാന്തനരൻ തപിച്ചു കഴിയും

നേരത്തു കണ്ടാസ്വദി-


ച്ചേറ്റംമെല്ലെയിവന്റെ യാത്ര, സമയം 

സാഡിസ്റ്റു തന്നെദ്ദൃഢം

2022, ഫെബ്രുവരി 2, ബുധനാഴ്‌ച

2/2/22 (02/02/2022)

കണ്ടുരണ്ടതിനൊപ്പമുണ്ടൊരു രണ്ടു 

രണ്ടുകൾ ശേഷവും


കണ്ടു, കണ്ടതുകണ്ടു,കണ്ണു മിഴിച്ചു 

നിൽപ്പതു പറ്റുമോ


രണ്ടു രണ്ടിനു ദക്ഷിണയ്ക്കിരു

പൂജ്യ ഹേമകുടത്തെ,വെ-


ച്ചാണ്ടുചൊന്നതിനേകി രണ്ടു ദശം 

പണക്കിഴി വേറെയും




2022, ജനുവരി 30, ഞായറാഴ്‌ച

ജാതകം ജാതി തന്നെ

വിദ്യാസമ്പന്ന,രെന്നാ,ലരി,ലവണമതും

വാങ്ങുവാൻ വിത്തമില്ലാ-


താദ്യന്തം തെണ്ടിടുന്നോർ, കുഴിമടിയ,രതി- 

ക്രോധ,രല്പത്തമുള്ളോർ


സ്വന്തംകാര്യം നടത്താ,നുശിരൊരു തരിയും 

കാട്ടിടാത്തക്ഷമർ,ത-


ന്നന്ത്യത്തോളം ശ്രവിയ്ക്കും വചനമിതറിയൂ

"ജാതകം ജാതി തന്നെ"!

സാരഥ്യം

പാർത്താൽ പാതി കഴിഞ്ഞു ജീവിതരഥം

മുന്നേറിടുന്നൂ തെളി-


ച്ചെത്താനുണ്ടിനിയത്രതന്നെ, വഴുതി- 

പ്പോകുന്നു ചമ്മട്ടി മേ


ചിത്താശ്വം പലദിക്കുതേടി കുതറി-

ച്ചാടാൻ തുടങ്ങുന്നവാ-


റെത്തേണം ദ്രുത,മെന്റെ സാരഥിപദം

 കൈയേൽക്കുവാൻ ഈശ്വരാ!


2022, ജനുവരി 27, വ്യാഴാഴ്‌ച

ഗമനം

 പച്ചപ്പട്ടണിപാട,മ,പ്പുരയിടം 

തോട്ടം, തൊഴുത്ത,ക്കരിം-


പച്ചക്കാടു,കളിസ്ഥലം,കട,കുളം 

പുൽമേടു,കുന്നെ,ന്നിയേ


തീർച്ചപ്പെട്ടു,പുരോഗതിയ്ക്കു രജത- 

പ്പന്ഥാവൊരുങ്ങേ, ജനം


പിച്ചച്ചട്ടിയെടുത്തുമണ്ടി  നിയതം

തെക്കും വടക്കും വൃഥാ


2022, ജനുവരി 26, ബുധനാഴ്‌ച

ശ്ലോക രചന

ശ്ലോകം തീർക്കാനിരിയ്ക്കേ വിഷയവിഷയികൾ തൊട്ടു വാക്കും ലഭിയ്ക്കാ-

താകപ്പാടേ മടുത്തി,പ്പണിയിനി തുടരി-
ല്ലെന്നു ദേഷ്യം പിടിക്കും


ഏകാം ചിന്തയ്ക്കു സ്വൈരം കരുതി വിടുകയോ വയ്യ, വീണ്ടും ശ്രമിയ്‌ക്കേ


ശ്ലോകം പോലൊന്നു തോന്നാ,മഹഹ! രചന തൻ കാര്യമോർത്താൽ വിചിത്രം!

വർജ്യം

കള്ളും കഞ്ചാവുമായിട്ടിവിടെ ലഹരിതൻ 

കുത്തൊഴുക്കാണി,തെല്ലാ-


മുള്ളിൽക്കേറുന്നനേരം നരമതി മഥനം

ചെയ്തു ചെയ്യിപ്പതെന്തോ!


കൊള്ളയ്ക്കും കൊല്ലിനും പെൺമണികളുടെ

മടിക്കുത്തഴിപ്പാനുമൂർജ്ജം


തള്ളുന്നി,ങ്ങത്ര  ദൗഷ്ട്യം കലരുമിവകളെ- 

പ്പാടെ വർജ്ജിയ്ക്ക നാടേ!!


2022, ജനുവരി 23, ഞായറാഴ്‌ച

വിധിഹിതം

ദോഷം താൻ ചൊല്ലിടുന്നൂ കവടിക,ളിനി ഞാ,നെന്തു ചെയ്യേണ്ടു ചോദ്യം


ശേഷം നിൽക്കുന്നു, കാലം- പകുതിയിലധികം തീർന്നു, ശേഷിപ്പു ശൂന്യം


രോഷം കൊള്ളുന്ന പത്നി,  സ്ഥിതിഗതിയറിയാപ്പൈതലും, ഹന്ത!, കഷ്ടം


ശീർഷത്തോളം നിറഞ്ഞേ, നരുതരുതു വിധേ നിർത്തു നിൻ ക്രൂരലീല!!

2022, ജനുവരി 17, തിങ്കളാഴ്‌ച

ഇണബന്ധം

 സല്ലാപോത്സുകനായി തൻ മൊഴികളെ ക്കാതോർത്തു കേട്ടീടുവാ-

നുല്ലാസത്തൊടു തന്റെകൂടെ സമയം 

പങ്കിട്ടിരിപ്പാനുമേ

തെല്ലും ശ്രദ്ധചെലുത്തിടാത്ത വിരസൻ ഭർത്താവിനുൾപ്പൂവിലും

നല്ലാർരത്നമുദാരനീലിമ സദാ ചേർക്കുന്നതെന്തദ്ഭുദം!!