Powered By Blogger

2019, ജനുവരി 30, ബുധനാഴ്‌ച

ഒളിച്ചു കളി

തിളച്ചുനിൽക്കും വെയിലത്തുമോടി-

ക്കളിച്ചബാല്യം വരുകില്ലവീണ്ടും

തളർച്ച തോന്നുംചെറുചൂടിലിന്ന-

ല്ലൊളിച്ചു നിൽക്കും കുളിരാകിലും ഞാൻ



2019, ജനുവരി 28, തിങ്കളാഴ്‌ച

വിഷാദം

വിഷാദരോഗം പിടിപെട്ടു പോകാൻ

വൈഷമ്യമൊട്ടുംകിടയില്ല പാരിൽ

ഉഷസ്സു തൊട്ടന്തി വരേയ്ക്കു നിത്യം

വിഷംവമിച്ചീടിനവാക്കു കേൾക്കേ



പോരാട്ടം

പോരടിച്ചുതല തല്ലിവീഴുമെൻ

കേരളം നിണമണിഞ്ഞു കഷ്ടമേ

ആരുവീഴുമിവിടാരുവാഴുമീ

ചോര നമ്മളുടെ തന്നെയല്ലയോ


ആദ്യത്തെ കണ്മണി

ആരുവേണമിനിയാദ്യകുട്ടിയാ-

യാര്യചോദ്യശരമെയ്തുനേർക്കു ഞാൻ

നേരുചൊല്ലി ശിശുവേതുമാട്ടെയാ

ചോര നമ്മളുടെ തന്നെയല്ലയോ

2019, ജനുവരി 24, വ്യാഴാഴ്‌ച

ആർത്തിമാനകം

സ്വത്തുതന്നിലമരുന്നുവെങ്കിലെ-

ന്താർത്തിയൊട്ടുകുറവില്ല,ളക്കുവാൻ

തീർത്തുറാത്തലതിനുള്ളസൂചിക-

യ്ക്കൊത്തുതാണുപടി,തീരുമാനമായ്‌



2019, ജനുവരി 23, ബുധനാഴ്‌ച

ത്രാസ്

പോയാലെന്തൊരുസഖ്യകക്ഷി, ഭരണം കിട്ടീടുമെന്നാകിലോ

വയ്യാവേലിവകുപ്പുനൽകുമതിനാൽ സംതൃപ്തരായീടണം

തയ്യാറെന്നൊരുമട്ടിലിന്നു പലരും
വൈരം മറന്നെത്തവേ

ചായുംത്രാസിലെനോട്ടുകണ്ടു ചിലര- ക്കാഴ്ച്ചയ്ക്കു നാളെണ്ണിടാം











2019, ജനുവരി 22, ചൊവ്വാഴ്ച

എന്റെ ലോകം

ഞാനുണർന്നുവരുമപ്പൊ ലോകവും

താനുണർന്നുവരുമെന്തൊരത്ഭുതം

ഞാനുറങ്ങുമുടനേമറഞ്ഞിടു-

താനു,മത്ര ലയമാണു ഞങ്ങളിൽ

രതിലയം

രാവാംമംഗന പഞ്ചമിയ്ക്കു സഖനാം പൂന്തിങ്കളെക്കാണുവാൻ

താവും പ്രേമരസം കലർന്നു വരവായ് താരാംബരം സാക്ഷിയായ്

ഭാവംപൂണ്ടു രമിച്ചിടുന്ന സമയം ക്ഷീണം തണുപ്പിക്കുവാ-

നേവം വീശുകയായിമന്ദ പവനൻ ഗംഭീരശാന്തം ലയം

2019, ജനുവരി 20, ഞായറാഴ്‌ച

2019, ജനുവരി 16, ബുധനാഴ്‌ച

കസർത്ത്

ഒരു വെളുപ്പിനു തോന്നി കുറയ്ക്കണം

വരുതിവിട്ടു കുടംസമമാമുടൽ

പരിധിയറ്റു നടന്നുതളർന്നൊരെൻ

ചരണമേ രണമേറ്റു മരിയ്ക്കൊലാ



ലാലിസം

ആര്യൻ ചെങ്കോൽ കിരീടം സദയദശരഥം രംഗമോർക്കാപ്പുറത്താ-

വാനപ്രസ്ഥം പവിത്രം സ്ഫടികമുഖനരൻ വന്ദനം വാസ്തുഹാരാ

നാടോടിക്കാറ്റു പക്ഷേ പടയണിഭരതം പാദമുദ്രാനുബന്ധം

പിൻഗാമിച്ചെപ്പുയോദ്ധാ ഗുരുകമലദളം വിസ്മയം ലാൽ സലാം തേ!

2019, ജനുവരി 11, വെള്ളിയാഴ്‌ച

യന്ത്ര തന്ത്രം

യന്ത്രമുണ്ടെങ്കിലന്യന്റെ

തന്ത്രമൊട്ടു ഫലിച്ചിടാ

മന്ത്രമിവ്വണ്ണമോതുന്നൂ

യന്ത്രതന്ത്ര വിശാരദർ

ഊരാളൻ

ഊരായ്മ ദേഹത്തിനുതാനൊഴിഞ്ഞി-

ന്നാരാനുമല്ലെന്നു ധരിച്ച മർത്യാ

പേരിന്നു നീ നല്ലൊരുയന്ത്ര,മൂർജ്ജ-

ധാരയ്ക്കുമേ,ലില്ലവകാശമേതും









2019, ജനുവരി 9, ബുധനാഴ്‌ച

മരുന്ന്

പോരായ്മയുണ്ടു,മമദേഹമസാരദീന-

ക്കാരൻകണക്കു മെലിയുന്നതു കണ്ടുപത്നി

നേരായ്മൊഴിഞ്ഞുതവഭക്ഷണശേഷമെന്നും

മോരായതിന്നുപരി,  തെല്ലു കഴിയ്ക്ക നല്ലൂ

2019, ജനുവരി 8, ചൊവ്വാഴ്ച

ഗുരുസ്മൃതി

നാടുവാണമതജാതിചിന്തതൻ

കേടുനീക്കിഗുരു ശങ്കരേച്ഛയാൽ

നാടുനീങ്ങി ശതവർഷമായിടാ

കേടുകൂടിയടിവീണ്ടുമായിതേ!


പോടുവീണ ജനമാനസം വെറും

പേട്ടുതേങ്ങസമമിന്നുമാറവേ

ചോടുറച്ചു വഴിതാണ്ടുവാൻ ഭവ-

ച്ചോടുമുദ്രതെളിയിക്കുകില്ലയോ!











വഴിമുടക്കി

പേരെടുത്തുപറയുന്നകാരണം

പോരടിയ്ക്കുവതിനെത്തിടും ജനം

പാരിലെന്റെ തുണയായ് ഗണേശ നീ

പോരു കുംഭനിറയേത്തരാം പഴം


*ഇടതുതത്വം*

"സ്വാഗതം, പണിമുടക്കുകാലമി-

ങ്ങാഗതം സഹകരിക്ക നിങ്ങളും

വേഗമാക്കടയടയ്ക്കു,വാഹനം

ഭാഗമാക്കുക, പുറത്തിറക്കൊലാ


കേന്ദ്രമാണു നയവഞ്ചകർ സ്ഥിരം

കേന്ദ്രമേ മുതലു നക്കിടുന്നതും

വേന്ദ്രനാകിയ നരേന്ദ്രനീവിധം

സാന്ദ്രമോദമിനി വാഴ്ക വേണമോ"


*കേന്ദ്രലേഖനം*

"ആണൊരുത്തനിഹ കേരളത്തിലായ്

വാണിടുന്നു പിണറായിയെന്നുപേർ

നാണമറ്റുപറയുന്ന വാക്കുകൾ-

ക്കാണയിട്ടു ജനകോടി പിൻബലം


ചെങ്കൊടിയ്ക്കു നിജചങ്കുനൽകിയോർ

ഹുങ്കുകാട്ടിവരുമൊപ്പമെത്തിടും

പങ്കുതേടിയലയുന്ന ഹസ്തവും

വങ്കരാം ഹരിതയേണികൂടെയും


ഭൂരിപക്ഷമൊരുമിക്കയാൽ ചിരം

ഭൂരിതാപമൊടു വാഴുമീഗണം

ഭൂരിഭാഗവുമുടുത്തകാവിയീ-

ഭാരതത്തിനൊരു ഭാരമെന്നുമായ്"


*ജനഹിതം*

"ഒന്നുചേർന്നെതിരെയൊച്ചപൊക്കിയാ-

ലന്നുതീരുമിവരോടിമാറിടും

കൊന്നുതിന്നുമിവരല്ലയെങ്കിൽ നാ-

മിന്നുതന്നെയൊരുമിയ്ക്കണം വരൂ"

2019, ജനുവരി 7, തിങ്കളാഴ്‌ച

ക്ഷേത്ര ടൂറിസം

സർക്കാർ വഹിക്കുംചിലവൊക്കെ വന്നാൽ

പെണ്ണാകണം ഭക്ഷണതാമസം ഫ്രീ

ആളൊന്നുവീതം വരുമാപ്പൊലീസും

ക്ഷേത്രം വനം ഹില്ലിവകണ്ടു പോകാം

സങ്കല്പനിവാരണസൂത്രം

ജീവിതത്തിലൊരുവേളവന്നിടും

ഭാവിതങ്ങളെയകറ്റിനിർത്തുവാൻ

ആവതിന്നുതകിടുന്നസൂത്രമി-

ന്നാവുവോളമരുളേണമംബികേ

നാടകം

സൂത്രധാരനവനെങ്ങിരിക്കിലും

ചിത്രമോടവനിരംഗഭൂവിലായ്

പാത്രഭംഗികലരുന്നനാടകം

നേത്രകർണ്ണമതിമോഹനം ദൃഢം

പോകുമ്പോൾ

കാർത്തസ്വരം കാമിനി പട്ടു വസ്ത്രം

പാർത്തട്ടിലുണ്ടേവമനേകമർത്ഥം

ഓർത്തോളണം കൂടെവരില്ലയൊന്നും

മാർത്തട്ടിതാസൂത്രദരിദ്ര പോകേ

ശകാരം

"മുപ്പത്തിയൊന്നാണ്ടു കഴിഞ്ഞു പാരിൽ

മൂപ്പെത്തിയില്ലേയിനിയും മനുഷ്യാ"

മൂപ്പത്തി ദേഷ്യത്തിലുറഞ്ഞിടുമ്പോൾ

മൂപ്പർക്കു സൂത്രം പറയാനുമാകാ

2019, ജനുവരി 3, വ്യാഴാഴ്‌ച

കംസാരി

കംസന്റെകാരാഗൃഹമൊന്നിലന്നാൾ

ഗോപാല ബാലാർക്കനുദിച്ച നേരം

ധ്വംസിക്കു പേടിപ്പനികൂടിവന്നി-

ട്ടാപാദചൂഡം വിറപൂണ്ടു നിൽപ്പായ്










കഷണ്ടി

മുടിയാനിനിബാക്കിയുള്ളതീ-

മുടിമാത്രം ഭയമേറിനെഞ്ചകം

മുടി വെട്ടുകിലിപ്പൊഴുള്ളയീ

മുടിയും പോയി കഷണ്ടിയാകുമോ

ജീവാത്മ ബോധം

മുടിയ്ക്കൂ മടിയ്ക്കാതെയുള്ളത്തിലിന്നും

മുടിച്ചാർത്തുനീട്ടിക്കിടക്കുന്ന ഭാവം

തുടിയ്ക്കട്ടെ ജീവാത്മബോധം നിതാന്തം

തുടിയ്ക്കൂ തുടി,ക്കൂടുപൊട്ടാൻ പുരാരേ

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ

ആരുചൊല്ലി തലമൂടി രാത്രിയിൽ

ചോരരെന്നപടി ദർശനത്തിനായ്

പേരുകേട്ടമതിലൊക്കെയും വെറും

ചാരം-ഇന്നു ചരമം രചിക്കയായ്






വളപ്രയോഗം

വേരുതട്ടി വളരാൻ ചെടിയ്ക്കുനാം

വാരിയിട്ടുവിവിധങ്ങളാം വളം

കോരിനൽകറിവു ലോഭമെന്നിയേ

നേരുറച്ചുശിശു വെന്നിടാനുമേ