കൃഷ്ണ ചിന്തകള്‍
ചിന്തകൾക്കന്ത്യമുണ്ടോ??
2019 ഓഗസ്റ്റ് 31, ശനിയാഴ്‌ച
വരവേല്പ്
പൂർവ്വാംബരേ ബാലദിനേശബിംബം
സർവ്വാത്മനാവന്നുതെളിഞ്ഞിടുമ്പോൾ
ഉർവ്വീതലം മഞ്ഞലനീരിലാടി
ദൂർവാദളംചൂടി മുഴക്കിവേദം
ഗ്രാമരംഗം
ആയിരപ്പറവിളഞ്ഞിടുംനില,മതിൻ
വരമ്പിനതിരിട്ടുതാ-
നായമോടെയൊഴുകുന്നുതോട,രികെ മേഞ്ഞിടും പല മൃഗങ്ങളും
ഗ്രാമദേവികുടികൊള്ളുമമ്പലവു,മാലു,മാ- ക്കുളവുമത്രയും
സാമ്യമറ്റുമരുവുന്നനാട്ടുപുറരംഗമെന്നു-
മതിസുന്ദരം
2019 ഓഗസ്റ്റ് 29, വ്യാഴാഴ്‌ച
അസുഖം
രണ്ടുമൂന്നുദിവസങ്ങളായിഞാ-
നുണ്ടതില്ലശരിയാംവിധം ഫലം
കണ്ടതിന്നലെ,മറഞ്ഞുബോധ,മെ-
ങ്ങാണ്ടുപോയിനിലതെറ്റിവീണുഞാൻ
വനരംഗം
പീലിചൂടിമണിമാലചാർത്തിവരവേണു-
വൂതിയദുനായകൻ
ലോലലോലപദമോടുരാധികയുമൊത്തു
രാസകളിയാടവേ
ചേലിയന്നുധരനോക്കിനിന്നു നദി
ശാന്തമായി ദലമർമ്മരം
പോലുമങ്ങുമിഴിനട്ടുനിന്നു,വന-
രംഗമെന്നുമതിസുന്ദരം
കറക്കം
വാടിത്തൂങ്ങിയസൂനമെത്ര മധുരം
തന്നെന്നതോർക്കാതെയീ
നാടൊട്ടുക്കുകറങ്ങിയുണ്ടു കഴിയും
ഭൃംഗംവെറും സ്വാർത്ഥനോ
കൂടുംസ്നേഹമൊടന്നുതായ നിറയെ-
ത്തന്നോരു ദുഗ്ദ്ധാമൃതം
പാടേവിസ്മൃതിപൂണ്ടുവല്ല വഴിയുംപോകും
നരന്നൊക്കുമോ
2019 ഓഗസ്റ്റ് 25, ഞായറാഴ്‌ച
ശ്രമകരം
മുറിവിട്ടുപുറത്തുപോകുവാൻ
കൊതികാട്ടും ശിശുവെന്നപോലവേ
ധൃതിപൂണ്ടുകുതിയ്ക്കുവാൻ ശ്രമം
തുടരുന്നൂ മമജീവനാളവും
ഒരുക്കം
വിമലമീമലനാടു മുടിക്കുവാൻ
സമരകാഹളഭേരി മുഴക്കുവോർ
കുമിളപോലെപൊടിഞ്ഞിടുവാൻജനം
സമതയോടെയൊരുങ്ങിയിറങ്ങണം
ഭാഗ്യം
ക്ഷമതയോടുലകത്തിലിരുന്നു,ത-
ന്നിമയടയ്ക്കുക,ഭാഗ്യമതല്ലയോ
സമതയറ്റബലംവരുവാൻ,ശിവേ
മമ മനസ്സിലുദിക്കണമെപ്പൊഴും
നിർഭയം
കൊടിയ ഭീകരസംഘമൊരാറുപേർ
കുടിലതന്ത്രവിശാരദരെത്തിപോൽ
തടയുവാനൊരുമിയ്ക്കുകനാടിതി-
ന്നിടയിലില്ലഭയം ലവലേശവും
2019 ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച
ദുരിതോണം
കള്ളക്കർക്കടമങ്ങൊഴിഞ്ഞു, ദുരിത-
പ്പേമാരിയുംതീർന്നനാൾ
വെള്ളക്കെട്ടുനിറഞ്ഞപാതവഴിയ- പ്പൊൻചിങ്ങമിങ്ങെത്തി ഹാ
ഓണത്തുമ്പികളെങ്ങുപോയിമധുര-
പ്പാട്ടെങ്ങു പൂക്കാലവും
കാണാനില്ല,യിതേപടിയ്ക്കു ബലിയും
വിട്ടീടുമോ കേരളം
രണ്ടു തോന്നലുകൾ
ക്ഷമനശിയ്ക്കുകിലെത്തിടുമക്ഷണം
കുമതികോപമതെന്നെമറിച്ചിടും
ശമഗുണംവളരുന്നതിനംബികേ
മമമനസ്സിലുദിക്കണമെപ്പൊഴും
കൃമിയുമീച്ചയുമാനയുമാമയും
കുമിയുമീനരജാതികളൊക്കെയും
സമയമാകെ,മറഞ്ഞിടുമെന്നുതാൻ
മമമനസ്സിലുദിക്കണമെപ്പൊഴും
2019 ഓഗസ്റ്റ് 7, ബുധനാഴ്‌ച
ബാംഗ്ലൂർ ഡേയ്സ്
വണ്ടി കാത്തിട്ടു കാൽ ഭാഗം
കാലാട്രാഫിക്കിലായുമെ
പോകും കാൽനടയായും കാൽ
കാലിൻ മേൽ കാലി ജീവിതം
ഒരുക്കം
ഒരുങ്ങിയെൻപ്രേമലതാനികുഞ്ജം
വരാംഗി നീയെന്തു മുനിഞ്ഞിരിപ്പൂ
ശരംതൊടുക്കാൻ സ്മരനമ്പിനായോ
നിരന്നിടുന്നൂ മലരങ്ങുമിങ്ങും
പുലർവേള
നഭസ്സിലെങ്ങാണ്ടൊരിടത്തൊളിയ്ക്കും
പ്രഭാമയൻസൂര്യനുണർന്നെണീയ്ക്കെ
അമോഘശോഭാംഗിതവാടിയിങ്കൽ
നിരന്നിടുന്നൂമലരങ്ങുമിങ്ങും
രാക്കാഴ്ച
വിലാസരാത്രിയ്ക്കു രസം നിറയ്ക്കാൻ
നിലാവുമായിന്ദു കളംചവിട്ടേ
വികാരരംഗത്തിനു മാറ്റുകൂട്ടാൻ
നിരന്നിടുന്നൂ മലരങ്ങുമിങ്ങും
2019 ഓഗസ്റ്റ് 3, ശനിയാഴ്‌ച
പ്രഭാതം
വിരിഞ്ഞിറങ്ങുംപുതുസുപ്രഭാതം
കരംഗ്രഹിച്ചൂഴിയെ വേട്ടിടുമ്പോൾ
ചിരം ശുഭാശംസ ചൊരിഞ്ഞിടാനായ്
നിരന്നിടുന്നൂമലരങ്ങുമിങ്ങും
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)