Powered By Blogger

2023, സെപ്റ്റംബർ 27, ബുധനാഴ്‌ച

റ ശ്ലോകം

റ റാ പോലെ ദേഹം വളഞ്ഞുള്ള നിർത്തം 

റു റൂ മട്ടു കൈയിൽ പിടിപ്പിച്ച ദണ്ഡം 

കുറച്ചല്ലയേകുന്ന ദണ്ണം പുരാനേ

മറക്കൊല്ല നിൽപ്പിന്നൊരന്ത്യം വരുത്താൻ 


പദയാത്ര

 

1. നിരന്തരം സുഖം തരുന്ന യന്ത്രമില്ല, ദുഃഖവും

സ്ഥിരം വരില്ല,റിഞ്ഞു മുന്നിലേക്കു നീ നടക്കണം

തരാതരം ലഭിച്ചിടും വരങ്ങൾ തൻ ഫലം
നിന-

ച്ചൊരിക്കലും നിറുത്തിടേണ്ട, യാത്ര തന്നെ ജീവിതം


2. വിരിഞ്ഞ പൂക്കളേന്തിടും മരന്ദമുണ്ടു
വാടിയിൽ

ചിരം രമിച്ചിടുന്ന വണ്ടിനില്ലനാളെയിന്നലെ

ചിരിച്ചു കൊണ്ടതാസ്വദിച്ചു പാറിടുന്നു കാൺക നീ 

പെരും പ്രതീക്ഷയേകിടും നിരാശയില്ല ഭാരവും


3. കരഞ്ഞു തീർത്തരാത്രി,യുല്ലസിച്ചഹസ്സു, മൗനമാർ-

ന്നിരുണ്ട സന്ധ്യ, കോപമോടെരിഞ്ഞയു ച്ച,യിവ്വിധം

പിരിച്ചിടാതെയിന്നിനെപ്പരം രുചിച്ചു നോക്കുകിൽ

ചിരിച്ചിടാം, നിനക്കുമേ, നിനയ്ക്ക നീ, പഠിക്ക നീ


4. നിരത്തിവച്ച നാണയങ്ങളെണ്ണിയും ഗുണിച്ചുമേ

ഹരം പിടിച്ച നീ ധരിച്ചു നിന്റെയാണിതൊ ക്കെയും

ഇരച്ചു തെക്കുനിന്നു വന്ന കാറ്റിലാപ്പണം തെറി-

ച്ചൊ,രൊറ്റയില്ല കൈയി,ലെങ്ങു പോയി നിൻ തുകൽക്കിഴി


5. തരിച്ചു നിന്നുവേകനായുതിർത്തുവശ്രു ബിന്ദു, നീ

തിരിഞ്ഞതില്ല സംഭവം ഭയന്നു കൂടി സങ്കടം

പരന്റെയാജ്ഞയൊന്നുമാത്രമേ ഭവി ച്ചതീയിഹ-

ത്തുരുത്തിൽ നീ വെറും ശിശു, പ്രസിദ്ധി
യൊക്കെ മായയാം

6. ധരാതലം തരും സുഖം കരം മെലിഞ്ഞതെങ്കിലും

കുരുന്നു ബുദ്ധിവിട്ടു നീ നിജം ഗ്രഹിക്കുകിൽ  സഖേ

പരം നിരന്ന മായ, മുന്നിലേകസത്യമവ്യയൻ

തിരഞ്ഞു നീ നടക്ക, നീണ്ട യാത്ര തന്നെ ജീവിതം





2023, സെപ്റ്റംബർ 26, ചൊവ്വാഴ്ച

ബ്രാഹ്മണ്യം സമസ്യ ഒക്ടോബർ 2023

കുരുത്തു തീയിലെന്നപോലുറച്ചദേഹ,മേഴു പിൻ

മുറയ്ക്കു ശേഖരിച്ചു വെച്ച പൊൻപണം, യശസ്സു ഹാ

നിറന്ന പൈതൃകം, മനീഷ,യെന്തുതന്നെ യായിടാ

കരത്തിലുള്ളതൊക്കെനാമതിർത്തിയിൽ ത്യജിക്കണം 

2023, സെപ്റ്റംബർ 21, വ്യാഴാഴ്‌ച

ബംബർ (സർ)പ്രൈസ്

1. ഓണം ബംബറെടുത്തു കോടി ചുളുവിൽ ക്കിട്ടുന്നതോർത്തോർത്തു പൊ-

ന്നോണത്തിന്നു ജലം കുടിച്ചു പശിയാറ്റീടുന്ന നാട്ടാരിതാ

കോണം മാത്രമുടുത്തു നാടു മുഴുവൻ തെണ്ടുന്നു,വൊന്നാം തരം

നാണക്കേടിതു മാറ്റുവാൻ കനിയണേ പൂജയ്ക്കു നീയംബികേ!

2. കാണം വിറ്റു പഠിച്ചു നാടു വിടുമാപ്പിള്ളേരു
പോകുന്ന പോ-

ലോണം ബംബറു വണ്ടികേറി,യിനിനാമെന്തോന്നു ചെയ്യാനെടോ

വേണം സംവരണം നറുക്കിലിനിമേലാദ്യത്തെ സമ്മാനമൊ-

ക്കേണം കേരള പൗരനെന്നു മറുവാക്കോതുന്നു ചങ്ങാതിയാൾ

2023, സെപ്റ്റംബർ 19, ചൊവ്വാഴ്ച

ചിരഞ്ജീവി

ഏതജ്ഞാത സദസ്സു തേടി വിട കൊ ണ്ടെല്ലാവരേയും പിരി-


ഞ്ഞത്യാവേശമൊട,ങ്ങൊരുത്തര
മതി,ന്നില്ലെങ്കിലും നമ്മളിൽ

നിത്യശ്രീകരമോർമ്മയായി വിലസും
യൂയെസ്സനാം ഭൂസുരൻ

ചിത്രത്തൂലിക ചേർത്ത കാവ്യ,മിനി പേ, രാളട്ടെയെക്കാലവും

2023, സെപ്റ്റംബർ 16, ശനിയാഴ്‌ച

പൈങ്കുളം കിഴക്കേപ്പാട്ട് വാര്യത്തെ രാധാകൃഷ്ണ വാര്യരുടെ താല്പര്യ പ്രകാരം, അദേഹത്തിന്റെ മാതാവിന്റെ ഓർമ്മയ്ക്കായി കുറിക്കുന്ന വരികൾ

ശ്രീദേവി പ്രിയനൊത്തു ചെന്നു ഗരിമാ വേറുന്ന ബോംബേപുര,-

ത്താദ്യം തെല്ലു ഭയന്നുവെങ്കിലുമുടൻ ശീലിച്ചു ദേശാന്തരം

ഉദ്ദേശിച്ചതു പോലെ ഭർതൃഹിതവും നന്നായി നോക്കി, ത്തിരി-

ച്ചദ്ദേഹം കരളിന്നുനൽകി സുഖവും, ക്ഷേമം വിളങ്ങീ നലം


തമ്മിൽത്തമ്മിലറിഞ്ഞകാലഗതിയിൽ കൈവന്നു സൗഭാഗ്യമാ-

യമ്മേയെന്നുവിളിക്കുവാനരുമയാം സൽപുത്രനും, ജീവിതം

സമ്മോദം പുലരുന്നവേളയവൾതൻ സീമന്തരേഖയ്ക്കു മേൽ

കാർമേഘക്കരിപറ്റി,യിഷ്ട ഹൃദയൻ ചേർന്നൂ ശിവങ്കൽ, ദ്രുതം


മാലേറും സമയത്തു മാതൃ ഹൃദയം ക്ഷീണിച്ചു നിന്നില്ല, ത-

ന്നാലംബം തനിയെത്തിരഞ്ഞു പിരിയും മുൻപേ പ്രിയൻ ചൊന്ന പോൽ

കാലും കൈയുമിടയ്ക്കുവേച്ചു, വിലവ യ്ക്കാതെ പ്രയാണം തുടർ-

ന്നല്ലിൻവീഥി കടന്നു ജീവിതജയം നേടീ സുധീരാംഗന 


ബാല്യം പൂത്ത നിളാ നദിക്കരയിലെ ഗ്രാമം വിളിയ്ക്കേ, കുറെ-

ക്കാലംപാർത്തുമടുത്ത വൻ നഗരവും വിട്ടിങ്ങു വന്നൂ, ജനി 

രാധാകൃഷ്ണകൃപാകടാക്ഷമനിശം സിദ്ധിച്ച മൂലം മഹാ-

വ്യാധിയ്ക്കൊന്നുമടുക്കുവാനവസരം വന്നില്ല, സന്ധ്യയ്ക്കുമേ


എന്നാളും തവപാദസേവ വിധിയാം വണ്ണം നടത്തും മകൻ

തന്നെച്ചേർത്തുപിടിക്കുവാനിളയവർ, സന്നദ്ധയായ് തൻ സ്നുഷ

എന്നാലും സ്വയമേവ ചെയ്തു കഴിയും  പോലൊക്കെയും, നാരിയാ-

ളെന്നും, പൈങ്കുളനാട്ടുനന്മ പുലരും ചിത്തം പ്രസന്നാത്മകം 


പൂർവ്വസൂരികൾ കൊരുത്തതാം തുളസി മാല മാറിലണിയും ശിവ-

യ്ക്കാവതും ഭവതി കോർത്തുനൽകി ദശപുഷ്പമാലിക, ദിനംദിനം 

ആ വരേണ്യഗുണമേകിടുന്ന ശതകോടിപുണ്യവുമണിഞ്ഞു സദ്-

ഭാവരാഗസുധ ചേർന്നു ചുണ്ടുകളഖണ്ഡനാമമുരുവിട്ടുപോൽ 


അല്പനേരമകലേക്കുമാറി തവപുത്രനെന്നറിവു കിട്ടവേ

നില്പുമാറ്റി വിധി വന്നടുത്തു തടയാൻ മറന്നനില ഭാരതി

തല്പമേറി ഹിമശീതമസ്ഥിതി ശിവം വെടിഞ്ഞു മിഴി പൂട്ടി, ഹാ 

കല്പനയ്ക്കു വഴിമാറി ജീവനദി വറ്റി,യമ്മ ഭുവിയോർമ്മയായ് 


മാതാവിന്നോർമ്മയെന്നും മഹിയിതിലധികം ശോഭയോടെത്തിളങ്ങാ-

നേതാൾക്കും മോഹ,മെ ന്നാ,ലൊരു തനയ നതിന്നിങ്ങുകാണു ന്നമാർഗ്ഗം

ശ്രീതാവും പുസ്തകം താ,നതിനിതളു കളിൽ കാവ്യവും,ഞാൻ നമിച്ചി-

ട്ടേതാണ്ടെന്തോ കുറിപ്പൂ, ശ്രമമിതു ശരിയായ് തീരുകിൽ, ചേർത്തുകൊള്ളൂ