Powered By Blogger

2023 ഒക്‌ടോബർ 30, തിങ്കളാഴ്‌ച

ഭ്രാന്താലയം

നാടൻ കത്തി, കഠാര, ലോഹവടിവാൾ,

പന്നിപ്പടക്കം, പറ-

ഞ്ഞീടാനായുധമിങ്ങനെപ്പലതരം

പണ്ടേ പ്രചാരത്തിലായ്

നേടീ തീവ്രപരിശ്രമത്തിലതുല

സ്ഥാനം മഹാസ്ഫോടനം,

പേടിച്ചോടുക! രക്ഷയെങ്ങു, പെരുതാം

ഭ്രാന്താലയം കേരളം!!

2023 ഒക്‌ടോബർ 26, വ്യാഴാഴ്‌ച

അഭിപ്രായം

നാലാളെക്കൊണ്ടു നന്നേയിവ,നിതിപ

റയിപ്പിക്കുവാനൊത്ത കർമ്മം

കാലേ ശീലിച്ചതില്ലൊ,ട്ടപകടകരമാം

ചെയ്തിയുണ്ടേറെയെന്നാൽ

ആലോചിയ്ക്കേണ്ട, ചെറ്റും ശരി കിടയു

വതല്ലെ,ന്റെ ഭാഗത്തുനിന്നും

മേലാലുണ്ടാക പാടി,ല്ലകൃത,മതു വിധം ശ്രദ്ധ

നീ നൽക ഹൃത്തേ

2023 ഒക്‌ടോബർ 25, ബുധനാഴ്‌ച

വിദ്യാമൃതം

എമ്പാടും കൂരിരുട്ടാർ,ന്നതിരുജ നിറയും

കാട്ടിലൊറ്റയ്ക്കുപോകു-

ന്നെൻപാടോർക്കേണമമ്മേ, തനിവഴി

തിരയാൻ വിദ്യയൊന്നില്ല കൈയിൽ 

അമ്പത്തൊന്നക്ഷരത്തി, ന്നമൃത കിരണവും

പക്കലില്ലേ കനിഞ്ഞൊ-

ന്നൻപോടെക്കാട്ടി,യിക്കാടിനു വെളി

യിലിറക്കീടുവാൻ വൈകിടൊല്ലേ 









 

2023 ഒക്‌ടോബർ 23, തിങ്കളാഴ്‌ച

നാഴികക്കല്ലുകൾ

ഇന്ത്യക്കെന്തുണ്ടു നോക്കാ,നിനി നിവരെ

യുയർന്നുന്തി നിൽക്കുന്നു മുന്നിൽ

പന്തും ബാറ്റുംപിടിച്ചങ്ങിനെ മഹിത കളി

ക്കാരവർ, പ്രശ്നമെന്നാൽ 

മന്ത്രിക്കുന്നൂ മനസ്സി,ങ്ങിരു തവണ വിരാട്

കോലി കാണിച്ച ഭാവം 

ചന്തം ചിന്തുന്നതല്ലാ, ദുരമതി, വിജയി,

ച്ചെങ്കിലും തോറ്റുപോയി 



ഇന്ത്യ ന്യൂസിലൻഡ് WC2023

 നന്നായ്ബ്ഭാരതവീരരേ! കിവികളെ

ത്തോൽപ്പിച്ചുവല്ലോ, ജയി-

ച്ചൊന്നാം സ്ഥാനമലങ്കരിയ്ക്ക! പറയാൻ

മറ്റൊന്നു കാണുന്നു ഞാൻ

എന്നും സെഞ്ചുറി നേടുവാൻ കൊതിയൊരാൾ

ക്കിത്രയ്ക്കു വേണോ?, ഇതെ-

ന്നെന്നാണിദ്ദുര തീരുക, പ്രകടമാ

മത്യാഗ്രഹം, മ്ലേച്ഛമായ്!!











2023 ഒക്‌ടോബർ 12, വ്യാഴാഴ്‌ച

ഒരു നോക്ക് കാണാൻ..

കാളിന്ദിപ്പുഴവക്കിലുള്ളൊരരയാൽ വൃക്ഷത്തിലേക്കിന്നുമേ 

പാളുന്നൂ മിഴി,നേർത്തടഞ്ഞു വരിലും പൊങ്ങുന്നു നിന്നെപ്രതി

ആളെങ്ങോ മറവിൽപ്പതുങ്ങിടുകയാണെന്നേ നിനപ്പൂ,മന-

സ്സാളിക്കത്തുവതെങ്കിലും, ഗുണനിധി ക്കൂട്ടങ്ങളാം ഗോപികൾ 

ലജ്ജ

പ്രേമസ്നിഗ്ദ്ധമരന്ദമാധുരി തുളുമ്പീടുന്നിളം ചുണ്ടുമാ-

യോമൽപ്പെൺകൊടി രാധ,യന്നനടയാൾ
വൃന്ദാവനം പൂകവേ

ഹാ മുഗ്ദ്ധാംഗിയെ മുറ്റി മൂളി വരവായ്കാർവണ്ടു, കന്ദർപ്പനും

രോമാഞ്ചം, ക്ഷിതി ലജ്ജ ചൈത്ര പുടവ
ത്തുമ്പാൽ മറയ്ക്കുന്നുടൻ