Powered By Blogger

2022, ഒക്‌ടോബർ 30, ഞായറാഴ്‌ച

തുഴ

തുളവീണൊരു തോണിയേറി ഞാ-

നിളയാമാഴി നടുക്കിലേകനായ്

വളരും ഭയമോടു പോകയാ-

ണളിവർണ്ണാ! തുണവേണമെപ്പൊഴും


പലപാടു തുഴഞ്ഞു രക്ഷയി-

ല്ലലറും കോളിലുലഞ്ഞു വഞ്ചി മേ 

നിലയറ്റു കടൽക്കു താഴുമീ

നില! കണ്ണാ! തുണവേണമെപ്പൊഴും


ഉരുഗർവ്വമുറച്ച കാരണം

തിര കാറ്റെന്നിവയെണ്ണിയില്ല ഞാൻ

പരമിന്നു തപിച്ചു ചൊല്വു നിൻ

തിരുനാമം,  തുണവേണമെപ്പൊഴും


കുലമേന്മ ധനാദിധാടിയും 

ബലമേറും തുഴയല്ലറിഞ്ഞിതേ

വിലയുള്ളൊരു  ദണ്ഡു നീ ഹരേ 

നലമോടെത്തുണവേണമെപ്പൊഴും



മദമേറിന ലഹരീനിര വഴിമൂടിയസമയം


കദനച്ചുഴി നടുവിൽദ്ദിശയറിയാതിനി തുഴയാൻ


ഹൃദി മേ നഹി ബല,മീയുരു മറുതീരമ തണയാ-


നുദധീ ഗൃഹമമരും ഹരി തുണയേകണ മനിശം!