Powered By Blogger

2011, ഏപ്രിൽ 10, ഞായറാഴ്‌ച

കൈകേയി

രാമ, നിന്‍ വദനമെന്നുള്ളില്‍ തെളിയുമ്പോള്‍
ചുഴറ്റിയടിക്കപ്പെടുന്നീ ശ്ലഥ മാനസം
അന്‍പോടെ നിനക്കേകിയ മുലപ്പാല്‍
ഇപ്പോഴും കിനിയുന്നു സ്മൃതിമണ്ഡലത്തില്‍
നിന്‍കിളിക്കൊഞ്ചല്‍ കേട്ടഞ്ചിതയായതും
പഞ്ചാമൃതം കുഞ്ഞു വായില്‍പ്പകര്‍ന്നതും
സോദരുമൊത്തു നീ കളിയാടിയിരവിന്‍റെ
വരവിലാ മലര്‍വനം വിട്ടു വരുന്നതും
ഒരു പിടി ഓലകള്‍ ഞൊടിയിട കൊണ്ടു നിന്‍
ധിഷണ തന്‍ മൂശയില്‍ ഒളിപ്പിച്ചു വെയ്പ്പതും
സത്യവും നീതിയും സ്നേഹവുമെല്ലാര്‍ക്കും
പക്ഷപാതരഹിതേന ചൊരിവതും
സീതാസ്വയംവര ദിനത്തിലതി ലാഘവ-
ഭാവത്തിലാ ത്രയംബകം ഒടിച്ചതും
ജനകതനയതന്‍ തിരുനെറ്റിയില്‍ നീ
രഘുകുല പൊന്‍സൂര്യബിംബംവരച്ചതും
ഒക്കെയിന്നലെ കണ്ടൊരു സ്വപ്നം പോല്‍
പാപിതന്‍ മനതാരില്‍ നിത്യമെരിയുന്നു
ഓര്‍മ്മകള്‍, ശുഭ്രമാം ഓര്‍മ്മകളിലിന്നും
കൈകേയി മാതാവ് വീണു കിടക്കുന്നു

രത്നാലലംകൃത യുവരാജസിംഹാസനം
മിഴികളില്‍ തെളിഞ്ഞോരാ അഭിശപ്തനിമിഷത്തില്‍
സാകൂതം സാകേതമണഞ്ഞോരാ മന്ഥര
ഓതിയ വാക്കില്‍ കുരുത്ത ദുര്‍ബുദ്ധിയില്‍
അന്നോളമോമനെയെക്കാള്‍ പ്രിയനാകും രാഘവ,
നിന്നെ തള്ളിപ്പറഞ്ഞു ഈ മാതാവും
" പണ്ട് ദശരഥ നൃപനെ യുദ്ധത്തിങ്കല്‍
കാത്തു രക്ഷിച്ചോരാ സ്ത്രീ രത്നമാണ് നീ
അതിനൊരു പ്രതിഫലം കാലമേറെക്കഴിഞ്ഞി-
പ്പൊഴീവേളയില്‍ ചോദിക്ക വേണ്ടയോ?
നിന്‍ വില എന്തെന്നു രാജനറിയുവാന്‍
ഇതില്‍പ്പരമൊരവസരം വരികയില്ലിനിയറിയൂ"
മന്ഥര പിന്നെയും വിഷമോലും വാക്കുകള്‍
പങ്കില മാനസേ ഓതി നിറയ്ക്കവേ
എന്‍ ഹതചേതന പിടയുന്ന നേരത്തു
ഭീകര ശപഥവും ചെയ്യിച്ചാ 'മഹതി'

"ഭരതനീ സിംഹാസനത്തിലിരുന്നിട്ടു
ഭരിക്കുമീ അയോധ്യ"യെന്നോതി ഞാന്‍

ഭരതനെ യുവനൃപനായി വാഴിക്കേണം
രാഘവനെപ്പറഞ്ഞയക്കണം കാട്ടില്‍
പതിന്നാലു സംവത്സരം ഇതിനാലെ
രാമചന്ദ്രന്‍ അലഞ്ഞീടണമതു നിശ്ചയം
കഠിന ശപഥത്തിന്‍ വാര്‍ത്ത ശ്രവിച്ചിതാ
ദശരഥ നൃപനിന്നു ബോധരഹിതനായ്
കൌസല്യ സൌമിത്രാദികളും ഞെട്ടി-
പ്രതിമ കണക്കെ നിശ്ചലരായി
യുവരാജ ലബ്ധിയില്‍ ശിഥിലമാക്കപ്പെട്ട
മനവുമായ്‌ ഭരതനും മിഴികള്‍ നിറച്ചുവോ?
തെറ്റായിയെന്‍ നാവു പറഞ്ഞതില്ലൊന്നും
ഏറ്റവും ശുഭാകാര്യമാണെന്നുമായ്
മന്ഥര പിന്നെയും പിന്നാലെ വന്നിട്ട്
വിഷവാക്കിനാല്‍ അഗ്നിജ്വാല തെളിയിപ്പൂ

ഏറ്റവും വേദനയുളവാക്കും വാര്‍ത്തയും
ഏറ്റം അചഞ്ചലചിത്തനായ് കേട്ടു നീ
അച്ഛന്‍റെ അമ്മയുടെ ഈയുള്ളവളുടെ
കാല്‍ക്കല്‍ വീണനുഗ്രഹാര്‍ത്ഥമപ്പോള്‍
ആജ്ഞകളേവം ശിരസാ വഹിച്ചിട്ടു
ഏകനായ് കാനനം പുക്കാനൊരുമ്പെട്ടു
സീതയും ലക്ഷ്മണ സോദരനുമപ്പോള്‍
അനുഗമിച്ചിടും നിന്നെയെന്നോതി
അപ്പോഴും നിന്‍മുഖം വിളങ്ങി നിന്നീടിനാന്‍
വെണ്‍ ചന്ദ്രികയിലീ കൊട്ടാരമെന്ന പോല്‍

എന്തേയെന്‍ മകനേ തവ ജിഹ്വയപ്പോഴും
മൌനത്തെയൊരു മാത്ര ഭഞ്ജിച്ചതില്ല?
നിന്‍ നയന യുഗ്മങ്ങളപ്പോഴും
ഒരു കണ്ണുനീര്‍ത്തുള്ളി പോലുമണിഞ്ഞില്ല?
പെട്ടന്നു കുരുത്തോരാ അഗ്നിച്ചിറകുകള്‍
മെല്ലെമെല്ലൊന്നു കെട്ടടങ്ങീടുമ്പോള്‍
കൊട്ടിയടച്ചോരീ കിളിവാതിലിന്നുള്ളില്‍
ഉരുകുകയാണിയമ്മതന്‍ മാനസം

പതിന്നാലു സംവത്സരവും നിന്‍ തിരു-
നാമ ജപമാവും നിത്യമെന്‍ സാധന
തീരാത്ത ദുരിതക്കയത്തിലേക്കിന്നു നീ
ധീരനായ്‌ പോകാനൊരുങ്ങയോ മമ രാമാ..

നന്‍മതന്‍ നിറകുടമായ പുരുഷോത്തമാ
വെല്‍ക നീ കല്പാന്തകാലം വരേയ്ക്കും
കൈകേയി മാതാവു മടങ്ങുന്നു മകനേ
വയ്യ നിന്‍ പാദങ്ങളകലുന്ന കാണാന്‍
തേജസ്സു കലരുന്ന നിന്‍ രൂപമെന്നും
ചിത്തത്തിലോര്‍ത്തു പിന്തിരിയുന്നു ഞാന്‍
ഒരുമാത്ര നീയീ അമ്മയെ നോക്കരുത്
സുധീരയായ് തന്നെ പോവട്ടെ ഞാനിനി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ