Powered By Blogger

2011, ജനുവരി 30, ഞായറാഴ്‌ച

കള്ള്- ഒരു പാഴ് കഥനം

എള്ളോളമുള്ളങ്ങു പൊള്ളുന്ന വേളയില്‍
ഭള്ളല്ല, കള്ളല്ലോ മാളോര്‍ക്കു താവളം
അല്ല,ല്ല സന്തോഷ ദിനമാകുമെങ്കിലും
കൂടെയുണ്ടാകുമാക്കുപ്പി തന്‍ വീര്യം
അഖിലവും നിന്‍ തൃക്കാല്‍ക്കലര്‍പ്പിക്കാന്‍
വെമ്പുന്ന ജനമിവിടെ പ്രതിദിനം പെരുകുന്നു
മുക്കിലുംമൂലയ്ക്കും ബാറുകള്‍ തീര്‍ക്കുമാ
അബ്കാരിവര്‍ഗ്ഗത്തിനൊപ്പമേ സര്‍ക്കാരും
വന്‍ദുരന്തങ്ങള്‍ക്കിപ്പോള്‍ ചോരതന്‍ മണമല്ല;
കള്ളിന്‍റെ ചൂരാണതിനെന്നറിയുക
ശേഷിച്ച തോപ്പുകള്‍ തോറും നടന്നിട്ടു
ശോഷിച്ച തെങ്ങിന്‍റെ തലയില്‍ക്കയറീട്ടു
മടവാളിന്‍ മൂര്‍ച്ചയില്‍ ഡംഭു കാട്ടീടുമാ
മുതലാളി 'ചെത്തു'കയാണീ മലനാട്ടില്‍
തെങ്ങ് ചതിയ്ക്കയില്ലത് നിശ്ചയമെന്നാ-
ലിച്ചതിയന്മാര്‍ വൃക്ഷത്തെ മറയാക്കി
വീര്യമൊന്നേറ്റി സര്‍വ്വവും മറക്കാനാ-
ക്കള്ളില്‍ കലര്‍ത്തുന്നു പലവിധ സാധനം
റബ്ബറും, ആസിഡും, തേരട്ടയും ഞാഞ്ഞൂലും
കുടിയന്‍റെ നെഞ്ഞകത്തേറിയിരിപ്പായി
കക്ഷി രാഷ്ട്രീയവും സ്വത്വ രാഷ്ട്രീയവും
മുന്നണി പിന്നണി പിണിയാളുകളും
അധികാര പര്‍വ്വങ്ങള്‍ പലതും, കൂട്ടിനായ്
സദാ ഗുണ്ടകളെപ്പോലെയാ പോലീസും
പ്രീതിദരായ് പ്രതിദാനം നടത്തീടാന്‍
മുതലാളിമാരിവര്‍ക്കു പിന്നാലെയോ?
ഇക്കൂട്ടര്‍ കാട്ടുന്ന കാടത്തമെതിര്‍ക്കാനാ-
മാധ്യമക്കൂട്ടര്‍ തന്‍ പാഴ്വേലകള്‍ മാത്രം
വാര്‍ത്തകള്‍ വറുത്തുപൊടിച്ചിവര്‍ കാട്ടുമ്പോള്‍
പടയോട്ടഭേരിയിലതും വീണ്‌ ഉടയുന്നു
ഇങ്ങനെ കേരള ജനതതന്‍ കരളിലാ-
ക്കള്ളിന്‍റെ വീര്യം കലിവേഷമാടുന്നു
ഇത്രയുമെഴുതുവാന്‍ എന്‍ കൈകള്‍ വിറയ്ക്കാതെ
താങ്ങി നിര്‍ത്തിയതീയൊരു കുപ്പിയാ
വൈദേശികനായൊരീ കുപ്പിതന്ന-
കക്കാമ്പിലെ വീര്യമെന്‍ സിരകളെ എരിയ്ക്കുമ്പോള്‍
ഒരു നിമിഷമെന്‍ നാവു മെല്ലെ മന്ത്രിക്കുമീ
കഥനം, പാഴ് കഥനം വൃഥായിഴയ്ക്കുന്നതില്ല ഞാന്‍

6 അഭിപ്രായങ്ങൾ:

  1. വെമ്പുന്ന ജനമിവിടെ പ്രതിദിനം പെരുകുന്നു
    മുക്കിലുംമൂലയ്ക്കും ബാറുകള്‍ തീര്‍ക്കുമാ
    അബ്കാരിവര്‍ഗ്ഗത്തിനൊപ്പമേ സര്‍ക്കാരും

    വരികൾക്ക് കാലികപ്രസക്തിയുണ്ട്.ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  2. അവസാന വരികൾ ചേർക്കേണ്ടിയിരുന്നില്ല

    മറുപടിഇല്ലാതാക്കൂ
  3. "ഇത്രയുമെഴുതുവാന്‍ എന്‍ കൈകള്‍ വിറയ്ക്കാതെ
    താങ്ങി നിര്‍ത്തിയതീയൊരു കുപ്പിയാ..."

    നന്നായിരിക്കുന്നു കുപ്പിയുടെ വീര്യം......

    മറുപടിഇല്ലാതാക്കൂ
  4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  5. അവസാന വരികള്‍ വേണ്ടേ??? ഒഴിഞ്ഞു മാറി പഴി ചാരാന്‍ മനസാക്ഷി അനുവദിക്കുന്നില്ല.

    മറുപടിഇല്ലാതാക്കൂ