Powered By Blogger

2010 നവംബർ 28, ഞായറാഴ്‌ച

പരസ്യം

കാണ്മാനില്ലെന്‍ മനസ്സിനെ കുറച്ചു നാളുകളായി
നിങ്ങളില്‍ ആരെങ്കിലും കണ്ടുവോ?
എന്‍റെ ചിന്താ ധാരകള്‍
മുഴുവനും അതിലായിപ്പോയി
ഒരിക്കലും കൈവിടില്ലെന്നഹങ്കരിച്ചു ഞാന്‍
പക്ഷെ , വിധി അങ്ങനെ വിടുവാന്‍ തയ്യാറായില്ല
മെല്ലെ മെല്ലെ മനസ്സ് എങ്ങോ പറന്നു പോയി
പറന്നകലുന്ന മനസ്സിനെ എനിക്ക് കാണാമായിരുന്നു
എന്നാല്‍, അരുതെന്ന് പറയാന്‍ നാവു പൊന്തിയില്ല
മാടി വിളിക്കാന്‍ കൈകളും...
'ഗൂഗിള്‍'ലില്‍ പരതി ഞാന്‍
'ആഡ്സ്'ഉം കൊടുത്തു നോക്കി
എന്നിട്ടും ഒരു രക്ഷയും കണ്ടില്ല
പക്ഷെ, അപ്പോഴും എനിക്കെന്‍റെ മനസ്സ്
പറന്നകലുന്ന അവ്യക്ത ദൃശ്യം കാണാമായിരുന്നു
എതവയവമാണ് മനസ്സിന് പകരമാവുന്നത്?
മനസ്സ് ശരീരത്തില്‍ എവിടെയാണ്?
അത് നഷ്ടപ്പെട്ടപ്പോളാണ് അങ്ങനെ തോന്നിയത്...
ഒരിക്കലും തിരിച്ച വരാത്ത പോക്കായിരുന്നോ അത്?
അറിയില്ല...
എങ്കിലും ഞാന്‍ തിരയുകയാണ്
നിങ്ങളില്‍ ആരെങ്കിലും അതിനെ കണ്ടാല്‍ പറയണേ...
" ഉടമസ്ഥന്‍ നിന്നെ കാണാതെ വേദനിക്കുന്നു
ദയവായി തിരിച്ച് വരിക"

2010 നവംബർ 22, തിങ്കളാഴ്‌ച

അംഗ ഭംഗം

കണ്ണുകള്‍ പറഞ്ഞു:
ഞങ്ങളെല്ലാം കാണുന്നുണ്ട്
പക്ഷെ , കാഴ്ചകള്‍ മായയല്ലേ?
മായക്കാഴ്ചകള്‍ കാണാന്‍ കണ്ണുകളെന്തിന്?
രണ്ടു കണ്ണും കുത്തി പൊട്ടിച്ചു.
കാതുകള്‍ പറഞ്ഞു:
ഞങ്ങളെല്ലാം കേള്‍ക്കുന്നുണ്ട്
പക്ഷെ , കാഴ്ചയില്ലാത്ത സ്ഥിതിയ്ക്ക്

കാഴ്ച്ചയില്ലെങ്കില്‍ കേള്‍വിയെന്തിന്?
രണ്ടു ചെവിയും ചെത്തിയെടുത്തു

നാവു പറഞ്ഞു:
കണ്ണും ചെവിയുമില്ലാതെ
ഞാന്‍ എന്ത് ചെയ്യാനാ?

ഓ!! എന്നാലതുമങ്ങു പോട്ടെ..
വലിച്ചെടുത്ത നാവു പിടഞൊടുങ്ങി

ഇപ്പോള്‍ നല്ല സമാധാനം തോന്നുന്നു
ഒന്നും കാണണ്ട, കേള്‍ക്കണ്ട, പറയണ്ട
ഉപയോഗമില്ലാത്ത മറ്റംഗങ്ങള്‍ കൂടി
തങ്ങളുടെ ഊഴം കാത്ത് കിടപ്പാണ് ...

2010 നവംബർ 21, ഞായറാഴ്‌ച

കുളിരും കിനാവും

മഞ്ഞുമാസത്തിലെകുളിരില്‍ ഞാ-
നൊറ്റയ്ക്കു നിന്നെക്കുറിച്ചോര്‍ത്തിരുന്നു
നിമിഷങ്ങള്‍ ആയിരമലമാലയായ്
എന്‍റെ, മാനസത്തിരയില്‍ നിറഞ്ഞൂ

ഈറനുടുത്തന്നു നീയെന്‍റെമുന്നി-
ലൊരപ്സര കന്യപോല്‍ നിന്നൂ
മുടിയിഴതഴുകിയെന്‍ വിരലുകള്‍
നിന്നുടെ ലോലമാം മേനി പുണര്‍ന്നൂ

മകരത്തിലെ മരം കോച്ചുന്ന നേരത്ത്
മുടിപ്പുതച്ചു നാമൊന്നായ്
മേനിതന്‍ ചൂടിലാ ഹിമകണങ്ങള്‍
മെല്ലെ, ഉരുകിയുരുകിയലിഞ്ഞൂ


നെറ്റിയില്‍ തൊടുകുറിയണിയിച്ചതില്ല
ഞാന്‍, ഹാരവുമേകീല പൊന്നും
ഇന്നുനിന്നോര്‍മ്മയിലെന്‍ മിഴി നനയുന്നു
ഇടറുന്നു തൊണ്ടയും പൊന്നേ...

2010 സെപ്റ്റംബർ 29, ബുധനാഴ്‌ച

വിലാപം (ഇത് എഴുതിയത് നടി ശ്രീവിദ്യ മരിച്ചു എന്ന വാര്‍ത്ത‍ കേട്ടപ്പോളാണ്. അതിനു മുന്നേ തന്നെ ഇവിടം വിട്ടു പോയ മഹാത്മക്കള്‍ക്കും സമര്‍പ്പിക്കുന്നു)

കാലപ്രവാഹാമാനുസ്യുതം തുടരുന്നൂ
കാലയവനിക ഉയരുന്നൂ താഴുന്നൂ
ഈ ലോകത്തിലീഭൂമിയില്‍ നിന്നും
ജീവന്‍റെ നാളങ്ങള്‍ എരിഞ്ഞകലുന്നൂ
ശബ്ദസൌകുമാര്യത്താലക്കളിവട്ടമടക്കി വാണ
വെണ്മണിയും ഹൈദരാലിയും പോയി
­ദേവരാഗശില്പിയാം ദേവരാജനും , എം.എസ്സും
മുന്‍പേ ഗമിച്ച രവീന്ദ്രന്‍ തന്‍റെയ-
ടുക്കലേക്കോടിപ്പോയി
നഷ്ടങ്ങള്‍ മാത്രമെന്നോതിക്കരയുന്ന
കേരള മണ്ണിന്‍ മാറിലേക്കായ്
മറ്റൊരു വാള്‍ പ്രയോഗമായ് കേട്ടൂ
കുഞ്ഞുണ്ണി മാഷും യാത്രയായി
മുഖസൌന്ദര്യത്താല്‍ മലയാള-
മനസ്സില്‍ വിളങ്ങി നിന്ന
ശ്രീവിദ്യയും പോയ്‌ ആ വഴിയെ
ഞെട്ടിവിറച്ചോരു ലോകത്തെ നോക്കി-
യാരോ ഊറിച്ചിരിക്കുന്നു ദൂരെ നിന്നും...

2010 സെപ്റ്റംബർ 28, ചൊവ്വാഴ്ച

2010 സെപ്റ്റംബർ 27, തിങ്കളാഴ്‌ച

കാഴ്ചകള്‍

മുറിയുടെ ജനാലകള്‍ മലര്‍ക്കെ തുറന്നു ഞാന്‍
തൊടിയിലേക്കുറ്റു നോക്കീടവേ
അറിയാതെ വന്നെന്‍റെ കണ്മുന്നിലൊരു
പൂമ്പാറ്റ; വര്‍ണ്ണങ്ങള്‍ വാരിത്തൂകി
പൂമ്പൊടി വിതറിയെന്‍ കൈകളില്‍
അലസമായ് ഇരിക്കുന്നു ശലഭ റാണി
പാറിയകന്നവള്‍ മെല്ലെയൊരു പൂവിന്‍റെ
മധുനുകര്‍ന്നീടുവാന്‍ പോയനേരം
കുയില്‍പ്പാട്ട് കേട്ടു ഞാനൊരെതിര്‍പാട്ടുമൂളി
സ്വയമറിയാതെ നിന്നുപോയീ..
എത്ര മനോഹരം! എത്ര മനോഹരം!
കാഴ്ചകള്‍ കാണുവാനെന്തുഭംഗി
സ്വപ്നത്തിലെങ്കിലും അറിഞ്ഞല്ലോ
പലതുമെന്നു ഞാനൊട്ടു വിചാരിക്കവേ
മറ്റൊരു ദിവസം മെല്ലേത്തുടങ്ങുന്നു
അന്ധന്‍റെ ജീവിത യാത്രയിലെ..

2010 സെപ്റ്റംബർ 26, ഞായറാഴ്‌ച

ഭ്രാന്ത്‌

" നിനക്ക് ഭ്രാന്താണ്"എന്ന്
എല്ലാവരും പറഞ്ഞപ്പോള്‍
ഞാന്‍ വിശ്വസിച്ചില്ല
"ശ്വാസോച്ച്വാസങ്ങള്‍ക്കിടയിലെ
ജീവ സമയത്ത് ഭ്രാന്തെന്നും
പറഞ്ഞു നടക്കാന്‍ നിങ്ങള്‍ക്ക് ഭ്രാന്താണോ"?
എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു
മാനസ വാടിയിലെ മലരുകള്‍
മഴകാത്തു കഴിയുന്ന വേഴാമ്പല്‍ പോലെ
മയൂര നൃത്തം മഴ വരുമ്പോള്‍
പക്ഷെ മയിലിനും വേഴാമ്പലിനും
പാര്‍ക്കാന്‍ കാടെവിടെ?
മലരുകള്‍ കരിഞ്ഞുണങ്ങി
മനസ്സ് മരവിച്ചു
വികാര വിചാരങ്ങള്‍
അനിയന്ത്രിതമായപ്പോള്‍
ഞാന്‍ പറഞ്ഞു
"എനിക്ക് ഭ്രാന്താണ്!"

മുഖം

" നിന്‍റെ മുഖം കാണാന്‍ എന്തുഭംഗി !!"
അവന്‍റെ വാക്കുകള്‍ അവളെ പുളകിതയാക്കി
"മുഖം മനസ്സിന്‍റെ കണ്ണാടി" എന്ന് പ്രതിര്‍വചിച്ചു
അവനവളെയും അവള്‍ക്കവനെയും
കാണാതിരിക്കാന്‍ പറ്റാതായി
പകലുകള്‍ വെണ്‍ പിറാവുകളായി
രാത്രികള്‍ അവരെ മാടി വിളിച്ചു
പകലിലെ സൌന്ദര്യം രാത്രിയില്‍
അതി സുന്ദരമായി ലീലകളാടി
സൌന്ദര്യ യമാന്തരം കറുത്ത പകലുകള്‍
കണ്ണാടികള്‍ എറിഞ്ഞുടച്ചു
നുറുങ്ങിയ ചില്ലു കഷ്ണങ്ങള്‍ പറഞ്ഞു
"മുഖം മനസ്സിന്‍റെ കണ്ണാടി"