Powered By Blogger

2022, മാർച്ച് 27, ഞായറാഴ്‌ച

ഉപദേശം

ഇന്ദ്രാത്മജൻപാണ്ഡവനന്നു തേരിൽ

സന്താപമുൾക്കൊണ്ടു  മടിച്ചിരിക്കേ

താന്താന്റെ കർമ്മത്തിലുറച്ചു നിൽക്കാൻ

ചെന്താമരക്കണ്ണനുരച്ചു ഗീത


ചിത്തഭ്രമം

പച്ചപ്പുല്ലിനൊരാർത്തിമൂത്ത പശു പോ-

ലങ്ങിങ്ങലഞ്ഞൂ വൃഥാ

മെച്ചപ്പെട്ട സുഖം തിരഞ്ഞു, പതിവായ് 

മദ്ദേഹമിന്നോളവും

ഹാ ചിത്തഭ്രമമാണിതെന്നറിയുവാൻ 

ഞാൻ വൈകി ഗോപാല,യെൻ

പിച്ചപ്പാടെയൊഴിച്ചു കാക്കുക ഭവാ-

നോലുന്നകോലൊന്നിനാൽ


2022, മാർച്ച് 20, ഞായറാഴ്‌ച

പൊരുൾ

രൂപം ധരിച്ചീധരപൂകിയെന്നാ-

ലാരും ചിരഞ്ജീവികളല്ല, പാർത്താൽ

ആരാകിലും പോകണമത്രെ വന്നോ-

രാരും മടങ്ങാത്തവരില്ല പോലും


സൂര്യാദിതാരങ്ങളുമിന്ദുവും തൻ

നേരം കഴിഞ്ഞാൽ വിട കൊണ്ടിടേണം

ഓരോ നിമേഷം കഴിയുമ്പൊളിങ്ങി-

പ്പാരിന്നുമായുസ്സു കുറഞ്ഞിടുന്നൂ


അഞ്ചാറടിപ്പൊക്കമതൊത്ത വണ്ണം

പഞ്ചാസ്യശൗര്യം,ഗജരാജ മോടി

അഞ്ചാതെയിപ്രൗഢഗുണങ്ങൾ കാലം

തഞ്ചത്തിലാവായ്ക്കരിയാക്കിടുന്നൂ


കോമാളിയല്ലറിക കാടനുമല്ല, ദുഃഖം

സമ്മാനമേകുമൊരു ദുഷ്ടനുമല്ല മൃത്യു

നാമെന്നഹന്ത നിറയുന്ന നരന്റെ ചിത്തേ

അദ്ധ്യാത്മവിദ്യ പകരും ഗുരുഭൂതനേകൻ





2022, മാർച്ച് 17, വ്യാഴാഴ്‌ച

പോംവഴി

ഉഷ്ണം കൂടിവരുന്നു മേൽനിലയിലെക്കാര്യം മഹാകഷ്ടമാ-

ണീണംമീട്ടിന പങ്ക പോര കുളിയും പര്യാപ്തമല്ലൊന്നിനും

വേണം മാറ്റ,മിതേഗതിയ്ക്കു കഴിയാനാകില്ല,യെന്നാൽക്ഷണം

കാണം വിറ്റുമൊരേസിവെയ്ക്കണമതേ സ്വീകാര്യമാംപോംവഴി!

2022, മാർച്ച് 11, വെള്ളിയാഴ്‌ച

ശ്രീശാന്ത്

 ശ്രീശാന്തനെന്നവനുനാമമതെങ്കിലും നാം

ശ്രീ, ശാന്തനെന്നു കരുതേണ്ടവനാളശാന്തൻ

ശ്രീ,ശാന്തരിൽ സ്ഥിര,മതെന്നസമം ടിയാനും

ശ്രീശൻതരട്ടെതുണ,ജീവിതശിഷ്ടമേറ്റം

അരങ്ങ്

 പാരിജാതസുമസൗരഭം കുളിർ-

കോരിടും മദന ചന്ദ്രികാഭയും

സ്വൈരമാരുതനുമുണ്ടരങ്ങിലായ്

പോരു നീ സുമുഖി കാത്തിരിപ്പു ഞാൻ