Powered By Blogger

2017, ഡിസംബർ 20, ബുധനാഴ്‌ച

ദർശനം

ഉദ്യാന മദ്ധ്യേ ഭഗവാന്റെ രൂപം
ധ്യാനിച്ചു പാടും തുളസിയ്‌ക്കു മുന്നിൽ
കൃഷ്ണൻ തെളിഞ്ഞൂ കൃപയോടൊരിക്കേ
രാമൻ മതീയെന്നു ശഠിച്ചു ദാസൻ

പിൻകുറിപ്പ്: ഹിന്ദി കവിയായിരുന്ന തുളസീദാസിന് മുന്നിൽ കൃഷ്ണൻ പ്രത്യക്ഷനായി എന്നും, തനിക്ക് കാണേണ്ടത് കൃഷ്ണരൂപമല്ല, രാമനെ തന്നെ ആണെന്നും അദ്ദേഹം പറഞ്ഞു എന്നൊരു കഥ കേട്ടിട്ടുണ്ട്..വാസ്തവം അറിയില്യ

നീയും ഞാനും


ഞാനേകനാണെന്നുമനേകനെന്നും
ഞാനെന്ന സത്യംവെളിവാക്കിടുന്നൂ
ഞാൻമാത്രമാകുന്ന ജഗത്തിൽ,നീയും
ഞാൻതന്നെ,യെന്നിന്നു മനസ്സിലോർക്കാം 

2017, ഡിസംബർ 19, ചൊവ്വാഴ്ച

വണ്ടി

ദിനവുമീവഴി വണ്ടിയുമായ് വരും
വനിതയിന്നു വരുന്ന വഴിക്കഹോ
കനവു കണ്ടു നടന്നകിടാവുത-
ന്നിടതു കയ്യിലിടിച്ചു മറിഞ്ഞു പോയ്

അബല

കുലവധൂജന മാനമിതാകെയും
നൃപസദസ്സിലുരിഞ്ഞധമന്നെഴും
കുടലു കീറുക ഭീമ,നതേ വരേ-
യ്ക്കബല പോലിഹ വാഴണമത്രെ നാം

വഴിയരങ്ങ്

ഏറെ നാളിന്നിടവേള തീർത്തിട്ടു ഞാൻ
കേറി കാവിൻ പടവിന്നലെസ്സന്ധ്യയിൽ
മുറ്റമാകെ നിറഞ്ഞൊരാ മുത്തങ്ങ പോയ്
ഇറ്റു മണ്ണുമിടക്കട്ടയ്ക്കടിയിലായ്
വേനലും വർഷവും കൊള്ളേണ്ട ദേവിയും
കാനലേൽക്കാ വാർപ്പു കൂരയ്ക്കു കീഴിലായ്
ദേവിയ്ക്കു മുന്നിൽ കരാഞ്ജലിയർപ്പിച്ചു
വേവും മനസ്സു കുളിർപ്പിയ്ക്കും വേളയിൽ
മാറേണം, നേരമധികമായ് നിൽക്കുന്നു,
ആളേറെയുണ്ടി,നി നിൽക്കേണ്ടയെന്നൊരാൾ
മെല്ലെ വലം വെച്ചു മാറി നടന്നുഞാൻ
തെല്ലുമില്ലലല്ലെന്നുള്ളത്തിലപ്പോഴും
കാലം മരിക്കാത്തയോർമ്മകൾ തന്നോരാ-
യാലിന്റെ ചോട്ടിലിരുന്നു നിരൂപിച്ചു
നാടില്ല നാട്ടാരുമില്ലയെന്നാകിലും
പാടില്ല വന്ന വഴികൾ മറക്കുവാൻ.

കലി കാലം

കലിമതം പട കൂട്ടി വരുന്നൊരീ
കലിയുഗത്തിനൊരാശ്രയമേ ഭവാൻ
കലിത ഭക്തിവിടർന്നു ശിവം വരാൻ
കലികപോലിഹ വാഴണമത്രെ നാം

കടമ

കടമയൊക്കെ മറന്നിഹ മന്ത്രിമാ-
രുടമ വേഷമണിഞ്ഞു ഭരിക്കവേ
കടമതും പെരുകീട്ടു വശം കെടു-
ന്നടിമ പോലിഹ വാഴണമത്രെ നാം

2017, ഡിസംബർ 18, തിങ്കളാഴ്‌ച

തടി

മടികൂടി വരുംക്ഷണമിന്നുടലിൻ
തടികൂടിവരും പിറകേയസുഖം
പടികേറണമോടണമെന്നുമിനി-
ത്തടികേടുകൾതീർത്തുസുഖം വരുവാൻ


2017, ഡിസംബർ 14, വ്യാഴാഴ്‌ച

ഭാഗഭാക്ക്

ഭാഗം വെപ്പുകഴിഞ്ഞു ഭൂമി സമമായ് വെട്ടിപ്പകുത്തെങ്കിലും
ഭാഗത്തിൽപ്പിഴ വന്നു കൂടി കലഹം
വൈകാതെ സംജാതമായ്
ഭാഗ്യക്കേടൊടു യുദ്ധമായി ധനവും ധാന്യങ്ങളും നാശമായ്
ഭാഗം വെപ്പിതു നഷ്ടമല്ലെ പറയൂ രാജ്യങ്ങളൊന്നല്ലെടോ!

2017, ഡിസംബർ 13, ബുധനാഴ്‌ച

അഗ്രേ പശ്യാമി

അഗ്രേ പശ്യാമി സാക്ഷാൽ ഗുരുപവന പുരം ഭക്തനിഷ്ട സ്വരൂപം
നിൽക്കുന്നൂ കൃഷ്ണനേവം കളിചിരി വിടരും മുഗ്ദ്ധഭാവത്തൊടേ താൻ
നീറും ദുഃഖം ശമിയ്ക്കും,തവകഥയറിയേ ശിഷ്‌ടലോകർക്കു,നിത്യം
കാരുണ്യപ്പൊൻ കടാക്ഷം കൃപയൊടു ചൊരിയൂ കൂപ്പിടാം തൃപ്പദം ഞാൻ

2017, ഡിസംബർ 8, വെള്ളിയാഴ്‌ച

ഗോമാതാ

കറവ വറ്റിയ മാടിനെയിന്നുഞാ-
നറവു ചെയ്തു ഭുജിയ്ക്കുക പാപമോ?
നിറയുകില്ലിനി മാറിടമമ്മത-
ന്നറവുകാരനു വിൽക്കുകസാദ്ധ്യമോ!

മടിയും തടിയും

മടികൂടിയനനമ്മുടെമേനിപരം
തടികൂടി,വരും പിറകേയസുഖം
പടികേറണമോടണമെന്നുമിനി-
ത്തടികേടുകൾമാറ്റിസുഖം വരുവാൻ

2017, നവംബർ 28, ചൊവ്വാഴ്ച

ഓ എൻ വി

ചുവരു കെട്ടുമൊരൊമ്പൊതു പേരുടെ-
ക്കവനമമ്പൊടു തീർത്തൊരു നൊമ്പരം
കവിയൊഴിഞ്ഞു ദിനം പലതാകിലും
ഭുവിയിലിന്നുമൊരാർദ്രതയേകിടും


ചുവര്

അവനവന്റെയഹന്ത മുറിപ്പെടേ-
യവമതം കലരും പടു വാക്കുകൾ
ചുവരു നീളെ നിരത്തി വഴക്കിടും
ചവറു പോൽ മലിനം പൊതു മാധ്യമം





2017, നവംബർ 1, ബുധനാഴ്‌ച

2017, സെപ്റ്റംബർ 15, വെള്ളിയാഴ്‌ച

ആശ്രയം

ഉടഞ്ഞു മണ്ണടിഞ്ഞു ചേർന്ന് പോയിടുന്ന ദേഹമേ-
മുടിച്ചിടാതെയെന്നെ നീ വളർന്നിടുന്നൊരാർത്തിയാൽ
തുടുത്ത ഭക്തിനൂലിലക്കൊതിക്കു കെട്ടി നിന്നെഷഡ്-
പടിയ്ക്കു വേണ്ടുമാശ്രയം നിനച്ചു ചേർത്തു വച്ചിടും

2017, സെപ്റ്റംബർ 10, ഞായറാഴ്‌ച

ഞെട്ടി

തടിച്ച ദേഹമല്ല ദോഷമൊന്നുമില്ലയെങ്കിലും
പിടഞ്ഞു നെഞ്ചു വേർപ്പണിഞ്ഞ,ണച്ചു ഞെട്ടി,യേവരും
മടിച്ചിടാതെ,യാശുപത്രി പൂകിയോതി,"ഡോ ക്ടറേ-
യുടഞ്ഞു പോവതിന്നു മുമ്പു കേടു തീർത്തു കാക്കണം"



2017, സെപ്റ്റംബർ 3, ഞായറാഴ്‌ച

ഫലം

സുഗ്രീവാഭീഷ്ട സാദ്ധ്യം പ്രബലതപെരുകും ബാലിയെക്കീഴടക്കാൻ
വ്യഗ്രം പൂണ്ടമ്പയച്ചൂ മര മറവിനകം പറ്റി നീ പണ്ടൊരിക്കേ;
കർമ്മത്തിൽ സ്വേച്ഛ ചേർന്നോ തരി,യതു ഫലമായ് വ്വേടബാണം  തറച്ചോ
മർമ്മത്തിൽ; സ്വർഗ്ഗമേറാൻ യദുവര! പഴുതും വേറെയില്ലെന്നുവന്നോ!


2017, ഓഗസ്റ്റ് 29, ചൊവ്വാഴ്ച

രാക്കാഴ്ച

മറഞ്ഞു സൂര്യ,നല്ലു പൊങ്ങി, ഭൂതലം കറുക്കവേ
മുറിഞ്ഞ ചന്ദ്രനൂറ്റമോടണഞ്ഞിളം നിലാവൊടേ
മറച്ചു വാശിമൂത്ത മേഘ,മെന്തു കഷ്ടമോർത്തുടൻ
മുറയ്ക്കു മന്ദവായു വീശി രാത്രിയെത്ര സുന്ദരം!

2017, ഓഗസ്റ്റ് 28, തിങ്കളാഴ്‌ച

മുറി

മുറിയ്ക്കകത്തൊളിച്ചു ചെന്നു വെണ്ണ കട്ടു തിന്നതും
മുറയ്ക്കു മണ്ണു തിന്നു ലോകമൊക്കെയും ചവയ്ച്ചതും
മറിച്ചു പർവ്വതം കുടയ്ക്കു പാകമാക്കിവെച്ചതും
മറക്കുകില്ല ബാലകാ! മരിക്കുവോളവും നരർ

നീല വെയിലും താമരയും

വെയിലത്തു കളിച്ചിടേണ്ട നീ-
യയലത്തേവമലഞ്ഞതും മതീ
നയമെന്നു നിനച്ചു ചൊല്ലി; 'ബ്ലൂ-
വെയിലിൽ'പ്പോയവരെന്തു കഷ്ടമേ!

രാമഴയ്ക്കുമുളപൊട്ടിവന്നത-
ല്ലോമനത്തമിയലുന്ന നീരജം
നാടുനീളെ വഴിയുന്നു തൂമണം
മോടിയോടെ വെയിലത്തു വാടിടാ











2017, ജൂൺ 30, വെള്ളിയാഴ്‌ച

നസ്യം

ജടയ്ക്കകത്തുനിന്നു വെള്ളമിറ്റു താഴെ വീഴവേ
മടിയ്ക്കുമേലിരുന്നൊരാൾക്കു ചൂടു കൂടിയെങ്കിലും
നടിച്ചിടാതെ സീമനിയ്ക്കുറച്ചിരുന്നു ചൊല്ലി പോ-
ലിടയ്ക്കഴിച്ചു തോർത്തിയാലുണങ്ങിടും ജടാഭരം

പിഴ

ഹൃത്തിലച്ചുപിഴ വന്നതൊട്ടുമേ-
യോർത്തതില്ല പിഴയെന്റെ തന്നെയാം
സത്വരം പിഴവു തീർത്തുകൊള്ളുവാ-
നൊത്തതില്ലപിഴ സീമയറ്റുപോയ്
( സീമ എന്ന ശ്ലോകത്തിൽ വന്നു കൂടിയ അച്ചു പിഴ ചൂണ്ടിക്കാട്ടിയവർക്ക് മറുപടിയായി എഴുതിയത്)

സീമ

സീമയറ്റ മമഹൃത്തിലത്രയും
താമസം വികല ചിന്തയാകയാൽ
താമസിച്ചു തവരൂപമൊന്നു നി-
സ്സീമദീപ്തിയൊടു കാണുവാനുമേ

2017, ജൂൺ 26, തിങ്കളാഴ്‌ച

വാർത്താ വിശേഷം

പോരാട്ടച്ചൂടു കൂടിത്തെറിവിളി കലഹം കള്ളവും സത്യമാക്കി-
ക്കാര്യം സ്ഥാപിച്ചെടുക്കാൻ വിറളിയൊടണയും ഗൂഢനേതൃത്വ വൃന്ദം
ചേരുമ്പോൽച്ചേർത്തു നിത്യം ചെവിതല കരളും വാർത്ത കണ്ടെന്നുവന്ന-
ന്നേര,മ്പോക്കെന്നു തോന്നും തലവര! ശിവനും മായ്ക്കുവാൻ മാർഗ്ഗമുണ്ടോ!?

2017, ജൂൺ 16, വെള്ളിയാഴ്‌ച

ചെങ്കൊടി

മുന്നം ചെങ്കൊടി പാറി പാട്ടനിലവും കൊണ്ടേ വളർന്നൂ ക്രമാൽ
മന്നിൽത്താണു വരേണ്യജന്മി നികരം കീഴ്‌മേലു തുല്യം സുഖം
എന്നാലിന്നധികാര മാധ്വി കലശം മോന്തീട്ടു മത്താടുമി-
ക്കന്നത്തത്തിനു മൂർദ്ദബാദു പറയാൻ രണ്ടില്ല പക്ഷം സഖേ

കസേരക്കളി

കസേരചുറ്റിയോടിടുന്നൊരിക്കളിയ്ക്കു കൂടുവാ-
നടുത്ത കൂട്ടുകാരുവന്നിടംവലം ജനത്രയം
കടുത്ത മത്സരം തുടർന്നു കാലമേറെയാകിലും
ജനം പുറത്തിടംവലം ജയിച്ചു കേറിവന്നിടും

2017, ജൂൺ 15, വ്യാഴാഴ്‌ച

കസേര

പുലരാൻ മടിയോടെ സൂര്യന-
ക്കരി മേഘത്തിനു കീഴടങ്ങിടും
നിലകണ്ടു സുഖിച്ചിരിക്കുവാൻ
തിരിയും നല്ല കസേര വാങ്ങി ഞാൻ

2017, ജൂൺ 13, ചൊവ്വാഴ്ച

രണ്ടു കരുതലുകൾ

മരുഭൂമികണക്കുകേരളം
വരളും കാഴ്ചകളേറിടുന്നിതാ
വരിവെള്ളമൊഴുക്കിടാതെ നാം
കരുതീടാമിനിയെങ്കിലും സ്വയം

ഗുരുവായുപുരംനിറഞ്ഞിടും
ഗുരുവാകും വസുദേവനന്ദനൻ
കുരുപീഡയൊഴിച്ചുകാത്തിടും
കരുതീടാമിനിയെങ്കിലും സ്വയം




2017, ജൂൺ 11, ഞായറാഴ്‌ച

ഉദ്യാനം

കർഷണത്വമതിരറ്റു മിന്നിടും
പുഷ്പവാടികയണഞ്ഞ ഗോപികൾ
കൃഷ്ണവേണുസുഖഗാനമേറ്റുടൻ
ഹർഷബാഷ്പമയ നൃത്തമാടിനാർ


ഹർഷബാഷ്പം

കർഷകന്റെ നെറുകയ്ക്കു തട്ടിടും
വർഷമൊന്നു കഠിനം കഴിഞ്ഞു ഹാ!
വർഷദേവി കനിയേണ്ട താമസം
ഹർഷബാഷ്പമണിയുന്നു ഭൂതലം

ജ്ഞാനം

ദേഹം നശ്വരമെന്നറിഞ്ഞു; പുറമേക്കാണും പ്രപഞ്ചങ്ങളും
മോഹം മൂലമുദിച്ചിടുന്ന കദന സ്രോതസ്സു താനെൻ മനം
കാമോദ്ദീപന കർമ്മമേതുമിതുപോലെന്നെ ഭ്രമിപ്പിക്കയാ-
ലാമോദത്തൊടു കൊള്ളുവാനുമഥവാ തള്ളാനുമാളല്ല ഞാൻ!

2017, ഫെബ്രുവരി 3, വെള്ളിയാഴ്‌ച

ഉള്ളാൾ


'ഉള്ളാളെ' 'യുള്ളൂരി'ലു കണ്ടുമുട്ടു-
'ന്നുള്ളാലെ' 'യുള്ളൂരി'ലു നോക്കിടുമ്പോൾ
'താൻ''ഞാനു' 'മീ ഞാനു' മലിഞ്ഞു പോകും
'ഞാൻ താനെ' യെന്നങ്ങു തെളിഞ്ഞിടുമ്പോൾ

ഉള്ളാൾ = ഈശ്വരൻ
ഉള്ളൂര് = ഉള്ളിലെ ഊര് (ഹൃദയം)

താൻ,ഞാൻ =ദ്വൈതഭാവം
ഈ ഞാൻ = അഹന്ത
ഞാൻ താനെ= അഹംഭാവം/ അഹം സ്ഫുരണം 

അസാധു

നോട്ടുകെട്ടുകളടുക്കി വച്ചതിലെ പഞ്ചനൂറഥ സഹസ്രവും
നോട്ടസാധു നിയമത്തിലാണ്ടുവിലകെട്ടൊരന്നു ജനജീവിതം
'പെട്ടുപോയി','ശരി മോദി' യെന്നു പലകോടി ഭിന്നരവസാഗരം
കേട്ടു,കേട്ടതിലെ വാസ്തവം പരതിനോക്കിയോ പൊതുമഹാജനം?

2017, ജനുവരി 29, ഞായറാഴ്‌ച

വേഴാമ്പൽ

തോഴന്നു സാമ്രാജ്യമൊരുക്കിടേണം
ആഴത്തിലാക്കാടു  തെളിക്ക വേഗം
വാഴുന്നവർക്കില്ല വിചാരമൊട്ടും
വേഴാമ്പലിന്നും മഴ കാത്തിരിപ്പൂ