Powered By Blogger

2011, ഏപ്രിൽ 9, ശനിയാഴ്‌ച

പ്രണയ വിചാരങ്ങള്‍

പ്രണയം മഴയായ് പെയ്തിറങ്ങുമ്പോള്‍
ഒരു കുട ചൂടി നീ അതിനെ പ്രതിരോധിക്കുന്നു

വെളിപ്പെടുത്താനാവാത്ത പ്രണയങ്ങള്‍
ജീവവായു പോലെയാണ്

നിനക്കുതരാന്‍ ഒരു കൂട പൂക്കളില്ല..
ഒരു പൂമരം പകരം തരട്ടെയോ?

പ്രണയത്തിനു കണ്ണില്ല; കാതില്ല;
മനസ്സും ശരീരവും മാത്രം


നിന്‍റെ കണ്ണുകള്‍ക്കിത്ര ആകര്‍ഷകതയുണ്ടെന്നു ഞാന്‍ അറിഞ്ഞില്ല...
എന്‍റെ നോട്ടങ്ങള്‍ക്കും...

പറയാതെ പറയുന്ന പ്രണയങ്ങള്‍
ഒരു പേമാരിയായ് വന്നു നിറയുന്നു
പറഞ്ഞറിയിച്ചവയാകട്ടെ
മിന്നലു പോല്‍ നൈമിഷികവും

വാചാലതയ്ക്കും നിശബ്ദതയ്ക്കും ഇടയില്‍
എവിടെയോ ആണ് പ്രണയം

ഏകാന്തത തേടി ഞാന്‍ അലഞ്ഞപ്പോള്‍
നീ അത് വിറ്റു കാശാക്കുകയായിരുന്നു

നിന്‍റെ ഒരു മറുപടിക്കായി എന്നേക്കാള്‍
കൊതിയോടെ ഒരാളിരിപ്പുണ്ട്
'എന്‍റെ സെല്‍ഫോണ്‍'
നിരാശരാക്കരുത് ഞങ്ങളെ..

കണ്ടുമുട്ടുന്ന ഓരോ പെണ്‍കുട്ടിയിലും
ഞാന്‍ അന്വേഷിക്കുന്നത് നിന്‍റെ മുഖമാണ്
ആരിലും ആ മുഖം കാണുന്നില്ല
എന്‍റെ പ്രണയവും നഷ്ടപ്പെടുന്നുവോ?

നിറവും മണവും ഉള്ളതാണ് പ്രണയം
അത് ചോരയുടെതാണെന്നു
ഇന്നലെ ഞാന്‍ മനസ്സിലാക്കി

പ്രണയത്തിന്‍റെ അവിഭാജ്യ ഘടകമാണ് ഏകാന്തത;
ഏകാന്തതയുടെതാകട്ടെ പ്രണയവും

എന്‍റെ കൈകള്‍ ഇത്ര ശക്തമാണെന്ന് നീ അറിഞ്ഞിരുന്നില്ല
നിന്‍റെ കുപ്പിവളകള്‍ ഉടയുന്നതുവരെ
നിന്‍റെ അസാന്നിധ്യം എത്ര അസഹ്യമാണെന്ന് ഞാനും...
എന്‍റെ ഹൃദയം തകരുന്നതുവരെ..

ഇന്നലെ ഇടവഴിയില്‍ കണ്ടപ്പോള്‍
നിന്‍റെ നിറം ശുഭ്രമായിരുന്നു
ഇന്നെനരികില്‍ ചുവപ്പായി
നീ എങ്ങനെ മാറി?

സ്നേഹമേ നീ എന്‍റെ മനസ്സില്‍
മയിലിനെപ്പോലെ നൃത്തമാടുക
പ്രണയത്തിന്‍റെ മഴക്കാലമിതാ
സമാഗതമായിരിക്കുന്നു

പൂത്തുലഞ്ഞ കൊന്നച്ചുവട്ടില്‍
ആദ്യമായ് നാം ഒന്നിച്ചിരുന്നതും
ഇലകള്‍ കൊഴിഞ്ഞ തേക്കിനടിയില്‍
അവസാനം കണ്ടു മുട്ടിയതും
വെട്ടിമാറ്റിയ മാവിന്‍ കുറ്റിമേല്‍
വെറുതേയിങ്ങനെ ആലോചിച്ചിരുന്നു ഞാന്‍

പ്രണയം മഴവില്ല് പോലെ നിറമുള്ളതാണ്..
ഞാന്‍ വിയോജിക്കുന്നു..
പ്രണയത്തിനൊറ്റ നിറമേ ഉള്ളു
അത് പ്രണയമാണ്

നിന്നെക്കാത്ത് വഴിയരികില്‍ നില്‍ക്കുന്ന
നിമിഷങ്ങളാണ് എനിക്കേറ്റവുമിഷ്ടം

പ്രണയത്തീയില്‍ വെന്തെരിഞ്ഞ നിന്‍റെ മണം 
എന്‍റെ സിരകളെ ഭ്രാന്തുപിടിപ്പിക്കുന്നു

ആലിലകളും നീയും ഒരുപോലെയല്ലേ?
കാറ്റിന്‍റെ നേര്‍ത്ത ചലനത്തില്‍
ആലിലകള്‍ വിറ കൊള്ളുന്നു ..
എന്‍റെ മൃദു സ്പര്‍ശനങ്ങളില്‍ നീയും

പ്രണയമാണ് എന്‍റെ ആരാധനാലയം
നീ അതിലെ ദേവിയും

നീ ഓടി അകലുമ്പോള്‍ പാദസ്വര കിലുക്കം
എന്നെ അസ്വസ്ഥനാക്കുന്നു
അരമണിക്കിലുക്കം എന്നെ നിന്‍റെ മുന്നിലെത്തിക്കുന്നു
പറയൂ..നിന്നെക്കാള്‍ വേഗത എനിക്ക് തന്നെയല്ലേ?

എന്‍റെ പ്രണയസന്ധ്യകളില്‍
നിന്‍റെ ഓര്‍മ്മകള്‍ ഉണ്ടായിരുന്നു
നിന്‍റെ ഓര്‍മകളില്‍ എപ്പോഴെങ്കിലും
നമ്മുടെ പ്രണയ സന്ധ്യകളുണ്ടായിരുന്നോ?

വേണ്ടാത്ത ചെയ്തികളില്‍ ഞാന്‍ മുന്നിലായിരുന്നു
ചെയ്യിക്കുന്നതില്‍ നീയും

എനിക്കൊന്നു പൊട്ടിക്കരയണം
നിന്‍റെ മുന്നില്‍...
സര്‍വ്വ പാപങ്ങളും ഏറ്റു പറഞ്ഞ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ