Powered By Blogger

2021, ഡിസംബർ 26, ഞായറാഴ്‌ച

മതസാരം

 നാമരൂപമതു പോലെ ഭാവവും

മാറിമാറിവരുമെങ്കിലെന്തു ഹാ!

പ്രേമസാരമുറയും മതങ്ങൾ തൻ

ലക്ഷ്യമൊ,ന്നുലക നന്മതന്നെയാം!!

2021, ഡിസംബർ 25, ശനിയാഴ്‌ച

ക്രിസ്ത്മസ്

 അന്യാദൃശാർദ്രകരുണാരസമാർന്നചിത്താ-

ലന്യന്റെ ദുഃഖമലിയിച്ചു കളഞ്ഞിടാനായ്

മന്നിൽപ്പിറന്നിടയപുത്ര,നവന്റെ രൂപം

മിന്നട്ടെ മാനവമനസ്സിതിലെന്നുമെന്നും

2021, ഡിസംബർ 13, തിങ്കളാഴ്‌ച

സമത

നിൻപേരാണെന്റെ പേർ, ശ്രീ
തിരളുമളിനിറം തന്നെയാണെന്റെ വർണ്ണം

ഗോപാലൻ കൃഷ്ണ! നീ, ഞാ,നടവുകളെറിയും ശിഷ്യവർഗ്ഗത്തെ,മേയ്പ്പോൻ

താൻ പാകം വന്ന കള്ളൻ ജനമനമഖിലം
കട്ടു വാഴുന്നു, പക്ഷേ-

കാപട്യം മാത്രമെന്നിൽ സമതവരുവതി, ന്നെന്തു ചെയ്യേണ്ടു ചൊല്ലൂ








2021, ഡിസംബർ 7, ചൊവ്വാഴ്ച

വി കെ എൻ

വീക്കേയെന്നെന്ന ദേഹം രചനയിലധികം നർമ്മമുൾക്കൊണ്ടുമർമ്മ-

ത്തൂക്കോടെത്തല്ലിടാനാ,യനുപമ കഴിവും ധൈര്യവും ചേർന്നെഴുന്നോൻ

ആക്കംകൂടുന്നവാക്കാ, ലടിമുടിതനതാം
പാത വെട്ടിത്തുറന്നോ-

നെക്കാലത്തും പ്രസക്തൻ, പ്രണതി കഥകൾതൻ സത്തവാർത്തോരു സത്തേ!

















2021, ഡിസംബർ 4, ശനിയാഴ്‌ച

ബാലരക്ഷ

സാനന്ദം ലീലയാടും ശിശുവളരുവതി-

ന്നൊപ്പമാ ചിത്തരങ്ങ-

ത്തൂനം തട്ടാതെ നന്മക്കൊടിമുളയിടുവാ,

നൊത്ത നൽഭക്തിയേറാ

അന്നത്തെക്കാരണോൻമാ,രധിക സമയവും

ശ്രദ്ധയോടുദ്യമിച്ചാ-

നിന്നത്തെക്കാര്യമോർത്താൽ ശ്ശിവശിവ!

ഇവിടാ,രുണ്ടു നേർപ്പാത കാട്ടാൻ!




2021, ഡിസംബർ 2, വ്യാഴാഴ്‌ച

ഓട്ടപ്പത്തായം

പത്തായത്തിലെനെല്ലു നല്ലരിയതായ്‌ മാറുന്നതിൻപിന്നിലെ-


ക്കിത്താബൊന്നുമറിഞ്ഞതില്ലതറിയാൻ പണ്ടില്ല താല്പര്യവും


അത്താഴത്തിനുതെണ്ടലിങ്ങു തൊഴിലായ് തീർന്നന്നുതൊ,ട്ടെൻമന-


പ്പത്തായത്തിലനേകമോട്ട,യിനിഞാ- നെന്തോന്നു ചിന്തിക്കുവാൻ!

2021, നവംബർ 28, ഞായറാഴ്‌ച

ദാമ്പത്യജയം

തുമ്പപ്പൂവിനുനാണമാം സിതനിറം, മാനഞ്ചിടും കണ്ണുകൾ


സമ്പത്ശ്യാമളകേശ,മിമ്പമിയലും വാ,ക്കേറെ പാണ്ഡിത്യവും


ഉമ്പർപ്പെൺപടതോൽക്കുമീഗുണഗണം സർവ്വംകിടച്ചീടിലും


ദാമ്പത്യക്കൊടിപാറുവാനിരുമനം ചേർന്നിങ്ങു വന്നീടണം

2021, നവംബർ 27, ശനിയാഴ്‌ച

അഷ്ടമിദർശനം

ഝങ്കാരത്തൊടുപാഞ്ഞടുത്തു വരുമാ

കർമ്മാവലിയ്ക്കുള്ളതാം


ഹുങ്കാളും പിടിയിൽ കിടന്നു മനുജ

പ്രാണൻ പിടഞ്ഞീടവേ


പങ്കംപോക്കിയനന്യരക്ഷയരുളാൻ 

മർത്യർക്കൊരാലംബമായ്


തിങ്കൾശ്ശോഭകലർന്നു വൈക്കമമരും

ശ്രീവിശ്വനാഥാ! തൊഴാം

2021, നവംബർ 20, ശനിയാഴ്‌ച

നൂറാം പിറന്നാൾ ആശംസകൾ

സദ്സന്താനങ്ങളോടും പ്രിയരൊടുമതുപോൽ ബന്ധുവൃന്ദത്തിനോടും

സംസാരിച്ചും ചിരിച്ചും നവനവകുശലം കേട്ടറിഞ്ഞാത്തമോദം

ആരാ തൻ നൂറുവർഷപ്പിറവി മഹിതമാ-

യിങ്ങു കൊണ്ടാടിടുന്ന-

പ്പേരശ്ശ്യമ്മയ്ക്കു കാലം സകലവിധ സുഖം നൽകിടട്ടേ തുടർന്നും

2021, നവംബർ 10, ബുധനാഴ്‌ച

വാച്ച്

ഓടിപ്പാഞ്ഞുനടന്നകാലമെവിടെ-

പ്പോയെന്നു ചിന്തിച്ചു തൻ


താടിക്കങ്ങു കരംകൊടുത്തു മിഴികൾ 

പൂട്ടീട്ടു കോലായയിൽ


വാടിത്തൂങ്ങിയിരിന്നു പോയവഴികൾ തേടുന്ന കാർന്നോരു പോ-


ലോടിത്തോറ്റു കിടക്കയാണു വിരസം വാച്ചെന്റെ കൈത്തണ്ടമേൽ

കാപ്പി

 I asked her for a cup of coffee

Then she came with a box of toffee

Clean your ears

No more peas 

Got up and myself made a coffee


ഞാൻ കാപ്പി ചോദിച്ചു, കേട്ടപാടേ-

അപ്പെണ്ണു ചോക്ലേറ്റുമെടുത്തു വന്നൂ

ചെവികൾവൃത്തിയാക്കെടോ

കടല മൊത്തം തീർന്നെടോ

അപ്പോളെണീറ്റാനിവനിട്ടു കാപ്പി





 






2021, ഒക്‌ടോബർ 27, ബുധനാഴ്‌ച

ശതം ജീവ ശരദ:

ആയുസ്സിൻ ഭൂരിഭാഗം ബഹുജനശരണാതല്പരം ശാന്തിമന്ത്രം

സ്വായത്തത്താലെ ചൊല്ലിപ്പകലിരവറിയാ- തീറ്റുനോവാറ്റി നേരായ്

പ്രായത്തോടേറ്റുമോദം പ്രിയരൊടുസഹിതം വാണിടും വന്ദ്യനാരി-

യ്ക്കായിട്ടിന്നൊന്നുചേരാം നിറവൊടു ചൊരിയാം ഭാവുകം ജന്മനാളിൽ!

2021, ഒക്‌ടോബർ 17, ഞായറാഴ്‌ച

ഭൂരക്ഷ

അവരിവരെന്നുരയുന്നതാരു,മോർത്താ-

ലിവിടെവരില്ലൊരുനല്ലരക്ഷയേകാൻ

അവനവനാത്മരതിയ്ക്കുചെയ്തതെല്ലാ-

മവനിയെനീറ്റിതിലാഴ്ത്തി നീറ്റിടുന്നൂ

വീണ്ടെടുപ്പ്


ഒറ്റപ്പെയ്ത്തിനു നാടുമുടിയ്ക്കാ-

നൂറ്റം കൂടിന പേമാരി


ചുറ്റും കാണ്മതു തച്ചു തകർക്കും

കൂറ്റൻ തിരകൾ, കൊടുങ്കാറ്റും


കുന്നിൻ മണ്ടയിൽ നിന്നും കുത്തി-

യൊലിക്കും വെള്ളം,മലനാട്ടിൽ


ചിന്നിച്ചിതറീ വീടും കുടിയും, നിഷ്കള-

ശൈശവ ബാല്യങ്ങൾ


തീരാക്കെടുതിയിൽ മുങ്ങിനിവർന്നി-

ട്ടൂർജ്ജംവറ്റിയ പോലെങ്ങും


പാരം കണ്ണീർക്കടലായ് കേരളമണ്ണിൻ

നെഞ്ചമിടിഞ്ഞേ പോയ്‌


സഹ്യൻതീർക്കും കോട്ട തകർന്ന-

ക്കല്ലും ചെളിയുമിരച്ചെത്തീ


നദികൾ പ്രളയക്കാടുകളായി,നഗരം

വിസ്തൃതതീരമതായ്‌


കടലിൻ ജനനീഭാവം മാറി,ഭ്രാന്തി- കണക്കെത്തിരയിളകീ


സ്വസ്ഥതയില്ലാതായീ നാട്ടിൽ കേൾപ്പതു

വ്യഥതൻ തേങ്ങലതായ്


ഓരോവർഷവുമതിവർഷത്താൽ ഞെങ്ങിഞെരുങ്ങീട്ടവസാനം


വാരാളുന്നിക്കൈരളി മുങ്ങിത്താഴാ-

മാഴിയിൽ പണ്ടേപ്പോൽ


ആരാലിസ്ഥിതി മാറ്റാനൊക്കും, വരുമോ

കയ്യിൽ പരശുവുമായ്


വീരൻമാരിൽ വീരനതാകിയ ഭാർഗ്ഗവ-

രാമനൊരാൾ വീണ്ടും..

2021, ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

ആദ്യാക്ഷരം

കുരുന്നുനാവിലാദ്യമായ് 

കുറിച്ചിടുന്നൊരക്ഷരം


പരന്ന വിദ്യയാകുവാൻ 

തുണയ്ക്കുമക്ഷരാത്മികേ


ചൊരിഞ്ഞിടേണമത്രയും 

കൃപാകടാക്ഷമെങ്കലും


ചിരം നിനക്കു കാവ്യപൂജ 

ചെയ്യുവാൻ കലാത്മികേ


2021, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

കിടപ്പ്

ചുട്ടുപൊള്ളി, തലവേദനിച്ചുതാൻ

കട്ടിലിൻമുകളിലിക്കിടപ്പു ഹാ!

കുട്ടി, നീയരികെയില്ലയെന്നതും

കൂട്ടിടുന്നസുഖ,മെന്തു ചെയ്‌വു ഞാൻ!!

2021, ഒക്‌ടോബർ 12, ചൊവ്വാഴ്ച

ഹെഡ്മാസ്റ്റർ


വെയിലും മഴയും കൂസാതങ്ങനെ

കാലൻകുടയും ചൂടീടും

പാടവരമ്പുകൾതാണ്ടിനടക്കും

സർക്കാർസ്കൂളിലെ ഹെഡ്മാസ്റ്റർ

ഫയലുകൾ ഭാണ്ഡക്കെട്ടുകളായ് തൻ

കക്ഷത്തിങ്കലിടുക്കീടും

ഒരു കൈകൊണ്ടാ മുണ്ടിൻ കോന്തല

ചേറാവാതെയുയർത്തീടും

നാലുംകൂട്ടി മുറുക്കിത്തുപ്പീ-

ട്ടാലോചിച്ചു ചിരിച്ചീടും

കണ്ണട താഴ്ത്തീട്ടിടയിൽക്കൂടി

കുട്ടികൾ വരുവതു നോക്കീടും

സമയം തെറ്റിയ ശങ്കയിൽ വാച്ചിൽ

ഇടയിടെ നന്നായ് ശ്രദ്ധിക്കും

പാടം കേറി വരുന്നാ ഞങ്ങടെ

പാവത്താനാം ഹെഡ്മാസ്റ്റർ..

ഓർമ്മയിലിന്നും തെളിയുകയാണാ

 പഴയോരെന്നുടെ  ഹെഡ്മാസ്റ്റർ.



2021, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

നെടുമുടി

 അഭിനയകലയുടെ കൊടുമുടിയേറിയ

നെടുമുടി വിടവാങ്ങി


നായകനായ് പ്രതിനായകനായ്, പ്രിയതോഴനുമച്ഛനുമായ്


പ്രൗഢി നിറഞ്ഞു കവിഞ്ഞു വിളങ്ങും രാജൻ, വ്യാജനുമായ്


കുസൃതി നിറഞ്ഞോരമ്മാവനതായ്‌, കാമുകനായ്, മാഷായ്


അതിരുകൾ കാക്കും മലയുടെ താളം ചികയും കവിയായി


ഒടുവിൽ കാലം വന്നു വിളിക്കേ, മടിയാതാമുടിയും,


വേഷവുമെല്ലാം

തീയിലെറിഞ്ഞിട്ടൊരു താരകമായ് പോയ്