Powered By Blogger

2015, ഡിസംബർ 8, ചൊവ്വാഴ്ച

ഓർമ്മ

വേലയ്ക്കൊത്തൊരു കൂലിയില്ല, ദിനവും മൃഷ്ടാന്നമില്ലെങ്കിലും
ചേലയ്ക്കില്ലൊരു ചേലുമൊട്ടു നിവരാൻ കൊട്ടാരമില്ലെങ്കിലും
നാളത്തേയ്ക്കൊരു നീക്കിവെപ്പു കുറയും ജീവസ്സുതാനെങ്കിലും
മേളിച്ചീടണമെന്റെയുള്ളിലനിശം നിന്നോര്മ്മ ഗൌരീപതേ

2015, ഡിസംബർ 2, ബുധനാഴ്‌ച

പൂച്ച

നരച്ചമീശ രോമവും തിളങ്ങിടുന്ന കണ്കളും
വിരോധിതന്റെ നെഞ്ചകം പിളർന്നിടും നഖങ്ങളും
പതുങ്ങിയുള്ള യാത്രയും പിഴച്ചിടാത്ത ചാട്ടവും
പുലിയ്ക്കു ബന്ധുവാണ് ഹാ നിനക്കു പൂച്ചയെന്നു പേർ

ഒരു തർജ്ജമ ശ്രമം

മൂലം : 
 ലക്ഷ്മീഃ കീർത്തിഃ കൃപാണീത്യയി തവ ദയിതാ- സ്സന്തി രാജേന്ദ്ര!, തിസ്ര- സ്ത്വാസ്വേകാപി ക്ഷണാർദ്ധം നിവസതി ന ഭവ- ത്സന്നിധൗ കഷ്ടമേതത്  ആദ്യാ ഭാര്യാശ്രിതാനാം വസതിഷു സതതം   മധ്യമാ ദിക്ഷു ധാവ- ത്യന്താ സാ വീതശങ്കം വിഹരതി വിമത- വ്രാതദോരാന്തരാളേ. 

 (താത്പര്യം: രാജാവേ, അങ്ങേയ്ക്ക് മൂന്നു ഭാര്യമാരാണ്: സമ്പത്ത്, യശസ്സ്, വാള് - പക്ഷെ ഇവരിൽ ഒരാൾ പോലും അരനിമിഷം പോലും അങ്ങയുടെ സമീപത്ത് കാണപ്പെടുകയില്ല. അത്രയ്ക്ക് ഏട്ഠകളാ. ആദ്യത്തോള്   അങ്ങയെ ആശ്രയിച്ചവരുടെ ഗൃഹങ്ങളിലാണു സ്ഥിരവാസം. രണ്ടാമത്തോൾ സകല ദിക്കിലും ഓടി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഇനിയൊരുത്തിയുടെ കാര്യമാണെങ്കിൽ അതിലും കഷ്ടം - യാതോരു കൂസലുമില്ലാതെ അങ്ങയുടെ ശത്രുക്കളുടെ മാറിൽ തന്നെ കളിച്ചുകൊണ്ടിരിക്കുന്നു)

തർജ്ജമ: 
ഐശ്വര്യം കീർത്തി ഖഡ്ഗം നൃപദയിതകളിൽ പ്പെട്ടവമ്പൊത്ത മൂവർ
കാണില്ലാ കൂടെയെന്നാൽ ക്ഷണനിമിഷമൊരാൾ പോലുമേറ്റം വിശേഷം 
ആദ്യത്തോൾ വാസമാക്കീ തവപദപണികൾ ചെയ്യുമാദാസഗേഹം
മറ്റോളോടുന്നു ചുറ്റും വിഹരിയപര നിൻ ശത്രുവിൻ മാർത്തടത്തിൽ

2015, ഒക്‌ടോബർ 17, ശനിയാഴ്‌ച

പെമ്പിളൈ ഒരുമ

സമരമെന്നതു കുത്തകയാക്കിയോ-
രമരുമീ മലനാട്ടിലെ മേടുകൾ
സമരസത്തൊടു നാരികൾ ചെയ്തൊരാ
സമരമേറ്റു വലഞ്ഞതു കണ്ടുനാം