Powered By Blogger

2011, ഏപ്രിൽ 28, വ്യാഴാഴ്‌ച

"അഴിമതി"

സ്വാതന്ത്ര്യ ലബ്ധിയ്ക്ക് മുന്‍പേ പിറന്നൊരാ
കക്ഷികളക്ഷീണം യത്നിച്ചു പലദിനം
ജനലക്ഷ പിന്തുണയോടേ വെളുത്തോനെ-
യടിച്ചു പുറത്താക്കി നേടിയീ സ്വാതന്ത്ര്യം
അവര്‍ തന്‍റെ കൂടെയീ ഭാരത നാടും
പുതിയൊരു ലോകത്ത് പിച്ചവച്ചീടവേ
അധികാര ലഹരിതന്‍ ഹുങ്കിനാല്‍ ചിലരപ്പോള്‍
കള്ളത്തരങ്ങള്‍ ചെറുതായ് തുടങ്ങീ,
ചെറു ചെറു കാര്യങ്ങള്‍ സാധിച്ചെടുക്കുവാന്‍
പല പല വഴികളില്‍ പൊതുസ്വത്ത്‌ തട്ടുവാന്‍.

പഴയൊരാ ബ്രിട്ടീഷു മുതലാളി തന്‍വെറി
ഇവരെയും വിട്ടില്ല, അധികാര മോഹികള്‍
സ്വന്തം ജനതയെ പാടെ മറന്നിവര്‍
കീശ വീര്‍പ്പിക്കുവാന്‍ നെട്ടോട്ടമോടീ
'ജനകോടികള്‍' തരും തുണയേക്കാള്‍ വലുതാണു-
'കോടികള്‍' ഏകിടും തുണയെന്നറിയവേ
രാഷ്ട്രീയ വര്‍ഗ്ഗത്തില്‍ പിറവി കൊണ്ടീടിന
രാഷ്ട്ര പൌരന്മാര്‍ അഴിമതി കൊണ്ടാടീ
തട്ടിപ്പ്, വെട്ടിപ്പ്, വകമാറ്റി വെയ്ക്കലും
ഇല്ലാത്ത പദ്ധതിയ്ക്കായുള്ള ചെലവും
ലക്ഷങ്ങള്‍, കോടികളായിട്ടിതാ പണം
പെട്ടിയില്‍ വീഴുന്നു, ആഹാ ബഹുരസം!!!
കോടാനുകോടികളാകിന പൊതുജനം
കളിയിതു കണ്ടിട്ടിളിഭ്യരായ് നില്പ്പൂ!!!

എല്ലാര്‍ക്കുമഴിമതിക്കാരായി വിലസാന്‍
പഴുതുകള്‍ നിയമത്തിലുണ്ടാക്കി പണ്ടേ
അയ്യഞ്ചു വര്‍ഷങ്ങള്‍ കൂടുമ്പോള്‍, കീശതന്‍
തയ്യലുവിടുമെന്നു തോന്നുന്ന സമയത്ത് ,
പൊതുജനക്കഴുതയെ പച്ചകുത്തീട്ടുടന്‍
അറവുമാടെന്ന പോല്‍ തള്ളിവിടുകയായ്‌!!
തങ്ങള്‍ തന്‍ കൊലയാളി ആരാകണമതി-
ന്നന്തിമ വിധിയെഴുത്തിവരുടെ 'വിധി'യത്രേ!!
അഴിമതി തന്‍ തോത് കൂട്ടുവാനായിട്ടു
പഴയവര്‍ പോരെന്നു ജനതയും പറയുമ്പോള്‍
കൂട്ടത്തിലൂറ്റം കൂടുന്ന കൂറ്റരെ
അഴിമതി 'രാജ'രായ് അരിയിട്ട് വാഴ്ത്തുന്നു
എണ്ണിയാല്‍ തീരാത്ത കോടികള്‍ വെട്ടിച്ചു
ഇസ്തിരിയിട്ട ഖദറിലൊളിപ്പിച്ച് ,
നറുമണം വിതറുന്നൊരത്തറും പൂശിയാ-
വിയര്‍പ്പറിയാത്ത മുറിയിലിരുന്നവര്‍
'കോണ്‍ഗ്രസ്സ്' തന്‍റെ തനി നിറം കാട്ടുന്നു,
പിന്നെയും പിന്നെയും നാടിനെപ്പിഴിയുന്നു
കോടികളാകിന ജനതയെ വിരലിലെ
മോതിരമെന്ന പോല്‍ വട്ടം കറക്കുന്നു.
വന്‍കിട വ്യവസായ ഭീമരെല്ലാരും
ഇവരെയോ ചൊല്പ്പടിക്കാരായി മാറ്റുന്നു
ചെറുവിരല്‍ കൊണ്ടൊന്നെതിര്‍ക്കുവാന്‍ പോലും
ആരാലുമിപ്പോള്‍ കഴിയില്ല സത്യം

'ഗാന്ധി' പഠിപ്പിച്ചതൊക്കെ മറക്കിലും
'ഗാന്ധി' യോടിപ്പോഴും സ്നേഹമേയുള്ളത്രേ!!!
പലനാളുമിക്കൂട്ടരാടിയ കളിയിതാ
അന്ത്യരംഗത്തോടടുക്കുന്നു, (അന്ത്യം) ആരുടെ?
'അഴിമതി' വീ രരാം ആളുകള്‍ ക്കെല്ലാം
'അഴി'മതി യെന്നിതാ പൊതുജനമലറുന്നു
ഒളികണ്ണിറുക്കിയിക്കൂട്ടര്‍ ചൊല്ലുന്നു
'അഴിമതി'തടയുന്നോര്‍'ക്കഴി'മതിയതുമതി..!!!

2 അഭിപ്രായങ്ങൾ:

  1. ഒരു ഓട്ടന്‍തുള്ളല്‍ കവിത.ആക്ഷേപഹാസ്യങ്ങളെല്ലാം കുറിക്കു കൊള്ളും വിധമായി.ആശംസകള്‍ .

    മറുപടിഇല്ലാതാക്കൂ
  2. ആശയം കൊള്ളാം !! പക്ഷെ അനുഭൂതി ദായകമല്ല ഈ രചന !! ആശയം മാത്രം പകര്‍ന്നു നല്‍കുന്ന രചന കവിതയാകില്ല. അത് ഉപന്യാസം മാത്രമേ ആകൂ. ഒന്ന് കൂടി യത്നിക്കൂ!!

    മറുപടിഇല്ലാതാക്കൂ