Powered By Blogger

2023, ഡിസംബർ 29, വെള്ളിയാഴ്‌ച

ബ്രാഹ്മണ്യം സമസ്യ ജനുവരി 2024

മേലിലിങ്ങനെ കളിച്ചു ഞാൻ നട-

ക്കില്ല,യെന്നു പറയും നവാണ്ടിലായ് 

നാലുനാളു കഴിയേ മറന്നു പോം 

ശീലമെന്നുമൊരുപോലെ നിന്നിടും 

രാമാനം

ശാരദേന്ദു നിറലാവുതിർത്തു വിയദ ങ്കണച്ചെരിവിറങ്ങവേ

പാരിജാതമലർമാലകോർത്തു വര
വേൽപ്പിനായരിയ വാടികൾ

കൈരവക്കണിയൊരുക്കി പൊയ്ക, പനി
നീർ തളിച്ചു ചെറു മാരുതൻ

മാരലോല ഭുവികന്യ ഹർഷപുളകം വരി ച്ചു, നിശ മോഹനം 

2023, ഡിസംബർ 25, തിങ്കളാഴ്‌ച

കുലസ്ത്രീ

കാര്യം നാരിയൊരിക്കലും പുരുഷനിൽ കീഴ്പ്പെട്ടു തൻ ജീവിതം 

ഹോമിക്കേണ്ടവളല്ല,വൾക്കു നിലനി ല്പുണ്ടാകണം സ്വന്തമായ്

മുന്നേറ്റത്തിനിടയ്ക്കൊരല്പ നിമിഷം തങ്ങൾ പ്രവർത്തിപ്പതിൻ

നേരും വേരുമറിഞ്ഞിടാനുമുപയോഗിച്ചാൽ, കുലസ്ത്രീയവൾ 

2023, ഡിസംബർ 23, ശനിയാഴ്‌ച

പൊൻകണി

മഞ്ഞിൻചേലയുടുത്ത വാസര മണി പ്പെണ്ണിന്റെ പൂമേനിയിൽ 

തഞ്ചും നീർക്കണമൊപ്പിമാറ്റുവതിനായ് തോർത്തും പിടിച്ചങ്ങിനെ 

വെണ്മേഘക്കിളിവാതിലിന്നിടയിലൂ ടോമൽക്കരം നീട്ടിടു-

ന്നാദിത്യന്റെ വിശാല മാനസമെനി യ്ക്കെന്നും മുദാ കാണണം 


2023, ഡിസംബർ 7, വ്യാഴാഴ്‌ച

യോഗ

അടുത്തുള്ള വീടിന്റെ മേടയ്ക്കുദേഹ-

ത്തൊടൊട്ടുന്ന വേഷം ധരിച്ചുള്ള പെണ്ണിൻ

കടുക്കുന്ന യോഗാസനാഭ്യാസമെന്നും 

മുടങ്ങാതെ കാണും കുമാരൻ മെലിഞ്ഞു 


മൂർത്തിപ്രഭാവം

ഇങ്ങിക്കാണുന്നലോകം സ്ഥിര,മിതി

നിരുപിച്ചിട്ടു നഷ്ടപ്പെടുമ്പോ-

ളേങ്ങിക്കണ്ണീരൊഴുക്കും പടു

മടയരിലും തന്റെ കാരുണ്യവഹ്നി 

മങ്ങാതെക്കണ്ടു ചേർത്തി, ട്ടകമലമ

ഖിലം ചുട്ടെരിയ്ക്കുന്ന മൂർത്തേ 

വെങ്ങാനെല്ലൂർപ്പിരാനേ, കരുതുക

യിവനായ്ക്കണ്ണിലെത്തീയൊരല്പം

2023, ഡിസംബർ 1, വെള്ളിയാഴ്‌ച

കുസൃതി

മടിയമ്മ തരാമുറങ്ങുവാൻ

മടിയാതെത്തുകയെന്നു കേട്ടതും 

മടിവിട്ടു കരേറി വേഷ്ടി തൻ

മടി, വായിൽ തിരുകുന്നു കണ്മണി

സംശയം

മതിയാക്കി മടങ്ങയോ, കടൽ-

മതിയെന്നോ,യിനനെന്തു പറ്റിയോ 

മതികെട്ടതുമൂലമോ, അതോ 

മതിലേഖയ്ക്കുതെളിഞ്ഞിടാനുമോ

2023, നവംബർ 26, ഞായറാഴ്‌ച

സഖിയോട്

കൂടെത്തന്നെയിരിക്കിലും മമസഖീ കണ്ടില്ല നിന്നെ, പ്രിയ-

ത്തോടെത്തൊട്ടുതലോടിയില്ല,യരികെ ച്ചേർത്തൊന്നു പുൽകീല ഞാൻ

വാടും മാനസവാടികയ്ക്കനുദിനം രാഗോദകം പാർന്നു കൊ,-

ണ്ടാടീട്ടില്ല, നിലാവൊഴിഞ്ഞ നിശ പോ,
ലുൾത്താപമേറ്റുന്നിവൻ



മൗനം മൂടിയകം കലങ്ങി മിഴിനീർ
വറ്റിക്കഴിഞ്ഞെങ്കിലും

നാനാവർണ്ണസരോവരം തിരയടി ച്ചാർക്കുന്നു നിന്നുള്ളിലായ്

ഞാനെന്നാളുമറിഞ്ഞതില്ലലയിടും മോഹം നിരാലംബയായ്

മാനക്കേടു സഹിച്ചു ജീവിതപഥം താണ്ടുന്നു മിണ്ടാതെ നീ



പ്രേമം ഹൃത്തിലൊളിച്ചു വച്ചു പുറമെ യ്ക്കീ ഞാൻ പരുക്കൻ, പ്രിയേ

സൗമ്യം നിൻ സ്ഥിരഭാവമില്ല തുലനം
നാം ഭിന്ന ഗോളങ്ങളാം

സീമാതീത വിഷാദമേറ്റു വലയും നേരത്തു ചിന്തിച്ചുവോ

തമ്മിൽച്ചേരുവതിന്നു ജാതകവശാൽ കൈവന്ന യോഗത്തെ നീ



മറ്റാരെങ്കിലുമാണു നിന്റെ പകരം വന്നെങ്കിലെന്നേ മടു-

പ്പേറ്റും ബന്ധമറുത്തു ശാപവചന ത്തീയാൽദ്ദഹിപ്പിച്ചിടും

ചെറ്റും നീയതു ചെയ്തതില്ല വിമലേ നിത്യം തപസ്സാചരി-

ച്ചിറ്റിറ്റായനുരാഗമാധുരി നിറ
യ്ക്കുന്നൂ പരം സാധ്വി നീ



അത്യാചാരമനാസ്ഥ പോര കരുണാ ഹീനസ്വരം,മാറ്റുവാ-

നിത്ഥം തെറ്റുകളേറെയുണ്ടതറിയാം ന്യായീകരിക്കില്ല ഞാൻ

സത്യം നിന്റെ മനം ശരിക്കറിയുവാൻ പറ്റുന്നു, ഹാ, നിന്നിലേ-

ക്കെത്താനുൽക്കടദാഹ,മീയവസരം പാഴാക്കുവാൻ വയ്യമേ



നീയാമുത്തമശീലയിൽ കറപടർ ത്തീടുന്ന ചേറോ, നിന-

യ്ക്കാതെപ്പെയ്തു മുടിച്ച മാരി മുകിലോ പൊള്ളിച്ചിടും മിന്നലോ

ഏതാകട്ടെ, മറക്ക,ഹർഷ പുളകം നൽകുന്നിളം തെന്നലാ-

യെത്താം രാഗസുധാരസം വിതറി ഞാ നന്ത്യം വരെ പ്രേയസി



പാതിക്കുത്തമ പാതിയായനുപമോ ല്ലാസം നിനക്കേകുവാ-

നൊത്തില്ലെന്തു പറഞ്ഞടുത്തു വരുവാൻ ലജ്ജിപ്പു ഞാനത്രമേൽ

ചിത്രം വ്യക്തമെനിക്കു, മാനസമലം നിന്നിൽ സമർപ്പിച്ചിടാം

നീ തീർപ്പാക്കുക ശിക്ഷ,യെന്തു വരിലും ഞാനേറ്റു വാങ്ങാം ദൃഢം



കാതിൽകേട്ടതു വിശ്വസിച്ചു കഴിയാ നുണ്ടാം പ്രയാസം സതി-

യ്ക്കേതും നിശ്ചയമായുമത്ര ദുരിതം തന്നുള്ളൊരാളാകവേ

ഏതോ ദുർദശ നീങ്ങുവാൻ സമയമാ യെന്നോർത്തു മാപ്പേകുവാ-

നേതും ദേവി മടിച്ചിടൊല്ല,റിക നീ
യില്ലാതെ ഞാനില്ലയേ



വാതിൽ പാതിതുറന്നതോ തഴുതിടാൻ പോകുന്നതോ രണ്ടിലൊ-

ന്നോതാൻ വയ്യയെനിക്കു ഞാനിനിയക ത്തേയ്ക്കോ പുറത്തേയ്ക്കതോ

സ്ഫീത ശ്രീ കലരുന്ന പുഞ്ചിരി മുറി യ്ക്കുള്ളിൽ പ്രകാശിക്കവേ

ഭീതിയ്ക്കില്ലിട, നമ്മൊളൊത്തു പുലരും തേൻമാവിൽ പൂവല്ലി പോൽ 

2023, നവംബർ 24, വെള്ളിയാഴ്‌ച

പുതു കേരളം

ഭരണം വിജയിച്ചുവെന്നു നാ-

ടറിയാൻ വേണമൊരുഗ്ര പദ്ധതി

നവകേരളമെന്നപേർ സദ-

സ്സിളകും മട്ടുയരുന്നു വായുവിൽ


പദയാത്ര, വിമാനമാകിലോ

പരിപാടിയ്ക്കു വിഘാതമായിടും

ഒരു വണ്ടി നിരത്തിലോടിയാൽ

ശ്ശരി കൊള്ളാമുടനെപ്പുറപ്പെടാം



വഴിനീളെയകമ്പടിയ്ക്കു കാ-

റൊരുപറ്റം ജനജീവരക്ഷകർ

അണിചേർന്നൊഴുകുന്ന കാവലിൻ

പട, ധൈര്യത്തൊടു നീങ്ങിടാമിനി


ഒരു മണ്ഡലവും വിടാതെയി-

ബ്ഭരണത്തിൻകൊടി പാറിടേണ്ടതാം

ഇനിയുള്ള തിരഞ്ഞെടുപ്പിലും

ജയമൊക്കാനിതു കൊണ്ടു പറ്റിടും


അതിരറ്റ രസത്തിലോടവേ

മതിയാകാതെ വരുന്നു പിന്തുണ

അതിനെന്തിനി ചെയ്തിടേണമെ-

ന്നവരാലോചനയായൊരുത്തരം


തിരയുന്നു വിചാരമറ്റവർ

കറയറ്റുള്ള മനസ്സു തങ്ങിടും

ചെറുബാലകരെത്തിടട്ടെയി-

ത്തറയോരത്തു വിളിച്ചിടട്ടെ ജയ്


വെയിലേറ്റു തളർന്ന ചുണ്ടുകൾ

കഴിയും വണ്ണമുറച്ചു ചൊല്ലവേ

അടിയാളരെയുദ്ധരിച്ചവർ

പൊടി പാറിച്ചു പറന്നകന്നുപോയ്‌


അരിവെച്ചു കഴിയ്ക്കുവാൻ പണം

തരിയില്ലെന്നു പറഞ്ഞ കൂട്ടരേ

കര നീളെ നടന്നു തെണ്ടിയാൽ

പരമീനാടു പുതുക്കമേൽക്കുമോ


തെരുനാടകമാണിതെന്ന ധാ-

രണവേണം സഹ വോട്ടരേ, ദ്രുതം

കവിളത്തടി നൽകിയിത്തരം

കളിനിർത്തിയ്ക്കണമില്ല സംശയം 

2023, നവംബർ 23, വ്യാഴാഴ്‌ച

കൃഷ്ണ!

നാരായണായെന്നു ജപിച്ചു കൂടാൻ

മരുത്പുരാധീശ! കനിഞ്ഞിടേണം

പ്രാരബ്ദ്ധമെന്നോർത്തു ചടഞ്ഞിരിക്കും

നരന്നു സദ്ബുദ്ധിയുമേക കൃഷ്ണാ!

2023, നവംബർ 22, ബുധനാഴ്‌ച

ബ്രാഹ്മണ്യം സമസ്യ ഡിസംബർ 23

വേണ്ടുന്നതാണൊരു സമാഗമവേദി കൂട്ടർ 

കണ്ടിട്ടു നാളധികമായിനി വൈകിടേണ്ട 

പണ്ടത്തെയോർമ്മ പൊടിതട്ടിയെടുത്തു നോക്കാം 

രണ്ടില്ല പക്ഷ,മൊരുദോഷവുമേൽക്കയില്ല

2023, ഒക്‌ടോബർ 30, തിങ്കളാഴ്‌ച

ഭ്രാന്താലയം

നാടൻ കത്തി, കഠാര, ലോഹവടിവാൾ,

പന്നിപ്പടക്കം, പറ-

ഞ്ഞീടാനായുധമിങ്ങനെപ്പലതരം

പണ്ടേ പ്രചാരത്തിലായ്

നേടീ തീവ്രപരിശ്രമത്തിലതുല

സ്ഥാനം മഹാസ്ഫോടനം,

പേടിച്ചോടുക! രക്ഷയെങ്ങു, പെരുതാം

ഭ്രാന്താലയം കേരളം!!

2023, ഒക്‌ടോബർ 26, വ്യാഴാഴ്‌ച

അഭിപ്രായം

നാലാളെക്കൊണ്ടു നന്നേയിവ,നിതിപ

റയിപ്പിക്കുവാനൊത്ത കർമ്മം

കാലേ ശീലിച്ചതില്ലൊ,ട്ടപകടകരമാം

ചെയ്തിയുണ്ടേറെയെന്നാൽ

ആലോചിയ്ക്കേണ്ട, ചെറ്റും ശരി കിടയു

വതല്ലെ,ന്റെ ഭാഗത്തുനിന്നും

മേലാലുണ്ടാക പാടി,ല്ലകൃത,മതു വിധം ശ്രദ്ധ

നീ നൽക ഹൃത്തേ

2023, ഒക്‌ടോബർ 25, ബുധനാഴ്‌ച

വിദ്യാമൃതം

എമ്പാടും കൂരിരുട്ടാർ,ന്നതിരുജ നിറയും

കാട്ടിലൊറ്റയ്ക്കുപോകു-

ന്നെൻപാടോർക്കേണമമ്മേ, തനിവഴി

തിരയാൻ വിദ്യയൊന്നില്ല കൈയിൽ 

അമ്പത്തൊന്നക്ഷരത്തി, ന്നമൃത കിരണവും

പക്കലില്ലേ കനിഞ്ഞൊ-

ന്നൻപോടെക്കാട്ടി,യിക്കാടിനു വെളി

യിലിറക്കീടുവാൻ വൈകിടൊല്ലേ 









 

2023, ഒക്‌ടോബർ 23, തിങ്കളാഴ്‌ച

നാഴികക്കല്ലുകൾ

ഇന്ത്യക്കെന്തുണ്ടു നോക്കാ,നിനി നിവരെ

യുയർന്നുന്തി നിൽക്കുന്നു മുന്നിൽ

പന്തും ബാറ്റുംപിടിച്ചങ്ങിനെ മഹിത കളി

ക്കാരവർ, പ്രശ്നമെന്നാൽ 

മന്ത്രിക്കുന്നൂ മനസ്സി,ങ്ങിരു തവണ വിരാട്

കോലി കാണിച്ച ഭാവം 

ചന്തം ചിന്തുന്നതല്ലാ, ദുരമതി, വിജയി,

ച്ചെങ്കിലും തോറ്റുപോയി 



ഇന്ത്യ ന്യൂസിലൻഡ് WC2023

 നന്നായ്ബ്ഭാരതവീരരേ! കിവികളെ

ത്തോൽപ്പിച്ചുവല്ലോ, ജയി-

ച്ചൊന്നാം സ്ഥാനമലങ്കരിയ്ക്ക! പറയാൻ

മറ്റൊന്നു കാണുന്നു ഞാൻ

എന്നും സെഞ്ചുറി നേടുവാൻ കൊതിയൊരാൾ

ക്കിത്രയ്ക്കു വേണോ?, ഇതെ-

ന്നെന്നാണിദ്ദുര തീരുക, പ്രകടമാ

മത്യാഗ്രഹം, മ്ലേച്ഛമായ്!!











2023, ഒക്‌ടോബർ 12, വ്യാഴാഴ്‌ച

ഒരു നോക്ക് കാണാൻ..

കാളിന്ദിപ്പുഴവക്കിലുള്ളൊരരയാൽ വൃക്ഷത്തിലേക്കിന്നുമേ 

പാളുന്നൂ മിഴി,നേർത്തടഞ്ഞു വരിലും പൊങ്ങുന്നു നിന്നെപ്രതി

ആളെങ്ങോ മറവിൽപ്പതുങ്ങിടുകയാണെന്നേ നിനപ്പൂ,മന-

സ്സാളിക്കത്തുവതെങ്കിലും, ഗുണനിധി ക്കൂട്ടങ്ങളാം ഗോപികൾ 

ലജ്ജ

പ്രേമസ്നിഗ്ദ്ധമരന്ദമാധുരി തുളുമ്പീടുന്നിളം ചുണ്ടുമാ-

യോമൽപ്പെൺകൊടി രാധ,യന്നനടയാൾ
വൃന്ദാവനം പൂകവേ

ഹാ മുഗ്ദ്ധാംഗിയെ മുറ്റി മൂളി വരവായ്കാർവണ്ടു, കന്ദർപ്പനും

രോമാഞ്ചം, ക്ഷിതി ലജ്ജ ചൈത്ര പുടവ
ത്തുമ്പാൽ മറയ്ക്കുന്നുടൻ

2023, സെപ്റ്റംബർ 27, ബുധനാഴ്‌ച

റ ശ്ലോകം

റ റാ പോലെ ദേഹം വളഞ്ഞുള്ള നിർത്തം 

റു റൂ മട്ടു കൈയിൽ പിടിപ്പിച്ച ദണ്ഡം 

കുറച്ചല്ലയേകുന്ന ദണ്ണം പുരാനേ

മറക്കൊല്ല നിൽപ്പിന്നൊരന്ത്യം വരുത്താൻ 


പദയാത്ര

 

1. നിരന്തരം സുഖം തരുന്ന യന്ത്രമില്ല, ദുഃഖവും

സ്ഥിരം വരില്ല,റിഞ്ഞു മുന്നിലേക്കു നീ നടക്കണം

തരാതരം ലഭിച്ചിടും വരങ്ങൾ തൻ ഫലം
നിന-

ച്ചൊരിക്കലും നിറുത്തിടേണ്ട, യാത്ര തന്നെ ജീവിതം


2. വിരിഞ്ഞ പൂക്കളേന്തിടും മരന്ദമുണ്ടു
വാടിയിൽ

ചിരം രമിച്ചിടുന്ന വണ്ടിനില്ലനാളെയിന്നലെ

ചിരിച്ചു കൊണ്ടതാസ്വദിച്ചു പാറിടുന്നു കാൺക നീ 

പെരും പ്രതീക്ഷയേകിടും നിരാശയില്ല ഭാരവും


3. കരഞ്ഞു തീർത്തരാത്രി,യുല്ലസിച്ചഹസ്സു, മൗനമാർ-

ന്നിരുണ്ട സന്ധ്യ, കോപമോടെരിഞ്ഞയു ച്ച,യിവ്വിധം

പിരിച്ചിടാതെയിന്നിനെപ്പരം രുചിച്ചു നോക്കുകിൽ

ചിരിച്ചിടാം, നിനക്കുമേ, നിനയ്ക്ക നീ, പഠിക്ക നീ


4. നിരത്തിവച്ച നാണയങ്ങളെണ്ണിയും ഗുണിച്ചുമേ

ഹരം പിടിച്ച നീ ധരിച്ചു നിന്റെയാണിതൊ ക്കെയും

ഇരച്ചു തെക്കുനിന്നു വന്ന കാറ്റിലാപ്പണം തെറി-

ച്ചൊ,രൊറ്റയില്ല കൈയി,ലെങ്ങു പോയി നിൻ തുകൽക്കിഴി


5. തരിച്ചു നിന്നുവേകനായുതിർത്തുവശ്രു ബിന്ദു, നീ

തിരിഞ്ഞതില്ല സംഭവം ഭയന്നു കൂടി സങ്കടം

പരന്റെയാജ്ഞയൊന്നുമാത്രമേ ഭവി ച്ചതീയിഹ-

ത്തുരുത്തിൽ നീ വെറും ശിശു, പ്രസിദ്ധി
യൊക്കെ മായയാം

6. ധരാതലം തരും സുഖം കരം മെലിഞ്ഞതെങ്കിലും

കുരുന്നു ബുദ്ധിവിട്ടു നീ നിജം ഗ്രഹിക്കുകിൽ  സഖേ

പരം നിരന്ന മായ, മുന്നിലേകസത്യമവ്യയൻ

തിരഞ്ഞു നീ നടക്ക, നീണ്ട യാത്ര തന്നെ ജീവിതം





2023, സെപ്റ്റംബർ 26, ചൊവ്വാഴ്ച

ബ്രാഹ്മണ്യം സമസ്യ ഒക്ടോബർ 2023

കുരുത്തു തീയിലെന്നപോലുറച്ചദേഹ,മേഴു പിൻ

മുറയ്ക്കു ശേഖരിച്ചു വെച്ച പൊൻപണം, യശസ്സു ഹാ

നിറന്ന പൈതൃകം, മനീഷ,യെന്തുതന്നെ യായിടാ

കരത്തിലുള്ളതൊക്കെനാമതിർത്തിയിൽ ത്യജിക്കണം 

2023, സെപ്റ്റംബർ 21, വ്യാഴാഴ്‌ച

ബംബർ (സർ)പ്രൈസ്

1. ഓണം ബംബറെടുത്തു കോടി ചുളുവിൽ ക്കിട്ടുന്നതോർത്തോർത്തു പൊ-

ന്നോണത്തിന്നു ജലം കുടിച്ചു പശിയാറ്റീടുന്ന നാട്ടാരിതാ

കോണം മാത്രമുടുത്തു നാടു മുഴുവൻ തെണ്ടുന്നു,വൊന്നാം തരം

നാണക്കേടിതു മാറ്റുവാൻ കനിയണേ പൂജയ്ക്കു നീയംബികേ!

2. കാണം വിറ്റു പഠിച്ചു നാടു വിടുമാപ്പിള്ളേരു
പോകുന്ന പോ-

ലോണം ബംബറു വണ്ടികേറി,യിനിനാമെന്തോന്നു ചെയ്യാനെടോ

വേണം സംവരണം നറുക്കിലിനിമേലാദ്യത്തെ സമ്മാനമൊ-

ക്കേണം കേരള പൗരനെന്നു മറുവാക്കോതുന്നു ചങ്ങാതിയാൾ

2023, സെപ്റ്റംബർ 19, ചൊവ്വാഴ്ച

ചിരഞ്ജീവി

ഏതജ്ഞാത സദസ്സു തേടി വിട കൊ ണ്ടെല്ലാവരേയും പിരി-


ഞ്ഞത്യാവേശമൊട,ങ്ങൊരുത്തര
മതി,ന്നില്ലെങ്കിലും നമ്മളിൽ

നിത്യശ്രീകരമോർമ്മയായി വിലസും
യൂയെസ്സനാം ഭൂസുരൻ

ചിത്രത്തൂലിക ചേർത്ത കാവ്യ,മിനി പേ, രാളട്ടെയെക്കാലവും

2023, സെപ്റ്റംബർ 16, ശനിയാഴ്‌ച

പൈങ്കുളം കിഴക്കേപ്പാട്ട് വാര്യത്തെ രാധാകൃഷ്ണ വാര്യരുടെ താല്പര്യ പ്രകാരം, അദേഹത്തിന്റെ മാതാവിന്റെ ഓർമ്മയ്ക്കായി കുറിക്കുന്ന വരികൾ

ശ്രീദേവി പ്രിയനൊത്തു ചെന്നു ഗരിമാ വേറുന്ന ബോംബേപുര,-

ത്താദ്യം തെല്ലു ഭയന്നുവെങ്കിലുമുടൻ ശീലിച്ചു ദേശാന്തരം

ഉദ്ദേശിച്ചതു പോലെ ഭർതൃഹിതവും നന്നായി നോക്കി, ത്തിരി-

ച്ചദ്ദേഹം കരളിന്നുനൽകി സുഖവും, ക്ഷേമം വിളങ്ങീ നലം


തമ്മിൽത്തമ്മിലറിഞ്ഞകാലഗതിയിൽ കൈവന്നു സൗഭാഗ്യമാ-

യമ്മേയെന്നുവിളിക്കുവാനരുമയാം സൽപുത്രനും, ജീവിതം

സമ്മോദം പുലരുന്നവേളയവൾതൻ സീമന്തരേഖയ്ക്കു മേൽ

കാർമേഘക്കരിപറ്റി,യിഷ്ട ഹൃദയൻ ചേർന്നൂ ശിവങ്കൽ, ദ്രുതം


മാലേറും സമയത്തു മാതൃ ഹൃദയം ക്ഷീണിച്ചു നിന്നില്ല, ത-

ന്നാലംബം തനിയെത്തിരഞ്ഞു പിരിയും മുൻപേ പ്രിയൻ ചൊന്ന പോൽ

കാലും കൈയുമിടയ്ക്കുവേച്ചു, വിലവ യ്ക്കാതെ പ്രയാണം തുടർ-

ന്നല്ലിൻവീഥി കടന്നു ജീവിതജയം നേടീ സുധീരാംഗന 


ബാല്യം പൂത്ത നിളാ നദിക്കരയിലെ ഗ്രാമം വിളിയ്ക്കേ, കുറെ-

ക്കാലംപാർത്തുമടുത്ത വൻ നഗരവും വിട്ടിങ്ങു വന്നൂ, ജനി 

രാധാകൃഷ്ണകൃപാകടാക്ഷമനിശം സിദ്ധിച്ച മൂലം മഹാ-

വ്യാധിയ്ക്കൊന്നുമടുക്കുവാനവസരം വന്നില്ല, സന്ധ്യയ്ക്കുമേ


എന്നാളും തവപാദസേവ വിധിയാം വണ്ണം നടത്തും മകൻ

തന്നെച്ചേർത്തുപിടിക്കുവാനിളയവർ, സന്നദ്ധയായ് തൻ സ്നുഷ

എന്നാലും സ്വയമേവ ചെയ്തു കഴിയും  പോലൊക്കെയും, നാരിയാ-

ളെന്നും, പൈങ്കുളനാട്ടുനന്മ പുലരും ചിത്തം പ്രസന്നാത്മകം 


പൂർവ്വസൂരികൾ കൊരുത്തതാം തുളസി മാല മാറിലണിയും ശിവ-

യ്ക്കാവതും ഭവതി കോർത്തുനൽകി ദശപുഷ്പമാലിക, ദിനംദിനം 

ആ വരേണ്യഗുണമേകിടുന്ന ശതകോടിപുണ്യവുമണിഞ്ഞു സദ്-

ഭാവരാഗസുധ ചേർന്നു ചുണ്ടുകളഖണ്ഡനാമമുരുവിട്ടുപോൽ 


അല്പനേരമകലേക്കുമാറി തവപുത്രനെന്നറിവു കിട്ടവേ

നില്പുമാറ്റി വിധി വന്നടുത്തു തടയാൻ മറന്നനില ഭാരതി

തല്പമേറി ഹിമശീതമസ്ഥിതി ശിവം വെടിഞ്ഞു മിഴി പൂട്ടി, ഹാ 

കല്പനയ്ക്കു വഴിമാറി ജീവനദി വറ്റി,യമ്മ ഭുവിയോർമ്മയായ് 


മാതാവിന്നോർമ്മയെന്നും മഹിയിതിലധികം ശോഭയോടെത്തിളങ്ങാ-

നേതാൾക്കും മോഹ,മെ ന്നാ,ലൊരു തനയ നതിന്നിങ്ങുകാണു ന്നമാർഗ്ഗം

ശ്രീതാവും പുസ്തകം താ,നതിനിതളു കളിൽ കാവ്യവും,ഞാൻ നമിച്ചി-

ട്ടേതാണ്ടെന്തോ കുറിപ്പൂ, ശ്രമമിതു ശരിയായ് തീരുകിൽ, ചേർത്തുകൊള്ളൂ

2023, ഓഗസ്റ്റ് 22, ചൊവ്വാഴ്ച

നേരംപോക്ക്

കൊട്ടും പാട്ടും കുതിരകളിയും കോമരം

തുള്ളലും ദി-

ക്കെട്ടും ഞെട്ടും കതിന വെടിയും കമ്പവും

മേളരാവും 

മട്ടും മട്ടും മടുമൊഴികളും ചീട്ടു കൈ

നോട്ട,വും കാ-

ണിഷ്ടാ, നീ വാ പെരുമ നിറയും പൂരമൊ

ട്ടാസ്വദിക്കാൻ

2023, ഓഗസ്റ്റ് 20, ഞായറാഴ്‌ച

ചിതറിയ ചിന്തകൾ

1. പാരിൽ കേവല ശാസ്ത്രമോ വലുതതോ വിശ്വാസമോ, നിശ്ചയം

തീരെപ്പോരയെനിക്കു, രണ്ടു വിധവും ഞാനജ്ഞനാണത്രയും

ഓരോരോ പ്രതിസന്ധി വന്നു ദിനവും
ക്ലേശം തരുമ്പോളുമി-

ങ്ങാരേവിഘ്‌നമകറ്റിയൂർജ്ജമരുളു
ന്നാശക്തിയെക്കൂപ്പിടാം

2. ശാസ്ത്രം തന്നൊരു കണ്ണടയ്ക്കിടയിലൂ ടേറെത്തെളിച്ചത്തിലീ

ലോകം കണ്ടുരസിച്ചിടാ,മതിനെനി
ക്കില്ലൊട്ടു വൈമുഖ്യവും

എന്നാൽ കാഴ്ചകളൊക്കെയും വിരസമായ് തീരുന്ന നാളെത്തുമെ-

ന്നുള്ളോരുണ്മയിലുണ്ടെനിക്കു വലുതാം വിശ്വാസമെന്നാളുമേ

3. തീർത്തും നിഷ്പ്രഭമായിടുന്ന ഭരണ പ്പേക്കൂത്തു നാട്ടാരറി-

ഞ്ഞാർത്തെത്താനിനിയില്ലതാമസ,മെതിർ ത്തോടിപ്പതിൻ മുൻപു താൻ

അത്യുഗ്രൻ മറകെട്ടണം, പഴയൊരാ വിശ്വാസ വൃക്ഷക്കട-

യ്ക്കെത്തും പോൽ ചെറുതട്ടുനൽക, വിളയും
വൻലാഭമുണ്ടായിടും


4. ജാതിത്തോപ്പിലുലാത്തിയാ,ലിരുകരം മൊത്തം നിറയ്ക്കാം മതാ-

തീതത്തോട്ടവുമത്രതന്നു കനിയും,
വാഴ്ത്തും ജനം വിഡ്ഢികൾ

കേറാം വീണ്ടുമൊരഞ്ചുകൊല്ലമിനിയും സിംഹാസനത്തിൽ, സ്വയം

രാജാവായിഞെളിഞ്ഞിടാമഹഹ,യെ ന്താവേശമാണിക്കൃഷി

5. പാറക്കല്ലുകളുന്തി മാമലതല
യ്ക്കാക്കീട്ടു കൈവിട്ടുടൻ

പാറും വേഗതയിൽ നിലത്തു പതിയും കാഴ്ചയ്ക്കു കൈകൊട്ടിയോൻ

പണ്ടേ സത്യമുരച്ചു വേദനയിടം
കാൽവിട്ടു പോയാൽ വല-

ത്തുണ്ടാകും പരിപൂർണ്ണമായ ശമനം
ദേവന്നുമാകാ തരാൻ





2023, ഓഗസ്റ്റ് 15, ചൊവ്വാഴ്ച

സ്വാതന്ത്ര്യദിനം

പരം ചതിപ്രയോഗമേറ്റ നാട്ടുരാജ്യമൊക്കെയും

ധ്വരയ്ക്കു കീഴടങ്ങവേ തുറുങ്കിലായി ഭാരതം

തിരിച്ചടിച്ചു ധീരരാം ജനം, പിറന്നമണ്ണിനെ-

ശ്ശരിക്കു സ്വന്തമാക്കി,യിന്നതിന്റെയോർമ്മ പങ്കിടാം 

2023, ഓഗസ്റ്റ് 6, ഞായറാഴ്‌ച

സമ്പാദ്യം

സമ്പാദ്യ സ്ഥിതിയോർക്കിലുണ്ടു ധനവും ധാന്യങ്ങളും ഭൂമിയും

മുമ്പിൽതാണുവണങ്ങുവാനനുഗരും ബന്ധുക്കളും കൂട്ടരും

എമ്പാടും പടരുന്ന കീർത്തി പകരു ന്നാനന്ദവും, പക്ഷെ ഹാ!

വമ്പേറും യമനോടെതിർക്കുവതിനായ് പോരില്ലിതൊന്നും സഖേ!! 

2023, ജൂലൈ 23, ഞായറാഴ്‌ച

ബ്രാഹ്മണ്യം സമസ്യ ഓഗസ്റ്റ് 23

നാമമാത്രവരുമാനമെങ്കിലുമൊരിക്കലും പണി കുറഞ്ഞുപോ-

മെന്ന പേടി തരി വേണ്ട, തീർക്കുവതു തന്നെയിങ്ങു ബഹുകഷ്ടമാം

പിന്നെയെങ്ങിനെ കുറിച്ചിടും കവിത, മൂളിടും വരികളീവിധം

ജന്മമെന്തിനു വഹിച്ചിടുന്നു ചുമടേറ്റിടും കഴുത പോലെ ഞാൻ 

2023, ജൂൺ 28, ബുധനാഴ്‌ച

ബ്രാഹ്‌മണ്യം സമസ്യ ജൂലൈ 23

മാറിൻചൂടുപകർന്നുറക്കി ഉണരാൻ

മുത്തങ്ങളേകീ വിശ-


പ്പാറാൻ ചോരയുരുക്കിയും തനയരെ

പ്പാലിച്ചതിൻ പാടുകൾ 


ഈറൻകണ്ണു തുടച്ചു പേരമകളെ

ക്കേൾപ്പിക്കെ നിർത്താതതാ 


പാറുക്കുട്ടി ചിരിച്ചിടുന്നു മധുരം

ഞങ്ങൾക്കു നിർവ്വാണദം

2023, മേയ് 28, ഞായറാഴ്‌ച

അക്ഷയസ്മൃതി

കൈകാലെത്ര വളർന്നു,കുഞ്ഞു കമിഴാ റായോ മലർന്നീടുവാ-

നുണ്ടോനോട്ടമതോ പിടിച്ചു കയറാ നാണോശ്രമം, രണ്ടു പേർ

സാകൂതം ജനനം മുതൽക്കു ദിനവും വീക്ഷിയ്ക്കുമാൺപൈതലി-

ന്നോരോരോ ചലനങ്ങളേകിയവരിൽ പുത്തൻപ്രഭാതം സ്ഥിരം


നെഞ്ചിൽ ചാഞ്ഞുകിടന്നു പാലമൃതുനൽ
ചുണ്ടാലെനൊട്ടീടവേ

അമ്മേയെന്നുമൊഴിഞ്ഞിടുന്നു, ഹൃദയം കാതോർത്തിരിക്കേയവൻ

വ്യക്തംപിന്നെയുമോതിയമ്മ, കരളി ന്നാനന്ദമേകീ കുരു-

ന്നച്ഛായെന്നുവിളിച്ചു പുഞ്ചിരി പൊഴി
ക്കുന്നൂ നറും പൂവു പോൽ


ആ ബാല്യം തളിരിട്ടു,വീടു കുസൃതി
ക്കൂടായി മാറി, പ്രിയം

വായ്ക്കും കൊഞ്ചലുയർന്നു, പാദമലരാ മുറ്റത്തുറപ്പിയ്ക്കയായ്

നാവിൽശ്രീയെഴുതിച്ചു വിദ്യ തികവാർ ന്നേകീ, പഠിത്തത്തിലും

മുന്നേറുന്ന കുമാരനിൽതെളിമയാർ ന്നാളുന്നിതേയൗവനം


ഏട്ടൻതൻ പ്രിയസോദരിയ്ക്കു സഹജൻ കൂട്ടർക്കു, തന്നാലെഴു -

ന്നേതാവശ്യവുമാർക്കുമെപ്പൊളുമറി ഞ്ഞേകാൻ മടിക്കാത്തവൻ 

സാരം നർമ്മരസം കലർന്ന കഥതൻ
ഭാണ്ഡം ചുമക്കുന്നവൻ

ദ്വേഷിക്കാതതു കെട്ടഴിച്ചു ചൊരിയാൻ വൈദഗ്ദ്ധ്യമേറുന്നവൻ


കേടറ്റങ്ങിനെയുല്ലസിച്ച സമയം കാലത്തിനും മോഹമാ-

യക്ഷയ്യാമരപീഠമേറ്റിയൊരുസത്ക്കാരം നിനക്കേകുവാൻ

ഹാ നീ നിത്യമനന്തനിദ്ര വരമായ് മേടിച്ചു മിണ്ടാതെപോ-

യെന്നോർക്കേയിരുളെന്നെകത്തു നിറയു
ന്നെന്തെന്തു ചെയ്യാമിനി


കാലം ക്രൂരതകാട്ടിടുന്നതുലകം
വിട്ടോരിലോ കേവലം

നീറുന്നോർമ്മനിറഞ്ഞജന്മമിവിടെ ത്താണ്ടാൻ വിധിച്ചോരിലോ

രണ്ടും കഷ്ടമതെങ്കിലും ഗുരുതരം
രണ്ടാം ക്രമക്കാരവർ-

ക്കേകേണം പരമേശ്വരാ മതിബലം ദുഃഖാർണ്ണവം താണ്ടുവാൻ







2023, മേയ് 27, ശനിയാഴ്‌ച

ബ്രാഹ്മണ്യം സമസ്യ ജൂൺ 23

ഈ ലോകം വൻ സമസ്യാവിശിഖമെറി

യവേ വീണുപോകാതെയെന്നെ-

പ്പാലിക്കാനക്ഷര ശ്രീപദമരുളുകയെ

ന്നുള്ളതാം ഭാരമമ്മേ

മേലും നീ ചെയ്കയെന്നാ,ലെളിയ

കവനമാം ജീവിതച്ചാർത്തു തീറായ്

താലത്തിൽ കാഴ്ച വെയ്ക്കാം കല

യുടെ കനകക്കോവിലിൻ മണ്ഡപത്തിൽ 

അമൃതം

മുഴുമതിയൊളിചിന്നുന്നാസ്യവും
ചുണ്ടിലൂറു-

ന്നഴകിയചിരിയും സത്ചിന്തയേ
കുന്നവാക്കും

വഴിയിലെയിരുളാറ്റും ജ്ഞാനവും
നർമ്മവുംചേർ-

ന്നിഴയിടുമൊരു പൂജ്യൻ നന്ദനേട്ടൻ, പ്രവീണൻ


ഒരുതവണയറിഞ്ഞാലാരെയും
ചേർത്തുനിർത്താ-

നുരുകഴിവെഴുമാളാം നന്ദനേട്ടന്റെ രൂപം

ചിരമിഹമനതാരിൽ കാണുമന്നേരമെല്ലാ-

മിരുമിഴികവിയുംമട്ടൂർന്നിടും താപബിന്ദു


ഗുരു സഖ നിലപൂണ്ടും ജ്യേഷ്ഠനായും വളർന്നി-

ങ്ങൊരുവരിയെഴുതാനുൾ പ്രേരണാകാര നായോൻ

തിരികെയിനിവരില്ലെന്നോതിയാനന്ദനന്ദ-

ത്തിരുമലരടി ചേർന്നിട്ടാണ്ടൊടാണ്ടായി

യെന്നോ!!



കതിരവ കിരണം പോലെന്നകക്കാമ്പിലെന്നും

പുതുപുലരിനയിച്ചെത്തീടണം നന്ദനേട്ടൻ

മതികലവിടരും പോലന്തി നേരത്തുമുള്ളിൽ

ചിതമൊടു തെളിയേണം ധന്യമാകട്ടെരാവും








2023, മേയ് 19, വെള്ളിയാഴ്‌ച

ആശ്വാസം

നിശ്ശേഷാന്ധ്യനിവേഷ്ടിതാദിമതമോ

ഗർത്തപ്പെരും വായിലേ-

ക്കൈശ്വര്യോജ്ജ്വല ശോഭകെട്ടു വിലയം

പ്രാപിക്കയായ് താരകം 

വിശ്വൈകേശകൃപാകരന്നരുമയോ

ടൊന്നെത്തി നോക്കീടവേ

ആശ്വാസപ്പുതുവർഷമാ,യിരുളക,

ന്നെങ്ങും പരന്നൂ ദ്യുതി

2023, മേയ് 17, ബുധനാഴ്‌ച

നീന്തൽക്കുളം

ദൃശ്യാദൃശ്യമഹാപ്രപഞ്ച നടനാ

വേഗം നിയന്ത്രിച്ചിടും

വശ്യാകർഷണശക്തി മാത്ര ചെറുതൊ

ന്നാക്കം കുറച്ചീടുകിൽ

വീശും കാറ്റല മാടിവിട്ട ചരട

റ്റുള്ളോരു പട്ടം കണ-

ക്കിശ്ശ്യാമാംബരസാഗരത്തിരകളിൽ

നീന്തിത്തുടിച്ചേനെ ഞാൻ

2023, മേയ് 15, തിങ്കളാഴ്‌ച

പകിടകളി

ജീവിച്ചിരിക്കുന്ന ജനത്തെവെട്ടാം

ജീവൻ വെടിഞ്ഞോരു ജയിച്ചു കേറാം

ഈ വൻ പ്രപഞ്ചപ്പകിടയ്ക്കു മുന്നിൽ

താവും ഭ്രമത്തോടു കളിപ്പു ഞാനും 

കാണുമോ

കണ്ടാലെന്താണു ചന്ദ്രക്കല, കൊടിയ

ജടാഭാര,മാ മുല്ലബാണ-

ത്തണ്ടാറ്റുന്നഗ്നിമിന്നീടിന മിഴി, ഗരള

ഗ്രീവ,മാടുന്ന സർപ്പം

കണ്ടാലെന്താണു ഗംഗാഝരി,ഡമരു,

കപാലാസ്ഥിജാലം, തരത്തിൽ -

രണ്ടാളൊന്നിച്ച ദേഹം ശിവമരുളു

മുമാകാന്ത,കാന്തസ്വരൂപം

2023, മേയ് 14, ഞായറാഴ്‌ച

കണ്ടാലും

കണ്ടാലെന്താണു കണ്ണേ! തിരുമുടി, മയിലിൻ പീലി, ഈണം പൊഴിക്കും

ത,ണ്ടാമോദം കളിക്കും ചിരി, കരുണ വഴിഞ്ഞുല്ലസിക്കുന്ന നേത്രം

വണ്ടാർക്കും വന്യഹാരം, വരദ കരതലം, പീതചേലം, തരത്തിൽ

കണ്ടാൽ, കാണാത്തവർക്കും മിഴിതെളിയുവതിന്നൊത്ത കാർവർണ്ണകായം



2023, മേയ് 11, വ്യാഴാഴ്‌ച

കേഴുക നാടേ

നേരം പോയൊരു നേരമെത്തിയ മനോ

രോഗിയ്ക്കു വേണ്ടുന്നതാ-

മോരോരോ പരിശോധനയ്ക്കു യുവതീ 

ഡോക്ടർ തുനിഞ്ഞീടവേ

സ്ത്രീരത്നത്തിനു മാറിലേറ്റ മുറിവി

ന്നാഴങ്ങളിൽതീർന്നു പോയ് 

ആരോഗ്യത്തിനു പേരുകേട്ട മലയാ

ളത്തിന്റെ നൽജീവനം

2023, മേയ് 9, ചൊവ്വാഴ്ച

അമൃതപാനം

ആവേശോജ്ജ്വലമത്സരത്തിലസുരന്മാ

രോടെതിർത്തിച്ഛപോൽ 

സേവിച്ചൂ സുധ വാനവാസി, തരസാ 

നേടീ ചിരം യൗവനം 

ആവശ്യത്തിനുമേറെയെന്നുമമൃതം*

മോന്തുന്നതിൻമൂലമി-

പ്പാവം മർത്യനുമില്ല വാർദ്ധക, മവർ

പോകുന്നു ഹാ! യൗവനേ!


(*ഒരു മദ്യത്തിന്റെ പേര്)

2023, മേയ് 8, തിങ്കളാഴ്‌ച

കാലപ്പൂട്ട്

എന്നാലും വിധി! നീ കവർന്നു മതിയാ

കാതെ,ക്കൊതിയ്ക്കുന്നുവോ 

പിന്നേയും നരജീവ,നിത്ര ഗതികേ

ടെന്താണു താങ്കൾക്കെടോ!

എന്നും രാപകൽ ഭേദമെന്യെ ചുടല

ക്കൂത്താടിയെത്തുന്ന നിൻ

മുന്നിൽ പ്രാണനു രക്ഷയേകുമൊരുപൂ

ട്ടാരുണ്ടു നിർമ്മിക്കുവാൻ

2023, മേയ് 3, ബുധനാഴ്‌ച

കാവ്യ പ്രോജ്ജ്വലനം

അക്ഷരത്തിരികളിട്ടു, ചിന്തയാം

എണ്ണപാർന്നു,മുയിരഗ്നിയാക്കിയും

അന്വഹം കവികൊളുത്തിടുന്ന നൽ

കാവ്യ ദീപിക വിളങ്ങി മേൽക്കുമേൽ

2023, മേയ് 1, തിങ്കളാഴ്‌ച

വന്ദേ ഭാരതിന് തിരൂരിൽ കല്ലേറ്

നിറുത്തണം വരുന്ന വണ്ടി ചെന്നിട
ത്തിലൊക്കെയും

മറുത്തു സംഭവിക്കിലോ തുടങ്ങുമേറു, സത്യമായ്

വടക്കു ദിക്കിലേക്കു വണ്ടി പോയിടു മ്പൊളൊക്കെയും

തൊടുത്തിടുന്നു കല്ലു കേരളക്കരയ്ക്കു നാണമായ്


പുറത്തു വന്ന വാർത്തയാണകത്തു
തീവ്ര ചിന്തയോ

തെറിച്ച കല്ലെടുത്തെറിഞ്ഞു നോക്കണം
തിരിഞ്ഞിടാൻ

തടുക്കണം പിടിക്കണം മുറയ്ക്കുശിക്ഷ യേകണം

കടങ്കഥയ്ക്കൊരുത്തരം ലഭിയ്ക്കുവാൻ ശ്രമിക്കണം 

ആലത്തിയൂർ സ്വാമി

ആലത്തിയൂർ വാഴും ആഞ്ജനേയ സ്വാമി

അങ്ങെന്റെയുള്ളിൽ നിറയേണമേ

ശ്രീ  രാമനാമം ചൊരിയേണമേ നിത്യം

ശ്രീ  രാമനാമം ചൊരിയേണമേ

ശക്തിയറിയാതശക്തനായ് മാറുമ്പോൾ

വാൽ കൊണ്ട് തട്ടി ഉണർത്തേണമേ

എന്നെ വാൽ കൊണ്ട് തട്ടി ഉണർത്തേണമേ

ധർമ്മ പദം വിട്ടധർമ്മം ഞാൻ ചെയ്തീടിൽ

തീയിട്ടെരിക്കണേ എന്നഹന്ത

രാഘവനെത്താൻ വഴികാട്ടണേ ചിത്തേ

രാഘവനെത്താൻ വഴികാട്ടണേ

മൃത്യുവിൻ ചാട്ടുളി എൻ മേൽ പതിയവേ

മൃത സഞ്ജീവനി ആകേണമേ മഹത്

മൃത സഞ്ജീവനി ആകേണമേ

രാമതൃപ്പാദം തെളിഞ്ഞേകണേ

എന്നിൽ രാമതൃപ്പാദം തെളിഞ്ഞേകണേ

മുക്തിയ്ക്കു സേതുവായ് മാറേണമേ

എന്റെ മുക്തിയ്ക്കു സേതുവായ് മാറേണമേ

ആന സംവാദം

ലോഹസങ്കരക്കണ്ണികൾ

നിർലോഭം വെച്ചു കെട്ടിയും

തോട്ടിക്കൈ നാലു ചുറ്റിലും

റോന്തിനായ് വേറെ നിർത്തിയും


ആനയോ കുറ്റവാളിയോ

മന്ദമെത്തുന്നതാരെടോ


രണ്ടുമൊന്നിച്ച സങ്കൽപം

രാമനാം ദന്തി നായകൻ

പൂരമേൽക്കാനെഴുന്നള്ളും

കാഴ്ച വേണങ്കിൽ കാണെടോ


മർത്യ ജീവൻ പതിമ്മൂന്നും

തന്റെ കൂട്ടത്തിലൊന്നിനേം

തട്ടിയോനല്ലെ ഈ രാമൻ

എന്തസംബന്ധമാണെടോ


നാട്ടിലെത്തിച്ചിണക്കിയാൽ

ഒക്കേയും ഓക്കെ ആണെടോ


കാടിറങ്ങിയതാണെങ്കിൽ

എപ്പൊഴേ തീർക്കുമെന്നാണോ


വായ മൂടീട്ടിരിക്കെടാ

നോക്കെടാ രാമനെത്തി ഡാ


ഇങ്ങനെ നീണ്ട സംവാദം

കണ്ടും കേട്ടും ഇരിക്കവേ

അരിക്കൊമ്പന്റെ രൂപമെൻ

അരികിൽ വന്നു ചൊൽകയായ്


കാടുമാറ്റപ്പെട്ടാലെന്തെ-

നിക്കു സ്വാതന്ത്ര്യമില്ലയോ

പാവമീ രാമ സമ്രാട്ടോ

സ്വത്വമറ്റിങ്ങു നിൽക്കയാം




അരിക്കൊമ്പൻ

അമ്മയെന്നെ വിട്ടു പോയ ബാല്യവും കടന്നു വ-


ന്നുണ്മയോടെയൊത്ത കൊമ്പനായി കാലവൈഭവാൽ

കൂട്ടരൊത്തു കേളിയാടിയാസ്വദിച്ചു കാടക-

ത്തെങ്ങുമോടിയാഹരിച്ചു നീർകുടിച്ചുറങ്ങി ഞാൻ

ഭംഗികണ്ടു കൂടിയെന്റെയൊപ്പമെത്ര പേടകൾ

അങ്കുരിച്ച രാഗധാരയിൽ വിരിഞ്ഞു പൂക്കളും

കാത്തുരക്ഷ നൽകി ഞാൻ കൂട്ടുകാരിയെ ചിരം

ചേർത്തുനിർത്തി തുമ്പിയാൽ ബാലരേയുമൊന്നു പോൽ

നന്മപൂത്തുനിൽക്കുമെന്റെ ഭൂമിയാകെമൊത്തമായ്

തിന്മയേറിടും നരർക്കു സ്വന്തമായി മാറവേ

എന്റെയായതൊക്കെയും തകർന്നു വീണ സങ്കടം

കൂടി വന്നു ക്ഷീണമായി കാനനം വെടിഞ്ഞു ഞാൻ

മെല്ലെയങ്ങിറങ്ങി,യല്ലിറക്കിയെന്നെ എത്തിഞാൻ

നിങ്ങൾ വാഴുമീയിടത്തിലേക്കു നീണ്ടു ജീവിതം

വിശന്ന നേരമാദ്യമായി നേർക്കു കണ്ടകെട്ടിടം

പൊളിച്ചു കേറിയാഹരിച്ചു തൃപ്‍തനായ് മടങ്ങവേ

ചാക്കുകെട്ടിലായടച്ചു വെച്ച സാധനം രുചിച്ചു

ഞാനരിയ്ക്കു വേണ്ടി നാട്ടിൽ
വീണ്ടുമെത്തിപോൽ

തിന്നു തിന്നു പേരരിക്കൊമ്പനെന്നു വീഴവേ

ഞാൻ ധരിച്ചതിഷ്ടമെന്നു തെറ്റിയോ കണക്കുകൾ

എന്നൊടേൽക്കുവാനിടയ്ക്കു
വന്ന മർത്യരൊക്കെയും

എൻ മദക്കലിയ്ക്കുമുന്നിലപ്പൊളപ്പൊൾ തീർന്നു പോയ്‌

പഴിച്ചു നിങ്ങളെന്നെ ഉള്ളിലുണ്ടു സങ്കടക്കടൽ

ഒളിച്ചു ഞാനിടയ്ക്കു ചെയ്തതോർത്തു വേദനിക്കവേ

തോക്കുമായി വന്നു പിന്നെയേറെ മർത്യജാതികൾ

തോൽക്കുവാൻ വിസമ്മതം പറഞ്ഞു പോരടിച്ചു ഞാൻ

തോന്നി പിന്നെയെന്തിനെന്നു ഞാനയഞ്ഞു നിങ്ങളോ

പൊക്കിയെന്നെ വണ്ടികേറ്റി ഞാൻ തടഞ്ഞതില്ലെടോ

കാടുമാറ്റിയെന്നെയിന്നു കൊണ്ടുപോകെ മാനസം

വെന്തിടുന്നു ഞാൻ വളർന്ന മണ്ണു തന്നെയല്ലിതും

പുത്തനാമിടത്തിലേയ്ക്കു മാറിടാം, അപേക്ഷയാ-

ണെന്റെ സ്വൈരതയ്ക്കുറപ്പു നൽകുവാൻ ശ്രമിക്കണേ

ഈശ്വരന്റെ സൃഷ്ടിയായൊരേതു  ജീവനും ഭുവി-

യ്ക്കീഷലറ്റു വാഴുവാൻ യോഗ്യ രെന്നുമോർക്കണേ 

ബ്രാഹ്മണ്യം സമസ്യ മെയ് 2023

മുല്ല പിച്ചി നറുചെമ്പകങ്ങൾ ചേർ-

ത്തല്ലിനല്ലു പകരുന്നനിൻ മുടി

തെല്ലുയർത്തി വടകെട്ടി വച്ചൊരാ

നല്ല കാലമിനി വന്നു കൂടുമോ

2023, ഏപ്രിൽ 30, ഞായറാഴ്‌ച

തൃശൂർ പൂരം

തെക്കേഗോപുര സാക്ഷ നീങ്ങിയിരുഭാഗത്തും നിരന്നൂ തല-

പ്പൊക്കംകൂടിയ സഹ്യപുത്ര,രിടതൂർന്നെങ്ങും നിറഞ്ഞൂ ജനം

പൊക്കിത്താഴ്ത്തിയലങ്കരിച്ച കുട,മാറ്റൊക്കുന്ന വർണ്ണോത്സവ-

ത്തേക്കാളെന്തു സുഖം തരും മഹിയി,ലിപ്പൂരം മനോമോഹനം






കാല്പനികം

നാടിൻ കാർഷിക സംസ്കൃതിയ്ക്കു നിറമേറ്റീടുന്ന നെൽപ്പാടവും

തോടും കാറ്റിലലിഞ്ഞ ചേറ്റു മണവും  ശീലൊത്ത ഗാനങ്ങളും 

നാട്യം പാടെയകന്നു പുഞ്ചിരിതരും ഗ്രാമീണരും, സർവരും

തേടും കാല്പനികാത്മഭാവമിയലും നാടേതു ഹൃത്തെന്നിയേ

പത്രവാർത്ത

കാമുകന്റെ പിതാവിനോടനുരാഗമേറിയ പെൺകൊടി

പ്രേമിയൊത്തൊരുവർഷമാരുമറിഞ്ഞിടാതെ വസിച്ചുപോൽ 

ഹാ മനുഷ്യ മനസ്സിലുള്ള പെരുത്ത ചിന്ത പിടിക്കുവാൻ

ആ മഹാകവി ചൊന്നപോലിഹ ഭാഷയിന്നു മപൂർണ്ണമാം

സംഗമം

മോഹിപ്പിച്ചു കടന്ന മാരിമുകിലെപ്പിന്നേയു മോർത്താർത്തയാ-

യാഹാരാദി വെടിഞ്ഞു കാമിനി ധര, പ്രത്യക്ഷനായ് കാമുകൻ 

സ്നേഹപ്പെയ്ത്തു തുടങ്ങി, കന്യ പുളകപ്പൂവിട്ടു, വർദ്ധിച്ചതാം

ദാഹം തീർന്നു തെളിഞ്ഞു പുഞ്ചിരി മുഖ,ത്തംഗങ്ങളിൽ കാന്തിയും

2023, ഏപ്രിൽ 26, ബുധനാഴ്‌ച

ദാരുണം

കുഞ്ഞിക്കൈ ചുമരിൽച്ചിതം കലരുമാ ചിത്രം വരയ്ക്കും ദിനം 

നെഞ്ഞിൽ പെയ്ത നനുത്ത മാരി വഴി മാറുന്നിന്നു കണ്ണീരിനായ് 

പിഞ്ഞീ മാതൃ ഹൃദന്ത,മോമന വിധിക്കൈയാലൊടുങ്ങീ, മണി-

ക്കുഞ്ഞോൾ താരകമായുദിച്ചു തിരുവില്വാദ്രിയ്ക്കു മേൽ സന്ധ്യയിൽ 

2023, ഏപ്രിൽ 25, ചൊവ്വാഴ്ച

നിശാസുരഭി

ചൊല്ലിയാടി നിറസന്ധ്യ ചെന്തിര-

ശ്ശീലതാഴ്ത്തി വിട കൊണ്ടു ഭാനുമാൻ

ശ്രീല ദീപിക തെളിഞ്ഞു താരക-

ത്താലമേന്തി നിശ മന്ദമെത്തിനാൾ


മന്ത്രമോതി ദല മർമ്മരങ്ങൾ നൽ

ചിന്തുപാടി വരവേറ്റു രാക്കുയിൽ

സാന്ദ്രനീലിമ പരന്നു ഭൂമി ത-

ന്നിന്ദ്രിയങ്ങളിലലച്ചു സൗരഭം


അഞ്ചിത പ്രിയ നിശാംഗനേ മനോ-

രഞ്ജിനീ വരിക ചാരെ സാമ്പ്രതം

അഞ്ചിടാതെ മണിമഞ്ചലേറി കാ-

വ്യാഞ്ജലിയ്ക്കു കളമിന്നൊരുക്കുക

 

2023, ഏപ്രിൽ 24, തിങ്കളാഴ്‌ച

ഹരി അമ്മാമന്

ബാലകർക്കു പുതു ചിന്തയേകുവാൻ

ഭാഗ്യമാർന്ന ഹരിമാതുലന്റെമേൽ

മേലിലും വര സരസ്വതീവരം

ചേർത്തിടട്ടെ മലയാളമുണ്മയായ്

 

2023, ഏപ്രിൽ 23, ഞായറാഴ്‌ച

കേരളം x കുന്നംകുളം

കുന്നിച്ച താപശരമേറ്റു വലഞ്ഞു കാലേ 

കുന്നംകുളം വഴി കടന്നു വരുന്ന നേരം

കുന്നോളമുണ്ടവിടെവർഷമിതെന്തു മായം 

കുന്നംകുളത്തു ലഭിയാതൊരു വസ്തുവില്ല 

2023, ഏപ്രിൽ 22, ശനിയാഴ്‌ച

വേനൽക്കാഴ്ച

കടുക്കും വേനൽ കാലം പൊള്ളിച്ച പാടുമായി

തൊടിയിൽ കൃശ ഗാത്രം നിൽക്കുന്നു തൈത്തെങ്ങുകൾ

പൊടിച്ച പൂക്കുലകൾ കരിഞ്ഞു വീഴും നേരം

തടുക്കാൻ കഴിയാത്ത കവുങ്ങിൻ തേങ്ങൽ കേൾപ്പൂ

തളർന്ന മാവിൻ തൈകൾ കുഴഞ്ഞു കേണിടുന്നൂ

വളർന്ന ദാഹം തീർക്കാൻ ഒരിറ്റു
ജലത്തിനായ്

പരന്നു താഴ്ചയേറും കുളത്തിൽ
പിടയ്ക്കുന്നൂ

പരൽമീൻ കൂട്ടം ശ്വാസമെടുക്കാനരുതാതെ

വറ്റില്ലെന്നുറപ്പിച്ചു പറഞ്ഞ കിണറിന്നു
ചുറ്റിലുമന്വേഷിച്ചു നെടുവീർപ്പിട്ടു മൂകം

പുലരും നേരം തൊട്ടേ ജ്വലിക്കും തീക്കട്ടകൾ
വലിച്ചെറിഞ്ഞു സൂര്യൻ നിർദ്ദയം നിരന്തരം

അടങ്ങാതന്തിയ്ക്കുമേ പുകയും
തീക്കട്ടയാൽ
നടുങ്ങി നിശാഗന്ധി പുകഞ്ഞു ശ്വാസം മുട്ടി

വായുവിൻ നീരു വറ്റി വരണ്ടു തൊണ്ട പൊട്ടി
മായുന്നു മണ്ണിൻ രുചി ഭൂമിതൻ നാവിൽ നിന്നും

തീ തന്നെ അകം പുറം തീ തിന്നും കുടിച്ചുമേ
ആതങ്കം പെരുകിടും ജീവിത താപം ബാക്കി 

2023, ഏപ്രിൽ 15, ശനിയാഴ്‌ച

ഈ രാവ്

വാസന്താമൃതചന്ദ്രികാഭ നിയതം വീയും സമീരൻ, സുഖാ-

ശംസാകൂജനമേകിടും കുയി,ലിതാ ണുള്ളിൽ കിനാവെങ്കിലോ 

മുറ്റും കൂരിരു,ളില്ല കാറ്റു, ഭയമേറ്റീടും സ്വനം ചുറ്റിലി-

ന്നൊറ്റയ്ക്കീ നിശ തള്ളിനീക്കുവതിനാ, യേറെ പ്രയാസം നിജം

2023, ഏപ്രിൽ 14, വെള്ളിയാഴ്‌ച

തടവ്

നീരാടും ഗോപിമാർ തൻ തുകിലുകളരയാൽ
കൊമ്പിലങ്ങിങ്ങുകാൺകേ

പാരം നാണിച്ച നേര,ത്തവരിലുണരുമാ
ദേഹമാനാഭിമാനം

ചോരാതൊന്നായ് ഹരിയ്ക്കും
പരമ വികൃതിയാം
ചോരനെപ്പൂട്ടി നെഞ്ചിൻ

കാരാഗാരത്തിലിട്ടാ,ലൊരുവനുമിവിടെ
പ്പേടികൂടാതെ വാഴാം 

2023, മാർച്ച് 27, തിങ്കളാഴ്‌ച

ഇന്നസെന്റ്

മലയാള സിനിമയിൽ ചിരിമാല തീർക്കുവാൻ

മടിയേതുമില്ലാതെ നിലകൊണ്ടവൻ

വിടപറയും മുൻപേ തൻ ഓർമ്മയ്ക്കായ്

പലവേഷം കെട്ടിയരങ്ങിൽ നിറഞ്ഞാടിയോൻ

ജനമാനസ നിലയത്തിൽ സ്വന്തമിരിപ്പിടം

സ്ഥാപിച്ചിട്ടിന്നസന്റായിരുന്നോൻ

അതിഘോരമർബുദമാക്രമിക്കുമ്പോളും

നിറചിരിയാലെതിരിട്ടൊരൂർജ്ജ്വസ്വലൻ

യമദേവനെ വരെയും തൻ

നർമ്മപ്രപഞ്ചത്തിൻ

ഒരുമൂലയ്ക്കാക്കിയൊളിപ്പിച്ചവൻ

ചെറു പുഞ്ചിരി  മറയുകയായ്,

അന്ത്യാഞ്ജലി പറയുകയായ്

ഫലിതത്തിൻ ഇടനാഴികൾ

പുണരുകയായ് നിശ്ശൂന്യത

2023, മാർച്ച് 24, വെള്ളിയാഴ്‌ച

ബ്രാഹ്മണ്യം സമസ്യ മാർച്ച് 2023

മൂകം വിതുമ്പി മിഴി പൊത്തി മുഖം കുനിച്ചി-

ട്ടേകാന്തയായിരുളകത്തു തകർന്നിരിക്കും

ഈ കാന്തയിൽ പ്രിയതമന്റെ വിയോഗ  ദുഃഖം

ലോകാവസാന സമയം വരെ നിൽക്കുമല്ലോ 

2023, മാർച്ച് 15, ബുധനാഴ്‌ച

പുക

പുകയാകെ നിറഞ്ഞു മാനുഷർ-

ക്കകമാകെപ്പുകയുന്ന നേരവും

പകമൂത്തു പരസ്പരം പഴി-

ച്ചകലും ചെങ്കൊടിയത്ര കൈകളും

രോമാഞ്ചകുഞ്ചി

പ്രാണപ്രേയസിയേകിടുന്ന മൃദുല സ്പർശത്തിനും സാധ്യമോ

പ്രാണൻ തന്നിലിതേ വിധം പകരുവാൻ വിദ്യുത് തരംഗം ദൃഢം

താണും നൂണുമിവൾ പ്രസന്ന വിരലാ ലാകെത്തലോടീടവേ

നാണപ്പൂത്തിരിവർഷമേറ്റ നില ഞാൻ
രോമാഞ്ചകുഞ്ചീകൃതൻ 

2023, ഫെബ്രുവരി 11, ശനിയാഴ്‌ച

തിരുനോട്ടം

ദീപസ്തംഭ പ്രഭാപൂരിത തിരുനടയിൽ കൂപ്പുകൈയോടെനിൽക്കും


താപം പൂണ്ടുള്ള മർത്യർക്കനുപമ ഭവികം നൽകിടും ചന്ദ്രമൗലേ

തീപാറും നന്മിഴിക്കോണടിയനില
ലിവോടൊന്നയച്ചാലെരിക്കാ-

മാപ,ത്തെന്താണമാന്തം തവപദ ഭജനം ചെയ്യുവോനല്ലി ഞാനും




2023, ഫെബ്രുവരി 1, ബുധനാഴ്‌ച

ബ്രാഹ്മണ്യം സമസ്യ 2

കനത്ത കർമ്മഭാണ്ഡവും കരത്തിലേന്തി മാനുഷൻ

ജനിച്ചനാൾമുതൽക്കു ചെയ്തിടുന്ന
യത്നമൊക്കെയും

മനസ്സു ശുദ്ധമാക്കി നേർവഴി
പ്രദീപ (പ്ത) മാകിൽ പി-

ന്നനിഷ്ടമിങ്ങൊരിയ്ക്കലും ഭവിയ്ക്കയില്ല നിശ്ചയം

2023, ജനുവരി 29, ഞായറാഴ്‌ച

പഴക്കുല

കൈരളീ കവന തോപ്പിലെത്രയും

പേരിയന്നു വിലസും പഴക്കുല

മാമ്പഴം കരുതി, നേത്രരോഗമോ 

തമ്പുരാട്ടി, വെളിവറ്റു പോയതോ

2023, ജനുവരി 17, ചൊവ്വാഴ്ച

മംഗലായനം

കുണ്ടും കുന്നുമിടയ്ക്കിടയ്ക്കു വളവും പാർശ്വങ്ങളിൽ കൊക്കയും

കൊണ്ടേറ്റം ഭയമാർക്കുമുള്ളിലുളവാമിജ്ജീവിതപ്പാതയിൽ

രണ്ടാളൊത്തു പരസ്പരാശ്രയ മനസ്സോടെ പ്രയാണം തുടർ-

ന്നാണ്ടേഴായ് സഖി, നീണ്ടു കാണ്മു വഴി, നാം മുന്നേറണം സദ്രസം

2023, ജനുവരി 16, തിങ്കളാഴ്‌ച

ശുദ്ധീകരണം

പഴയ തോർത്തു മുഷിഞ്ഞിടുകിൽസഖേ 

കഴുകി വൃത്തി വരുത്തു,മതേപടി 

പഴയതോർത്തു മുഷിഞ്ഞ മനസ്സിനെ-

ത്തഴുകി നിർമ്മലമാക്കിയെടുക്കണം

സിദ്ധാന്ത വിശ്വാസം

വിശ്വാസങ്ങളിലൂന്നി വർണ്ണവെറിയും പേറിക്കിടപ്പോർക്കു തെ-

ല്ലാശ്വാസം പകരാനണഞ്ഞ സമതാ സൈദ്ധാന്തികർക്കിന്നഹോ 

കീഴ്ശ്വാസത്തിനു പോലുമുണ്ട് മതവും ജാതീയ ദുർഗന്ധവും 

വിശ്വൈശ്വര്യവിധായകപ്പടകൾതൻ കൌടില്യമേ വന്ദനം!

2023, ജനുവരി 13, വെള്ളിയാഴ്‌ച

ഭൂപരിഷ്കരണം

മിന്നാമിനുങ്ങു നരി ചെന്നായ പന്നി പുലി വ,ന്നാന പക്ഷി നിവഹം

ചൊന്നാലെറുമ്പിവകളൊന്നായി വാണ ഭുവിതന്നാദ്യകാല ചരിതം

ഇന്നാകെ മാറ്റി സുഖമൊന്നായ് കൊതിച്ചു ചതി നന്നായ് പയറ്റി മനുജൻ

നന്നാവുകില്ലയിവ,രൊന്നായ് മുടിപ്പതിനു മുന്നാർത്തി തീർക്ക ജനനീ!



2023, ജനുവരി 1, ഞായറാഴ്‌ച

കുടിവെപ്പ്

വലംകാലുവെച്ചുമ്മറം കേറിയെത്തും

കലാദീപമേന്തും നവോഢയ്ക്കുതുല്യം

നലം വീടിനും നാടിനും നൽകിടാനാ-

യലം പുത്തനാണ്ടിങ്ങണഞ്ഞൂ സഹർഷം