Powered By Blogger

2019, നവംബർ 12, ചൊവ്വാഴ്ച

കുഞ്ഞിമണിക്ക്

ദാമ്പത്യച്ചെടി പൂത്തനാളുമുതലേ കാക്കുന്നു നിന്നെസ്സദാ

തുമ്പം വിട്ടിരുമാനസങ്ങളധികം പ്രേമാർദ്രഭാവത്തൊടേ

ഇമ്പം ചോരുമൊരീണമിട്ടു ഹൃദയം താരാട്ടു പാടുന്ന കേ-

 ട്ടൻപോടിങ്ങു വിരിഞ്ഞിറങ്ങിയരികേ തിങ്കൾക്കിടാവെൻ മകൾ


മണ്ണും മാനവുമന്യമായൊരുദരപ്പാത്രത്തി-
ലേകാകിയായ്

കണ്ണുംപൂട്ടിയുറങ്ങി, കാലമണയേ
സോല്ലാസമിങ്ങെത്തി നീ

വിണ്ണോർനാരിയുമൊട്ടസൂയയൊടുതാൻ നോക്കിക്കൊതിക്കുമ്പൊളെൻ

പെണ്ണേ കണ്മണിയെന്റെകയ്യിലമരൂ പാൽപ്പുഞ്ചിരിച്ചുണ്ടുമായ്


കുഞ്ഞിക്കാലടിവെച്ചു കോണികയറാൻ
ബദ്ധപ്പെടുംനേരമ-

പ്പഞ്ഞിയ്ക്കൊത്തശരീരമെത്ര വഴുതി-
പ്പോകുന്നുവെന്നാകിലും

കുഞ്ഞിപ്പെണ്ണുചിരിച്ചെണീറ്റു തരസാ കേറുന്നൊരക്കാഴ്ചയെൻ

നെഞ്ഞിന്നുള്ളിലുണർത്തിടുന്നു പുളകം, മോദാശ്രു നേത്രത്തിനും


കിണ്ണമേന്തിപിറകേനടന്നു പലകാഴ്ചകാട്ടി
യിനിയൂട്ടിടാ-

മെണ്ണിയമ്മവരുമപ്പൊളോമനയിരിപ്പു
മുറ്റമതിലായതാ

മണ്ണുമാന്തിയൊരുനുള്ളെടുത്തുമലർവായ്ക്ക-
കത്തുതിരുകുന്നു,ഹാ!

കണ്ണനുണ്ണിപുനരിങ്ങുവന്നുകളിയാടിടുന്നതു
കണക്കയേ!