Powered By Blogger

2020, ഏപ്രിൽ 28, ചൊവ്വാഴ്ച

ഉറക്കമുണരണം

സാന്ദ്രാനന്ദം നുണഞ്ഞാശിശു മിഴിപതിയെ-
പ്പൂട്ടി നന്നായുറങ്ങാൻ

വേണ്ടുംവണ്ണം സഹായം ഹരികഥദിനവും കേട്ടുസാധിക്കുമെന്നാൽ

ബോധം നന്നായുറച്ചാഹൃദയമലരകം
ശ്രീലകം തന്നെയാവും

നൂനം, പൈതൽക്കുഭാഗ്യം ഗുരുപവനപുരാ- ധീശ്വരൻ നൽകിടട്ടേ

2020, ഏപ്രിൽ 27, തിങ്കളാഴ്‌ച

ഓർമ്മവേണം

പുതിയ ഭൂമിക തേടിവരും ധ്വര-

ക്കൊതിയരോടടരാടിയ ഭാരതം

നതിയൊടെത്തൊഴുതോർക്കണമെപ്പൊഴും

ചതിയിൽ വീണു മരിച്ചവർ തന്മുഖം




 



ചതി

അതിരു കൊട്ടിയടച്ചയലത്തുകാ-

രതിമിടുക്കുതുടർന്നു കളിക്കവേ

പതിവുകാഴ്ചയിലെത്തി വഴിയ്ക്കുവൻ

ചതിയിൽവീണു മരിച്ചവർ തന്മുഖം

പൂരം

കടലലകളിളകി വരുവതിനു സമമാൾക്കാ-

രിടവഴികൾ കയറി കരി, തിമില, തിറ, തെയ്യം

നട നടന നിനദമൊടു കതിന വെടി കേട്ടാ-

ലുടനെഹൃദിനിറയെ തകതകതകിട ധീം ധീം


സ്വനപുടവുമിരുകരവുമതിസരസമൊന്നാ-

യനുനിമിഷമൊഴുകിയിടയിരികിട, സഹർഷം

കനവുകളിലധികമധു പകരുമൊരു പൂരം

ജനവിരലിൽ നിറയെ തകതകതകിട ധീം ധീം


നടമുറുകി,യടവിലടി തിമിലയിടയുന്നൂ

വെടിപുകയിലണിഗഗന പഥവുമെരിയുന്നൂ

ഉടയുമിഹ മമ മനവുമുരുകി മിഴിനീരാ-

ലൊടുവിലടിപതറി, വിട തകതകിട ധീം ധീം

2020, ഏപ്രിൽ 26, ഞായറാഴ്‌ച

ഇന്നത്തെ മഴ

വിരവിലിഹ കരിമുകിലു നിരയിടുകയായീ

തരുമതിനി ജലകണിക ജനതതികൊതിക്കേ

ഉരുപവന കരലതിക മുകിലലവരിഞ്ഞ-

ങ്ങെരിയുമിനകരനിരയിലെറിയുവതിനെത്തീ

ഗോ കൊറോണ ഗോ


പൊരുന്നിരിക്കും പിടയെന്ന മട്ടി-

ങ്ങിരിപ്പു മർത്യൻ ഭയമോടു കൂട്ടിൽ

വിരിഞ്ഞിറങ്ങാനിനിയെത്രകാത്തി-

ങ്ങിരിക്കണം നെഞ്ചു പിടച്ചിടുന്നൂ


സമൂഹമൊന്നാകെയടയ്ക്കു വേഗം

സമൂലമിക്കോവിഡുവിട്ടു പോകും

നിമേഷമിക്കാര്യമുറച്ചുരച്ചേ

സമാശ്വസിക്കുന്നു ജനങ്ങളെന്നും


ഗതാഗതം,കച്ചവടം,കടം, ദുർ-

ഗതിയ്ക്കുപായം നഹി ശൂന്യമെല്ലാം

ചതിച്ചു നീ ഞങ്ങളെരിഞ്ഞു തീരാ-

നിതിൽപരം കഷ്ടതയില്ല വേറെ


പുറത്തിറങ്ങാതെയിരിപ്പവോർക്കി-

ങ്ങറപ്പു തോന്നുന്നു കൊറോണെ നിന്നെ

ഉറക്കമൂണെന്നിവവിട്ടു കട്ട-

പ്പുറത്തു കേറില്ല നിനയ്ക്ക വേണ്ടാ


പതുങ്ങിനിൽക്കേണ്ട തുരത്തിടും നിൻ

പതിഞ്ഞതാളത്തയുമുഗ്രരൂപിൻ

പ്രതിജ്ഞ ചൊല്ലുന്നിനിയിങ്ങുവന്നാ-

ലൊതുക്കിടും സൂചിമുനമ്പിലായി


അധികമാധികളിങ്ങുപരത്തിടാൻ

തുനിയുമോയിനിയും രുജരാജ നീ

അഴലുമാഴലുമായിനികൂടുകി-

ല്ലിനി,യമം നിയമംവഴിനോക്കിടും



















2020, ഏപ്രിൽ 25, ശനിയാഴ്‌ച

പുറംകാഴ്ച

പൂത്താങ്കീരിക,ളാനറാഞ്ചി,മയിലിൻ-
കൂട്ടം, പനംകാക്ക, പൂ-

ന്തത്തമ്മ,ക്കുയി,ലാറ്റ,സൂചിമുഖിയും
പ്രാവും മരംകൊത്തിയും

തത്തി,ക്കൊത്തി,നടന്നിടുന്നു, മധുരം-
പാടുന്നു, കേട്ടിങ്ങു ഞാ-

നാത്താനന്ദമിരിയ്ക്കയാം,പരമമാം
ധ്യാനംതരില്ലീസുഖം

അടുക്കളത്തോട്ടം

മത്ത, ചീര, ചുരയ്ക്ക, വെള്ളരി, വെണ്ട, പാവലു, കുമ്പളം,

കൊത്തമല്ലി, മുരിങ്ങ, കോവലു, പീച്ചിലെന്നവയൊക്കെയും

വിത്തു പാകി, വളംകൊടുത്തു, മുളച്ചുപൊന്തിവരുന്നതും

കാത്തുകൊണ്ടുകഴിച്ചിടുന്ന ദിനങ്ങളെത്ര
മനോഹരം..!!

2020, ഏപ്രിൽ 24, വെള്ളിയാഴ്‌ച

കണ്ണീർ

ചന്ദ്രാദിത്യസമം വിളങ്ങുമിരുപേ,
രിങ്ങെത്തുമാവാർത്ത,ത-

ന്നെന്തുത്സാഹമതിങ്കലെത്രയഴകിൻ വർണ്ണങ്ങൾ തീർത്തൂ മനം

അന്തിക്കാറ്റിലണഞ്ഞുദീപ,മകതാ,
രൊപ്പംപിടഞ്ഞൂ വിധി-

യ്ക്കെന്തേയിത്രവിരോധഭാവ, മരുതേ
താങ്ങില്ല തായാശ്രു നീ

2020, ഏപ്രിൽ 19, ഞായറാഴ്‌ച

ബലം

ണിം ണിം മണിസ്വരമുയർന്നുണരുന്നൊരുണ്ണി-

ക്കണ്ണൻ കടാക്ഷമിഴികൊണ്ടുഴിയും ക്ഷണത്തിൽ

കാണാത്ത ദുഃഖനിരനീങ്ങുവതല്ലെ പിന്നെ-

യാണോകൊറോണ! ഹരിനാമമുരയ്ക്ക നാവേ



നഷ്ടസ്വർഗം

എട്ടുമാസം കൊതിച്ചൊന്നാ-

യൊട്ടുദൂരം നടന്നതും

ഒട്ടും കാരുണ്യമില്ലാതേ

കട്ടെടുക്കുന്നു ദുർവിധി


കാത്തിരിപ്പിന്റെ നാൾകഴി-

ഞ്ഞാത്തമോദേന പാടുവാൻ

കോർത്തതാരാട്ടുപാട്ടെല്ലാ-

മാർത്തനാദത്തിലാഴ്ന്നു പോയ്‌


ഒന്നുചേർന്ന ദിനം തൊട്ട-

ങ്ങൊന്നായ്ക്കാണും കിനാക്കളിൽ

നിന്നുമാലേയ സൗരഭ്യം

തന്നെത്താനെയകന്നുപോയ്


എങ്ങനെയാശ്വസിപ്പിക്കാൻ

കിങ്ങിണിപ്പെണ്ണിനെപ്പരം

തിങ്ങിടും നോവിനാലുള്ളം

വിങ്ങിനീറുന്ന വേളയിൽ


അമ്മയാകേണ്ടവൾ മുന്നിൽ

ജന്മമറ്റതു പോലവേ

ആ മനസ്സു തണുപ്പിക്കാൻ

ജന്മമെത്രയെടുക്കണം


കണ്ണേ! മുന്നോട്ടു പോയീടാൻ

കണ്ണുനീർച്ചാലു താണ്ടണം

മണ്ണായ്ച്ചേർക്കേണ്ടതാം വിത്തു

മണ്ണിൽ നട്ടു വളർത്തണം


കൂടും ദുഃഖം ശമിപ്പിക്കാ-

നോടും കാലത്തിനൊക്കയാൽ

കേടറ്റിങ്ങു തളിർക്കുമി-

ക്കാടും പുഷ്പങ്ങളാലെടോ


പാടും താരാട്ടൊരുണ്ണിക്കാ-

യാടും പാട്ടൊത്തു നിൻ മനം

വാടാതെക്കണ്ടുനിൽക്കൂ നിൻ

കൂടെത്തന്നുണ്ടു ലോകവും

2020, ഏപ്രിൽ 18, ശനിയാഴ്‌ച

ആരാ?

ആരാതാനെന്നു തീർത്തും പറയണ,മൊരുവൻ
പേരുചൊല്ലിക്കൊടുക്കും

പോരെന്നാലോ വിലാസം നിരവധിയറിയൽ രേഖ,യെന്നാലുമൊന്നും

പോരാതാകുന്നഘട്ടം തലപുകയുമിനി-
ക്കാട്ടുവാനൊന്നുമില്ലെ-

ന്നാരായുന്നോനൊടോതും തൊഴുകരമൊടു
തൻ വേരുതേടാനൊരുങ്ങും

മാറ്റം

രോഗംമെല്ലെയൊടുങ്ങാറായീ

അന്തിച്ചർച്ചകൾ ഭാവം മാറീ

ഇന്നലെ വരെയും രാഷ്ട്രീയത്തിൻ

വാദമുഖങ്ങൾ കേട്ടില്ലിന്നോ

തിരുകിക്കേറ്റുന്നുണ്ടേ പലവിധ

ഭിന്നിപ്പിൻ സ്വരമെത്ര വിചിത്രം

തമ്മിൽത്തല്ലും വാക്കേറ്റങ്ങളു-

മത്രേ റേറ്റിംഗ് നിർണ്ണയ സൂചികൾ

തങ്ങടെ ചാനൽ മുങ്ങിപ്പോകാ-

തെങ്ങും പാറി നടക്കാൻ വേണ്ടും

പണികളെടുക്കും നിങ്ങൾ തീർക്കും

കെണിയിൽ വീണു വലഞ്ഞൂ ജനവും

മർത്യർക്കൊനിക്കാനായ് വീണ്ടും

രോഗം വേണോ പ്രളയം വരണോ

കഷ്ടം നാടിൻ ദുഃസ്ഥിതിയോർത്താൽ

നമ്മുടെ യോഗം അല്ലാതെന്താ


2020, ഏപ്രിൽ 17, വെള്ളിയാഴ്‌ച

2020, ഏപ്രിൽ 16, വ്യാഴാഴ്‌ച

പ്രതീക്ഷ

മതം ജാതി ബന്ധം പ്രതാപം പ്രവാസം

സിതം ശ്യാമവർണ്ണം വികാരം വിചാരം

ഇതെല്ലാം കൊറോണയ്ക്കു കീഴ്പ്പെട്ടു,പക്ഷെ

പ്രതീക്ഷയ്ക്കു കോട്ടം ഭവിയ്ക്കാതെ നീങ്ങാം

2020, ഏപ്രിൽ 15, ബുധനാഴ്‌ച

നവോഢ

ക്ഷിതിക്കാത്തഭാഗ്യം നിറയ്ക്കുന്നമേട-

പ്പുതുപ്പെൺ വലംകാലുവെച്ചിങ്ങു കേറാൻ

അതുല്യ പ്രഭാപൂരദീപം കൊളുത്താം

പ്രതീക്ഷയ്ക്കുകോട്ടം ഭവിക്കാതെ നീങ്ങാം

വിഷുഫലം

വിഷുഫലം പറയുന്നതു കേട്ടുവോ

വിഷമഘട്ടമൊഴിഞ്ഞു സുഖംവരാൻ

ഇനിയുമിത്തിരിനാളു പുരയ്ക്കക-

ത്തിനിമയോടെയിരിക്കണമത്രെ നാം

















2020, ഏപ്രിൽ 5, ഞായറാഴ്‌ച

ഹിമഗിരി ദർശനം

അടിയുമാപൊടിനീങ്ങിയകന്നവാ-

റടിമുടിയ്ക്കു തെളിഞ്ഞു മഹാമല

തുടരെ മാനുഷശല്യമൊഴിഞ്ഞിടിൽ

പടിപടിയ്ക്കുണരും പ്രകൃതീശ്വരി

ജലന്ധറിൽ അന്തരീക്ഷ മലിനീകരണം ഒഴിഞ്ഞപ്പോൾ ഹിമാലയം തെളിഞ്ഞു കാണാനായി..

വൈരുദ്ധ്യം

ഇല്ലാവാഹനജാഥ,വീഥി വിജനം
നിർമ്മാണ കോലാഹലം

തെല്ലും കേൾക്കുവതില്ല,യില്ല മലിന
ക്കാറ്റും മഹാനാറ്റവും

നല്ലിക്കാലമിതെത്ര ശാന്ത സുഭഗം
ഭൂദേവി സോല്ലാസമോ-

ടല്ലിപ്പുഞ്ചിരിതൂകിടുന്നു നരനോ
ദുഃഖാർത്തനായ് നില്പു ഹാ!





2020, ഏപ്രിൽ 4, ശനിയാഴ്‌ച

പ്രസ്ഥാനഭക്തി

"വോട്ടല്ലേ നിന്റെ നേതാവിനിഹ വലുത","തേ
നിന്റെയോ?" "നിന്റെയാളോ

കട്ടില്ലേ കാശുമൊത്തം", "ബഹുവിധകളവിൻ കേന്ദ്രമേ നിന്റെയാൾക്കാർ"

"ചുട്ടില്ലേ കൂട്ടുകാരെത്തവസഖ,"രതുനിൻ കൂട്ടരും ചെയ്തതല്ലേ"

പൊട്ടൻമാരിപ്രകാരം ഗമപറയുവതിൻ
പേരു രാഷ്ട്രീയമെന്നായ്!

2020, ഏപ്രിൽ 3, വെള്ളിയാഴ്‌ച

സോഹം

ദേഹംക്ഷീണിച്ചുവന്നാ,ലടിപതറുകയോ
ചോർന്നിടാ ധൈര്യമാര്യേ

ദേഹംനിൽക്കില്ല സൂക്ഷ്മം മൃതിവരുമിവിടെ- പ്പൂത്തതെല്ലാം നശിക്കും

ദേഹംകണ്ടുള്ള ദുഃഖം സുഖമിവകളയാം തത്വമോരുന്നപോൽ നാം

ദേഹംതാൻവിട്ടു സോഹം തിരയുകയകമെ, ക്കണ്ടുവെന്നാൽജ്ജയിച്ചൂ


ശീതളാദേവി സങ്കല്പം

നാടിന്നേവം കൊറോണാസുരകണികകൾതൻ ദ്രോഹമേറ്റങ്ങുപാരം

വാടിപ്പോകുന്നു, നാട്ടാർ മൃതിഭയമൊടു ഹാ ക്രന്ദനം ചെയ്‌തിടുന്നൂ

കേടാറ്റാനെത്തിടേണം, കരമതിലമൃതും
ചൂലുമായ് ദൈത്യനോലു-

ന്നാടോപംതീർത്തു കാക്കാൻ ഹിമഗിരിതനയേ ശീതളേ കുമ്പിടുന്നേൻ







നാക്ക് പിഴ

"മുടികോതിയൊതുക്കിടാമുമേ

മടികാട്ടേണ്ടിനി നീരിറങ്ങിടും"

ഇടിവാൾമുനവീശി ദേവി,നി-

ന്നിടിവെട്ടേറ്റതു പോലെ ശംഭുവും




2020, ഏപ്രിൽ 1, ബുധനാഴ്‌ച

സുഖവാസം

അവാച്യമത്യത്ഭുതമത്ര ഹൃദ്യം

ഗൃഹാന്തരേവാസിത കാലഘട്ടം

പുറത്തു പാറാവു,കുറിച്ചു വിട്ടാ-

ലവശ്യവസ്തുക്കളടുക്കലെത്തും