Powered By Blogger

2023 മാർച്ച് 27, തിങ്കളാഴ്‌ച

ഇന്നസെന്റ്

മലയാള സിനിമയിൽ ചിരിമാല തീർക്കുവാൻ

മടിയേതുമില്ലാതെ നിലകൊണ്ടവൻ

വിടപറയും മുൻപേ തൻ ഓർമ്മയ്ക്കായ്

പലവേഷം കെട്ടിയരങ്ങിൽ നിറഞ്ഞാടിയോൻ

ജനമാനസ നിലയത്തിൽ സ്വന്തമിരിപ്പിടം

സ്ഥാപിച്ചിട്ടിന്നസന്റായിരുന്നോൻ

അതിഘോരമർബുദമാക്രമിക്കുമ്പോളും

നിറചിരിയാലെതിരിട്ടൊരൂർജ്ജ്വസ്വലൻ

യമദേവനെ വരെയും തൻ

നർമ്മപ്രപഞ്ചത്തിൻ

ഒരുമൂലയ്ക്കാക്കിയൊളിപ്പിച്ചവൻ

ചെറു പുഞ്ചിരി  മറയുകയായ്,

അന്ത്യാഞ്ജലി പറയുകയായ്

ഫലിതത്തിൻ ഇടനാഴികൾ

പുണരുകയായ് നിശ്ശൂന്യത

2023 മാർച്ച് 24, വെള്ളിയാഴ്‌ച

ബ്രാഹ്മണ്യം സമസ്യ മാർച്ച് 2023

മൂകം വിതുമ്പി മിഴി പൊത്തി മുഖം കുനിച്ചി-

ട്ടേകാന്തയായിരുളകത്തു തകർന്നിരിക്കും

ഈ കാന്തയിൽ പ്രിയതമന്റെ വിയോഗ  ദുഃഖം

ലോകാവസാന സമയം വരെ നിൽക്കുമല്ലോ 

2023 മാർച്ച് 15, ബുധനാഴ്‌ച

പുക

പുകയാകെ നിറഞ്ഞു മാനുഷർ-

ക്കകമാകെപ്പുകയുന്ന നേരവും

പകമൂത്തു പരസ്പരം പഴി-

ച്ചകലും ചെങ്കൊടിയത്ര കൈകളും

രോമാഞ്ചകുഞ്ചി

പ്രാണപ്രേയസിയേകിടുന്ന മൃദുല സ്പർശത്തിനും സാധ്യമോ

പ്രാണൻ തന്നിലിതേ വിധം പകരുവാൻ വിദ്യുത് തരംഗം ദൃഢം

താണും നൂണുമിവൾ പ്രസന്ന വിരലാ ലാകെത്തലോടീടവേ

നാണപ്പൂത്തിരിവർഷമേറ്റ നില ഞാൻ
രോമാഞ്ചകുഞ്ചീകൃതൻ