Powered By Blogger

2022, മേയ് 8, ഞായറാഴ്‌ച

കൈനിക്കര ശ്രീ കൃഷ്ണന് സമർപ്പണം

1. മേഘശ്യാമകളേബരം സ്മിതമുഖം

ബിംബാധരം, കൈകളിൽ 

ശംഖംചക്രഗദാംബുജം, തിറമെഴും 

പീതാംബരം പിഞ്‌ഛവും

സഖ്യംചേർന്നെഴുമാർദ്രരൂപമിഹ ഞാൻ

നിത്യം തൊഴുന്നേ,നലം

സൗഖ്യംനൽകിയനുഗ്രഹിയ്ക്ക നിതരാം

കൈനിക്കരത്തേവരേ!


2. നീതാനുത്തമഭക്തമാനസ രസാ-

ധാരം,കൃപാലോ ഹരേ! 

നീതാ,നാഗമസാരവും പ്രണവവും 

നീതന്നെ ഞാനായതും

സ്ഫീതാവേശമുരുക്കഴിപ്പു രസനാ

ത്വന്നാമമീജന്മമാം 

പോതം തൃക്കഴലെത്തിടാനരുൾക നീ

കൈനിക്കരത്തേവരേ!


3. കണ്ണാ! നിത്യം കഥിപ്പൂ തവഗുണചരിതം 

ഞങ്ങ,ളീ മന്നിലില്ലി-

വ്വണ്ണം ദിവ്യൗഷധത്തി,ന്നൊരു കഴിവ്,

കലിക്കുള്ള ദോഷങ്ങൾ പോക്കാൻ

മണ്ണായ് മാറുന്നതിൻ മുൻ,പൊരുകുറി

യടിയർക്കുൾക്കുരിന്നിൽ തുടിയ്ക്കും

കണ്ണായ്, നൽക്കാഴ്ചയേകാ,നണയുക,

കനിവോ,ടിങ്ങു കൈനിക്കരേശാ!





















2022, മേയ് 5, വ്യാഴാഴ്‌ച

ഇച്ഛ

 നാമം ചൊല്ലി നടയ്ക്കലെത്തി മുറപോ-

ലെന്നും തവാംഘ്രി ദ്വയം

സാമം ചെയ്തതിരറ്റസൗഖ്യമണയാ

നർത്ഥിയ്ക്കുവോരെത്രയോ

ക്ഷ്മാ,മാ നാഥ! മമാഗ്രഹം പരിമിതം

മറ്റൊന്നുമേ വേണ്ട ചൊ-

ല്ലാമോ നിന്നിലചഞ്ചലം മമ മനം 

നിൽക്കാനുപായം ഹരേ!

നീതി

നാമം ചൊല്ലുകയെന്നമട്ടിലധര 

വ്യായാമമോടായിരം

സമ്മാനപ്പൊതിയേന്തി വായുപുരിയിൽ

കൺപാർക്കുവോർക്കും ഭവാൻ

ക്ഷേമം നൽകിടുമെങ്കിലെന്തി,തടിയൻ

കണ്ണീരണിഞ്ഞിങ്ങു, നി-

ന്നോമൽക്കണ്ണിണകൊണ്ടുഴിഞ്ഞു ദുരിശം

വൈഷമ്യമാറ്റൂ ഹരേ!