Powered By Blogger

2021, ഒക്‌ടോബർ 27, ബുധനാഴ്‌ച

ശതം ജീവ ശരദ:

ആയുസ്സിൻ ഭൂരിഭാഗം ബഹുജനശരണാതല്പരം ശാന്തിമന്ത്രം

സ്വായത്തത്താലെ ചൊല്ലിപ്പകലിരവറിയാ- തീറ്റുനോവാറ്റി നേരായ്

പ്രായത്തോടേറ്റുമോദം പ്രിയരൊടുസഹിതം വാണിടും വന്ദ്യനാരി-

യ്ക്കായിട്ടിന്നൊന്നുചേരാം നിറവൊടു ചൊരിയാം ഭാവുകം ജന്മനാളിൽ!

2021, ഒക്‌ടോബർ 17, ഞായറാഴ്‌ച

ഭൂരക്ഷ

അവരിവരെന്നുരയുന്നതാരു,മോർത്താ-

ലിവിടെവരില്ലൊരുനല്ലരക്ഷയേകാൻ

അവനവനാത്മരതിയ്ക്കുചെയ്തതെല്ലാ-

മവനിയെനീറ്റിതിലാഴ്ത്തി നീറ്റിടുന്നൂ

വീണ്ടെടുപ്പ്


ഒറ്റപ്പെയ്ത്തിനു നാടുമുടിയ്ക്കാ-

നൂറ്റം കൂടിന പേമാരി


ചുറ്റും കാണ്മതു തച്ചു തകർക്കും

കൂറ്റൻ തിരകൾ, കൊടുങ്കാറ്റും


കുന്നിൻ മണ്ടയിൽ നിന്നും കുത്തി-

യൊലിക്കും വെള്ളം,മലനാട്ടിൽ


ചിന്നിച്ചിതറീ വീടും കുടിയും, നിഷ്കള-

ശൈശവ ബാല്യങ്ങൾ


തീരാക്കെടുതിയിൽ മുങ്ങിനിവർന്നി-

ട്ടൂർജ്ജംവറ്റിയ പോലെങ്ങും


പാരം കണ്ണീർക്കടലായ് കേരളമണ്ണിൻ

നെഞ്ചമിടിഞ്ഞേ പോയ്‌


സഹ്യൻതീർക്കും കോട്ട തകർന്ന-

ക്കല്ലും ചെളിയുമിരച്ചെത്തീ


നദികൾ പ്രളയക്കാടുകളായി,നഗരം

വിസ്തൃതതീരമതായ്‌


കടലിൻ ജനനീഭാവം മാറി,ഭ്രാന്തി- കണക്കെത്തിരയിളകീ


സ്വസ്ഥതയില്ലാതായീ നാട്ടിൽ കേൾപ്പതു

വ്യഥതൻ തേങ്ങലതായ്


ഓരോവർഷവുമതിവർഷത്താൽ ഞെങ്ങിഞെരുങ്ങീട്ടവസാനം


വാരാളുന്നിക്കൈരളി മുങ്ങിത്താഴാ-

മാഴിയിൽ പണ്ടേപ്പോൽ


ആരാലിസ്ഥിതി മാറ്റാനൊക്കും, വരുമോ

കയ്യിൽ പരശുവുമായ്


വീരൻമാരിൽ വീരനതാകിയ ഭാർഗ്ഗവ-

രാമനൊരാൾ വീണ്ടും..

2021, ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

ആദ്യാക്ഷരം

കുരുന്നുനാവിലാദ്യമായ് 

കുറിച്ചിടുന്നൊരക്ഷരം


പരന്ന വിദ്യയാകുവാൻ 

തുണയ്ക്കുമക്ഷരാത്മികേ


ചൊരിഞ്ഞിടേണമത്രയും 

കൃപാകടാക്ഷമെങ്കലും


ചിരം നിനക്കു കാവ്യപൂജ 

ചെയ്യുവാൻ കലാത്മികേ


2021, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

കിടപ്പ്

ചുട്ടുപൊള്ളി, തലവേദനിച്ചുതാൻ

കട്ടിലിൻമുകളിലിക്കിടപ്പു ഹാ!

കുട്ടി, നീയരികെയില്ലയെന്നതും

കൂട്ടിടുന്നസുഖ,മെന്തു ചെയ്‌വു ഞാൻ!!

2021, ഒക്‌ടോബർ 12, ചൊവ്വാഴ്ച

ഹെഡ്മാസ്റ്റർ


വെയിലും മഴയും കൂസാതങ്ങനെ

കാലൻകുടയും ചൂടീടും

പാടവരമ്പുകൾതാണ്ടിനടക്കും

സർക്കാർസ്കൂളിലെ ഹെഡ്മാസ്റ്റർ

ഫയലുകൾ ഭാണ്ഡക്കെട്ടുകളായ് തൻ

കക്ഷത്തിങ്കലിടുക്കീടും

ഒരു കൈകൊണ്ടാ മുണ്ടിൻ കോന്തല

ചേറാവാതെയുയർത്തീടും

നാലുംകൂട്ടി മുറുക്കിത്തുപ്പീ-

ട്ടാലോചിച്ചു ചിരിച്ചീടും

കണ്ണട താഴ്ത്തീട്ടിടയിൽക്കൂടി

കുട്ടികൾ വരുവതു നോക്കീടും

സമയം തെറ്റിയ ശങ്കയിൽ വാച്ചിൽ

ഇടയിടെ നന്നായ് ശ്രദ്ധിക്കും

പാടം കേറി വരുന്നാ ഞങ്ങടെ

പാവത്താനാം ഹെഡ്മാസ്റ്റർ..

ഓർമ്മയിലിന്നും തെളിയുകയാണാ

 പഴയോരെന്നുടെ  ഹെഡ്മാസ്റ്റർ.



2021, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

നെടുമുടി

 അഭിനയകലയുടെ കൊടുമുടിയേറിയ

നെടുമുടി വിടവാങ്ങി


നായകനായ് പ്രതിനായകനായ്, പ്രിയതോഴനുമച്ഛനുമായ്


പ്രൗഢി നിറഞ്ഞു കവിഞ്ഞു വിളങ്ങും രാജൻ, വ്യാജനുമായ്


കുസൃതി നിറഞ്ഞോരമ്മാവനതായ്‌, കാമുകനായ്, മാഷായ്


അതിരുകൾ കാക്കും മലയുടെ താളം ചികയും കവിയായി


ഒടുവിൽ കാലം വന്നു വിളിക്കേ, മടിയാതാമുടിയും,


വേഷവുമെല്ലാം

തീയിലെറിഞ്ഞിട്ടൊരു താരകമായ് പോയ്