Powered By Blogger

2011, മേയ് 4, ബുധനാഴ്‌ച

സുസ്വാഗതം

പ്രണയം മനസ്സില്‍ നിറയുന്ന നേരം
പ്രണയിനി നീയെങ്ങു പോയ്‌ മറഞ്ഞൂ?
രാഗാര്‍ദ്ര മാനസം വല്ലാതെ മോഹിപ്പൂ
രാഗിണി നീയെങ്ങു പോയ്‌ മറഞ്ഞൂ?

അനുരാഗമാലിക മൂളി ഞാനലയുന്നു
നിന്നെപ്പ്രതീക്ഷിച്ചു, വരികയില്ലേ?
അലയുന്നയീ മുളം തണ്ടിന്നു ശ്രുതി ചേര്‍ക്കാന്‍
തെല്ലിളം കാറ്റായ് നീ അണയുകില്ലേ?

തിരയുന്നു നിന്നെ ഞാന്‍ തിരമാലയലതല്ലും
തീരത്തിരുന്നു കൊണ്ടേകനായീ
ഓരോ മണല്‍ത്തരി ഊര്‍ന്നു പോകുമ്പോഴും
ഉരുകുന്നു മാനസം, സഖിയെവിടെ?

അരുണിമ നിറയുന്നു ആകാശമാകവേ
ശീതള മോഹന സന്ധ്യയിതില്‍
മാമക മാനസ പ്രേമ പ്രഭയൊന്നീ-
സന്ധ്യക്ക്‌ കടലിന്നു നല്‍കില്ല ഞാന്‍

ആകാശദീപങ്ങള്‍ തെളിയുന്ന നേരത്തും
ആശാ ഭരിതനായ് ഞാനിരിപ്പൂ
മുല്ലപ്പൂ മണമെഴും വാര്‍മുടി തഴുകുവാന്‍
കൈകളില്‍ കൈ കോര്‍ത്ത്‌ നടനമാടാന്‍

പ്രണയം പ്രളയമായ്, ഒരു പ്രഹേളികയായെന്‍-
കരളില്‍, ഹൃദയത്തില്‍, ആത്മാവിലും
ഏതൊരു നേരത്തും, ഏതൊരു കാലത്തും
പ്രണയിനി, നിന്നെയും കാത്തിരിപ്പൂ

"സുസ്വാഗതം, സഖീ, സുസ്വാഗതം
ആത്മാവിലലിയുവാന്‍ സുസ്വാഗതം "

1 അഭിപ്രായം: