Powered By Blogger

2011, ജനുവരി 30, ഞായറാഴ്‌ച

കള്ള്- ഒരു പാഴ് കഥനം

എള്ളോളമുള്ളങ്ങു പൊള്ളുന്ന വേളയില്‍
ഭള്ളല്ല, കള്ളല്ലോ മാളോര്‍ക്കു താവളം
അല്ല,ല്ല സന്തോഷ ദിനമാകുമെങ്കിലും
കൂടെയുണ്ടാകുമാക്കുപ്പി തന്‍ വീര്യം
അഖിലവും നിന്‍ തൃക്കാല്‍ക്കലര്‍പ്പിക്കാന്‍
വെമ്പുന്ന ജനമിവിടെ പ്രതിദിനം പെരുകുന്നു
മുക്കിലുംമൂലയ്ക്കും ബാറുകള്‍ തീര്‍ക്കുമാ
അബ്കാരിവര്‍ഗ്ഗത്തിനൊപ്പമേ സര്‍ക്കാരും
വന്‍ദുരന്തങ്ങള്‍ക്കിപ്പോള്‍ ചോരതന്‍ മണമല്ല;
കള്ളിന്‍റെ ചൂരാണതിനെന്നറിയുക
ശേഷിച്ച തോപ്പുകള്‍ തോറും നടന്നിട്ടു
ശോഷിച്ച തെങ്ങിന്‍റെ തലയില്‍ക്കയറീട്ടു
മടവാളിന്‍ മൂര്‍ച്ചയില്‍ ഡംഭു കാട്ടീടുമാ
മുതലാളി 'ചെത്തു'കയാണീ മലനാട്ടില്‍
തെങ്ങ് ചതിയ്ക്കയില്ലത് നിശ്ചയമെന്നാ-
ലിച്ചതിയന്മാര്‍ വൃക്ഷത്തെ മറയാക്കി
വീര്യമൊന്നേറ്റി സര്‍വ്വവും മറക്കാനാ-
ക്കള്ളില്‍ കലര്‍ത്തുന്നു പലവിധ സാധനം
റബ്ബറും, ആസിഡും, തേരട്ടയും ഞാഞ്ഞൂലും
കുടിയന്‍റെ നെഞ്ഞകത്തേറിയിരിപ്പായി
കക്ഷി രാഷ്ട്രീയവും സ്വത്വ രാഷ്ട്രീയവും
മുന്നണി പിന്നണി പിണിയാളുകളും
അധികാര പര്‍വ്വങ്ങള്‍ പലതും, കൂട്ടിനായ്
സദാ ഗുണ്ടകളെപ്പോലെയാ പോലീസും
പ്രീതിദരായ് പ്രതിദാനം നടത്തീടാന്‍
മുതലാളിമാരിവര്‍ക്കു പിന്നാലെയോ?
ഇക്കൂട്ടര്‍ കാട്ടുന്ന കാടത്തമെതിര്‍ക്കാനാ-
മാധ്യമക്കൂട്ടര്‍ തന്‍ പാഴ്വേലകള്‍ മാത്രം
വാര്‍ത്തകള്‍ വറുത്തുപൊടിച്ചിവര്‍ കാട്ടുമ്പോള്‍
പടയോട്ടഭേരിയിലതും വീണ്‌ ഉടയുന്നു
ഇങ്ങനെ കേരള ജനതതന്‍ കരളിലാ-
ക്കള്ളിന്‍റെ വീര്യം കലിവേഷമാടുന്നു
ഇത്രയുമെഴുതുവാന്‍ എന്‍ കൈകള്‍ വിറയ്ക്കാതെ
താങ്ങി നിര്‍ത്തിയതീയൊരു കുപ്പിയാ
വൈദേശികനായൊരീ കുപ്പിതന്ന-
കക്കാമ്പിലെ വീര്യമെന്‍ സിരകളെ എരിയ്ക്കുമ്പോള്‍
ഒരു നിമിഷമെന്‍ നാവു മെല്ലെ മന്ത്രിക്കുമീ
കഥനം, പാഴ് കഥനം വൃഥായിഴയ്ക്കുന്നതില്ല ഞാന്‍

2011, ജനുവരി 16, ഞായറാഴ്‌ച

തപസ്സ്

ജന്മരഹസ്യതിന്‍ തായ് വേരു തേടി
കന്മദമൂറും ഗുഹാന്തരമിരുളില്‍
താടി വളര്‍ത്തിയും കാവി ധരിച്ചും
ധ്യാനിച്ചു, ഒന്നുമുരിയാടാതെ ഞാന്‍
ദിവസങ്ങള്‍, മാസങ്ങള്‍,വര്‍ഷങ്ങലളഞ്ഞു
അവസാനമാരഹസ്യം വെളിപ്പെട്ടു
" ഞാനില്ല, നീയില്ല,നമ്മളുമില്ല
ധ്യാനിക്ക വീണ്ടുമൊരുത്തരം വരേയ്ക്കും "

ടിപ്പര്‍

എന്തിനുമേതിനും ഉണ്ടൊരു വണ്ടി
ടിപ്പര്‍ എന്ന് പേരുള്ള വണ്ടി
പടം നികത്തി മണ്ണിട്ട്‌ മൂടാന്‍
നിലയിലെ മണലൂറ്റി മാളിക തീര്‍ക്കാന്‍
കമ്പിയും കട്ടയും കല്ലും ചുമക്കാന്‍
രാക്ഷസ രൂപിയായിന്നൊരു വണ്ടി
പാതകള്‍ നീളെ പൊടിയും പറത്തി
കാറ്റിന്റെ വേഗത്തിലോടുമീ വണ്ടി
രാക്ഷസ വണ്ടി തന്‍ അഹന്ത തീര്‍ക്കാനായി
വന്നില്ല രാമനും ഇന്നീ വഴിക്കേ
ലക്കും ലഗാനും ഇല്ലാത്തൊരു പോക്കാ
കണ്ടവര്‍ കണ്ടവര്‍ നോക്കിപ്പറഞ്ഞു
ലാഭക്കൊതിയുടെ ടിപ്പരിന്നങ്ങനെ
മടിച്ചു വരുന്നൊരു കൊമ്പനെപ്പോലെ
ചുടുചോരയാണിവനിപ്പോള്‍ പഥ്യം
കുടിച്ചു മടുക്കില്ലോരിക്കലുമെന്നവന്‍
ലോട് കണക്കിന് മരണവും നിറച്ചതാ
മറ്റൊരു ടിപ്പറും ചീറി വരുന്നു....

നീല

തലയ്ക്കുമീതെ തണലായി നില്‍ക്കുന്ന
നീല നിറത്തില്‍ ചാലിച്ച ആകാശം
ആകാശ നീലിമയെ നാണിപ്പിക്കാന്‍ താഴെ
അഗാധ നീലിമയാര്‍ന്ന കടല്‍
നീല നാളങ്ങളാല്‍ തെളിഞ്ഞു കത്തുന്ന
ഗ്യാസ് അടുപ്പ്,അടുക്കളയില്‍
നീലം മുക്കിയ തുണികള്‍ പുറത്തെ
അയകളില്‍ തൂങ്ങി കിടക്കുന്നു
നീലതന്‍ മാസ്മരിക വര്‍ണ്ണ പ്രഭയില്‍
യൌവനങ്ങളും ആര്‍ത്തലയ്ക്കുന്നു
ഇവ്വിധം വൈഷമ്യ വൃത്തത്തില്‍ വസുധയും
നീല നിറത്തില്‍ ഉറഞ്ഞു തുള്ളുന്നു
എല്ലാമേ കണ്ടറിഞ്ഞിട്ടുള്ള അവളും
നീലതന്നടിമയായ് മാറിയതെപ്പോളോ?
നീല ബൈക്കില്‍ നീല ജീന്‍സിട്ട് വന്ന പയ്യന്‍
നാണത്തിലവളെ കുളിപ്പിച്ചപ്പോളോ?
അവന്‍റെ കൂടെ ഐസ് ക്രീം നുണഞ്ഞു
നീല രാവില്‍ സ്വപ്‌നങ്ങള്‍ നെയ്തപ്പോളോ?
അതോ, നീലവെളിച്ചം വിതറുന്ന ഹോട്ടല്‍
മുറിയില്‍ ആദ്യമായ് വഴങ്ങിയപ്പോളോ?
നീല സി ഡി കളില്‍ താന്‍ താരമായി മാറിയ വേളയില്‍
നീലതന്‍ അടിമയായ് മാറിയെന്നവളും...
അവളുടെ നീല നയനങ്ങളില്‍ ഭയത്തിന്‍റെ മിന്നല്‍പ്പിണരുകള്‍
അതിനും നിറം നീല ആയിരുന്നു
ഇതില്‍ നിന്നെല്ലാം മോചനം തേടിയവള്‍
അഗാധ നിദ്രയിലഭയം പ്രാപിച്ചു
നീല നിറമാര്‍ന്ന വിറങ്ങലിച്ച സരീരവും
അവളെ നോക്കി കൊഞ്ഞനംകുത്തി

യാത്ര

കാലത്തിനായിരമോളങ്ങളിലൊരു
കളിയോടമായി ഒഴുകുന്നു ജീവന്‍
തട്ടിത്തിരിഞ്ഞും ചെറുതായുലഞ്ഞും
തീരത്തിലെത്താനൊഴുകുന്നു ജീവന്‍
ചക്രവാളത്തിന്നരികിലായ്, ദൂരെ
സന്ധ്യാംബരം പോലെ കാണാവു തീരവും
തീരത്തിനോരത്ത് ചാരത്തിന്‍ ചാരെ
പന്നഗധാരിയം മുക്കണ്ണ രൂപം
തൃക്കണ്ണിന്‍ ചെന്തീയില്‍ ചിന്തിയ ജീവനെ
താമരത്തേനൂറ്റി പുതുക്കുന്നു ബ്രഹ്മന്‍
അരുളുന്നു ജീവന്നൊരു യാത്രകൂടി
ഏകുന്നിണങ്ങുമീ ദേഹമതിന്നായി
തീരമണയും വരിഗ്ഗതി തുടരാന്‍-
അനുഗ്രഹിച്ചീടുന്നു മോഹിനീ രൂപനും
ഓളങ്ങളില്‍ തട്ടിയുലഞ്ഞിടുമ്പോഴും ഞാ-
നൊപ്പമുണ്ടെന്നോതി പുഞ്ചിരി തൂകുന്നു
ഉപ്പേറെയേറുമീ സംസാരക്കടലിന്ന-
ജ്ഞാതമാകുന്ന മറ്റേതോ ഭാഗത്ത്
വരദാനമായിക്കിട്ടിയ ദേഹത്തില്‍
അജ്ജീവനിന്നും തുടരുന്നീ യാത്ര
ഇടവേളയില്ലാത്ത ജീവിതയാത്ര
ഒരുവേള നില്‍ക്കാത്ത ജീവനയാത്ര
കാലത്തിനായിരമോളങ്ങളിലൊരു
കളിയോടമായി തുടരുന്നൂ യാത്ര

വേശ്യ

നറുമണം തൂവുന്ന മുല്ലപ്പൂക്കളും
ശ്രിംഗാരം തുളുമ്പുന്ന മുഖവും
കാമ കടക്കണ്‍ നോട്ടവുമായി നില്‍ക്കു-
ന്നവള്‍ വഴിയില്‍ വിവശയായി
വഴങ്ങി കൊടുക്കുമാര്‍ക്കും
പണമാണവള്‍ തന്‍ ലക്‌ഷ്യം
പോകുമവള്‍ ആര്‍ക്കൊപ്പവും
എന്നാല്‍ പണമില്ലാതെ;
തൊടുവാന്‍ പോലും, പരിശുദ്ധയാണവള്‍
അവളുടെ രാവുകള്‍ പലരുടെ കൂടെയും
പുലരുമ്പോള്‍ അന്യോന്യം അറിയാറില്ല
നേര്‍വഴി നടക്കാത്ത കുഞ്ഞാടിനെ
ആട്ടിടയരും കൈവെടിഞ്ഞു
ഭാര്യതന്‍ അരക്കെട്ടിനെക്കാള്‍
ഭംഗിയിവള്‍ക്കെന്നോതിയവര്‍
അവളെയുംകൂട്ടി ഒരു രാവു
വെളുപ്പിക്കാന്‍ വെമ്പിടുന്നു
അവളുടെ പ്രായം അറിവീല ആര്‍ക്കും
അറിഞ്ഞിടും അവളുടെ മറുകിന്‍റെ എണ്ണം
ഒരു രാത്രിയൊറ്റയ്ക്ക് വെളുപ്പിക്കുവാന്‍
അറിയില്ലവള്‍ക്കിത്ര നാളായിട്ടും
ഇന്നുമവള്‍ക്കായ്‌ വന്നൊരുത്തന്‍
വാതില്‍ തുറന്നവള്‍ സ്വീകരിച്ചു
അവളുടെ മുഖ കാന്തി കണ്ട രാവില്‍
ചന്ദ്രിക നാണിച്ചു മാഞ്ഞു പോയി
ആ രാവിലിരുവരും ഒന്നു ചേര്‍ന്നു
ദിവ്യ സമാഗമ സമയമായി
ഇറ്റു തേന്‍ തുള്ളി പോലും ബാക്കി-
വെയ്ക്കതെല്ലാം കുടിച്ചു തീര്‍ത്ത മഹാന്‍
നോട്ടുകെട്ടുകള്‍ വലിച്ചെറിഞ്ഞി-
ട്ടിറങ്ങിപ്പോയി വേഗം
സങ്കടമവള്‍ക്കേറ്റം വന്ന കാര്യം, ഒന്നുമേ
ഉരിയാടിയില്ലവന്‍, ഇന്നും; ആവശ്യം അശേഷമില്ലെങ്കിലും...