Powered By Blogger

2023, സെപ്റ്റംബർ 27, ബുധനാഴ്‌ച

പദയാത്ര

 

1. നിരന്തരം സുഖം തരുന്ന യന്ത്രമില്ല, ദുഃഖവും

സ്ഥിരം വരില്ല,റിഞ്ഞു മുന്നിലേക്കു നീ നടക്കണം

തരാതരം ലഭിച്ചിടും വരങ്ങൾ തൻ ഫലം
നിന-

ച്ചൊരിക്കലും നിറുത്തിടേണ്ട, യാത്ര തന്നെ ജീവിതം


2. വിരിഞ്ഞ പൂക്കളേന്തിടും മരന്ദമുണ്ടു
വാടിയിൽ

ചിരം രമിച്ചിടുന്ന വണ്ടിനില്ലനാളെയിന്നലെ

ചിരിച്ചു കൊണ്ടതാസ്വദിച്ചു പാറിടുന്നു കാൺക നീ 

പെരും പ്രതീക്ഷയേകിടും നിരാശയില്ല ഭാരവും


3. കരഞ്ഞു തീർത്തരാത്രി,യുല്ലസിച്ചഹസ്സു, മൗനമാർ-

ന്നിരുണ്ട സന്ധ്യ, കോപമോടെരിഞ്ഞയു ച്ച,യിവ്വിധം

പിരിച്ചിടാതെയിന്നിനെപ്പരം രുചിച്ചു നോക്കുകിൽ

ചിരിച്ചിടാം, നിനക്കുമേ, നിനയ്ക്ക നീ, പഠിക്ക നീ


4. നിരത്തിവച്ച നാണയങ്ങളെണ്ണിയും ഗുണിച്ചുമേ

ഹരം പിടിച്ച നീ ധരിച്ചു നിന്റെയാണിതൊ ക്കെയും

ഇരച്ചു തെക്കുനിന്നു വന്ന കാറ്റിലാപ്പണം തെറി-

ച്ചൊ,രൊറ്റയില്ല കൈയി,ലെങ്ങു പോയി നിൻ തുകൽക്കിഴി


5. തരിച്ചു നിന്നുവേകനായുതിർത്തുവശ്രു ബിന്ദു, നീ

തിരിഞ്ഞതില്ല സംഭവം ഭയന്നു കൂടി സങ്കടം

പരന്റെയാജ്ഞയൊന്നുമാത്രമേ ഭവി ച്ചതീയിഹ-

ത്തുരുത്തിൽ നീ വെറും ശിശു, പ്രസിദ്ധി
യൊക്കെ മായയാം

6. ധരാതലം തരും സുഖം കരം മെലിഞ്ഞതെങ്കിലും

കുരുന്നു ബുദ്ധിവിട്ടു നീ നിജം ഗ്രഹിക്കുകിൽ  സഖേ

പരം നിരന്ന മായ, മുന്നിലേകസത്യമവ്യയൻ

തിരഞ്ഞു നീ നടക്ക, നീണ്ട യാത്ര തന്നെ ജീവിതം





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ