Powered By Blogger

2011, മാർച്ച് 21, തിങ്കളാഴ്‌ച

ചില പ്രണയ ചിന്തകള്‍..

തുലാസില്‍ തൂക്കിയെടുത്ത പ്രണയങ്ങള്‍
പായ്ക്ക് ചെയ്ത് ചില്ല് കൂട്ടില്‍
വെയ്ക്കുന്ന പണിയാണെനിയ്ക്ക്
സ്നേഹത്തെയും വില്‍ക്കാന്‍ ആളുകള്‍ ഉണ്ട്
മായം ചേര്‍ക്കലും പൂഴ്ത്തി വെയ്പ്പും ഉണ്ട്
വാങ്ങാനും ആളുകള്‍ ഉണ്ട്..വിലപേശലും ഉണ്ട്
ലാഭ നഷ്ടങ്ങള്‍ തന്‍ ബാലന്‍സ് ഷീറ്റില്‍
ആര്‍ക്കാണ് ലാഭം? ആര്‍ക്കാണ് നഷ്ടം?

2011, മാർച്ച് 10, വ്യാഴാഴ്‌ച

കൃഷ്ണലീല

പഞ്ചപാണ്ഡവരിലെയഗ്രജന്നുടെ കളിഭ്രമത്തിനവസാനമായ്
അഞ്ചു പേരുടെയുമേകജായ കുരു ഭീകരന്നിഹ വിനോദമായ്‌
പണ്ടു ചേലയതു കട്ടെടുത്ത തവ നാമമോര്‍ത്ത് വിലപിക്കവേ
അന്നു കട്ടതതു പോല്‍ക്കൊടുത്ത യദുനായകായ ജയ മാധവാ

2011, മാർച്ച് 6, ഞായറാഴ്‌ച

മൃതി

മേലാകെ നോവുന്നു ഫാലം വിയര്‍ക്കുന്നു
ഫേണം നിലയ്ക്കുന്നു ബാഷ്പം പൊഴിയുന്നു
കേള്‍ക്കുന്നു ശബ്ദം അകലെനിന്നായിതാ
കാണുന്നിരുട്ടിലുലയ്ക്കയും ദാമവും
നാല്ക്കാലിതന്‍ പുറത്തേറിയെഴുന്നള്ളും
യമരാജനന്തികത്തെത്തുന്നു തിക്കെന്നു
പുസ്തകത്താളുകള്‍ മറിക്കുന്നു, ചിത്രം
കിട്ടിയെന്നാര്‍ക്കുന്നു ചിത്രഗുപ്താഖ്യന്‍
ഓതുന്നു പോകുവാന്‍ നേരമായ് സോദര
വേഗം പുറപ്പെട, വൈകിക്കുവതെന്തിനു?
മൃതിയെന്ന വിസ്മൃതി ജാലിക മാറ്റുന്നു
അപ്പൊഴുത് മാനസേ കുളിര്‍മാരി പെയ്യുന്നു
ഉണ്ടവിടെ ഒപ്പം നടന്നവര്‍ പലരും ചിരിതൂകി,
പ്രിയനിവന്‍ തന്നെ എതിരേല്‍ക്കാന്‍
ഭയക്കുന്നതെന്തിനു ഞങ്ങളുണ്ടല്ലോ
ഇനി നിന്നെ മടക്കിയയക്കില്ല, പോരെ
സന്തോഷമേറെത്തരുന്നയീ വാക്കുകള്‍
കേട്ടുടന്‍ ചാടിപ്പുറപ്പെട്ടു വേഗം
കഥകളില്‍ മാത്രം കേട്ടിട്ടുള്ളോരാ
സ്വര്‍ഗ്ഗ രാജ്യത്തെ ആവോളം കാണാന്‍

2011, മാർച്ച് 5, ശനിയാഴ്‌ച

സൗഹൃദം

വ്യഥ നിറ െഞ്ഞാരി ജീവിതമാകവേ
മധു നിറഞ്ഞു കവിഞ്ഞു വിളങ്ങുവാന്‍
അവിലുമായിനി പോവുക തന്നെ ഞാന്‍
അമര നാഥ സഹോദരനേകുവാന്‍
അകലെ വീഥിയിലൂടെ വരുന്നൊരാ
വ്യഥിതനായ സുദാമനെ കാണവേ
തനുമറന്നു പറന്നു വരുന്നിതാ
അമരനാഥനതാകിയ ദേവനും
തരുലതാദികള്‍ പൂക്കളുമൊക്കെയും
മിഴിതടങ്ങള്‍ നിറച്ചു കരഞ്ഞുടന്‍
ഉലകനായകനാകിയ നന്ദജന്‍
മിഴിനിറയ്ക്കുകിലാരു ഹസിക്കുവാന്‍?
ഉരലിലിട്ടു വിടര്‍ത്തിയെടുെത്താരാ
ചരലു കൂടിയൊരാവിലമായവില്‍
മുഴുവനൊറ്റയിരിപ്പിനു തിന്നുമാ
വിജയ സാരഥി ദേവനു വന്ദനം
മനസുമൂടിയ സങ്കടമാകെയും
സരസഭാഷണമോതിയകറ്റവേ
ചികിതനാകിയ തോഴനു ഭൂമിയില്‍
സുഖവുമേകിയ യാദവ വെല്‍ക നീ

2011, മാർച്ച് 2, ബുധനാഴ്‌ച

വൈകുണ്ഠനാഥൻ

വൈകുണ്‍ഠ വാസാ മമ ചിത്ത നാഥാ
തേ പാദമെന്നും അടിയന്നു രക്ഷ
ലോകൈക നാഥാ ജയനിത്ത്യമീശ
ദു:ഖങ്ങളേവം വഴിപോലെരിക്ക

കൈലാസനാഥൻ

കൈലാസ ശൃംഗേ കുടികൊള്‍വു രുദ്രന്‍
ത്രൈലോക്യനാഥൻ കരുണാമയൻ താൻ
വാമേ വസിക്കുന്നുമയോടു ചേര്‍ന്നി-
ട്ടാടുന്ന നൃത്തം നയനാഭിരാമം

2011, മാർച്ച് 1, ചൊവ്വാഴ്ച

കിരാതപ്രസാദം

ഭവാന്‍ മഹാദേവിയുമൊത്തു ചേര്‍ന്നാ
കൊടും വനത്തിങ്കലണഞ്ഞു വേഗം
മലര്‍ നിവേദിച്ചു ഭജിച്ചു നില്‍ക്കും
ശഠന്‍ കിരീടിയ്ക്കരുളീ പ്രസാദം