Powered By Blogger

2020, മാർച്ച് 30, തിങ്കളാഴ്‌ച

പോകൂ

നിരത്തിലങ്ങിങ്ങു നടന്നു രോഗം

പരത്തിടാനോ? പ്രതിചേർക്കുമെന്നാൽ

കുരച്ചിടേണ്ടാരുമതാണു കാലം

തിരിച്ചുപോകൂ മതിയാക്കി വേഗം

കുഞ്ഞിപ്പെണ്

ചുണ്ടിലെ മായാച്ചിരി നിറഞ്ഞോരുത്സാഹവും

കണ്ടിന്നെൻ നെഞ്ചിന്നുള്ളിൽ വിരിഞ്ഞൂ നൂറു പൂക്കൾ

പാട്ടിന്റെ താളത്തിൽ നീ കയ്യടിച്ചാർക്കുന്നേരം

കൂട്ടിന്നായെത്തീടുന്നു ചരണം നീയോരാതേ

ചിണുങ്ങും നേരമയ്യാ ചുണ്ടുകൾ കൂർപ്പിച്ചു നീ

കുണുങ്ങീട്ടമ്മ തന്റെ മാറിലായ് ചാഞ്ഞു വീഴും

ഇപ്പുരയ്ക്കകത്തളം മുഴുക്കേ നിറയട്ടേ

ചിൽപ്പുമാൻ തന്ന കുഞ്ഞിപ്പെണ്ണിന്റെ വായ്ത്താരികൾ

കാലനും യക്ഷിയും

കാലാലയം ഭൂമിയിലേക്കു മാറ്റി-

സ്ഥാപിച്ച മട്ടാണിഹ കാര്യമോർത്താൽ

പ്രേതങ്ങളെക്കൊണ്ടു നിറഞ്ഞു പിന്നേം

പോകാൻ മടിയ്ക്കുന്നു കൊറോണ യക്ഷി


ഇപ്പോക്ക് പോകുന്നതുകണ്ടു കാര്യം

ഇപ്പോഴടുത്തൊന്നുമുപാധിയാകാ

നിപ്പായിലും മൂത്ത കൊറോണ വന്നി-

ട്ടിപ്പാരിടം കാലനു കാഴ്ച വെച്ചോ




അഭേദം

വിശന്നിരിക്കുന്ന ജനത്തിനുണ്ടോ

കശക്കിടും രോഗഭയങ്ങളെല്ലാം

അശാന്തി കാലത്തു നടന്നു പോകാ-

നാശക്തരല്ലീകഠിനപ്രയത്നർ


രാജധാനിയിലമർന്നിരിക്കിലും

രാജ്യരക്ഷ കഥയായി മാറിയോ!

ഭോജനത്തിനു വകയ്ക്കുവേണ്ടി സം-

പൂജ്യരാം ജനതനാടു തെണ്ടണോ!


സചിവരോതുമുറപ്പുകളൊക്കെയ-

ങ്ങുചിതമായി നടത്തിയെടുക്കുവാൻ

രുചികുറഞ്ഞവരിങ്ങു ഭരിക്കുകിൽ

സചിവനും ഗതിയെന്തിനിയീശ്വരാ!


ഇന്നിക്കണ്ടതു ദില്ലിയിൽ

നാളെക്കേരള നാട്ടിലും

അന്നത്തോളമനന്യമാ-

യില്ലാമറ്റൊരുവ്യാധിയും




പലായനം

കത്തും തൻ വയറോളമില്ല ദുരിതം
മറ്റൊന്നുമീനാട്ടിലെ-

ന്നത്യന്തം വ്യഥയോടെയോർത്തു നഗരം
വിട്ടോടുമാമാനുഷർ

എത്തീയെന്നുവരാം സ്വദേശമഥവാ
പാതിയ്ക്കുവീഴാം, മുഖം

താഴ്ത്താം നാം കരുതേണ്ടപോലെയവരെ- ക്കാക്കാൻ ശ്രമിക്കാത്തതിൽ











2020, മാർച്ച് 29, ഞായറാഴ്‌ച

കൈവിട്ടുവോ..?

കോടാനുകോടിജനമിങ്ങു കൊറോണ മൂലം

പേടിച്ചു തങ്ങളിലൊതുങ്ങിയൊടുങ്ങിടുന്നൂ

കേടറ്റൊരാളുമിഹയില്ല, തടഞ്ഞിടാനും

പാടാണിതെന്നുവരുമോയിനി ഹന്ത കഷ്ടം.

കോവിദായനം

മൂന്നാഴ്ച തീരുമ്പൊളിറങ്ങി നന്നാ-

യോടേണമിന്നാട്ടിലുടങ്ങുമിങ്ങും

ഇത്ഥം നിരൂപിച്ചു കഴിഞ്ഞു കൂടും

ലോകർക്കു രാമായണവും രസിക്കും

2020, മാർച്ച് 27, വെള്ളിയാഴ്‌ച

മണിച്ചിത്രപ്പൂട്ട്

അല്ലിയ്ക്കാഭരണം തിരഞ്ഞു കടയിൽ പ്പോകാനൊരുങ്ങുന്ന,ത-

ന്നല്ലിത്താമരയക്ഷിയെത്തടയിടും
ഭർത്താവു പോലിന്നു ഹാ

തെല്ലും ബോധമുദിച്ചിടാത്ത ജനതാ-
വർഗ്ഗത്തിനോടേറ്റിടും

പൊല്ലീസിൻ പണിയെത്രകഷ്ടമവരേ
രക്ഷിക്കുവാനാരഹോ

2020, മാർച്ച് 25, ബുധനാഴ്‌ച

മന്ത്രം

സമക്ഷമെത്തിനോക്കിടും കൊറോണതൻ കരത്തിനാ-

ലമർന്നുപോയിടാതെ നാം കരുത്തരായിരിക്കു വാൻ

ശ്രമിച്ചിടുന്ന കൂട്ടരോതിടുന്ന മന്ത്രമൊന്നിതാ

"നമുക്കു രക്ഷ വീടുമാത്ര,മില്ല മറ്റുമാർഗ്ഗമേ"

അടച്ചിരിപ്പ്

വാഴേണം മൂന്നു വാരം നിലയനമതിലായ്,
ഭേദമില്ലാർക്കുമെന്ന-

ങ്ങാഴംകൂടുന്ന വാക്യം, ചെവികളിലലയായ് വന്നുവീഴുന്ന നേരം

പോഴത്തം കാട്ടിടാതേ, ക്ഷമയൊടു ഭവനം തന്നിലേ കൂടിടേണം

താഴാം, തീവ്രാണുകാലം, സമരസമൊടു നാ, മൊന്നുചേർന്നിന്നു നിൽക്കിൽ

കുരുക്ക്

ഉറഞ്ഞുതുള്ളി വെട്ടിടാനൊരുങ്ങിയെ ത്തിടുന്നൊരി-

ക്കൊറോണയേ കുരുക്കിടാനൊളിച്ചിരിക്കലത്ര മേൽ

കുറച്ചിലല്ലൊരാളുമേമടിച്ചിടേണ്ടൊളിക്കുവാ-

നുറച്ച മാനസത്തൊടിങ്ങടച്ചിരിക്കയേകരായ്

2020, മാർച്ച് 24, ചൊവ്വാഴ്ച

അണുനാശിനി

ദുശ്ശാഠ്യം വിട്ടിടേണം സ്വസുഖവുമസുഖം
കൂട്ടുമെന്നോർത്തിടേണം

നിശ്ശേഷം നിർത്തിടേണം പലവഴി വെറുതേ- ചെന്നു കേറുന്ന ശീലം

സശ്രദ്ധം വാണിടേണം, നിലയന കവചം
പൂകലാണുത്തമം കേൾ

പ്രശ്നം കൂടാതെ രക്ഷപ്പെടുവതുവരെയും കാക്കണം നമ്മൾ നമ്മെ..

രക്ഷാർത്ഥം

ഭൂലോകത്തിൻവലിപ്പം, ഗരിമനിറയുമാ
ശാസ്ത്രസാങ്കേതികത്വം

തോൽക്കുന്നോയിന്നിതെല്ലാം, പടരുമൊരണുവിൻ ചൂടുകാറ്റേറ്റു കഷ്ടം!

ഇല്ലാതായ് മറ്റുമാർഗ്ഗം, പെടുമരണഭയം
കൂടി മർത്ത്യന്റെ കാര്യം

വല്ലാതായ്, ധർമ്മദേവാ! കരുണയൊടിനി നിൻ ഭൃത്യരെശ്ശാന്തരാക്കൂ!

സ്വയം കരുതൽ

മുറ്റുംഭീതി വിതച്ചു മാനുഷകുലം
മുച്ചൂടെരിയ്ക്കും വിധം

ചുറ്റിച്ചുറ്റിവരും കൊറോണ കണികാ
ജാലങ്ങളിങ്ങെത്തവേ

ചുറ്റിന്നോടി നടന്നിടാതെ,യകലം
പാലിച്ചു നിസ്വാർത്ഥരായ്

മുറ്റത്തെത്തിയ ഭീകരന്റെ പതനം
സമ്പൂർണ്ണമാക്കാം സഖേ!

ഒളിപ്പോര്

മഹാവ്യാധിയാകും കൊറോണയ്ക്കുമുന്നിൽ

മഹാരാജ്യമൊന്നാകെ വീഴാതിരിയ്ക്കാൻ

അഹംഭാവമല്പം മറന്നിട്ടു നമ്മൾ-

ക്കഹസ്സന്തിയോളം മുറിയ്ക്കുള്ളിൽ വാഴാം