Powered By Blogger

2019, ജൂലൈ 30, ചൊവ്വാഴ്ച

ക്രൂരം

ക്രൂരരാണെവിടെനോക്കിയാലുമി-

ക്കേരളക്കരയിലെത്ര കഷ്ടമേ

ശൂരരായിവിടെയാരുമില്ലയോ

ചോരവീഴ്ത്തുവരെയൊന്നു പൂട്ടുവാൻ

2019, ജൂലൈ 24, ബുധനാഴ്‌ച

ചിരി

കിടയറ്റമനസ്സുമാത്രമേ

കിടയേണ്ടൂ വിജയിച്ചുകേറുവാൻ

മടിയാതെചിരിയ്ക്കുനീ,യിട-

യ്ക്കിടറാനില്ലിതുതന്നെജീവിതം

2019, ജൂലൈ 22, തിങ്കളാഴ്‌ച

ആയം

ആയമൊട്ടുകിടയില്ലയെങ്കിലോ

പ്രായമെന്നതുവെറും കണക്കുതാൻ

ന്യായമല്ല,ധികവാക്കുമല്ലഞാ-

നായതെന്നെയറിയിപ്പുകാലവും







എത്രകാലമിനി!

1. എത്രയെത്രകവിവര്യരീവഴി-

യ്ക്കത്രയും മധുരപൂരണങ്ങളും

ഇത്രഭംഗിയൊടെനിയ്ക്കുമൊക്കുവാ-

നെത്രകാലമിനിയാരറിഞ്ഞുവോ..


2. സത്രമാണുധര വാടകയ്ക്കു നാം

തത്രവാസ,മിതുസത്യമല്ലയോ

ചിത്രമെന്റെസമയംകഴിഞ്ഞിടാ-

നെത്രകാലമിനിയാരറിഞ്ഞുവോ!


3. ഇത്രയും സമയമില്ല പോകുവാ-

നത്രെചൊല്ലുവതു ജന്മനാളുകൾ

സൂത്രമൊന്നുമിവിടെബ്‌ഫലിക്കയി-

ല്ലെത്രകാലമിനിയാരറിഞ്ഞുവോ!


4. ശത്രുമിത്രമിതി തന്റെയുള്ളിലെ-

ന്നത്രെയോതുവതു പൂർവ്വസൂരികൾ

ചിത്രമിസ്ഥിതിയിലെന്തുചെയ്‌വുനാ-

മെത്രകാലമിനിയാരറിഞ്ഞുവോ!


5. മൃത്യുജീവനദിതാണ്ടി,കേവലം

ചീർത്തുവീർത്തജഡമൊട്ടു ബാക്കിയാം

ഓർക്കുമർത്യ തവഡംഭമൊക്കെയി-

ങ്ങെത്രകാലമിനിയാരറിഞ്ഞുവോ!


6. നേർത്തുവന്നിടുകയാണു ബന്ധവും

ചേർത്തുവച്ച പലവൻകിനാക്കളും

തത്രചേട്ടവിളയാട്ടമെങ്കിലെ-

ന്തെത്രകാലമിനിയാരറിഞ്ഞുവോ!


7. പത്രമൊട്ടുനിപതിച്ചിടുന്നപോ-

ലത്രെജീവനിഹ വീണിടുന്നതും

മിത്രമേയറികമർത്യരല്ലനാ-

മെത്രകാലമിനിയാരറിഞ്ഞുവോ!


8. പുത്രിയില്ലരികിലില്ലജായയി-

ന്ന,ത്രയല്ല കിടയില്ലജോലിയും

ഇത്രകഷ്ടതകലർന്നൊരെൻ കഥ-

യ്ക്കെത്രകാലമിനിയാരറിഞ്ഞുവോ!


9. രാത്രിയാവുകിലുറങ്ങണം, വൃഥാ

രാത്രിയാത്രയരുതോർക്കുകെപ്പൊഴും

എത്രചൊല്ലുമിവനിങ്ങുവന്നിടാ-

നെത്രകാലമിനിയാരറിഞ്ഞുവോ


10. ജീവിതത്തിലിടവിട്ടുവന്നിടും

തോഷവും കഠിന സങ്കടങ്ങളും

ആസ്വദിച്ചുമരുവുന്നു ഞാനെനി-

യ്ക്കെത്രകാലമിനിയാരറിഞ്ഞുവോ


11.മോഹമുന്തിരിലഭിച്ചിടായ്കയാ-

ലോതി,യെന്തുപുളി! വേണ്ടെനിയ്ക്കിതേ

ഉള്ളിലുള്ളകൊതിമൂടിയിങ്ങുഞാ-

നെത്രകാലമിനിയാരറിഞ്ഞുവോ!











പ്രഹസനം

പേടിച്ചിട്ടില്ലയൊട്ടും വിധിവിഹിതമിദം

വന്നുവീണന്നുതൊട്ടേ

കെട്ടിപ്പേറേണ്ടിവന്നൂ വിവിധരസമെഴും

വേഷമെൻ ജീവനാർത്ഥം

ഈടുറ്റിന്നോളമൊന്നും വടിവൊടുമുഴുവൻ

ചെയ്യുവാനൊത്തുമില്ലെ-

ന്നാട്ടംപാടെപ്പൊളിഞ്ഞൂ പ്രഹസനമിനിയും

നീട്ടുവാൻവയ്യവയ്യേ




2019, ജൂലൈ 20, ശനിയാഴ്‌ച

യാത്രയ്ക്കു മുൻപ്


നിന്നോടക്കുഴലിന്റെ നാദമണുവും കേട്ടില്ല, നീ ചുറ്റിടും

മിന്നും പട്ടുടയാട കണ്ണ! കരളിൽക്കണ്ടീല ഞാനിന്നുമേ;

വന്നെത്തും യമദൂതരൊത്തു വിവശം ഞാൻ പോവതിൻ  മുൻപു നീ

യൊന്നെന്നുള്ളിലണഞ്ഞിടൂ ഹരികഥാതീർത്ഥസ്ഥനാവട്ടെ ഞാൻ!

2019, ജൂലൈ 18, വ്യാഴാഴ്‌ച

വീഴ്ച

പണ്ടത്തെ പ്രൗഢിയൊക്കേ ചറപറപറയാം

മൺമറഞ്ഞില്ലെ കാലം

കണ്ടെത്തീസാരമെല്ലാം,

വെറുതെയിനിയിതേബാക്കിയെന്നോർമ്മനല്ലൂ

മണ്ടത്തംകാട്ടിയാലോ ജനഗണമനവും

നഷ്ടമായ്പ്പോകുമല്ലാ-

തുണ്ടാക്കാനാവതില്ലാ നവധരയിനിയും

വാമപക്ഷംശ്രമിച്ചാൽ




ഒരു ശ്രമം

അമ്പലപ്പുഴയിലിമ്പമോടു പലചെമ്പുപായസവുമുണ്ടു നീ

വമ്പിയന്നു മരുവുമ്പൊളോർത്തിടണ-
മമ്പിനോടെയടിയങ്ങളെ

തുമ്പെഴാത്ത പല കമ്പുകൊണ്ടുമനമമ്പെയിന്നുതകരുമ്പൊഴും

കുമ്പിടാതെ,വരുമമ്പതൊക്കെമലരമ്പതാ- ക്ക,തിനു കുമ്പിടാം


2019, ജൂലൈ 15, തിങ്കളാഴ്‌ച

കൂടും

പിടിപൊടിയവിലോടും കൂടിടും ഭക്തിയോടും

കുടുകുടെ ജലമോടും നേത്രമോടാന്തലോടും

തുടുതുടെ വിലസീടും പാഠിതന്നാടലോടും

പടി,യടിയനുമീടും ചോടുമായ് വിഷ്ണു കൂടും




2019, ജൂലൈ 13, ശനിയാഴ്‌ച

സമയം

വിലപിക്കുന്നോർക്കു ദീർഘം

ക്ഷണികം, സന്തോഷമെങ്കിലോ

കാത്തിരിപ്പോർക്കിഴഞ്ഞീടും

പ്രേമിക്കോ ഞാനനശ്വരം














നൽപ്പാതിയ്ക്ക്

ദൂരത്തേറെ മറഞ്ഞകന്നു കഴിയും ഹേ പ്രേമമേ! വേഗമെൻ

ചാരത്തോടിയണഞ്ഞുവന്നു വിവിധം
ഭാവാർദ്രയാകൂപ്രിയേ

പേരാളുന്നൊരുജീവിതത്തിലിനി നാം
മുന്നേറിടും നെഞ്ചിലെ-

ത്തീരാനോവുകളൊക്കെനീങ്ങിയൊഴിയും
കാലംകടന്നീടവേ

പദക്കമ്മി

ശോകമാണിവിടെയെത്രയാകിലും

ശ്ലോകനീരുറവവറ്റുമോ ദ്രുതം

പാകമല്ലമഴയാതിരയ്ക്കുമൊ-

ട്ടാകെനോക്കെവിള പാതിയായ് വരും

2019, ജൂലൈ 11, വ്യാഴാഴ്‌ച

അസ്ഖിത

ആകെയിന്നു സുഖമില്ല മാനസം

മൂകമാണു പലകാരണങ്ങളാൽ

ശോകമിസ്ഥിതിയൊഴിച്ചുകാക്കുവാ-

നേകദന്തപദപങ്കജം തൊഴാം

ആഗ്രഹം

ഇന്നിന്ത്യ,കങ്കാരുവതാണുനാളെ-

യെന്നാണുതോന്നുന്നതുപാഴ്മനസ്സിൽ

പിന്നാലെയിംഗ്ലണ്ടുമൊടുങ്ങിയെന്നാ-

ലൊന്നാമതായ്ക്കപ്പു കിവിയ്ക്കു നേടാം

2019, ജൂലൈ 10, ബുധനാഴ്‌ച

ഭാഗ്യം

ഒരല്പമർത്ഥംനിജകയ്യിലില്ലെ-

ന്നുരയ്ക്കുവോനും ധനികന്നു തുല്യം

തരത്തിലിശ്ലോകമടിയ്ക്കടിയ്ക്കി-

ത്തുരുത്തിൽവന്നാലതിലെന്റെ ഭാഗ്യം

പരിഹാരം

അതിശയമിഹകാവ്യം വന്നുചേരാതെയായോ

പതിവിനു വിപരീതം കൂട്ടരും പോയ്‌മറഞ്ഞോ

ഇതുവിധമിനിയൊന്നും വേണ്ടയെന്നോ വിചാരം

പുതിയൊരുപരിഹാരം ചൊല്ലുകെൻകൂട്ടുകാരേ

2019, ജൂലൈ 9, ചൊവ്വാഴ്ച

മഴക്കളി

കറുത്തു മാനം മഴപെയ്തു കഷ്ടം

നിറുത്തിടുന്നൂകളിയെന്തു ചെയ്യും

പുറത്തു കാട്ടേണ്ട പരിഭ്രമങ്ങൾ

പറഞ്ഞു കൂട്ടാനെവനിഷ്ടമാകും

പരമഹംസർ

പരമഹംസകഥാമൃതഭാഷണം

പരമഭക്തി നിറയ്ക്കുമതാരിലും

ചരമമില്ല മഹാശയകാരനും

പരമസത്യമറിഞ്ഞിടിലാർക്കുമേ



ശ്രീരാമകൃഷ്ണ വചനാമൃതധാരതീർക്കു-

ന്നാരമ്യവാടികയിലിത്തിരിയൊന്നിരുന്നാൽ

താരാപഥം ജനപദം ഘനചിത്തമെന്ന-

ങ്ങോരോഭ്രമംവിടു,മനന്യസുഗന്ധമേൽക്കും


ഊണിനു ശേഷം

പഴുത്തമാങ്ങ,പ്പഴ,മെന്നു വേണ്ടാ

മുഴുത്ത ചക്കേം മധുരക്കിഴങ്ങും

കഴുത്തുമുട്ടുംവിധമുണ്ടശേഷം

കഴിച്ചു കൂട്ടാനെവനിഷ്ടമാകും

കുസൃതിക്കളി

കണ്ണാണെൻപ്രേമവാകത്തിരനുരപതയും
തീരഭൂവും സഹർഷം

വിണ്ണാറും തോറ്റുപോകും കളകളമൊഴുകും പുഞ്ചിരിക്കൊഞ്ചലും നീ

എണ്ണംതെറ്റിയ്ക്കുമോരോ കുസൃതികളിനിയും  കാണുവാൻമോഹമൊടേ-

യെണ്ണിത്തീർക്കുന്നുഞാനും ദിനമനുനിമിഷം കുഞ്ഞതിന്നെന്തറിഞ്ഞൂ