Powered By Blogger

2011, ഏപ്രിൽ 15, വെള്ളിയാഴ്‌ച

എലിക്കഥ

അന്തിയ്ക്കു വാനിങ്കലീശന്‍ കൊളുത്തിയോ-
രേണാങ്ക ബിംബം പ്രഭ ചൊരിഞ്ഞീടവേ
കുഞ്ഞു മനസ്സിന്‍റെ കോണുകളൊന്നിലായ്
കൂടൊന്നു കൂട്ടിയോ ദു:ഖവും ഭീതിയും

വന്നു ചേര്‍ന്നില്ല അമ്മയിന്നിഹ
ഒറ്റയായ്പ്പോകുമിച്ചെറു പൈതലും
കഠിനമെന്‍ പൈദാഹ നിവൃത്തി വരുത്താനായ്‌
ഒരു വഴിതേടിപ്പോയതാണമ്മയും
ഇയ്യൊരു പകലന്തിയ്ക്കു കീഴ്പ്പെട്ടി-
ട്ടിത്രനേരം കഴിഞ്ഞു പോയിട്ടും
എന്‍ വയറെരിയുകയാണ്;
ഒന്നുമേയില്ലിതില്‍, കാലിയാണല്ലോ

ഇക്ഷണമല്ലടുത്തക്ഷണമമ്മ
ഭക്ഷണവുമായ് വന്നിടുമെന്നോര്‍ത്ത്
കത്തിക്കയറുകയാണ് വിശപ്പുമേ
സര്‍വ്വ നിയന്ത്രണ രേഖയും മായുന്നു

പകലിന്‍റെ രാജാവ് പോയ്ക്കഴിയാതൊട്ടു
പടികടക്കാറില്ലമ്മയും സ്വതവേ
ഇന്നിക്കുരുന്നു കരഞ്ഞു പറഞ്ഞിട്ട്
പോയതാണമ്മയും, വൈകുന്നതെന്തേ?
ഭീകരകുലമാകെ ആകുലപ്പെട്ടിട്ടു, വാഴും
പുറം ലോകടര്‍ക്കളത്തിലെന്നമ്മ
ധീരതയോടെപ്പലരോടുമേറ്റു-
വേണമിന്നു വയറു നിറയ്ക്കുവാന്‍
ചിന്തിച്ചതില്ലപകട മാര്‍ഗ്ഗങ്ങള്‍
വെന്തുരുകുന്നു, കുറ്റ ബോധത്താലിപ്പോള്‍
കുഞ്ഞു വയറു വിശന്നു കരയുമ്പോള്‍
അമ്മയോര്‍ക്കുമോ രണ്ടാമതൊന്നു?

വലിയോരീ വീട്ടിലെച്ചെറു മാളമിതില്‍
കിടന്നു കരയുക, എന്‍ ദുര്‍വിധി..
അശുഭ ചിന്തകള്‍ മനസ്സില്‍ നിറയുമ്പോള്‍
അറ്റമില്ലാതവ പാറിപ്പറക്കുന്നു
അമ്മ കൌശലക്കാരിയാണെന്നത്
നിത്യമറിയുന്ന സത്യമാണെങ്കിലും
അപഥ മാര്‍ഗ്ഗേ മനസ്സ് കുതിക്കുന്നു
ചപലതയെപ്പഴിക്കുകയാവാം
ഇങ്ങനെപ്പലതും ചിന്തിച്ചു പേടിച്ചു
എങ്ങനേയോ മയങ്ങിപ്പോയീടവേ

മാള വാതിലിന്‍ മറയിളകുന്നത്
കേട്ട് പെട്ടന്ന് ഞെട്ടിയുണര്‍ന്നു ഞാന്‍
മാര്‍ജ്ജാര വംശത്തിലെപ്പേരു കേട്ടാരോ
മൂഷിക മാംസം കൊതിച്ചു വരവതോ?
ഉരഗ വര്‍ഗ്ഗത്തിലെപ്പുതു നാമ്പുകളെന്തോ
ആര്‍ത്തിയോടെപ്പരതി വരുന്നതോ?
അപ്പോഴെന്‍ പേടിയിരട്ടിച്ചു പോയി
കണ്ണിലിരുട്ട്‌, മെയ്യനങ്ങാതെയായ്

മിഴികളില്‍ നനവാര്‍ന്ന നീരു വീണീടവേ
സുഖദമാം മണമൊന്നു അലയടിച്ചീടുന്നു
പുഞ്ചിരി തൂകി അമ്മയും, മുന്നിലായ്
ചുട്ട തേങ്ങയും ശര്‍ക്കരപ്പൊട്ടും
നിര്‍വൃതി കൊണ്ടമ്മയേകിടും വേളയില്‍
നൊട്ടി നുണഞ്ഞു കൈനക്കി ഞാനും

ഇങ്ങനെ ബുദ്ധി മുട്ടുന്നോരമ്മയാണ-
ക്കെണിയിലെന്ന് നാം ഓര്‍ക്കുമോ?
സ്വാര്‍ത്ഥതയോടെ നാം കൊന്നൊടുക്കുന്നോരോ
ജീവികള്‍ക്കെല്ലാം പല കഥയുണ്ട് പറയുവാന്‍

1 അഭിപ്രായം: