Powered By Blogger

2022, സെപ്റ്റംബർ 20, ചൊവ്വാഴ്ച

ക്ഷണം

കടുതരവിഷമോലും കാളിയ

പ്പത്തിയിൻമേ-

ലിടതടമുറിയാതെത്തുള്ളിയോനെ

ക്കിടച്ചാൽ

ചൊടിയൊടുമനമേറീട്ടാട്ടമാടാൻ

ക്ഷണിക്കാ-

മടിമലരിണയേകും നൽ ചവിട്ടാ

സ്വദിയ്ക്കാൻ

2022, സെപ്റ്റംബർ 18, ഞായറാഴ്‌ച

പട്ടിയും കടിയും

 *പ്രശ്നം*


പാണ്ടൻ നായ്ക്കടെ പല്ലിനു ശൗര്യം

പണ്ടേക്കാളും കൂടി വരുമ്പോൾ

കണ്ടം തുണ്ടം കടിയേൽക്കാതെ

മണ്ടിയൊളിപ്പതു തന്നേ നല്ലൂ

*പശ്ചാത്തലം*

കേരളനാടിൻ വൃത്തി പറഞ്ഞാ-

ലാരാനെന്നെ തല്ലാനെത്തും

കുപ്പത്തൊട്ടി കണക്കിനു വഴിയിൽ

ചപ്പും ചവറും പച്ചക്കറിയും

പോരാ ചാക്കിൽ കെട്ടിത്തള്ളും

ചോരയൊലിക്കും മാംസത്തുണ്ടം

പോഷണമൂല്യം കൂടിയ ഭക്ഷണ-

മീഷലകന്നു ലഭിക്കും നേരം

കന്നിയിലൂർജ്ജം കേറിയ പട്ടികൾ

കന്നം തിരിവങ്ങറ്റു പെരുക്കും

തിന്നാനെണ്ണം കൂടി വരുമ്പോ-

ളെന്നും തമ്മിൽ കുരയും കടിയും

അങ്ങനെ വാഴും കാലം തലയിൽ

തേങ്ങാ വീണൊരു ശുനകച്ചാർക്കോ

വെളിപാടൊത്ത,വനലറീ ബൗ ബൗ


കണ്ടജനത്തെക്കണ്ടിച്ചങ്ങനെ

മണ്ടിനടക്കാം തെരുവുകൾ തോറും

എന്നുടെ കൂട്ടരെ നമ്മടെ വീര്യം

എന്നും കൂട്ടം തന്നെന്നോർക്കൂ

*പരിഹാരം*

മുന്നിൽ കാണും പേപ്പട്ടികളെ

ഉന്നം വെച്ചു മുടിയ്ക്കാനായി

ഠപ്പോ പൊട്ടും നാടൻ തോക്കാ-

ണിപ്പോ കൈയിൽ കരുതേണ്ടതു നാം

2022, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

വരവേൽപ്പ്

തിരുവോണദിനം പിറന്നു, നാം

വരവേൽപ്പൂ ബലിചക്രവർത്തിയെ

സുരഗംഗയൊഴുക്കി നാട്ടകം

പരിപാലിച്ച മഹാനുഭാവനെ

2022, സെപ്റ്റംബർ 7, ബുധനാഴ്‌ച

ബലിസാരം

ഒന്നാം കാലടി കൊണ്ടു ഭൂമി, ഗഗനം

രണ്ടാമടിയ്ക്കങ്ങള-

ന്നെന്നോ താണ ശിരസ്സുതന്നിലമരും

മൂന്നാം പദം മുക്തിദം

പൊന്നോണം വരുമെന്നുമിക്കഥ തരും

സാരം ഗ്രഹിച്ചാൽ, നര-

ന്നെന്നും ശത്രുവഹന്ത, ഹന്ത! ഹരിതൻ

പാദങ്ങളേകാശ്രയം

പെട്ടോണം

പെട്ടിപ്പീടികതൊട്ടു മാളു വരെയുംതി

ക്കിത്തിരക്കും ജന-

ക്കൂട്ടം, പെട്ടിതുറന്നു വാരി വിതറീ

കാ,ശോണമെത്തീടവേ

ഒട്ടും മോശമെനിക്കു പറ്റിടരുതെ,

ന്നോർത്തിട്ടു ഞാനും പുറ-

പ്പെട്ടൂ, കണ്ട വഴിയ്ക്കു, നിന്നു

തിരിയാനൊക്കാതെ പെട്ടോണമായ്!

2022, സെപ്റ്റംബർ 4, ഞായറാഴ്‌ച

ഓണനാളിൽ

ഓണപ്പൂക്കൂടയേന്തി,ത്തൊടികളിലലയും

ബാല്യമോർമ്മയ്ക്കകത്താ-

യോണപ്പാട്ടിന്റെയീണം മറവിയുടെയടി

ത്തട്ടിലാണ്ടസ്തമിച്ചു

ഓണക്കോടിയ്ക്കു നീളും

കരയുഗവുമതിൻ ശോഭയും കെട്ടു, വെന്നാ-

ലോണം മാത്രം മറന്നില്ലിവകളെ,

മധുരോദാരമെത്തുന്നു വീണ്ടും



ഇന്നീമുറ്റത്തു പൂവിട്ടണിവതിനു

മെനക്കെട്ടതില്ലാ മടിച്ചി-

ട്ടിന്നും തൃക്കാക്കരപ്പന്നിലയട ചെറുതും

നേദ്യമായ് നൽകിയില്ല

പിന്നിപ്പോയൊറ്റമുണ്ടിന്നിഴകളിൽ

വിരലോടിച്ചിരിയ്ക്കുന്ന നേരം

വന്നൂ പൊന്നോണമിങ്ങീ വഴി,

വഴിതിരയും കാൽനടക്കാരനെപ്പോൽ



പട്ടിൻപൂഞ്ചേല, പട്ടക്കുട, മെതിയടി,

മേൽമുണ്ട്, തങ്കക്കിരീടം

ത്വിട്ടോലും ഹേമമാല്യം,മണിവളക,

ളരപ്പട്ട, പൊന്നിൻ കടുക്കൻ

കട്ടക്കാർ കൂന്ത, ലേറ്റം കരുണകലരുമാ

നേത്രയുഗ്മം , നൃപാഢ്യ-

പ്പട്ടം പേറുന്ന പുണ്യാത്മനെ, ബലിവരനെ,

ക്കണ്ടു ഞാൻ കൊണ്ടു ഹർഷം