Powered By Blogger

2018, ഡിസംബർ 30, ഞായറാഴ്‌ച

നിറക്കൂട്ട്

മഴപെയ്തളവന്നുവാനില-

ങ്ങിഴയിട്ടൂ ബഹുവർണ്ണരാജികൾ

അഴകിന്നൊളികണ്ടു വിസ്മിതം

വഴിയുന്നീക്കവിതാങ്കണത്തിലും



2018, ഡിസംബർ 29, ശനിയാഴ്‌ച

കാഴ്ച

പാടം പാടേനികത്താം പലനിലകളെഴും
കെട്ടിടം കേറ്റി വാഴാം

തോടുംകുന്നും മറക്കാം പുഴ,വനമിവയും
ചിത്രമാക്കീട്ടു തൂക്കാം

കൂടുന്നത്യാർത്തിയാലേ സകലവുമധികം
താറുമാറായൊടുക്കം

നാടും മുക്കുന്നവണ്ണം പ്രളയമണയവേ കണ്ടുകണ്ണീരൊഴുക്കാം

കുട്ടിയും പൂതവും

പൊയ്മുഖങ്ങളുമണിഞ്ഞു വന്നിടും

പൂതനും തിറയുമെന്നെ നോക്കവേ

പേടിപൂണ്ടുമിഴി പൊത്തിയോടുമ-

ക്കാലമോർത്തു കുളിരാർന്നു മാനസം

കുട്ടിടെ പേരെന്താ?..എന്ത്??

പൂണുനൂലുവടിവൊത്തുഭസ്മവും

ചൂഴ്ന്നമേനിയിലുമെന്തുകാര്യമേ

വീണുപൊയ്മുഖമനേകവും തുലോം

പേരുകേട്ടു'നിരവദ്യ'യെൻമകൾ!!

മുഖലക്ഷണം

മുഖംനോക്കി ഭാഗ്യം പറഞ്ഞിടാനാ-

മുഖംനോക്കവേഞെട്ടി പൊയ്മുഖം താൻ

മുഖത്തൊന്നുപൊട്ടിച്ചു തള്ളയോതീ

മുഖം കൊണ്ടുപോരേണ്ട വയ്യ വയ്യേ

വളർച്ച

പടവലം വളരുന്നതു പോലെയി-

ക്കടവളർന്നുവരുന്നതു കാണണം

മടിയെഴാത്തൊരു കർഷകനോതവേ

കുടിലബുദ്ധിയുമൊന്നു പകച്ചുപോയ്‌

2018 തൃപ്പൂണിത്തുറ കൊടിയേറ്റ ദിനം

ഉത്സവത്തിനു തുടക്കമേകുവാൻ

രാഗഭാവമിയലും ദിലീപനും

മേളമോടു ഗജരാജ വൃന്ദവും

ഗോപിതൊട്ട കളിയും പുറപ്പെടാം

കാത്തിരിപ്പ്


ഗോപനാരികളൊത്തു ലീലയസംഖ്യമാടിയ ബാലകാ

ഗോപവല്ലഭ കാണുവാനൊരു മോഹമുള്ളിലുദിയ്‌ക്കയായ്

താപസന്നുമലഭ്യമാകിയ രൂപമെന്നതറിഞ്ഞുമുൾ-

താപമോടെ നിനപ്പുനിന്നുടെ പാദപങ്കജമിന്നു ഞാൻ








2018, ഡിസംബർ 28, വെള്ളിയാഴ്‌ച

രുഗ്മിണീ സ്വയംവരം

കൃഷ്ണനാണു മമവല്ലഭന്നതിൽ

മാറ്റമില്ലയിനിയാരുചൊൽകിലും

പണ്ടുതന്നെമനമേകിയെന്നുമാ-

രുഗ്മിയോടുകഥ ചെയ്തു രുഗ്മിണീ


ചേദിരാജനുടെ ജായയാകുവാ-

നാരുപോണു മമ നായകൻ വരും

നോക്കിനിൽക്കെയവനോടുകൂടെഞാ-

നാത്തമോദമിനി തേരിലേറിടും


കേട്ടുഞെട്ടിയ സഭാനിവാസികൾ

കേട്ടുപിന്നെരഥയൊച്ച രുഗ്മിയും

പൂണ്ടുയുദ്ധവെറിയെങ്കിലും പരം

തല്ലുകൊണ്ടു ഭഗവാന്റെ ഭാഗ്യവാൻ


എന്തുചൊല്ലുമവസാനമേവരും

തോറ്റുപോയിയതിലില്ലയത്ഭുതം

പിന്നെരുഗ്മിണിയുമൊത്തുദേവനും

ദ്വാരകയ്ക്കുവിടകൊണ്ടു മോദരായ്

സാഫല്യം

നിത്യസുന്ദരനച്യുതന്റെ വിലാസമെങ്ങടെ യുള്ളിലും

തത്വചിന്തയുറഞ്ഞ ഭക്തി നിറച്ചിടേണമനാരതം

സത്വബോധമുറച്ചു ഭേദമകറ്റി
ശാശ്വത ശാന്തിയും

നിത്യമുക്തിയുമേകിജന്മമൊടുങ്ങിടട്ടെയനന്തരം










2018, ഡിസംബർ 27, വ്യാഴാഴ്‌ച

കാവ്യ സാഗരം

മുളപൊട്ടിവിടർന്നചിന്തയെ-

ത്തളരാതങ്ങനെ രാകിമാനവർ

അളവുറ്റുപണിഞ്ഞിതൂഴിയി-

ന്നൊളിചിന്നുന്നൊരുകാവ്യസാഗരം









ഗുരുകൃപ

അളവറ്റ ഗുരുക്കളുള്ളയി-

ക്കളമൊന്നിന്റെ നടുക്കുവീഴവേ

ചളിയൊക്കെയകന്നുപോകുമീ-

യളവാരും കവിയായിമാറുമേ




















സ്നേഹമാപനി

പലതരംപരിവർത്തമളക്കുവാ-

നുലകിലുണ്ടു പലേവിധ യന്ത്രവും

നിലവിലില്ലൊരുമാപനിചൊല്ലുവാ-

നലയിടുന്നനുരാഗമനോഗതം





2018, ഡിസംബർ 26, ബുധനാഴ്‌ച

കൃഷ്ണ ലീല

മണ്ണു തിന്നു നടകൊണ്ട ബാലനാം

കണ്ണനുണ്ണിയെയുരൽക്കു കെട്ടവേ

കണ്ണുരുട്ടിയ യശോദ കണ്ടുപോ-

ലുണ്ണിവായിളവറ്റ കാഴ്ചകൾ

മാതൃസ്നേഹം

കളങ്കമില്ലാത്തൊരു മാതൃവായ്പ-

പ്പളങ്കുചിത്തത്തെയലങ്കരിപ്പൂ

വിളംബമില്ലാതെ ചൊരിഞ്ഞിടുമ്പോ-

ളളന്നു നോക്കുന്നതസാധ്യമല്ലോ

സുഖാർത്ഥി

അളവറ്റ ധനം സുഖമല്ലതിനാ-

ലളവറ്റ ഭയം വളരും കണിശം

അളവറ്റു സുഖം പെരുകുന്നതിനാ-

യളവറ്റു ഭജിയ്ക്ക ഭവന്റെപദം

കാലാരി

കാലമിങ്ങുഗതികൂട്ടിയോടിയ-

ക്കാലനിന്നുവരുമെന്നു കണ്ടുനാം

കാലകാല പദപങ്കജം വരും-

കാലമെന്നുമിനിയോർത്തു വാഴണം


പുരുഷോത്തമൻ

മുന്നിലുണ്ടു പല ദുർഘടങ്ങൾ വൻ

സങ്കടക്കടലുമെന്നു കാൺകിലും

ധീരനായ പുരുഷോത്തമന്നതും

കർമ്മമെന്നിതിനിനച്ചുവാണിടും










ത്രിവിക്രമൻ

ബലിയുടെ വിളയാട്ടംമൂലമദ്ദേവലോകം

നിലവിളിമിഴിനീരും പൂണ്ടുവന്നോരുനേരം

നലമൊരുവടുരൂപം പൂണ്ടുവന്നിട്ടു വേഗം

ബലമൊടുബലിയേയും ദാസനായ്മാറ്റിയീശൻ


നൃസിംഹം

കൂർത്തുമൂർത്തയിരുദന്തവും നഖം

നീർത്തി,യാർക്കു,മെരിയുന്ന നേത്രവും

പാതിസിംഹമപരം നരന്നുമാ-

രീതിപൂണ്ടൊരവതാരമേ തൊഴാം

ഒറ്റ

എത്രപേരു മമകൂടെയെങ്കിലെ-

ന്തത്രയേകനതറിഞ്ഞിടുന്നു ഞാൻ

പേർത്തുമോർത്തു വിലപിക്കയില്ലെടോ

തീർത്തയാളിതുവരച്ചതല്ലയോ

പത്രം

അച്ചടിച്ചതുമുഴുക്കെയെങ്ങനേ

വിശ്വസിപ്പതു മനുഷ്യരല്ലയോ

തെറ്റുവന്നിടുമെയേതുകാലവും

സത്യമല്ലെയവതാരമല്ലനാം

അവതാര രഹസ്യം

എത്രയെത്രയവതാരപൂരുഷർ

തത്രവന്നു പിറകൊണ്ടുവെങ്കിലും

മാറ്റമേതുമിയലാതെമാനുഷ-

ന്നൂറ്റമോടു ധരവാണിടുന്നിതേ



2018, ഡിസംബർ 24, തിങ്കളാഴ്‌ച

വിധി വിഹിതം

ചോടുതേടിയണയുന്നനാരിയിനിയെന്നു
മീമലയിലെത്തുവാൻ

കൂടെവേണമൊരുനൂറുകാക്കിനിര
പമ്പതൊട്ടതിലിരട്ടിയും

കോടതിയ്ക്കുപറയാനെളുപ്പമതുകേട്ടു
ചാടിയവരെത്രയും

പേടിപൂണ്ടു മതിലുംപണിഞ്ഞുപരി
രക്ഷണത്തിനിതി സംഗ്രഹം

കേറ്റിയിറക്കൽ

കല്ലുരുട്ടി മലകേറ്റിവേഗമ-

ക്കല്ലുതള്ളിയടിപറ്റിടുന്നതും

പണ്ടു കേട്ട കഥ വീണ്ടുമേവരും

കണ്ടുപുണ്യമലതന്നിലിന്നു ഹാ!

2018, ഡിസംബർ 23, ഞായറാഴ്‌ച

ചൊട്ടയിലെ ശീലം

ചൊട്ടയിട്ട പല ശീലവും മനം

വിട്ടിടാ ചുടലയെത്തുവോളവും

മട്ടുകണ്ടു മലയൊന്നുകേറുവാ-

നൊട്ടനേകസമയം പിടിച്ചിടും



മനിതി

മനിതി സംഘമൊരുങ്ങിവരുന്നിതാ

തടയിടാനവിടുണ്ടു ജനംസദാ

മതിലു കെട്ടി സുരക്ഷയൊരുക്കുമോ

കഥപറഞ്ഞുമടക്കിയയക്കുമോ

നവോത്ഥാനം

തവിടുപോലെ പൊടിച്ചുനിരത്തണം

ചവറു കൂടിയ ചിന്തകളേവരും

ഇവിടെയീമതിലിന്നിതു ലക്ഷ്യമാ-

യുയരണം വരണം സമഭാവവും

തുറുപ്പ്‌

വെല്ലാനേറെയെളുപ്പമാണിരുതരം
ജാതിയ്ക്കു വെട്ടാണതി-

ന്നെല്ലാമൊത്തതുരുപ്പുമുണ്ടു നിറയെ
പ്പൊയ്യല്ല, കാണേണമോ

പുല്ലാണിന്നെതിരാളി,വന്നു വെറുതേ
നാണംകെടാതിപ്പൊഴി-

ന്നെല്ലാക്കൂട്ടരുമൊത്തുനിന്നു വിജയം
നേടേണമോ ചൊല്ലിടൂ




2018, ഡിസംബർ 22, ശനിയാഴ്‌ച

മതിലുപണിക്കാർ

"അതിലെയോടിയയാളുകളാരുവാൻ?"

"മതിലു കെട്ടിയ 'യൂപ്പി'നിവാസികൾ"

"പതിയെയിങ്ങു വിളിക്കുക,യൊത്തെടോ

പുതിയതൊന്നിനി മേസ്തിരിയാക്കിടാം"

സ്നേഹമതിൽ

മതിലുകെട്ടിയതിർത്തി തിരിക്കുകിൽ

പതിരെഴാത്തൊരു ബന്ധമുറച്ചിടും

മതിലുകെട്ടി മനസ്സുമറയ്ക്കുകിൽ

കതിരിടില്ലൊരു ബന്ധവുമോർക്കണം

ഭാഗ്യസൂക്തം

മുൻപെട്ട വെള്ളിക്കൊരു ഭാഗ്യസൂക്തം

നിൻസേവയായിട്ടു കഴിച്ചിടുന്നൂ

അൻപോടു നീ ഞങ്ങടെ ഭാഗ്യദോഷം

തന്നാജ്ഞയാലിന്നു തിരുത്തി നൽകൂ

മതിൽ

അബല ജീവനു രക്ഷയൊരുക്കുവാ-

നതിബലം മതിലൊന്നിനി കെട്ടണം

ചിലവതോർത്തുഭയന്നകലേണ്ട ചെം-

നിറമതാകിലൊരമ്പതു തന്നിടാം



2018, ഡിസംബർ 20, വ്യാഴാഴ്‌ച

ശേഷക്കാഴ്ച

പോരാട്ടച്ചൂടു കൂടും നിരവധി സമരം കണ്ട നൂറ്റാണ്ടു പോയി-

പ്പാരാവാരത്തിൽവീണൂ സിതരവരൊഴിയും രാജ്യഭാരം ലഭിയ്ക്കേ

നേരറ്റും കാര്യസാധ്യക്കളിപെരുകുമിടം മാത്രമാണിന്നു ചുറ്റും

പോരട്ടേയഞ്ചു വർഷം മരമടയജനം വോട്ടുമായെന്നുമെത്തും





നേതൃഗുണം

കട്ടപ്പാര,യരയ്ക്കു കത്തി, പരിഘം, വാള,ങ്ങുതോക്കും തരം

കിട്ടും പോലെയിടയ്ക്കെടുത്തു കൊലയും സഭ്യേതരം ഭാഷയും

കുട്ടിച്ചാത്തനൊടൊത്ത രൂപഗുണവും പൂണ്ടുള്ള നേതാക്കളെ-

ക്കിട്ടാനത്ര ഞെരുക്കമില്ല ഭരണപ്പേക്കൂത്തിലെക്കാലവും

2018, ഡിസംബർ 16, ഞായറാഴ്‌ച

മുരളീരവം

പൊന്നോടക്കുഴലിന്റെ നാദമിനിയും കേട്ടില്ല കാതോർക്കവേ

മിന്നും പട്ടുടയാട കണ്ണു നിറയേ കണ്ടില്ല നോക്കീടവേ

വന്നെത്തീ യമദൂതരിങ്ങു വിവശം ഞാൻ വീണുപോംമുൻപു നീ

വന്നെന്നെത്തവവേണുവെന്നുകരുതിക്കൊണ്ടങ്ങു പോകേണമേ

2018, ഡിസംബർ 12, ബുധനാഴ്‌ച

കാണികളും ഫലവും

പുച്ഛിച്ചു കൂവിയ ജനത്തിനുനേരെ നീട്ടാ-

മിച്ഛിച്ചപോലെയിനി വീരവിരാട ഹസ്തം

അച്ഛിന്നമാം ജയപരമ്പരനേടിയാലോ

സ്വച്ഛന്ദമായ് വിലസിടും തവ മേന്മ മേന്മേൽ

2018, ഡിസംബർ 2, ഞായറാഴ്‌ച

പ്രേമവാകം

മണ്ണും ധൂളിയുമന്യമായൊരുദരപ്പാത്രത്തി-
ലേകാകിയായ്

കണ്ണുംനട്ടുകിടന്നു കാലമണയേ
സോല്ലാസമിങ്ങെത്തി നീ

വിണ്ണോർനാരിയുമൊട്ടസൂയയൊടുതാൻ നോക്കിക്കൊതിക്കുമ്പൊളെൻ

പെണ്ണേ കണ്മണിയെന്റെകയ്യിലമരൂ പാൽപ്പുഞ്ചിരിച്ചുണ്ടുമായ്

2018, ഡിസംബർ 1, ശനിയാഴ്‌ച

കാലരഥം

കളിവീടുചമച്ചൊരുബാല്യമഹോ

കളിവിട്ടുവളർന്നുമറഞ്ഞകലേ

കളിയല്ലിതുകാലമഹാനടനം

കളിയെന്നുനിലയ്ക്കുമതാരറിവൂ

പൂമൊട്ടുകൾ

പലനാളൊരുമൊട്ടുപോലെ നീ

പുലരും കാലപഥത്തിലീവിധം

നലമോടൊരു പൂവിനാർദ്രമാം

നിലയും വന്നിടുമിങ്ങസംശയം

അക്കാലം

പണ്ടെന്റെ കയ്യിന്റെ പിടുത്തമെങ്ങാൻ

മിണ്ടാതയച്ചാലതിഭീതിയോടേ

ചുണ്ടുംകടിച്ചേങ്ങിയിരുന്ന കാലം

വീണ്ടും വരില്ലിങ്ങു വളർന്നു നീയും