Powered By Blogger

2017, ഡിസംബർ 20, ബുധനാഴ്‌ച

ദർശനം

ഉദ്യാന മദ്ധ്യേ ഭഗവാന്റെ രൂപം
ധ്യാനിച്ചു പാടും തുളസിയ്‌ക്കു മുന്നിൽ
കൃഷ്ണൻ തെളിഞ്ഞൂ കൃപയോടൊരിക്കേ
രാമൻ മതീയെന്നു ശഠിച്ചു ദാസൻ

പിൻകുറിപ്പ്: ഹിന്ദി കവിയായിരുന്ന തുളസീദാസിന് മുന്നിൽ കൃഷ്ണൻ പ്രത്യക്ഷനായി എന്നും, തനിക്ക് കാണേണ്ടത് കൃഷ്ണരൂപമല്ല, രാമനെ തന്നെ ആണെന്നും അദ്ദേഹം പറഞ്ഞു എന്നൊരു കഥ കേട്ടിട്ടുണ്ട്..വാസ്തവം അറിയില്യ

നീയും ഞാനും


ഞാനേകനാണെന്നുമനേകനെന്നും
ഞാനെന്ന സത്യംവെളിവാക്കിടുന്നൂ
ഞാൻമാത്രമാകുന്ന ജഗത്തിൽ,നീയും
ഞാൻതന്നെ,യെന്നിന്നു മനസ്സിലോർക്കാം 

2017, ഡിസംബർ 19, ചൊവ്വാഴ്ച

വണ്ടി

ദിനവുമീവഴി വണ്ടിയുമായ് വരും
വനിതയിന്നു വരുന്ന വഴിക്കഹോ
കനവു കണ്ടു നടന്നകിടാവുത-
ന്നിടതു കയ്യിലിടിച്ചു മറിഞ്ഞു പോയ്

അബല

കുലവധൂജന മാനമിതാകെയും
നൃപസദസ്സിലുരിഞ്ഞധമന്നെഴും
കുടലു കീറുക ഭീമ,നതേ വരേ-
യ്ക്കബല പോലിഹ വാഴണമത്രെ നാം

വഴിയരങ്ങ്

ഏറെ നാളിന്നിടവേള തീർത്തിട്ടു ഞാൻ
കേറി കാവിൻ പടവിന്നലെസ്സന്ധ്യയിൽ
മുറ്റമാകെ നിറഞ്ഞൊരാ മുത്തങ്ങ പോയ്
ഇറ്റു മണ്ണുമിടക്കട്ടയ്ക്കടിയിലായ്
വേനലും വർഷവും കൊള്ളേണ്ട ദേവിയും
കാനലേൽക്കാ വാർപ്പു കൂരയ്ക്കു കീഴിലായ്
ദേവിയ്ക്കു മുന്നിൽ കരാഞ്ജലിയർപ്പിച്ചു
വേവും മനസ്സു കുളിർപ്പിയ്ക്കും വേളയിൽ
മാറേണം, നേരമധികമായ് നിൽക്കുന്നു,
ആളേറെയുണ്ടി,നി നിൽക്കേണ്ടയെന്നൊരാൾ
മെല്ലെ വലം വെച്ചു മാറി നടന്നുഞാൻ
തെല്ലുമില്ലലല്ലെന്നുള്ളത്തിലപ്പോഴും
കാലം മരിക്കാത്തയോർമ്മകൾ തന്നോരാ-
യാലിന്റെ ചോട്ടിലിരുന്നു നിരൂപിച്ചു
നാടില്ല നാട്ടാരുമില്ലയെന്നാകിലും
പാടില്ല വന്ന വഴികൾ മറക്കുവാൻ.

കലി കാലം

കലിമതം പട കൂട്ടി വരുന്നൊരീ
കലിയുഗത്തിനൊരാശ്രയമേ ഭവാൻ
കലിത ഭക്തിവിടർന്നു ശിവം വരാൻ
കലികപോലിഹ വാഴണമത്രെ നാം

കടമ

കടമയൊക്കെ മറന്നിഹ മന്ത്രിമാ-
രുടമ വേഷമണിഞ്ഞു ഭരിക്കവേ
കടമതും പെരുകീട്ടു വശം കെടു-
ന്നടിമ പോലിഹ വാഴണമത്രെ നാം

2017, ഡിസംബർ 18, തിങ്കളാഴ്‌ച

തടി

മടികൂടി വരുംക്ഷണമിന്നുടലിൻ
തടികൂടിവരും പിറകേയസുഖം
പടികേറണമോടണമെന്നുമിനി-
ത്തടികേടുകൾതീർത്തുസുഖം വരുവാൻ


2017, ഡിസംബർ 14, വ്യാഴാഴ്‌ച

ഭാഗഭാക്ക്

ഭാഗം വെപ്പുകഴിഞ്ഞു ഭൂമി സമമായ് വെട്ടിപ്പകുത്തെങ്കിലും
ഭാഗത്തിൽപ്പിഴ വന്നു കൂടി കലഹം
വൈകാതെ സംജാതമായ്
ഭാഗ്യക്കേടൊടു യുദ്ധമായി ധനവും ധാന്യങ്ങളും നാശമായ്
ഭാഗം വെപ്പിതു നഷ്ടമല്ലെ പറയൂ രാജ്യങ്ങളൊന്നല്ലെടോ!

2017, ഡിസംബർ 13, ബുധനാഴ്‌ച

അഗ്രേ പശ്യാമി

അഗ്രേ പശ്യാമി സാക്ഷാൽ ഗുരുപവന പുരം ഭക്തനിഷ്ട സ്വരൂപം
നിൽക്കുന്നൂ കൃഷ്ണനേവം കളിചിരി വിടരും മുഗ്ദ്ധഭാവത്തൊടേ താൻ
നീറും ദുഃഖം ശമിയ്ക്കും,തവകഥയറിയേ ശിഷ്‌ടലോകർക്കു,നിത്യം
കാരുണ്യപ്പൊൻ കടാക്ഷം കൃപയൊടു ചൊരിയൂ കൂപ്പിടാം തൃപ്പദം ഞാൻ

2017, ഡിസംബർ 8, വെള്ളിയാഴ്‌ച

ഗോമാതാ

കറവ വറ്റിയ മാടിനെയിന്നുഞാ-
നറവു ചെയ്തു ഭുജിയ്ക്കുക പാപമോ?
നിറയുകില്ലിനി മാറിടമമ്മത-
ന്നറവുകാരനു വിൽക്കുകസാദ്ധ്യമോ!

മടിയും തടിയും

മടികൂടിയനനമ്മുടെമേനിപരം
തടികൂടി,വരും പിറകേയസുഖം
പടികേറണമോടണമെന്നുമിനി-
ത്തടികേടുകൾമാറ്റിസുഖം വരുവാൻ